Wednesday, December 17, 2014

ജീവച്ഛവം



ഇനി നിങ്ങള്‍ പറയരുത്
മരിച്ചവര്‍ക്ക് ആത്മാവുണ്ടെന്നു !
നിഴല്‍ കൊണ്ട് തൊട്ടെടുക്കുന്ന
അടയാളങ്ങള്‍ മാത്രമാണ് മനുഷ്യനെന്ന് ,
ഞാനെന്നു
ഇനി നിങ്ങള്‍ പറയരുത് .

സ്പന്ദിക്കാത്തൊരു ഹൃദയവും
ചിന്താശേഷിയില്ലാത്തൊരു തലച്ചോറും
മാത്രമാണ്
ഇന്ന് നിങ്ങളുടെ മുന്നിലുള്ളതെങ്കിലും, 
ഞാന്‍ ജീവിച്ചിരുന്നത്
ആസുരകാലത്തിന്റെ  ആതുരതകളില്‍  
ആയിരുന്നെന്നു നിങ്ങളോര്‍ക്കണം.

ഞാന്‍ പണയം വച്ചത്
എന്റെ കാഴ്ചകളോ
ചിന്തകളോ ആയിരുന്നില്ല .
എന്നെ തന്നെയായിരുന്നു .
നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്
എന്നെയായിരുന്നില്ലെങ്കിലും .

കാപട്യത്തിന്റെ ലോകത്ത്
കനലുകള്‍ വാരിയിട്ടുകൊണ്ട്
നിങ്ങള്‍ക്കായ്‌ ഒരിക്കലും ഞാന്‍ പാടിയിരുന്നില്ല .

എന്റെ ഗീതികളെല്ലാം അവര്‍ക്കുള്ളതായിരുന്നു .
കാലുപൊള്ളുന്ന വേദനയിലും
ആത്മാവിനെ ത്യജിക്കാതെ
ആത്മാവിഷ്കാരത്തിന് വേണ്ടി മാത്രം
നിലകൊണ്ട കുറെ പാവങ്ങള്‍ക്ക്‌ .
മരിയ്ക്കുമ്പോഴും ചിരിയ്ക്കാന്‍ പഠിച്ച
കുറെ ജന്മങ്ങള്‍ക്ക്  !
മെറ്റല്‍ കൂനകളില്‍ രക്തം പുരണ്ടു കിടന്ന
കൗമാര കിനാവുകള്‍ക്ക്,
ആര്‍ക്കോ വേണ്ടി ബലിയാടായ
ജീവിതങ്ങള്‍ക്ക്,
ഞാന്‍ പാടിയത് അവര്‍ക്ക് വേണ്ടിയായിരുന്നു .
നിങ്ങളെന്നെ വെറുത്തതും
അതിനാല്‍ തന്നെയായിരുന്നല്ലോ .

നിങ്ങള്‍ക്ക് വേണ്ടത് ശവങ്ങളെയല്ല
ജീവിതങ്ങളെയാണ് .
നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും
മോഹങ്ങള്‍ക്കും ചിറകു പിടിപ്പിക്കുന്ന
ജീവിതങ്ങളെ .
എനിക്കിനി ജീവിതം വേണ്ട !
ഞാന്‍ ഒരു ശവമാകുന്നു .
ശവങ്ങളെയാണിന്നീ ഭൂമിക്കാവശ്യം
എനിക്കുമൊരു ശവമാകണം
ജീവിക്കുന്ന  ശവം .
.................ബിജു ജി നാഥ്  
http://www.youtube.com/watch?v=EPYY_2xHUgE&feature=em-upload_owner

No comments:

Post a Comment