Wednesday, December 31, 2014

പുതുവര്‍ഷ പ്രതിജ്ഞ


പുതുവര്‍ഷം വരുമ്പോള്‍
പ്രതിജ്ഞകള്‍ പുതുക്കുമ്പോള്‍
ഓര്‍ക്കുക പറയുവാന്‍ ഒരുവാക്ക് നിങ്ങളും
"ഞാന്‍ മനുഷ്യനെ സ്നേഹിക്കും
മതങ്ങള്‍ തന്‍ വസ്ത്രമില്ലാതെ
ജാതി തന്‍ വേര്‍ തിരിവില്ലാതെ
വര്‍ണ്ണങ്ങള്‍ തന്‍ വകഭേദമില്ലാതെ
ദേശങ്ങള്‍ തന്നന്തരമില്ലാതെ
പെണ്ണെന്നും ആണെന്നും ചൊല്ലിപ്പിരിയാതെ
തുല്യമാം നീതി ഞാന്‍ കൊതിക്കും .

---------------ബിജു ജി നാഥ്

പറക്കുക വാനില്‍ ചിറക്‌ വിരിച്ചു നീ

പ്രിയതരമാമൊരു മധുരം ചുണ്ടില്‍
നിറയും മന്ദഹാസവുമായി നീയെന്‍
ഹൃദയവാതില്‍ തുറന്നകന്നീടുന്നു 
പുതുവസന്ത പുലരിയില്‍ നിന്നിന്നു .

പറയുവാനാകാത്ത മൗനത്തിന്‍
ചിറകില്‍ വിരിയും ചലന വേഗങ്ങളായി
അറിയുവതിന്നു ഞാന്‍ നിന്നെയുമെന്റെ 
അലയൊഴിയാത്ത മനസ്സിനെയും.

കരുതുവ വയ്യിനി നിന്‍ കരളില്‍
കദനത്തിന്‍ ഭാണ്ഡം തിരുകുവാന്‍
ഇതളുകളില്ലാതടര്‍ന്നു വീഴും ചെറു-
കണികകള്‍ മാത്രമാകുമോര്‍മ്മകള്‍ .

ഇനിയെന്റെ വീണയില്‍ പാടുവാന്‍
ശ്രുതിചേര്‍ത്ത് ഞാന്‍ തീര്‍ക്കില്ല നാദം
ഇനിയെന്റെ ചുണ്ടുകള്‍ മൂളുകയില്ല
ഹൃദയം ദ്രവിക്കും പ്രണയഗാനമൊന്നും.

ചിറകു വിടര്‍ത്തി പറന്നുപോം പക്ഷി-
തന്‍ തൂവലുകളില്‍ കണ്ണുടക്കില്ല മേലില്‍.
ആശകള്‍ നഷ്ടമാകുന്ന തമസ്സിലായ്
ഭയമെതുമില്ലാതെ വിഹരിക്ക നീയിനി .
----------------------ബിജു ജി നാഥ്

Monday, December 29, 2014

ഉറക്കഗുളിക


നിന്റെ മിഴികളുടെ
കാന്തിക വലയത്തില്‍ വലഞ്ഞും
പിടഞ്ഞും ഉറക്കം നഷ്ടമാകുന്ന
രാത്രികളില്‍
നിന്റെ ചുണ്ടുകള്‍ സ്വപ്നം കാണുന്നു ഞാന്‍ .
കുറുമ്പുകള്‍ക്കൊടുവില്‍
നീ തരുന്നൊരു കുഞ്ഞുമ്മയില്‍
ഉള്ളില്‍ നിന്റെ
മുക്കുത്തി കല്ലിന്‍ വെളിച്ചം നിറയുന്നു.
ഞാന്‍ നിദ്രയിലലിയുന്നു .
............ബിജു ജി നാഥ്

Sunday, December 28, 2014

നിന്നിലേക്കലിയാന്‍

സ്വപ്‌നങ്ങള്‍ മയങ്ങും മിഴികളുമായോ 
മന്ദസ്മിതമോലും അധരങ്ങളോടെയോ
മുക്കുത്തി കല്ലിന്‍ തീക്ഷ്ണ ശോഭയായോ
നീയെന്‍റെ  ഉള്ളിലേക്ക് ഇറങ്ങി വന്നത്  ?

മനസ്സിലെ മൗനത്തെ തിരികളണച്ചുനീ-
യാരാരും കാണാതെ കരുതി വച്ചിന്നു
അലയുന്ന കാറ്റിന്റെ ലാളനംകൊള്ളുമ്പോള്‍
അനവരതം കലഹിക്കുന്നുവോ നിന്നോട് .

ഒരു കുഞ്ഞു മഴയായി പെയ്തു തുടങ്ങി-
യൊരു പെരുമഴയില്‍ കടപുഴകീടുവാന്‍ 

രാവിന്‍ മണിവീണകള്‍  മീട്ടി നോക്കി
പലകാലം ഇരുള്‍ കുടിച്ചു നിന്‍ നിശ്വാസം .

ഇലകള്‍ പൂവുകള്‍ തൊട്ടാവാടികള്‍ നിറയും
തൊടിയില്‍ ശലഭങ്ങളുമ്മ വയ്ക്കും സൂനങ്ങള്‍.
നിന്‍ വിരല്‍പ്പൂവുകള്‍ കൊണ്ട് പൊട്ടി വിടരും
തുമ്പതന്‍ ഉടല്‍ വിറയ്ക്കും ചിരികളികള്‍ !

കൊലുസിന്‍ നാദത്തില്‍ പരല്‍മീന്‍ പിടയ്ക്കുന്ന
പാടവരമ്പിന്‍ തീരങ്ങള്‍ നൃത്തം വയ്ക്കുന്നു. 
ഒരു പാദ സ്പര്‍ശം കൊതിക്കുന്ന പുല്‍നാമ്പ്
അരുമയോടെ നിന്നെ ഇക്കിളിയാക്കുന്നു .

പ്രിയതേ നിന്‍ കരാംഗുലി പങ്കിട്ടീ വഴികള്‍
ഇളം കാറ്റേറ്റ്‌ നടന്നു തീര്‍ത്തീടുവാന്‍
പാറിപറക്കുന്ന മുടിയിഴകള്‍ കൊണ്ടെന്റെ
മുഖമാകെ കുളിരുകള്‍ വാരിയണിയുവാന്‍

ഒരു ചെറു മഴയില്‍ നനഞ്ഞൊട്ടി നാം
ഒരു വഴി പകുത്തു നടന്നു നീങ്ങീടുവാന്‍
അറിയാതെ ഉള്ളില്‍ പടരുന്ന മോഹത്തെ
അതികാലം ഞാനെന്നില്‍ അടക്കീടട്ടെ !
------------------------ബിജു ജി നാഥ്

Wednesday, December 24, 2014

എത്ര എത്ര എത്ര .....!

എത്ര കുടിച്ചാലും തീരുകില്ല നിന്‍
ചിത്തം ചുരത്തുമീ സ്നേഹപാലാഴി .

എത്ര നുകര്‍ന്നാലും മതിവരില്ല നിന്‍
സ്നേഹം വഴിയുമീ സ്തന്യാമൃതം

എത്ര കണ്ടാലും വിശപ്പടങ്ങില്ല നിന്‍
തിങ്കള്‍കല ചൂടും മുഖകാന്തി

എത്ര ശ്രമിച്ചാലും പിടിതരികില്ല നിന്‍
നക്ഷത്ര പൂവിടരും നയനങ്ങള്‍

എത്ര മറന്നാലും പിടിവിടുകില്ല നിന്‍
ശലഭച്ചിറകാം ഓര്‍മ്മകള്‍

എത്രയുറങ്ങീടിലും മുഴുമിക്കില്ല നിന്‍
മടിയിലുറങ്ങും നിമിഷങ്ങള്‍ .

എത്ര പറഞ്ഞാലും ഒടുങ്ങുകയില്ല നിന്‍
ശൂന്യത നല്‍കും ആഴങ്ങള്‍.
*******************ബി ജി എന്‍ 

ലക്ഷ്മണരേഖ

ലക്ഷ്മണരേഖ
.........................
മാഞ്ഞു പോയതോ, മറന്നു പോയതോ ?
അറിയില്ല ലക്ഷ്മണരേഖ കാണാതെ പോയി .
സീതയുടെ കണ്ണുകളില്‍ മാത്രമായിരുന്നു 
രേഖകളുടെ സുവര്‍ണ്ണനിറമുണ്ടായിരുന്നത് .

ലക്ഷ്മണന്‍ താന്‍ വരച്ച രേഖ തേടി 
വൈദേഹിയുടെ ചുറ്റിലും യാത്ര തുടങ്ങി .
വിടര്‍ന്ന ഫാലങ്ങളില്‍ നിന്നുമായിരുന്നു 
യാത്രയുടെ തുടക്കമെങ്കിലും നിരാശയായിരുന്നു ഫലം .

യാത്ര ശംഖിന്‍ വരകളില്‍, ഇഴകളില്‍ 
മിനുപ്പില്‍ മാഞ്ഞു പോയിരുന്നുവോ 
താമരനൂലുകൊണ്ടിടയളന്നും പിന്നെ 
താമരയിലകളില്‍ ജലം പകര്‍ന്നും നോക്കി .

സ്വേദകണങ്ങളില്‍ തടഞ്ഞു മഴനൂല് പോല്‍ 
പാലാഴിയൊഴുകിയിറങ്ങിയെങ്കിലും 
മാഞ്ഞുപോയ രേഖയോ , അടയാളമോ 
എങ്ങും കണ്ടുകിട്ടുകയുണ്ടായില്ല തന്നെ .

തോല്‍വി സമ്മതിക്കാന്‍ മടിക്കുന്ന 
സൗമിത്രി യാത്ര പിന്നെയും തുടർന്നു . 
ചുഴികളുടെ അഗാധതയില്‍ എങ്ങുമേ 
കണ്ണുകള്‍ നോട്ടമെത്താതെ പോയിടീലും 

യാത്ര അനിവാര്യതയായിമാറിയിരുന്നു 
സീതയിലും അതിന്റെ ആവശ്യകതയേറുന്നു .
ലക്ഷ്മണനൊപ്പം തന്നെ സീതയും ഇപ്പോള്‍ 
വരയുടെ അക്ഷാംശ രേഖാംശങ്ങള്‍ തേടിത്തുടങ്ങുന്നു .

ആകാശം കറുത്തു വന്നതുപോലെ 
മൂടിക്കെട്ടി കാഴ്ച മറച്ചു തുടങ്ങുന്നതറിയുന്നവര്‍ 
വന്മരങ്ങള്‍ വഴിമാറിത്തുടങ്ങുന്നതറിയുമ്പോള്‍ 
യാത്രയുടെ താപത്തില്‍ ലക്ഷ്മണന്‍ കിതച്ചു തുടങ്ങുന്നു .

സീതയില്‍ യാത്ര കൗതുകവും മിഴിവുമേറുന്നു 
ലക്ഷ്മണനു ഇപ്പോള്‍ സീത വഴികാട്ടിയാകുന്നു .
അരുവികളില്‍ നിന്നും ദാഹമകറ്റിയവന്‍ 
യാത്ര തുടരുന്നു രേഖകള്‍ മാഞ്ഞ താഴ്വരകളില്‍ .

ഒടുവില്‍ അന്ധകാരം നിറഞ്ഞ ഏതോ ചരുവില്‍ 
പുതച്ചു മൂടി ഉറങ്ങുന്ന ലക്ഷ്മണനെ നോക്കി 
സീത പകച്ചു നില്‍ക്കുന്നു മാരീചന്റെ മായ കണ്ടും 
മാഞ്ഞു പോയ രേഖ ഓര്‍ത്തും നെറ്റിയില്‍ നിന്നും ഒരു 
ചുവന്ന പുഴ താഴോട്ടൊഴുകിത്തുടങ്ങുന്നു .
...... ബിജു.ജി.നാഥ് വർക്കല

ആത്മ സമര്‍പ്പണം

മുഖമില്ലാത്ത പെണ്ണേ
നീയെനിക്കാരാണ് ഇന്ന് ?
വിസ്മയത്തിന്റെ പൂക്കുടകള്‍
മിഴികളില്‍ നിറച്ചൊരു കൗതുകമാണോ?
സ്വപ്നങ്ങളുടെ മഴവില്ല് മോഹിച്ച
നീലാകാശമോ ?

സമാഗമങ്ങളുടെ ശീതോഷ്ണങ്ങളില്‍
ചുംബനത്തിന്റെ മുഴുക്കാപ്പ് തേടും
വണ്ടിന്നാസക്തി പോലെ
നിന്റെ സ്നേഹത്തിന്റെ വിരല്‍
തൊട്ടുഴിയുമ്പോള്‍
ഭ്രമമാണതെന്നറിയുന്നു ഞാന്‍ .

കൗതുകത്തിന്റെ കുന്നിക്കുരു പെറുക്കി
കാലത്തിന്റെ മാഞ്ചുവട്ടില്‍
അലസ സായാഹ്നക്കുട വിരിച്ചനാള്‍
മഴയെ സ്വപ്നം കണ്ടിരുന്നില്ലേ നമ്മള്‍ ?

നീയാം മഴവില്ലിനെ സ്വന്തമാക്കാന്‍
ആകാശമായി ഞാന്‍ വിരിഞ്ഞു നിന്ന
എത്രയോ പകലിരവുകള്‍ക്കൊടുവിലാണ്
ദലങ്ങള്‍ അടര്‍ന്ന ചെന്താമര പോല്‍
തൂവെള്ളക്കിടക്കയില്‍ കളം വരച്ചു
നമ്മള്‍ ശീതത്തെ മറന്നുറങ്ങിയത് .

ഇന്നീ രാവിന്റെ തോണിയിലേറി
ഗദ്ഗദത്തിന്റെ സാഗരത്തില്‍
ഒറ്റയ്ക്ക് മടങ്ങുവാന്‍,
നിന്നിലെ മന്ദഹാസത്തിന്റെ മുല്ലമൊട്ടുകളെ
വിരിയാന്‍ വിടാതെ തല്ലിക്കൊഴിക്കുവാന്‍,
ഇല്ല കാലമേ അനുവദിക്കില്ല ഞാന്‍
പകരം നിനക്കെന്റെ
ജീവന്‍ തരാം മടിയേതുമില്ലാതെ.
--------------------------ബിജു ജി നാഥ്

യാത്രികന്‍ ഞാന്‍

അടുത്ത വളവു വരെ മാത്രം
നിലനില്ക്കുന്നൊരു അസ്വസ്ഥത.
അതുമാത്രമാണ്
നിന്റെ മൗനം നല്‍കുന്ന വേദന .

ഈ യാത്രകള്‍
വിനോദത്തിന്റെ തീക്കുടുക്കകള്‍ തരുന്നു .
കൈവെള്ളയിലിരുന്ന്
കണ്ണുനനയിക്കുന്ന വെറും 
ഓര്‍മ്മ മാത്രമാണ് നിന്റെ ചിരി .
നീ ഒരു ലോകമാണ് !

നിറുകയില്‍ നിന്നും തുടങ്ങുന്ന തീര്‍ത്ഥയാത്ര!
പുരികങ്ങള്‍ക്ക് നടുവിലൂടെ
നാസികാഗ്രത്തില്‍ എത്തുമ്പോള്‍
യാത്ര ഒരു ചടങ്ങാകുന്ന പോലെ .
ചുണ്ടുകളെ അലിയിച്ചുകൊണ്ട് താഴോട്ടു പോകാന്‍
എന്നും മടിയോടെ നിന്നൊരു യാത്ര !

യാത്ര ഒരു കുതിച്ചു ചാട്ടമാകുന്നത്
ചുണ്ടില്‍ നിന്നുത്ഭവിക്കുന്നൊരു
 ഗംഗോത്രിയാകുമ്പോഴാണു .
ഹിമവല്‍ശൈലങ്ങള്‍ക്കിടയിലൂടെ ഒഴുകി
നദികള്‍ തടാകങ്ങളാകുന്ന പോലെ .

യാത്ര പലപ്പോഴും അനിശ്ചിതങ്ങളാണ് .
എങ്ങുമെത്താതെ പെയ്യുന്ന മഴച്ചാല് പോലെയാണ്
യാത്രകള്‍ ചിലപ്പോഴെന്നു തോന്നാം.
ഒടുവില്‍ അഗ്രം ചുംബിച്ചു നിന്റെ വിരല്‍ത്തുമ്പില്‍
ഒരു പുഷ്പദലമായും തോന്നാം .

എല്ലായാത്രകളും മോക്ഷപ്രദായിനികളും
ഉയരത്തിലേക്കുമാണെങ്കിലും
വിരുദ്ധമായ പരികല്‍പ്പനകളിലൂടെ
നീയാം ലോകം ഞാന്‍ വെട്ടിപ്പിടിച്ചത്
ഒരുപക്ഷെ മൂന്നാം കണ്ണില്‍ കണ്ട
കറുത്ത പാതയിലൂടെയാകം .
യാത്രകള്‍ക്ക് ഇനിയും വഴികളടയുമ്പോള്‍
ഇനിയെന്തെന്ന് ഞാന്‍ വെറുതെ ....
......ബിജു.ജി.നാഥ് വർക്കല

നമുക്ക് ഒരു യാത്ര പോകാം !


നമുക്ക് കാടു പൂക്കുന്നത് കാണാന്‍ പോകാം !
നിന്റെ ദാവണിത്തുമ്പില്‍ തെരുപ്പിടിപ്പിച്ചു തൊട്ടാവാടികളെ വകഞ്ഞു മാറ്റി പുല്ലാനികള്‍ക്കിടയിലൂടെ സ്വപ്‌നങ്ങള്‍ തേടി നടക്കാം .
ഇളംകാറ്റില്‍ അളകങ്ങള്‍ നിന്റെ കപോലങ്ങളില്‍ സായന്തനസൂര്യന്റെ നിറം ചാലിക്കുന്നത്‌ മറയ്ക്കുമ്പോള്‍ എനിക്കൊന്നുമ്മ വയ്ക്കാന്‍ കൊതിയാകുന്നു .മാനത്തു കണ്ണികള്‍ കൊതിയോടെ നോക്കുന്ന നിന്റെ പാദങ്ങളില്‍ എനിക്കൊരു മിഞ്ചി അണിയിക്കണം. പുലരികള്‍ തണുപ്പ് വാരിപ്പുതയ്ക്കുമ്പോള്‍ നിന്റെ അണിവയറിന്റെ ഇളം ചൂടില്‍ കവിള്‍ ചേര്‍ത്തു മയങ്ങണം .
നമുക്ക് ഉമ്മകള്‍ പൂക്കുന്ന താഴ് വരകളില്‍ കൊത്താരം കല്ല്‌ കളിക്കാം .
മേഘങ്ങള്‍ കുടപിടിക്കുന്ന പച്ചപ്പരവതാനിയില്‍ കണ്ണുപൂട്ടിക്കിടക്കാം . അടഞ്ഞ കണ്‍പോളകളില്‍ നിറയുന്ന ഇരുണ്ട ചുവപ്പിനെ മനസ്സിലേക്കാവാഹിക്കാം . പരസ്പരം പുണര്‍ന്നുമുറുകുന്ന കൈപ്പത്തികളെ അവരുടെ ഇഷ്ടത്തിനു വിടാം . നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു എന്നവര്‍ പരസ്പരം ബോധ്യപ്പെടുത്തട്ടെ .
മുയലുകളും മാന്‍പേടകളും ചിത്രശലഭങ്ങളും തുമ്പികളും നമുക്ക് ചുറ്റും ഒരു പൂന്തോട്ടം തീര്‍ക്കട്ടെ . നിന്നിലേക്ക് പൊഴിയുന്ന മഞ്ഞു കണികകളില്‍ ഓരോന്നിലും എന്റെ ചുണ്ടുകളെ ദാഹിക്കുന്ന മിഴികള്‍ തുറക്കട്ടെ .അപ്പൂപ്പന്‍താടികള്‍ പോലെ നമ്മള്‍ പറന്നു നടക്കുന്ന നീലാകാശം നമുക്ക് സ്വന്തമാകട്ടെ .
നമുക്ക് കടലു കാണാന്‍ പോകാം
നീലയും പച്ചയും നിറങ്ങളില്‍ വെളുത്ത നുര നിറയുന്ന കടലിന്റെ മാറില്‍ നീന്തിത്തുടിക്കാം . നിന്റെ രഹസ്യങ്ങളില്‍ ഉമ്മ വയ്ക്കുന്ന മീന്‍കുഞ്ഞുങ്ങളെ അസൂയപൂണ്ടു ഞാന്‍ ആട്ടിയോടിക്കാം . ചുഴികള്‍ , മലരികള്‍ നിറഞ്ഞ സമുദ്രങ്ങളില്‍ മുത്തുംപവിഴവും തേടി മുങ്ങാം കുഴിയിടാം . പവിഴപ്പുറ്റുകളില്‍ നിന്റെ മേനിയുരഞ്ഞു പൊടിയുന്ന ചോര എന്റെ നാവിനാല്‍ ഞാന്‍ തൊട്ടെടുക്കാം . നമുക്ക് നഗ്നതയെ മറക്കാം തൊലികളുടെ മിനുമിനുപ്പില്‍ നിന്നും ഹൃദയത്തിന്റെ ചുകചുകപ്പിലേക്ക് യാത്ര ചെയ്യാം .
നമുക്ക് നമ്മെ മറക്കാം . ജീവിതമെന്നാല്‍ ഞാനും നീയുമാണെന്ന് വെറുതെ പറയാം . പരസ്പരം ആഴങ്ങളില്‍ ചുംബിക്കാം . നിന്റെ അധരങ്ങളിലെ ചോര എന്റെ നാവില്‍ പടരും വരെ.... കരിനീലിച്ച നമ്മുടെ ചുണ്ടുകള്‍ നാണിച്ചു പരസ്പരം ഒളിക്കട്ടെ . നമുക്ക് അത് കണ്ടിരിക്കാം ........ബിജു ജി നാഥ്

Friday, December 19, 2014

വിശ്വാസി


ഞാനെപ്പോഴും നിന്റെ വാക്കുകളില്‍
നിന്റെ പുഞ്ചിരിയില്‍
നിന്റെ വഴികളില്‍
നിന്നെയറിഞ്ഞു നടന്നവന്‍.
ഒടുവില്‍ നിന്റെ വഴികളില്‍
നീ വിതച്ച മുള്ളുകളാല്‍
മനം മുറിഞ്ഞു മരിച്ചവന്‍ !

ഞാനെന്നും നീ പടിപ്പിച്ചവയില്‍
നീ നടത്തിയ വഴിയില്‍
നീ തന്ന ആശയങ്ങളില്‍
നിന്നെ അനുസരിച്ചവന്‍ .
ഒടുവില്‍ നീ തന്നയറിവില്‍
നീ കരുതിവച്ച കുരുക്കില്‍
പിടഞ്ഞു ചിതറി മരിച്ചവന്‍ .

ഞാന്‍ അന്ധമായ വിശ്വാസങ്ങളില്‍
ചിതലരിച്ച സംഹിതകളില്‍
ചിന്തിക്കാനനുവദിക്കാത്ത കൂടുകളില്‍
നിങ്ങളുടെ അടിമയായവന്‍ .
ഒടുവില്‍ എന്റെ വഴികള്‍
എന്റെ ചിന്തകള്‍
എന്റെ ജീവിതം
പണയം വച്ച തലച്ചോറിലും
കണ്ണുകെട്ടിയ അറിവുകളിലും
കുടുങ്ങിപ്പോയ
കനാല്‍ജലം പോലെ
തീക്ഷ്ണഗന്ധം നിറച്ചു
മലിനമായ ജന്മത്തെ ജീവിക്കാന്‍ വിട്ടവന്‍.
----------------------ബിജു ജി നാഥ്

Wednesday, December 17, 2014

ജീവച്ഛവം



ഇനി നിങ്ങള്‍ പറയരുത്
മരിച്ചവര്‍ക്ക് ആത്മാവുണ്ടെന്നു !
നിഴല്‍ കൊണ്ട് തൊട്ടെടുക്കുന്ന
അടയാളങ്ങള്‍ മാത്രമാണ് മനുഷ്യനെന്ന് ,
ഞാനെന്നു
ഇനി നിങ്ങള്‍ പറയരുത് .

സ്പന്ദിക്കാത്തൊരു ഹൃദയവും
ചിന്താശേഷിയില്ലാത്തൊരു തലച്ചോറും
മാത്രമാണ്
ഇന്ന് നിങ്ങളുടെ മുന്നിലുള്ളതെങ്കിലും, 
ഞാന്‍ ജീവിച്ചിരുന്നത്
ആസുരകാലത്തിന്റെ  ആതുരതകളില്‍  
ആയിരുന്നെന്നു നിങ്ങളോര്‍ക്കണം.

ഞാന്‍ പണയം വച്ചത്
എന്റെ കാഴ്ചകളോ
ചിന്തകളോ ആയിരുന്നില്ല .
എന്നെ തന്നെയായിരുന്നു .
നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്
എന്നെയായിരുന്നില്ലെങ്കിലും .

കാപട്യത്തിന്റെ ലോകത്ത്
കനലുകള്‍ വാരിയിട്ടുകൊണ്ട്
നിങ്ങള്‍ക്കായ്‌ ഒരിക്കലും ഞാന്‍ പാടിയിരുന്നില്ല .

എന്റെ ഗീതികളെല്ലാം അവര്‍ക്കുള്ളതായിരുന്നു .
കാലുപൊള്ളുന്ന വേദനയിലും
ആത്മാവിനെ ത്യജിക്കാതെ
ആത്മാവിഷ്കാരത്തിന് വേണ്ടി മാത്രം
നിലകൊണ്ട കുറെ പാവങ്ങള്‍ക്ക്‌ .
മരിയ്ക്കുമ്പോഴും ചിരിയ്ക്കാന്‍ പഠിച്ച
കുറെ ജന്മങ്ങള്‍ക്ക്  !
മെറ്റല്‍ കൂനകളില്‍ രക്തം പുരണ്ടു കിടന്ന
കൗമാര കിനാവുകള്‍ക്ക്,
ആര്‍ക്കോ വേണ്ടി ബലിയാടായ
ജീവിതങ്ങള്‍ക്ക്,
ഞാന്‍ പാടിയത് അവര്‍ക്ക് വേണ്ടിയായിരുന്നു .
നിങ്ങളെന്നെ വെറുത്തതും
അതിനാല്‍ തന്നെയായിരുന്നല്ലോ .

നിങ്ങള്‍ക്ക് വേണ്ടത് ശവങ്ങളെയല്ല
ജീവിതങ്ങളെയാണ് .
നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും
മോഹങ്ങള്‍ക്കും ചിറകു പിടിപ്പിക്കുന്ന
ജീവിതങ്ങളെ .
എനിക്കിനി ജീവിതം വേണ്ട !
ഞാന്‍ ഒരു ശവമാകുന്നു .
ശവങ്ങളെയാണിന്നീ ഭൂമിക്കാവശ്യം
എനിക്കുമൊരു ശവമാകണം
ജീവിക്കുന്ന  ശവം .
.................ബിജു ജി നാഥ്  
http://www.youtube.com/watch?v=EPYY_2xHUgE&feature=em-upload_owner

Monday, December 15, 2014

വേലിയിറക്കം

തണുത്ത മണലില്‍ നിലാവിന്റെ പുതപ്പു ചൂടി ആകാശം നോക്കി കിടക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ പക്ഷെ അരികില്‍ ശാന്തമായി ഉറങ്ങുന്ന കടലിന്റെ ആഴങ്ങള്‍ ഒളിപ്പിക്കുന്ന അതെ പ്രക്ഷുബ്ധതയായിരുന്നു . ഒന്നോര്‍ത്താല്‍ ജീവിതത്തിന്റെ ചക്രമുരുണ്ട് പോകുന്നു എന്നതിനപുരം താന്‍ എന്താണ് ജീവിക്കുവാന്‍ വേണ്ടി ചെയ്തത് എന്നയാള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തളര്‍ന്ന മിഴികളും ബ്ലേഡ് കാണാന്‍ മറന്നുപോയ മുഖവും മുഷിഞ്ഞ വസ്ത്രങ്ങളും ഒക്കെയായി ഒരു തരം ലോകത്തോട്‌ തന്നെ വിദ്വേഷം പുലര്‍ത്തി ജീവിച്ച ഒരു മനുഷ്യന്റെ രൂപം ..!
ഓര്‍മ്മവച്ച കാലം മുതല്‍ സ്നേഹം നിഷേധിക്കപ്പെട്ടവന്‍ , ജനനം താതന്റെ കാലനായി എന്ന ഓമനപ്പേരോട് കൂടി പിറന്നവന്‍ .
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഉണ്ടായിരുന്നു ഓരോ ദുര്‍ഘടസന്ധികള്‍ . പഠനത്തില്‍ ഒരിക്കലും മുന്നേറിയിട്ടില്ല . പഠിക്കുന്നതിലും കൂടുതല്‍ ലോകത്തെയറിയുന്നതിലായിരുന്നു കമ്പം . അവഗണനയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച അമ്മയുടെ നഗ്നത ഒളിഞ്ഞു നോക്കിയാണ് ആദ്യമവന്‍ രതിമൂര്‍ച്ഛയടഞ്ഞത് . സ്ത്രീ എന്നുമൊരു പ്രതികാരത്തിന്റെ എഴുത്ത് പലകയായതും അമ്മയുടെ അവഗണനയുടെയും പ്രാക്കുകളുടെയും ബാക്കിയായിരുന്നു . ആരെയും അനുസരിക്കാത്ത തല്ലുകൊള്ളിയായ ജന്മം . നെറ്റിയിലും തോളിലുമടക്കം തല്ലുകൊള്ളിത്തരത്തിന്റെ അടയാളങ്ങള്‍ ഉപേക്ഷിച്ച വടുക്കളുമായി അശ്വത്ഥാമാവിനെ പോലെ അലയാനായിരുന്നു വിധി .
ഒട്ടേറെ തീരങ്ങള്‍ , മുഖങ്ങള്‍  , തൊഴിലുകള്‍ . എവിടെയും ആദ്യം തിരഞ്ഞിരുന്നത് ചേല ചുറ്റിയ ദേഹങ്ങള്‍ മാത്രം . സ്ത്രീകളുടെ ഗന്ധമേല്‍ക്കാത്ത രാവുകള്‍ മയക്കുമരുന്ന് ലഭിക്കാത്തവന്റെ അവസ്ഥ പോലെയായിരുന്നു എന്നതാണ് ശരി . ഉപേക്ഷിച്ചും , വലിച്ചെറിഞ്ഞും , തന്തയില്ലാത്ത കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ക്രൂരമായൊരു ആനന്ദം കണ്ടെത്തിയ നാളുകള്‍ ആയിരുന്നു അവയൊക്കെ . ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കാന്‍ എന്നപോലൊരു മോഹമായി അത് കൊണ്ട് നടക്കുകയായിരുന്നു. കുറ്റബോധമോ , മനസ്സിന്റെ ചാഞ്ചാട്ടമോ ഇല്ലാതെ നടന്നു പോയ പാതകള്‍ .... എന്ത് തൊഴിലുമെടുക്കാനുള്ള മനസ്സും പിന്നെ ആരോഗ്യമുള്ള ശരീരവും . പാരമ്പര്യമായി ലഭിച്ച സൗന്ദര്യവും വേട്ടയ്ക്കു ഇറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്നതിനാലാകണം ജീവിതത്തില്‍ നിരാശകള്‍ ഒരിക്കലും അയാള്‍ക്ക്‌ കൂട്ടുകാരായതേയില്ല .
പേരില്ലാത്ത മുഖവുമായി അറിയാത്ത നാടുകളില്‍ ചുറ്റിത്തിരിയുമ്പോഴാണ് ഏതോ ഒരു മറാട്ടി പെണ്ണിന്റെ കഴുത്തു ഞെരിച്ചു കൊണ്ട് ഉള്ളില്‍ പുതിയൊരു മോഹം നീലിച്ചു വീണത്‌ . ഉപയോഗിക്കുക നശിപ്പിക്കുക അതായി പുതിയ രസം . ഒരു നാളില്‍ കൂടുതല്‍ ഒരിടത്തും തങ്ങിയില്ല. ഒരു വിധത്തില്‍ ഒരു ഭാരതപര്യടനം തന്നെ ആയിരുന്നു അതെന്നു പറയാം വേണമെങ്കില്‍ . പോകുന്നിടത്തൊക്കെ ഒരു ജീവനെയെങ്കിലും ആസ്വദിച്ചു ഇല്ലാതാക്കി ആനന്ദമടഞ്ഞു കടന്നു പോയി നാളുകള്‍ . ഏതൊരു ജൈത്ര യാത്രക്കും ഒരു അവസാനം ഉണ്ടാകും എന്നത് ഇവിടെയും സംഭവിച്ചു . ആരില്‍ നിന്നോ ലഭിച്ച അണുക്കള്‍ ലിംഗാഗ്രത്തില്‍ മുകുളങ്ങള്‍ ആയി വിരിഞ്ഞു തുടങ്ങി . ചികിത്സകളോ മരുന്നോ ഇല്ലാതെ ഒടുവിലൊരു വെറും മാംസകഷണം ആയി അവശേഷിച്ചു അത് . ജീവിതങ്ങള്‍ എപ്പോഴും ഇങ്ങനെ ആണ് . വീഴ്ച വരും വരെ മാത്രമാണ് പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ടു ഓടുന്നത് . പിന്നിലെക്കൊരു നോട്ടം പോലും അസാധ്യമാണ് മനുഷ്യന് . ഒടുവില്‍ ഒരു നാള്‍ ഒരു വീഴ്ചയുടെ ആഴങ്ങളില്‍ വീണു കിടന്നു കൊണ്ട് അവന്‍ തിരികെ യാത്ര ചെയ്തു തുടങ്ങും . നഷ്ടങ്ങളുടെ കണ്ണീരുമായി പിന്നെ പശ്ചാത്താപം ചെയ്തു തുടങ്ങുകയായി . അപ്പോള്‍ മുതല്‍ അവന്‍ തിരികെ നടക്കും . ഉപേക്ഷിച്ച തീരങ്ങളിലൂടെ മറന്നു പോയ വഴികളിലൂടെ ഒരു പരാജിതന്റെ യാത്ര . മരണത്തിന്റെ ഗന്ധം വിരിഞ്ഞു നില്‍ക്കുന്ന മനസ്സുമായി തിരികെയുള്ള ഈ യാത്രയില്‍ കുറ്റബോധവും പാപബോധവും വേട്ടയാടിക്കൊണ്ടിരിക്കും അവനെ . കണ്ണീരില്‍ മുക്കിയും , ഓര്‍മ്മകളെ മയക്കി കിടത്തിയും ലഹരികളുടെ പൂക്കള്‍ തലച്ചോറില്‍ വിരിയിച്ചും പിന്നെ ദിനങ്ങള്‍ കൊഴിഞ്ഞു വീഴും . തുടങ്ങിയേടത്തു തിരികെ എത്തുമ്പോള്‍ ആണ് മാപ്പ് പറയാനോ കടം വീട്ടാനോ ഒന്നും ബാക്കിയില്ലെന്ന തിരിച്ചറിവ് ആഘാതമായി വീഴുന്നത് . മറ്റൊരു വീട്ടാക്കടമായി അത് മനസ്സില്‍ ചത്തു മലച്ചു കിടക്കും . എല്ലാം മറന്നു , ഉപേക്ഷിച്ചു പോയവന് ഒന്നും ബാക്കിയില്ലാത്തതിന്റെ വേദനയെങ്ങനെ അനുഭവിക്കാനാകും എന്ന് അന്നേ മനസ്സിലാകുകയുമുള്ളൂ .
വിശാലമായ ഈ കടപ്പുറത്ത് ശാന്തമായുറങ്ങുന്ന തിരകളുടെ ചാരത്തു നക്ഷത്രങ്ങളും പൌര്‍ണ്ണമിയും സാക്ഷി നിര്‍ത്തി യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍കാഴ്ചകള്‍ നടത്തിക്കൊണ്ടു പോയിടീലും , ഓര്‍മ്മകളുടെ അവസാന കണികയെന്നത് ബാല്യത്തിന്റെ ഏതേലും ഒരു തുരുത്തു വരെ മാത്രമാകും . ഗര്‍ഭാശയത്തിലേക്ക് തിരികെ മടങ്ങാനോ , ജീവന്റെ ആദ്യ തുടിപ്പിന്‍ ചിന്തകളിലേക്ക് ഊളിയിടാനോ സാധ്യമല്ലല്ലോ .
സ്വപ്‌നങ്ങള്‍  ഇല്ലാത്ത ജീവിതം ! അതിനു പക്ഷെ ജീവിതത്തിന്റെ പുതിയ ലോകം സ്വന്തവുമല്ല . ലോകത്തെ നോക്കി കാണാന്‍ കണ്ണുകള്‍ തുറന്നിരുന്നാല്‍ പോര ഉള്‍ക്കണ്ണു ഉണ്ടാകണം . ലഹരി പൂക്കാത്ത ഈ രാവില്‍ ഇനിയൊരു പുലരി കൂടി വരുമ്പോള്‍ ചീര്‍ത്തു വീര്‍ത്ത മനുഷ്യക്കോലമായി മത്സ്യങ്ങള്‍ കൊത്തിവിഴുങ്ങിയ കണ്ണുകളും , ചുണ്ടും, ലിംഗവുമായി ഒഴുകി നടക്കണം ഇനി  . എന്റെ ജീവിത കൊണ്ട് ഈ ലോകത്തിനു കിട്ടുക ആ ഒരു സൗഭാഗ്യമാകും . ലോകം ഉറങ്ങുമ്പോള്‍ ഉറങ്ങാന്‍ മടിച്ചിരുന്ന എന്റെ രാത്രികള്‍ക്ക് ഇതവസാനരാത്രി . വിടര്‍ത്തി പിടിച്ച കൈകളുമായി തിരയടങ്ങിയ കടലിന്റെ മാറിലേക്ക്‌ ഇറങ്ങി ചെല്ലുമ്പോള്‍ പ്രതിഷേധത്താല്‍ കടലിളകിയത് ജന്മത്തിന്റെ പിന്തുടരുന്ന നിരാകാരത്തിന്റെ അവസാനത്തെ അനുഭവമാകട്ടെ . തണുത്ത ജലത്തിന്റെ കുളിര്‍മ്മ കാല്‍മുട്ടുകള്‍ കടന്നു ലിംഗത്തെ പൊള്ളിച്ചുകൊണ്ടു നെഞ്ചില്‍ ആശ്വാസതാളം ഉയര്‍ത്തി ചുണ്ടുകളില്‍ ഉപ്പു നനയിച്ചു നിറുകയില്‍ നുരയും പതയുമായി അലസം കടന്നു പോയി.
കാറ്റ് പിന്നെയും വീശിക്കൊണ്ടിരുന്നു . നിലാവ് പുഞ്ചിരി പൊഴിച്ച് കൊണ്ടേയിരുന്നു . നഷ്ടമായ ചൂട് തിരികെ മോഹിച്ചു കടല്‍ക്കരയിലെ മണല്‍ത്തരികള്‍ മാത്രം കണ്ണ് നനയിച്ചു . കടല്‍ അപ്പോഴും നിര്‍വൃതിയിലെന്ന പോലെ മിഴികള്‍ അടച്ചു മയക്കത്തിലായിരുന്നു . നുര നിറഞ്ഞ പുഞ്ചിരിയോടെ ലാസ്യം .....!
-----------------------------------------------------------------------------------ബിജു ജി നാഥ്

Friday, December 12, 2014

കസ്തൂരി മാന്‍


ഉഴറുന്നു ജീവിതങ്ങള്‍ മണ്ണില്‍ ഒരു
കുഞ്ഞു ചുമലെങ്കിലും തേടിയിവിടെ
കരയുവാന്‍ കണ്ണീര്‍ത്തടാകങ്ങള്‍
ചുമന്നുകൊണ്ടെത്രയോ കാലങ്ങളായ് .

രാവുകള്‍ നിഷ്ക്രിയം കേട്ട് നില്‍ക്കും
ദീര്‍ഘനിശ്വാസ പങ്കിലമെങ്കിലും .
തഴുകുവാനൊരു കരം മോഹിച്ചു
മനമത് ചുറ്റും പരതി നോക്കും വൃഥാ !

പറയുവാനാകാതെ ഉള്ളില്‍ പൊടിയും
കദനങ്ങള്‍ കഥനത്തിന്‍ സാഗരങ്ങള്‍..
മൊഴിയുവാന്‍ ചുണ്ടുകള്‍ ദാഹിച്ചുവെന്നാ-
കിലും ഉലകില്‍ കര്‍ണ്ണങ്ങളന്യമല്ലോ .

തിരയുവാന്‍ കഴിയാതെ ഭയമത് പുല്‍കി
നീ യുലകില്‍ അലയുവതെന്തിനോ?
മിഴിയുയര്‍ത്തി നീയൊന്നു നോക്കീടുകില്‍
കാണാം നിനക്കാ കരങ്ങള്‍ !
---------------------ബിജു ജി നാഥ്

Wednesday, December 10, 2014

കന്യാവിനോദം..........സബീന എം സാലി

വായനയുടെ തണുത്തിരുണ്ട പ്രതലങ്ങളെ ചൂട് പിടിപ്പിച്ചുകൊണ്ട്‌ മരുഭൂമി തന്ന ആദ്യ വായന ആണ് ശ്രീമതി "സബീന എം സാലി" യുടെ "കന്യാവിനോദം" . തികച്ചും യാദൃശ്ചികമായി കൈകളില്‍ എത്തിയ ഒരു പുസ്തകം എന്നതിനപ്പുറം അതിനു വേറെ പ്രത്യേകതകള്‍ ആദ്യം ഉണ്ടായില്ല . പക്ഷെ വായനയുടെ ഉള്ളറകളിലേക്ക് ഇറങ്ങി പോകുമ്പോള്‍ ആണ് അറേബ്യന്‍ സംസ്കാരത്തിന്റെ ഉള്ളറകളില്‍ ഒരുപാട് ഒളിച്ചു നോട്ടങ്ങള്‍ കഥാകാരി നടത്തി എന്ന സത്യം മനസ്സില്‍ വിരിയുന്നത് . ഒരു ചരിത്ര വിദ്യാര്‍ത്ഥിയായ മനസ്സുമായി അതിലേക്കു ഇറങ്ങുമ്പോള്‍ കഥകളുടെ ഒരു മണല്‍ക്കാട് തന്നെ മുന്നില്‍ കാണാന്‍ കഴിയുന്നു . അതില്‍ പ്രണയമുണ്ട് രതി ഉണ്ട് , വന്യതയും വാത്സല്യവും ഉണ്ട് , സഹാനുഭൂതിയും കരുണയും ഉണ്ട് . ഇരുപത്തി മൂന്നു കഥകള്‍ കൊണ്ട് സമ്പന്നമായ ആ എഴുത്തുകളിലേക്ക് ഞാന്‍ ഒന്നൂളിയിട്ട്‌ ഇറങ്ങുകയാണ് . ഒരു ആസ്വാദനം എന്നത് എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആകാം . കാരണം ഇത് വരെ വായിച്ചു പോയിട്ടുള്ളത് അല്ലാതെ അതിനെ കുറിച്ച് ഇങ്ങനെ ഒരു എഴുത്ത് ആദ്യം ആണ് വിശദമായി . എന്റെ വായനയില്‍ ആദ്യം തടഞ്ഞത് ആദ്യ വായന ആയതും "അതിര്‍ത്തികള്‍ താണ്ടി അലയുന്നവര്‍ " ആണ് . അസ്പഷ്ടമായ സ്വരത്തില്‍ വിരക്തിയില്‍ നിന്നും വിടുതല്‍ തേടുന്ന ചില മാനങ്ങള്‍ പോലെയാണ് മൗനം നല്‍കുന്ന ചില സന്ദേഹങ്ങള്‍ . കിടപ്പുമുറിയുടെ ശബ്ദഘോഷങ്ങളും , ജാലകക്കാഴ്ച്ചകള്‍ക്കുമപ്പുറം , പുതുമകള്‍ തേടുന്ന ഭര്‍ത്താവിന്റെ കാമനകള്‍ക്ക് വഴങ്ങി കൊടുക്കുന്ന ധര്‍മ്മമാണ് തന്റെ ജീവിതമെന്നറിവ് 'അസു'വില്‍ ഉണ്ടാക്കിയ മനോവ്യാപാരമാകം തുടുത്ത കവിളുകള്‍ ഉള്ള ഉയരവും ആരോഗ്യവും തുടിക്കുന്ന പഷ്തൂണിന്റെ കാഴ്ചകള്‍ . ഒളിഞ്ഞു സാഹസപ്പെട്ടു നോക്കാന്‍ കൊതിക്കുന്ന ആ 'ഒന്നി'ല്‍ പ്രണയം ഉരുവായി തുടങ്ങുമ്പോള്‍ തന്നെ അത് നഷ്ടമാകുകയും ചെയ്യുന്നു . മാരിചനെ പോലെ അയാളെ വെട്ടിച്ചു മരുഭൂവിലേക്ക് ഓടിപ്പോകുമന്നു.  ആ ഒന്നിലൂടെ ഇവ അസന്നിഗ്ധമായി കഥാകാരി പറയുന്നു അര്‍ത്ഥഗര്‍ഭമായ മൗനസ്മിതമായി.
'കുങ്കുമപ്പൂക്കളുടെ മൂടുപടം' എന്ന കഥയില്‍ അഫ്ഗാനിസ്ഥാന്റെ ചരിത്രപരമായ കാഴ്ചകളിലേക്കും സ്ത്രീകളുടെ അടിച്ചമര്‍ത്തലുകള്‍ മതം എങ്ങനെ അവരില്‍ എന്ത് ഉളവാക്കുന്നു എന്നതിലേക്കും ഇറങ്ങി ചെല്ലുന്നു . അടുക്കള ഉപകരണങ്ങള്‍ക്കൊപ്പം ഉപയോഗം കൊണ്ട് പഴകിയ ഗോതമ്പ് മണികളില്‍ നിന്നും ആട്ട വേര്‍തിരിച്ചു വിഴുപ്പു കല്ലില്‍ അരിശങ്ങള്‍ തീര്‍ത്ത്‌ ബൂര്‍ഖയുടെ ചതുരക്കൂട്ടില് കൂടി മാത്രം പുറം കാഴ്ചകളെ അറിയുന്ന സ്ത്രീയെ വളരെ തന്മയത്തോടെ വരച്ചു കാട്ടുന്നു ഇതില്‍ .
'ദുഗൈമ' എന്ന കഥയില്‍ മരുഭൂമിയുടെ വന്യതയും ഇരുണ്ട വശങ്ങളും വിടര്‍ന്നു കാണുന്നുണ്ട് . പ്രണയവും ജീവിതവും വരച്ചു കാണിക്കുന്നു ആ ഊഷരതകളില്‍ എന്നത് കൊണ്ട് മാത്രം വ്യെത്യ്വാസം നേടുന്ന ഈ കഥ നല്ലൊരു വായന നല്‍കുന്നുണ്ട് .
'ഷിവോഗ പറഞ്ഞത് ' ശരിക്കും ജീവിതത്തിന്റെ പരുക്കന്‍ യാതാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന മനുഷ്യന്റെ , വീണു പോകുന്ന മനസ്സിനെ ,പ്രതീക്ഷകളെ ഒക്കെ അവതരിപ്പിക്കുന്നു .
'വിഴുപ്പുവണ്ടി ' വരച്ചിടുന്നത് പ്രവാസ ജീവിതത്തില്‍ സാധാരണകാണുന്ന ഒരു കാഴ്ചയാണെങ്കിലും അതിലെ സാധാരണത്വം നന്നായി പറയുന്നുണ്ട് .
'സിരാ ഉലോ' എന്നൊരു കഥയില്‍ പിലിപിനികളുടെ ജീവിതത്തെ നോക്കി കാണുന്നു . പ്രവാസത്തില്‍ സ്ഥിരകാഴ്ചകള്‍ ആണ് ഇവ എങ്കിലും അവ വായനക്കാരന്റെ മുന്നിലേക്ക്‌ നേര്‍ക്കാഴ്ച പോലെ അവതരിപ്പിക്കുമ്പോള്‍ അത് ഒരു പുതുമയായി തോന്നുന്നുണ്ട് .
'നനഞ്ഞ കാഴ്ചകള്‍' കണ്ണ് നനയിക്കുന്ന ദൈന്യതയാണ് ആ കാഴ്ചകള്‍ . സൗന്ദര്യമല്ല സ്ത്രീക്ക് ശത്രു അവളുടെ ഉടല്‍ തന്നെ ആണ് എന്ന് സ്ഥാപിക്കപ്പെടുന്ന ഒരു രചന . വായനയില്‍ കഥയായി തോന്നിക്കില്ല എന്നതാണ് ഈ എഴുത്തിന്റെ മേന്മയായും അവകാശപ്പെടാം .
'നഗരഗന്ധങ്ങള്‍' തികച്ചും വ്യെത്യസ്ഥമായ ഒരു വായന തന്നു . ജീവിതത്തില്‍ പരാജയപ്പെട്ടു പോയ ഒരു മനുഷ്യന്റെ വളരെ പച്ചയായ ഒരു കാഴ്ച അതാണ്‌ നഗരഗന്ധങ്ങള്‍ .ആ ഗന്ധം നന്നായി മനസ്സിലാക്കിത്തരുന്ന നഗരത്തിന്റെ പുറംപോക്കിനെ വരച്ചു കാണിക്കുന്നത് എത്ര മനോഹരമായാണ് . മറ്റുള്ള രചനയില്‍ നിന്നും വളരെ വേറിട്ടൊരു ആഖ്യായന ശൈലി ഇത് വായനയില്‍ നല്‍കുന്നുണ്ട് . എടുത്ത് പറയാവുന്ന ഒരു രചന .
'അപര്‍ണ്ണയുടെ കാമുകന്‍' എന്ന കഥയില്‍ പ്രണയം കാറ്റിനോട് ആണ് .നാടിന്റെ മഴയോര്‍മ്മകളും , തണുപ്പന്‍ കാറ്റിന്റെ കുസൃതികളും മണല്‍ക്കാറ്റിന്റെ തീക്ഷ്ണതയും വൈകാരികതയും നിരാശയും ഏകാന്തതയും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ഒരു വായന നല്‍കി .
' വഴി മുറിഞ്ഞ യാത്രകള്‍ ' ശരിക്കും ജീവിതത്തിന്റെ ക്ഷണികത മനോഹരമായി ആതാരിപ്പിക്കുന്നു . കാഞ്ചനക്കൂടില്‍ അടച്ചു ജീവിക്കുന്ന സ്വര്‍ണ്ണ മത്സ്യം തന്റെ മുന്നില്‍ കാണുന്ന വികാരരഹിതമായ മനുഷ്യ ജീവിതത്തെ നോക്കി കാണുന്ന കാഴ്ച , ഒപ്പം തനിക്കു ആഴിയില്‍ നഷ്ടമായ തന്റെ ഇണയെ ഓര്‍ത്തുള്ള വേദന ഒടുവില്‍ മരണം എത്തിപ്പിടിക്കുമ്പോള്‍ അവനോടൊത്തുള്ള യാത്രയില്‍ ആണ് മത്സ്യം . തികച്ചും നൈമിഷ്കമായ ജീവിതത്തില്‍ നാം കണ്ടെത്തുന്ന ഓരോ ജീവകഥാപാത്രങ്ങളും നമുക്കിവിടെ കാണാന്‍ കഴിയുന്നു ഒരു വീടിനുള്ളില്‍ ചലിക്കുന്ന യന്ത്രങ്ങള്‍ പോലെ .
'വസന്തത്തിന്റെ ആത്മാവ് ' മഞ്ഞും മരണവും ഒറ്റമരവും ശവക്കൊട്ടയും ഒക്കെ പ്രതീകങ്ങള്‍ ആകുന്ന ഒരു രചന എന്നതിനപ്പുറം ജീവിതത്തിന്റെ വിരസതയും അനപത്യ ദുഖവും ചിന്തകളും വരച്ചിടുന്നുണ്ട് ആഴത്തില്‍ . വളരെ നല്ലൊരു വായനയുടെ തലം തുറന്നു തരുന്നു ഈ കഥ .
'ഭ്രാന്ത് പൂക്കുന്ന കാലം ' മയക്കു മരുന്നുകളുടെ പ്രഭാവത്തിലും , അതിന്റെ കെടുതികളിലും നശിച്ചു പോകുന്ന മാനുഷ്യമൂല്യങ്ങളും അത് പിന്നീട് ജീവിതത്തെ കൊത്തിപ്പറിക്കുന്നതും അശാന്തിയുടെ പരമകാഷ്ടയില്‍ മരണം തേടുന്നതും വളരെ തീവ്രമായി പറഞ്ഞു . ശരിക്കും ഒരു തുറന്ന കാഴ്ച തന്നെ ആണ് അത് നാം കാണാതെ പോകുന്ന , അങ്ങനെ ശ്രമിക്കുന്ന ചില നഗ്നസത്യങ്ങള്‍ അതില്‍ നമ്മെ നോക്കി പല്ലിളിക്കുന്നു .
'രഥയാത്രിക ' ഭ്രമകല്‍പ്പനകളില്‍ ആറാടുന്ന നേഹയിലൂടെ അസമത്വവും അസന്തുലിതവുമായ മരുജീവിതത്തിന്റെ കാണാക്കാഴ്ച തുറന്നു തരുന്നു . നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന സ്ത്രീയുടെ വിഹ്വലതയുമായി നേഹ നിങ്ങളെ പൊള്ളിക്കും എന്നത് തീര്‍ച്ച .
'ജനസേവകന്‍ ' ആധുനിക ലോകത്തിന്റെ ജനസേവന രീതികളും , കാഴ്ചകളും കാണിച്ചു തരുന്ന കഥ . ലഹളകള്‍ ഉണ്ടാക്കുന്നതും അവയ്ക്കെതിരെ സംസാരിക്കുന്നതും അവര്‍ക്കിടയില്‍ സമാധാന ദൂത് കൊണ്ട് വരുന്നതും ആയ നീലക്കുറുക്കന്മാരെ തൊലിയുരിച്ചു കാണിക്കുന്നു ഈ എഴുത്തില്‍ .
'സ്ഥാവരങ്ങളുടെ പ്രയാണം' സ്ത്രീ എന്നാല്‍ ഭോഗ വസ്തു എന്നൊരു കാഴ്ചപ്പാടുള്ള ലോകത്ത് നശിച്ചു പോകാന്‍ മാര്‍ഗ്ഗങ്ങള്‍ തുറന്നു കൊടുക്കുന്ന സമൂഹത്തില്‍ ഇവയില്‍ നിന്നും അകന്നു തന്റെ അവയങ്ങള്‍ വിറ്റ് കൊണ്ട് തന്റെ ലക്ഷ്യങ്ങള്‍ അല്പമെങ്കിലും വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന മാലതി സ്ത്രീയുടെ തനിമ നിലനിര്‍ത്തുകയും താക്കീതുകള്‍ പോലെ തലയുയാര്‍ത്തി സമൂഹത്തെ നേരിടുകയും ചെയ്യുന്നു .
'ആംബുലന്‍സ് ' പേര് പോലെ മൃതശരീരങ്ങളുടെ വാഹകന്‍ മരുഭൂമിയിലെ ഒരു രാത്രിയിലൂടെ മരുഭൂമിയുടെ രാവും അതിന്റെ ചൂരും കാണിച്ചു തരുന്നു . കൂട്ടത്തില്‍ എടുത്തു പറയാന്‍ കൊള്ളാവുന്ന മറ്റൊരു രചന . മറ്റു വായനകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ ഇതിലും മരണം ഒരു തണുത്ത നിഴല്‍ ആണ് .
'സുഹ്റ' ഓരോ നാടിനുമോരോ സുഹ്റകള്‍ ഉണ്ട് എന്നിടത്താണ് ഈ വായനയുടെ രസം . രസം എന്ന് പറയുക സാഡിസം ആണെങ്കിലും ആ വാക്ക് അവിടെ അവിചാരിതമായി കടന്നു വരുന്നതാണ് . നല്ല വായന നല്‍കി . നാട്ടിന്‍പുറത്തിന്റെ നന്മകളില്‍ കൂടി ഒരു യാത്രയായിരുന്നു ആ കഥ .
'ഏഴുവയസ്സുള്ള ഫെമിനിസ്റ്റ് ' വളരെ കൗതുകം നല്‍കിയ വായന ആണ് ഒരു കൊച്ചു പെണ്‍കുട്ടിയിലൂടെ ഒരു വലിയ വായന സാമ്രാജ്യം ആണ് തുറന്നിട്ടത് . വളരെ നല്ലൊരു രചനയായി ഇതിനെ വിശേഷിപ്പിക്കാം.
'ചോളം മണക്കുന്ന ദുപ്പട്ട' ഈ കഥ നമ്മെ കൊണ്ട് പോകുക ചില യാതാര്ത്യങ്ങളിലേക്ക് ആണ് . വര്‍ഗ്ഗീയ വിഷങ്ങള്‍ ചുരത്തുന്ന ഇടങ്ങളിലൂടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ചെന്ന് പെടുന്ന ജീവിതങ്ങളെ ഇവിടെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു . കൗമാരത്തിന്റെ ബലഹീനതകളും അഹങ്കാരവും നിഷേധവും അമ്മയുടെ ഓര്‍മ്മകളെ തിന്നാന്‍ വിടുന്ന തിരിച്ചറിവിന്റെ കാലം വളരെ വേദനയോടെ മാത്രമേ വായിക്കാന്‍ കഴിയൂ . അമ്മയെ തിരിച്ചറിയുന്ന ചോള മണത്തിലൂടെ സജീവമായി ആ ഓര്‍മ്മ നിലനിര്‍ത്തുന്നു കഥാകാരി ഇവടെ ദില്ഷനിലൂടെ . തികച്ചും മനോഹരമായ ഒരു കഥ ആണ് ഇതും .
'മുഖമില്ലാത്ത ഓര്‍മ്മകള്‍' സാദിയ എന്ന പെണ്‍കുട്ടിയിലൂടെ ഒരു സാധാ അറബ് പെണ്‍കുട്ടിയുടെ ദയനീയതയും , വിഷമതകളും വരച്ചു കാണിക്കുന്ന രചന . പ്രമേയം കൊണ്ട് നന്നായി നില്‍ക്കുന്നു. വായന നല്‍കുന്ന നെടുവീര്‍പ്പുകള്‍ ഉത്തരം ഇല്ലാതെ അലയുന്ന അനുഭവം .
'കന്യാവിനോദം ' ശരിക്കും പുറംചട്ടയില്‍ കണ്ട ഈ പേര് പക്ഷെ വായനയില്‍ വിനോദം ആയല്ല അനുഭവപ്പെടുക . മനുഷ്യമനസ്സിന്റെ എന്തിലെങ്കിലും ഒരു അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഏകാന്തതയുടെ , വിരസതയുടെ , വെറുപ്പിന്റെ പിന്നെ രതിയുടെ ചിത്രം . ഓരോ ഏകാന്ത മനുഷ്യരിലും ഉണരുന്ന ചോദന , രതി അതിനെ പൂര്‍ത്തിയാക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളെ രതി കല്പനകള്‍ വളരെ പരിമിതവും കയ്യടക്കവും കൊണ്ട് മനോഹരമായി പറഞ്ഞു എന്നതാണ് ഈ കഥയുടെ പ്രത്യേകത . വായനയില്‍ മുന്‍ നിരയില്‍ കൊണ്ട് വരും ഈ വായന . പി ജെ ജോണ്‍സന്റെ 'നേര്ച്ച' എന്ന കഥയില്‍ കന്യാസ്ത്രീ കുരിശു കൊണ്ട് തേടുന്ന രതിയുടെ മറ്റൊരു തലം .
'മെയില്‍ ഷോവനിസ് ' കഥയുടെ തലക്കെട്ട്‌ പോലെ അല്ല കഥ വായിക്കുമ്പോള്‍ അനുഭവപ്പെടുക തെറ്റിധാരണ പുലര്‍ത്താന്‍ മാത്രം ഉതകുന്ന തലക്കെട്ട്‌ . ശരിക്കും ഭ്രമാത്മകതയുടെ വായന ആണ് ഇത് . മൃഗങ്ങളില്‍ കൂടി മനുഷ്യരെ പ്രതീകവല്‍ക്കരിക്കാന്‍ കഥാകാരി കാണിക്കുന്ന ശ്രമം പാളിപ്പോകുന്നില്ല വായനയില്‍ . സൗന്ദര്യവും യുവത്വവും തടവറയില്‍ കൊരുത്തിടുന്ന സാധാരണ ജീവിതവും ലക്ഷ്യമെത്താതെ മുറിയുന്ന ജീവിതവും നന്നായി അവതരിപ്പിച്ചു എന്ന് പറയാം .മണ്ണിന്റെ മാറിലേക്ക് ഒരു സാധാരണമനുഷ്യന്‍ ആയി മറ്റുള്ളവര്‍ക്ക് ഒപ്പം ജീവിക്കാന്‍ ശ്രമിക്കുന്ന ദൈന്യത ഇവിടെ നന്നായി സ്പര്‍ശിക്കുന്നുണ്ട്‌ വരികളില്‍ .
'കുപ്പുവാര' ആധുനിക സമൂഹത്തില്‍ ഒരു സമൂഹം ഇന്ന് അനുഭവിക്കുന്ന ദീനതയാര്‍ന്ന ഒരു വസ്തുത വളരെ നന്നായി അവതരിപ്പിക്കുന്നു ഈ കഥയില്‍ .. തീവ്രവാദിയായി ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ പിന്നെ അവന്റെയും കുടുംബത്തിന്റെയും അവസ്ഥ , എത്ര നിരപരാധി ആണെന്ന് തെളിഞ്ഞാലും സമൂഹം അവരെ കാണുക എങ്ങനെ എന്നുള്ളതും അവരുടെ ആകുലതകളും വരച്ചു കാട്ടുന്ന രചന .
പൊതുവേ വായന വളരെ നല്ലതായിരുന്നു . സംതൃപ്തി നല്‍കിയ വായന എന്ന് പറയാം . ഭാവിയോടു നീതി പുലര്‍ത്താന്‍ കഴിയുന്ന ഒരു എഴുത്തുകാരി ആയി ഈ കഥാകൃത്തിന്റെ എഴുത്തുകള്‍ വായിക്കപ്പെടുന്ന ഒരു കാലം വിദൂരമല്ല എന്ന് മനസ്സിലാക്കിത്തരുന്ന എഴുത്തുകള്‍ ആയിരുന്നു ഓരോ കഥകളും . മരണവും ,ഏകാന്തതയും പ്രണയവും ., സ്ത്രീകളുടെ അറിയപ്പെടാത്ത , പറയാന്‍ കഴിയാതെ പോകുന്ന മൗനവുമൊക്കെ വളരെ ചാരുതയോടെ വരച്ചിടാന്‍ കഴിയുന്നുണ്ട് എന്നതാണ് ഈ കഥാകാരി നല്‍കുന്ന വാഗ്ദാനം . അവതാരികയില്‍ ശ്രീ സുഭാഷ് ചന്ദ്രന്‍ ഉപമിക്കുന്നത് പോലെ മാധവിക്കുട്ടിയെ അനുകരിക്കാന്‍ രതി എഴുതുന്നതാണ് സാഹിത്യം എന്ന് തോന്നിക്കില്ല ഈ വായനകള്‍ . അത് കൊണ്ട് തന്നെ ഈ കഥാസമാഹാരം വായനക്കാരനെ ഒരിക്കലും നിരാശനാക്കില്ല എന്ന് ഉറപ്പു പറയാന്‍ കഴിയും ...............ബിജു ജി നാഥ് 

ജന്മഗൃഹം


കിളിയമ്മയ്ക്ക് മക്കള്‍ നാല്
നാലും കുസൃതിക്കുരുന്നുകള്‍
നാലുപേരും ചിറകു വിരിച്ച് 
നാടുകാണാന്‍ യാത്രയായി .

തെക്കൂന്നു പറന്നു വടക്കോട്ടും
കിഴക്കൂന്നു പറന്നു പടിഞ്ഞാറ്റും
കൊത്തിപ്പെറുക്കിയും കണ്ടുമവര്‍
നാല് ദിക്കിലും അലഞ്ഞു നോക്കി .

തെക്കും വടക്കും
കിഴക്കും പടിഞ്ഞാറും
കണ്ടതൊക്കെയും കണ്ണ് നിറച്ചപ്പോള്‍
കൂട്ടിലണഞ്ഞു കിളികള്‍ ചൊല്ലി
നമ്മുടെ വീടല്ലോ നന്നീയുലകില്‍ !
-------------ബിജു ജി നാഥ്
(കുട്ടികള്‍ക്ക്‌ വേണ്ടി ഒരു കുഞ്ഞു കവിത . പ്രചോദനം ഹിന്ദി കവിത "അപ്ന ഘര്‍ ഹേ സബ്സ് പ്യാരാ" )

Tuesday, December 9, 2014

ഇനി നീയേകയല്ല


മിഴിനീര്‍ കൊണ്ടെന്നെ നീ പൊള്ളിക്കുക!
ഓരോ കാഴ്ചകളിലും .
ദുസ്വപ്നമായി നീ നടുക്കുക
ഓരോ ഉറക്കത്തിലും.
ഉറങ്ങുവാന്‍ ആകാതെ
നോക്കുവാന്‍ ആകാതെ
ഹൃദയം പൊടിഞ്ഞു ഞാന്‍ പിടയട്ടെ .

നിന്നെ പിച്ചെടുത്ത കരങ്ങള്‍ക്ക്‌
ഇപ്പോഴും വിരലുകള്‍ സ്വന്തം.
നിന്നെ കടിച്ചു മുറിച്ച ദന്തങ്ങള്‍
ഇപ്പോഴും പരിക്കുകളില്ലാതെ.
നിന്നെ ചവിട്ടിപ്പിടിച്ച കാലുകള്‍
ഇപ്പോഴും മുടന്തില്ലാതെ .
നിന്നെ കീറിമുറിച്ച ലിംഗം
ഇപ്പോഴും ഉദ്ധരിക്കുന്നുണ്ട് .

ഇല്ല ,
നിനക്ക് നീതിയ്ക്കായ്‌
വെട്ടി മുറിയ്ക്കാത്ത വിരലുകളും
തല്ലിക്കൊഴിക്കാത്ത ദന്തങ്ങളും
തല്ലിയോടിക്കാത്ത കാലുകളും
ഛേദിച്ചുകളയാത്ത ലിംഗവും ഉള്ളപ്പോള്‍
നിന്റെ നോട്ടങ്ങള്‍ എന്നെ പൊള്ളിച്ചുകൊണ്ടേയിരിക്കും .

ഓരോ ഉറക്കത്തിലും നീ നീതി തേടി
എന്നെ അലട്ടും
കാരണം , നീ എന്റെ പെങ്ങളാണ് ,
നീ എന്റെ മകളാണ് ,
നീ എന്റെ സഹജീവിയാണ് .
സഹതപിക്കാത്തൊരീ ലോകത്ത്
നിന്നെ പിച്ചിചീന്തുന്ന ഓരോ
കരങ്ങള്‍ ,
കാലുകള്‍ ,
ദന്തങ്ങള്‍,
ലിംഗങ്ങള്‍...
നശിപ്പിച്ചുകൊണ്ടേയിരിക്കും ഞാന്‍ .

ഞാനല്ലൊരായിരം ഞങ്ങള്‍
നിനക്കായ്‌ കാവല്‍ നില്‍ക്കുന്നുണ്ട് .
ഓരോ തെരുവുകോണുകളിലും ,
ഓരോ ചലിക്കുന്ന വാഹനങ്ങളിലും ,
ഓരോ പണിശാലകളിലും,
ഓരോ വീടുകളിലും .

ഇനി നീ മയങ്ങുക ശാന്തമായി .
ഇനി നീ നടക്കുക തലയുയര്‍ത്തി
ഇനി നീ ജീവിക്കുക നമുക്കൊപ്പം
ലോകം നിനക്കും കൂടിയുള്ളതാണ് .
----------------ബിജു ജി നാഥ്

Monday, December 8, 2014

സമരം


അന്നം ഉപേക്ഷിച്ചു സമരം
അന്നത്തിനായും സമരം.
വിദ്യ അര്‍ത്ഥിച്ചും സമരം
വിദ്യ മുടക്കിയും സമരം.


അറയടച്ചിട്ടും സമരം
അറ തുറന്നിട്ടും സമരം.
വഴി നിഷേധിച്ചും സമരം
വഴി തുറക്കാനും സമരം.

തൊഴിലിനു വേണ്ടി സമരം
തൊഴില്‍ മുടക്കാനും സമരം.
ഭരണം ലഭിയ്ക്കാന്‍ സമരം
ഭരണം കളയാനും സമരം.

മദ്യപിയ്ക്കാനും സമരം
മദ്യം ഒഴിവാക്കാനും സമരം.
തുണിയുടുക്കാനും സമരം
തുണിയഴിയ്ക്കാനും സമരം.

ഉമ്മവയ്ക്കാനും സമരം
ഉമ്മ നിഷേധിയ്ക്കാനും സമരം.
തുണ്ട് ഭൂമിയ്ക്കും സമരം
ഭൂമി നിഷേധിച്ചും സമരം..

അതിരുകള്‍ കാക്കാന്‍ സമരം
അതിരുകള്‍ തകര്‍ക്കാന്‍ സമരം.
മതമുപേക്ഷിയ്ക്കാന്‍ സമരം
മതമുറപ്പിയ്ക്കാനും സമരം .

മാംസം വില്‍ക്കുവാന്‍ സമരം
മാംസവില്‍പ്പനയ്ക്കും സമരം.
ജാതി പോകാനായി സമരം
ജാതി വളര്‍ത്താനും സമരം .

വികസനം വരുവാന്‍ സമരം
വികസനം തടയാനും സമരം.
കോഴ കൊടുക്കാന്‍ സമരം
കോഴ വാങ്ങുന്നതിനും സമരം.

ഗോളങ്ങള്‍ താണ്ടുവാന്‍ സമരം
ഗോളങ്ങള്‍ താണ്ടുന്നതിനും സമരം.
ഒന്നാമന്‍ ആകുവാന്‍ സമരം
ഒന്നാമനായതില്‍ സമരം.

ഒന്നിച്ചു നില്‍ക്കുവാന്‍ സമരം
ഭിന്നിച്ചു പോകാനും സമരം.
ജീവനെടുക്കാന്‍ സമരം
ജീവനെടുക്കുവതിനും സമരം.

സമരമുപേക്ഷിയ്ക്കാന്‍ സമരം
സമരം നടത്തുവാന്‍ സമരം.
സമരങ്ങള്‍ സമരങ്ങള്‍ എങ്ങും
ജീവിതം സമരത്തില്‍ അമരുന്നു.
--------------------06.12.2014

Friday, December 5, 2014

കാമുകന്‍


നിന്നെ കുറിച്ചൊരു കാവ്യം രചിക്കാന്‍ 
നീണ്ട രാവുകളെത്ര നിദ്ര വിട്ടിരുന്നിട്ടും
ഒരു വരിപോലും എഴുതുവാനായില്ല -
റിവൂ ഞാനൊരു കവിയല്ലെന്നിന്നു.

നിന്നെ വരയുവാന്‍ ചായവുമായ്
എത്ര നാളുകള്‍ തപം ചെയ്തുവെ-
ന്നാലില്ലൊരു വരപോലും വരയ്ക്കാ-
നറിവൂ ഞാനൊരു ചിത്രകാരനല്ലിന്നു .

നിന്നെ മെനയുവാന്‍ കരിമ്പാറ മുന്നി-
ലിരുന്നൊരുളിയുമായെത്ര നാളുകള്‍
ഇല്ല കഴിഞ്ഞില്ലൊരു മാത്രപോലു-
മറിയുന്നു ഞാന്‍ ശില്പിയല്ലൊരിക്കലും.

കവിയാകാന്‍ കഴിയാതക്ഷരവും,
ചിത്രകാരനാവാതെ ചായങ്ങളും
ശില്പിയാകാതുളിയും കളയവേ നീ
മറയുന്നു നിഴല്‍പോലിരുളിലേക്ക് .
-------------------ബിജു ജി നാഥ്

Thursday, December 4, 2014

പ്രണയചിന്തകള്‍



പ്രണയം കേളിയല്ല.
പ്രണയം ഭോഗമല്ല .
ശരീരങ്ങളുടെ തുലനമല്ല
ദാഹമകറ്റാനുള്ള ഉപാധിയല്ല .
കീറിമുറിച്ച വിശ്വാസങ്ങളോ
പെയ്തു തോരുന്ന മഴയോ അല്ല .
പ്രണയം മനസ്സില്‍ നിന്നുതിര്‍ത്തു
മനസ്സുകളിലേക്ക് പടരുന്ന സംഗീതം .
വിശ്വാസത്തിന്റെ നൂലിഴയില്‍ നമ്മള്‍
കെട്ടിപ്പടുക്കും ചെറുവീടുകളാണ് പ്രണയം .

ഒരു കൊച്ചുകാറ്റേറ്റ് പൊളിഞ്ഞു വീഴും
മണല്‍ക്കൂടാരമെങ്കിലും,
നാം ഇരു കരങ്ങള്‍ കൊണ്ടവയെ
കാത്തിടുന്നു .
അണയാത്ത ദീപം പോലെ
അണയാനനുവദിക്കാത്ത നാളം പോലെ
നാമതിനെ കൈകളില്‍ ഭദ്രമാക്കുന്നു .
വിശ്വാസം പോലെ
അത് നമ്മില്‍ വെളിച്ചം പകരുന്നു .

പ്രപഞ്ചത്തിന്റെ താളമുള്‍ള്ളാന്‍
കണ്ണുകളുയര്‍ത്തി ആരെയും നേരിടാന്‍
ഒരു പരാജയത്തിന്റെയോ
കുറ്റബോധത്തിന്റെയോ
നേരിയ തഴപ്പുപോലും
ബാക്കിയില്ലാതാകാന്‍
നമ്മള്‍ നമ്മെ ശരീരത്തിന്റെ തൃഷ്ണകള്‍ക്ക്
മേയാന്‍ വിടാതിരിക്കാം
ശരീരം മറക്കാം .

മനസ്സുകള്‍ മാത്രം ഓര്‍മ്മിക്കാം .
പ്രണയത്തിനു ശരീരമൊരു ഭാരമാണെന്നറിയുക.
ശരീരം മൃഗതൃഷ്ണകള്‍ നിറഞ്ഞ  
വെറും മാംസം മാത്രം.
വലിച്ചെറിയുക
ശരീരമെന്ന ചിന്ത നിങ്ങളില്‍ നിന്നും.
പ്രണയം പൂവിട്ടു കായിടുന്നതും
പ്രണയമൊരു വസന്തമായ്‌
നിങ്ങളില്‍ സുഗന്ധം ചൊരിയുന്നതും കാണാം .
പ്രണയം മനോഹരായൊരു പൂന്തോട്ടമായി
നിങ്ങളെ പൊതിയുന്നതറിയാം. 
-------------------ബിജു ജി നാഥ്

Wednesday, December 3, 2014

ഉറക്കം വിട്ടെഴുന്നേല്‍ക്കുക

കൂട്ടരേ ,
വിഷം തീണ്ടിയ മനസ്സുകള്‍ക്ക്‌
വിലങ്ങിടാന്‍ കാലമിനിയും
ദൂരയെന്നോ ?
ഇരുട്ടിന്റെ മറവുതീര്‍ക്കാതെ
പകലിന്‍ നഗ്നതയില്‍ പോലും
ഇന്നിന്റെ കുരുനരികള്‍ പുളയുമ്പോള്‍
പറയുക നിങ്ങള്‍ ,
പുതു പുലരി വരുവതും കാത്തു
മയങ്ങുകയാണോ ?
ആരുടെ വരവിനാണ്
ഏതു രക്ഷകനെ കാത്താണ്
ഷണ്ഡത്വംപേറിയീ ഉറക്കം !
പേറുക കരങ്ങളില്‍
വിഷബീജങ്ങളെ തച്ചുടയ്ക്കാന്‍
ആയുധങ്ങള്‍ നിങ്ങള്‍ .
വാളല്ല , വാക്കല്ല
നോട്ടം കൊണ്ട് പോലും
തടയുക നിങ്ങള്‍ .
വരും കാലം നമ്മുടേതല്ല
വരും തലമുറകളുടേതാണ്  .
ഒരുക്കാം നമുക്കൊരു നാകം
നമുക്കുരുവാകും കിടാങ്ങള്‍ക്ക് വേണ്ടി .
നാളെകള്‍ക്കായി ...
--------------ബിജു ജി നാഥ്

Monday, December 1, 2014

അരൂപികളുടെ ആകാശം


ഒരു ചുംബനത്തിന്‍ മധുരം തേടി
നിന്‍ പടിവാതിലില്‍ പ്രിയേ
തിരസ്കാരത്തിന്‍ പൂമുഖം കാണാന്‍
ഭിക്ഷാംദേഹിയായി ഞാനില്ലിനിയും .

ഒരു വാക്കിന്‍ ശരമുനയില്‍ നോവും
ശുഭദിനവും പേറിയിനി നിന്‍ പടി-
വാതില്‍ കടന്നെത്തുമെന്‍ മുഖം
അലോസരമാകില്ലിനിയോമലേ.

ഒരോര്‍മ്മപ്പെടുത്തല്‍ പോല്‍ നിന്റെ
ചരല്‍വഴികളില്‍ കാത്തു നില്‍ക്കാന്‍
കുറിമാനത്തിന്‍ കടലാസ്സു ചീന്തുമായ്‌
ഇനി നിനക്കെന്നെ കാണേണ്ടതില്ല.

നിന്നെ തഴുകുന്ന കാറ്റിലും,മഴയിലും
നിന്നെ പൊതിയും പുഷ്പഗന്ധത്തിലും
നീ നടക്കും വഴിത്താരതന്‍ പൂഴിയിലും
ഇനി ഞാനലിയുന്നു അരൂപിയായി.
-----------------------ബിജു ജി നാഥ്