നനയാന്‍ മറന്ന മഴത്തുള്ളികള്‍(കവിത)
ഡോ: ലയ ശേഖര്‍
ഗ്രീന്‍ ബുക്സ്
വില :₹ 135.00
“കവിയാവണമെങ്കില്‍ എന്തുചെയ്യണമെന്നോ ?
കവിയാവണമെന്ന് മോഹിക്കാതിരിക്കണം.
കരളില്‍ സ്ഥലകാലക്ഷീരസാഗരത്തിലെ
കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം .
എഴുതിക്കഴിഞ്ഞതും തീരുത്തീടണം , തൂശി-
പ്പഴുതില്‍ നൂലോടിക്കും വിരലിന്‍ ക്ഷമയോടെ
എന്നെക്കൊണ്ടിതിലേറെ നന്നാക്കാന്‍ കഴികയി-
ല്ലെന്ന് വന്നാലെ നെറ്റിവിയര്‍പ്പ് തുടയ്ക്കാവൂ..” (അക്കിത്തം)
കവിതകള്‍ വായിക്കുമ്പോഴൊക്കെയും മനസ്സില്‍ തോന്നുന്ന ഈ വരികളെ ഓരോ കവികളും ഓര്‍ത്ത് വയ്ക്കുന്നത് എത്ര നന്നായിരിക്കും എന്നൊരു ചിന്ത അടുത്തിടെ അധികമായിട്ടുണ്ട് . ഒരുപക്ഷേ ഓണ്‍ലൈന്‍ എഴുത്തുകളുടെ അതിപ്രസരത്തില്‍ നഷ്ടമാകുന്ന കവിത്വം ഓര്‍ത്താകാം അങ്ങനെ ഒരു ചിന്ത ഉണ്ടായിവരുന്നത് . ദിനംതോറും എത്രയോ കവിതകള്‍ വായിക്കാന്‍ കഴിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതു !. കവിതകളുടെ വസന്തകാലം എന്നതിനെ വിശേഷിപ്പിക്കാന്‍ കഴിയുമോ എന്നതാണു ചര്‍ച്ചയാകേണ്ടത് എന്നു കരുതുന്നു. . കാരണം എനിക്കിവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ നിരന്തരം കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കണം എന്നൊരു ധാരണ സോഷ്യല്‍ മീഡിയ നല്കുന്നുണ്ട് . ഓര്‍മ്മിക്കുവാന്‍ തക്കവണം കവിതകള്‍ എത്രയുണ്ടാകും വായിച്ചവയില്‍ എന്നോര്‍ക്കുമ്പോള്‍ അതിന്റെ തമാശ പൂര്‍ണ്ണമായ തോതില്‍ അനുഭവിക്കാനുമാകും . കവിത്വമുള്ളതും ഇല്ലാത്തതുമായ കവിതകളിലൂടെ നിരന്തരം സഞ്ചരിക്കുമ്പോള്‍ അതില്‍ നിന്നും സാരാംശം മാത്രം എടുക്കുകയും വരികളെ വഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്നതെന്തുകൊണ്ടാകാം? . സ്കൂള്‍ , കോളേജ് കാലം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ മുതല്‍ ഇപ്പൊഴും വിദ്യാര്‍ത്ഥികൾ ആയിരിക്കുന്നവര്‍ വരെയുള്ള ഒരു പൊതുസമൂഹമാണ് സോഷ്യല്‍ മീഡിയ. ഇപ്പഴും കവിതകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി എന്ന വരികളോ , അങ്കണത്തൈമാവിന്‍ ചോട്ടില്‍ ആദ്യ മാമ്പഴം വീഴുന്നതിനെക്കുറിച്ചോ , മഞ്ഞത്തെറ്റിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലത്തെ കാഴ്ചകളെ കുറിച്ചോ ഒക്കെയുള്ള കവിതാശകലങ്ങളോ വരികളോ ഓര്‍മ്മയില്‍ വരാത്തവര്‍ ഉണ്ടാകില്ല . കാസറ്റ് കവിതകള്‍ പ്രസിദ്ധമാകും മുന്നെത്തന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും വിനയചന്ദ്രനെയും സച്ചിദാനന്ദനെയും സുഗതകുമാരിയെയും ഒക്കെ മലയാളി ആഘോഷിച്ചിരുന്നവരാണ് . അവരുടെ വരികളെ ഓര്‍മ്മിക്കുകയും മൂളുകയും ചെയ്യുന്നവര്‍ പോലും ഇന്നത്തെ കാലത്തെ കവിതകളുടെ വരികള്‍ ഓര്‍ക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാകും . ചിലര്‍ ചിലരുടെ കവിതകളുടെ താഴെ എഴുതിവയ്ക്കുന്നത് കാണാം അതിമനോഹരമായ വരികള്‍ , മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടെന്നൊക്കെ . ഒരാഴ്ച കഴിഞ്ഞു അവരോടുആ വരികള്‍ എടുത്തൊന്ന് ചോദിച്ചാല്‍ അതാരുടെ വരികള്‍ എന്നോ അത് മനോഹരമെന്നോ അവര്‍ക്ക് കൂടി അഭിപ്രായമുണ്ടാകുകയില്ല .
കവിതകള്‍ എഴുതുന്നതു മനസ്സില്‍ നിന്നാണ് . അത് അറിയാതെ ഒഴുകി വരികയാണ് ചെയ്യുന്നത് . ഒരു കവിയുടെ ബാഹ്യമിഴികള്‍ കണ്ടറിയുന്നത് ഉൾക്കണ്ണുകൾ കവിതയായി ഒഴുക്കി വിടുകയാണ് ചെയ്യുന്നത് എന്നു കരുതുന്നു . ഡോ. ലയ ശേഖറിന്റെ , നനയാൻ, മറന്ന മഴത്തുള്ളികള്‍ എന്ന കവിതസമാഹാരം വായിക്കുകയുണ്ടായി . അതിലേക്കു വരുമ്പോള്‍ കവിതയുടെ സൃഷ്ടിക്കു വേണ്ടി കവി എത്രയധികം സമരം ചെയ്തിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വായനക്കാരന് വലിയ വിഷമം ഒന്നും ഉണ്ടാകുന്നില്ല . കവി ആമുഖത്തില്‍ പറയുന്നതു പോലെ തന്റെ കാഴ്ചകളും പ്രതിഷേധങ്ങളും ആ വരികളില്‍ വായിക്കാന്‍ വായനക്കാരന് കൂടി കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും . സമൂഹത്തിനു നേരെ തുറന്നു പിടിക്കുന്ന കണ്ണാടിയാണ് കവിതകള്‍ . അങ്ങനെ വരുമ്പോള്‍ അത് പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങള്‍ ഏകപക്ഷീയമായ കാഴ്ചകള്‍ ആകരുതല്ലോ . പ്രണയം , വിരഹം തുടങ്ങി പതിവ് രീതികളിലെ കവിതകളുടെ ഒഴുക്കിനെ ഈ പുസ്തകത്തിലും വായിക്കുവാന്‍ കഴിയുന്നുണ്ട് . അതിനൊപ്പം തന്നെ സമൂഹത്തിലെ, സ്ത്രീക്ക് സംഭവിക്കുന്ന , നേരിടേണ്ടിവരുന്ന ആക്രമണങ്ങളെയും അവഗണനകളെയും കവിതകളില്‍ കാണാന്‍ കഴിയും . അതുപോലെ തന്നെ നീതിനിഷേധങ്ങളെയും മത ദൈവ കാഴ്ചപ്പാടുകളുടെ തെറ്റുകുറ്റങ്ങളെയും അടയാളപ്പെടുത്തി വയ്ക്കാൻ കവി ശ്രമിക്കുന്നുണ്ട് . പുരോഗമന ആശയങ്ങള്‍ നിറഞ്ഞ , പുതിയ കാഴ്ചപ്പാടുകള്‍ ഉള്ള ആധുനിക എഴുത്തുകാര്‍ സമൂഹത്തെ നോക്കിക്കാണുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒന്നാണ് സമൂഹ നിര്‍മിതിയില്‍ അവര്‍ നല്‍കുന്ന സംഭാവനകളുടെ കാമ്പും കരുത്തും . എതിര്‍ത്തു നില്‍ക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രതിഷേധിക്കാനുള്ള ശ്രമങ്ങളെങ്കിലും ഉണ്ടാകുക ചെറിയ കാര്യമല്ല . കവി ഇവിടെ തന്റെ സാമൂഹ്യ ധര്മ്മം നിറവേറ്റാന്‍ നല്ല രീതിയില്‍ തന്നെ ശ്രമിച്ചിട്ടുണ്ട് . കവിതകള്‍ ഒരു മുള്ളാണി പോലെ തറച്ചു കയറുവാന്‍ എല്ലാ വിധത്തിലും കവി ശ്രദ്ധ വച്ചിരിക്കുന്നുണ്ട് .
എല്ലാകവിതകളും നല്ലതാണെന്ന ധാരണ ഒന്നും വായനക്കാരില്‍ സൃഷ്ടിക്കാൻ മിക്ക കവിത പുസ്തക നിർമ്മിതിക്കാരെപ്പോലെ കവിക്കും കഴിഞ്ഞിട്ടില്ല . ഏകപക്ഷീയമായ കാഴ്ചകളിലൂടെ സമൂഹത്തെ നോക്കി കാണാന്‍ ശ്രമിക്കുന്ന ഒരു തോന്നല്‍ അതിനാല്‍ തന്നെ സാമൂഹ്യ വിഷയങ്ങളില്‍ കവി കൈക്കൊള്ളുന്നതായി തോന്നുന്നുണ്ട് . അതുപോലെ മറ്റൊരു പ്രധാന പ്രശ്നമായി തോന്നിയത് കവിതകളില്‍ ചിലതെങ്കിലും കവിതയെഴുതാൻ വേണ്ടി എഴുതിയതാണോ എന്നാണ് . വരുത്തിത്തീര്‍ക്കുന്ന വികാര പ്രപഞ്ചത്തെയും, പറഞ്ഞേ പറ്റൂ എന്ന തോന്നലില്‍ നിന്നും പറഞ്ഞു പോകുകയും അതിനു ചേരുംപടി ചേര്‍ക്കാനോ അവയില്‍ ഐക്യരൂപ്യമുള്ള ഒരു ആശയം നിലനിര്‍ത്താനോ കഴിയാതെ പോകുന്നു എന്നുള്ളതാണ് . ഒരു കവിതയുടെ രണ്ടു വരികള്‍ മാത്രമാകും ആ കവിതയിലെ പ്രധാന വിഷയമെന്നുണ്ടെങ്കില്‍ കൂടിയും വായനക്കാരന്‍ ആ കവിത മുഴുവന്‍ വായിക്കേണ്ടി വരികയും ഇതായിരുന്നോ ഞാന്‍ ഇത്രനേരവും മനസ്സിലാക്കാന്‍ ശ്രമിച്ചത് എന്നു തോന്നിപ്പിക്കുകയുംചെയ്യുന്ന ഒരു രീതി കവി അവലംബിച്ചിരിക്കുന്നു . ഉദ്ധരിക്കാന്‍ വേണ്ടിയുള്ള കുറച്ചു വരികള്‍ പറഞ്ഞു പോകുന്നതിനു ഒരു മുഴുവന്‍ കവിത രചിക്കുന്നത് പോലെ. ഇതിന് ഏറ്റവും നല്ലതായി തോന്നിയിട്ടുള്ളത് കാപ്സ്യൂൾ കവിതകളോ ഹൈക്കു കവിതകളോ ആണ് . അതില്‍ സാരം മാത്രം പറഞ്ഞു പോകാമെന്ന സന്തോഷവും വായനക്കാരന്റെ വായനാസുഖം നല്‍കുന്ന ആനന്ദവും ഒരുപോലെ നേടാം .
ഓരോ കവിതയും ഓരോ ലോകം ആകുകയും ഓരോ വായനയും വിവിധങ്ങളായ ആശയങ്ങളെ ഒരേ കവിതയ്ക്ക് നല്‍കുന്നതുമായ ഒരു വിദ്യ എന്തുകൊണ്ടോ അധികം കവികളും പ്രയോഗിച്ച് കണ്ടിട്ടില്ല . അതൊക്കെക്കൊണ്ടാകാം ഇന്‍സ്റ്റന്‍റ് കവിതകള്‍ ആയി സോഷ്യല്‍ മീഡിയയുടെ കവികളെ വായനക്കാര്‍ വായിച്ചടയാളപ്പെടുത്തുന്നത് എന്നു കരുതുന്നു. കുറച്ചു കവിതകള്‍ എഴുതുമ്പോൾ അതില്‍ കവിതയായിട്ടുള്ളത് വളരെ കുറവായിരിക്കുക ഒരു സ്വാഭാവിക കാര്യമാണ് . ലക്ഷം മാനുഷരൊത്തുകൂടുംമ്പോഴതിൽ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ എന്നു പറയുമ്പോലെ . ആ ഒരു തലത്തില്‍ നിന്നു മാത്രം ചിന്തിക്കാതെ , മുകളില്‍ അക്കിത്തം പറഞ്ഞത് പോലെ സ്വയം ഒരു വിമര്‍ശനത്തിന് മുതിരുകയും രചനകളെ വീണ്ടും വീണ്ടും വായിക്കുകയും തിരുത്തുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നത്തെ കവികള്‍ക്ക് ആവശ്യമെന്ന് പൂര്‍ണബോധ്യത്തോടെ ഡോ ലയ ശേഖറിന് ആശംസകള്‍ നേരുന്നു . കൂടുതല്‍ നല്ല കവിതകളുമായി കവിതയുടെ വസന്തത്തിലെ ഒരു പുഷ്പമായി സുഗന്ധം പൊഴിക്കാന്‍ കവിക്ക് കഴിയട്ടെ . സസ്നേഹം ബിജു. ജി.നാഥ്