Sunday, September 26, 2021

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം!

പകലിന്നുഷ്ണം ഫണം വിടർത്തുമ്പോൾ
ഇരുളിൽ പക്ഷികൾ കൂടു തുറക്കുന്നു.
അലയുന്നു തണുപ്പിൻ കമ്പളം തേടിയോരോ-
ശിഖരങ്ങൾ തോറുമേ കുതൂഹലം

മേഘജാലകം തുറന്നൊന്നു നോക്കവേ
കണ്ടുമുട്ടുന്നു  രുചിയൊന്നു മാത്രമേ !
കുഞ്ഞു വാക്കുകൾ കുശലം പറച്ചിലോ
ചെന്നു നില്ക്കുന്നു ശീല്ക്കാര രുചികളിൽ.

പിന്നെ മെല്ലെ അഴിഞ്ഞഴിഞ്ഞകലുന്നു
ഇല്ല, തൂവലിൻ ഭാരമെന്നാകുന്നു 
കണ്ണുകൾ വിടരുന്നുല്ലാസവേഗത്തിൽ
വസന്തപഞ്ചമി കണ്ടൊരു ശലഭമായി.

നാണമോടെ മുയൽക്കുട്ടികൾ മുഖം താഴ്ത്തി
ചുണ്ടൊന്നു കടിച്ചു നഖചിത്രം വരക്കവേ.
ഉണ്ടോ പുടവയെന്നു ശങ്കിച്ചാ വൃന്ദാവനം
ഇല്ലാവനമെന്നോർത്തു തുടുത്തു പോയ്. 

ഉണ്ടോ കൈകളിൽ മുളങ്കുഴൽ ഒന്നെനി-
ക്കിണ്ടലായിന്നു രാഗം മൂളണമെന്നായി.
കൺകൾ വിടർന്നമ്പിളി കണ്ട പൈതലിൻ വദനം പോലഹോ ക്ഷണമാത്രയിൽ!

നിശയത് പെരുകി വന്നുഷ്ണവാതത്തിൻ
ഹിമവാതം പെരുകിയാകവേ മൂടവേ
അതിദ്രുതം കരാംഗുലികൾ കടയുന്ന-
രണിയിൽ നിന്നഗ്നി പടർത്തുന്നു.

നിമിഷവേഗങ്ങൾ ചിറക് വിടർത്തുന്നു.
വലിഞ്ഞുമുറുകുമാ തന്ത്രികൾ പൊട്ടുന്നു
നനവുണങ്ങാത്ത ചിറകുമായൊരു ശലഭം
വെളിച്ചമണച്ചുറക്കത്തെ പുൽകുന്നനന്തരം.
@ബിജു.ജി.നാഥ്

No comments:

Post a Comment