Sunday, September 19, 2021

പെൺസുന്നത്ത്......................... അനിത ശ്രീജിത്ത്

 പെൺസുന്നത്ത് (നോവൽ)

അനിത ശ്രീജിത്ത് 

കറന്റ് ബുക്ക്സ് 

വില :₹ 230 .00 




സത്യത്തിന്റെ മുഖം എത്ര വികൃതമാണ് എന്നതനുസരിച്ചു അത് അത്രത്തോളം വാസ്തവവുമായിരിക്കും . ഹോമോ സാപ്പിയൻസ് എന്ന മനുഷ്യ ജീവിയുടെ പരിണാമ വഴികളെക്കുറിച്ചു നരവംശ ശാസ്ത്രം വളരെ നന്നായിത്തന്നെ വിശദീകരിക്കുന്നുണ്ടിന്ന്. ഒരു സാംസ്കാരിക നവോത്ഥാന പാതയിൽ എന്നും പുതിയ തലങ്ങൾ തേടുന്ന ജീവി വർഗ്ഗമെന്ന ലേബലിൽ മനുഷ്യർ ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു . ഒരുപക്ഷെ അത് നൽകുന്ന അഹങ്കാരവും വികാരങ്ങളും മറ്റു ജീവികളേക്കാൾ അവ ഒരു പക്ഷെ ക്രൂരതകൾ ചെയ്യുന്നവർ ആണെങ്കിൽക്കൂടിയും അവരെക്കാൾ വളരെ മോശം സംസ്കാരം കാത്തു സൂക്ഷിക്കുന്നവർ ആണ് ഈ മനുഷ്യ ജീവികൾ എന്നത് ഒരു യാഥാർഥ്യമാണ് . വിവേകമുള്ള ഏതൊരു മനുഷ്യജീവിയും ചെയ്യുക തങ്ങൾ ചെയ്യുന്ന പ്രവർത്തികളുടെ ദോഷഫലങ്ങൾ കണ്ടറിഞ്ഞ് അതിനെ നവീകരിക്കുക എന്നതാണ് . നിരന്തരം നവീകരണം ചെയ്യുന്നതിലൂടെ മാത്രമേ പരിവർത്തനം എന്നൊരു സംഗതി മനുഷ്യന് സ്വായത്തമാക്കാൻ കഴിയുകയുള്ളൂ. ഓരോ വിഷയങ്ങളെയും നാം സമീപിക്കുക മുൻവിധികളും കാഴ്ചപ്പാടുകളും കൊണ്ടാണ്. അവയെ മാറ്റാൻ നമുക്ക് തോന്നാറില്ല . ഒരു പക്ഷെ അത് സമൂഹത്തിൽ താനെന്ന വ്യക്തി ഒരു അപൂർവ്വ ജീവിയായി കണക്കാക്കപ്പെടാൻ അവൻ അല്ലെങ്കിൽ അവൾ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമാകാനും സാധ്യതയുണ്ട് . മനുഷ്യവർഗ്ഗം ആദ്യം ഉരുത്തിരിഞ്ഞത് ആഫ്രിക്കയുടെ ഇരുണ്ട വന്കരയിലാണ് എന്ന് ഇന്നെല്ലാവർക്കും വളരെ വ്യക്തമായി അറിയാവുന്നതാണ് . ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാത്ത മതസാഹിത്യങ്ങളിൽ അതങ്ങനെയല്ല എങ്കിലും  തെളിവുകളും പഠനങ്ങളും ശരിവെക്കുന്ന മഹത്തായ ആശയം പരിണാമം തന്നെയാണ് . അത്തരം പരിണാമത്തിലൂടെ മാറി മാറി വന്ന മനുഷ്യ ജീവികൾ ഇന്നും ഉപേക്ഷിക്കാതെ കൂടെക്കൊണ്ട് നടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചില ആചാരങ്ങൾ ഉണ്ട് . മതപരമായ കൂട്ടിക്കെട്ടലുകളിലൂടെ അവയിൽ ചിലതു മാറ്റാൻ കഴിയാത്ത വിധം  മനുഷ്യരെ ചൂഴ്ന്നു നിൽക്കുന്നുണ്ട് . ആഫ്രിക്കൻ ഗോത്രങ്ങളിൽ , ഒരു മത വിശ്വാസവും ഇല്ലാത്ത  ആദിമ ഗോത്രങ്ങൾ പോലും പിന്തുടരുന്ന ചിലതുണ്ട് . സ്ത്രീകളുടെ കീഴ്ച്ചുണ്ടു വലുതാക്കുക എന്നൊരു ആചാരം ഉണ്ട് . ചുണ്ടു കീറി അതിൽ മണ്ണോ മറ്റോ വസ്തുക്കൾ കൊണ്ടുള്ള വസ്തുക്കൾ കടത്തി വച്ച് അത് വലുതാക്കി കൊണ്ട് വരും . ഏറ്റവും കൂടുതൽ വലുതാക്കിയ ആൾ കൂടുതൽ സുന്ദരി എന്നാണു കണക്കാക്കുക . അതുപോലെ ലിംഗത്തെ പൊതിഞ്ഞു കാളക്കൊമ്പ് അല്ലെങ്കിൽ മറ്റു മൃഗ കൊമ്പുകൾ  തൂക്കിയിടുക. ചില പച്ച മരുന്നുകളോ കല്ലോ ചില മൃഗങ്ങളുടെ നഖമോ പോലുള്ളവ  കെട്ടി വച്ചോ അല്ലെങ്കിൽ തുളയുണ്ടാക്കി അത് കടത്തി വച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക (കാമ സൂത്രത്തിൽ ഇത് പറയുന്നുണ്ട് അതിന്നർത്ഥം ഇന്ത്യയിലും നിലനിന്നു എന്നുതന്നെയാണ്) തുടങ്ങിയ ഗോത്ര രീതികൾ ഉണ്ട് . ആൺകുട്ടി പ്രായപൂർത്തിയായാൽ അവന്റെ ലിംഗത്തിന്റെ അഗ്ര ചർമ്മം മുറിക്കുകയും അത് ഇലയിൽ പൊതിഞ്ഞു വീടിന്റെ ഏതെങ്കിലും മൂലയിൽ സൂക്ഷിക്കുക , കിണർ പോലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക തുടങ്ങിയ ആചാരങ്ങൾ  ഉണ്ട് . സ്ത്രീകളിൽ യോനിയുടെ പുറമേക്ക് കാണുന്ന ലാബിയ എന്ന  ഇതളുകൾ മുറിക്കുകയും കൃസരി മുറിക്കുകയും ചെയ്യുകയും യോനിയെ മൂത്രമൊഴിക്കാനും ആർത്തവ രക്തം പോകാനും മാത്രം ചെറിയ തുളകൾ അവശേഷിപ്പിച്ചു ബാക്കി തുന്നിക്കെട്ടി വയ്ക്കുകയും ചെയ്യാറുണ്ട് . അവളെ വിവാഹം കഴിക്കാൻ പോകുന്നവൻ ആണത് അഴിക്കേണ്ടത് . അതിനർത്ഥം അതുവരെ അവൾ ആരോടും ലൈംഗിക ബന്ധം  നടത്തിയിട്ടില്ല അവനാണ് അവളുടെ ആദ്യത്തെ പുരുഷൻ എന്നതാണ് . ആർത്തവ രക്തത്തിന്റെ  അവശിഷ്ടങ്ങളും മൂത്രത്തിൽ നിന്നും മറ്റുമുള്ള അണുബാധയും ഒക്കെ ബാധിച്ച് എത്രയോ സ്ത്രീകൾ മരിച്ചു പോയിരിക്കുന്നു . പ്രാകൃതമായ പെൺസുന്നത്തു മൂലം അണുബാധയും രക്തവാർച്ചയും കൊണ്ട് എത്രയോ  കുഞ്ഞുങ്ങൾ മരിച്ചിരിക്കുന്നു . ആൺകുട്ടികളും. ക്രമേണ ഇത് മതങ്ങളുടെ അടയാളമായി മാറി . അതോടെ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതായി കീഴ്വഴക്കം . സ്ത്രീ, സ്വയം സുഖം കണ്ടെത്താതിരിക്കാൻ വേണ്ടിയാണു കൃസരി മുറിച്ചു കളയുന്നത് . ഇതുമൂലം അവൾക്ക് ലൈംഗിക വിചാരം ഉണ്ടാകുകയില്ല എന്നതിനാൽ അവൾ പുരുഷന്റെ ലൈംഗിക അടിമ ആയി പരിണമിക്കുന്നു . ഇറുക്കമുള്ള യോനിയെന്നത് പുരുഷന്റെ ഗൂഢ സന്തോഷമാകുമ്പോൾ അവനു മാത്രം വികാരശമനം ലഭിക്കുകയും അവൾക്ക് വേദനാജനകമായ , വികാരരഹിതമായ ഒരു കടമ മാത്രമായി ലൈംഗികത അവശേഷിക്കുകയും ചെയ്യുന്നു . അഗ്ര ചർമ്മം മുറിക്കുന്നതോടെ ലൈംഗിക ചിന്ത മാത്രം പ്രധാന സംഗതിയായി മാറുന്ന പുരുഷന്  എപ്പോഴും പ്രാപിക്കാവുന്ന ഒന്നായി അവൾ ക്രമീകരിക്കപ്പെടുന്നു . 


മതത്തെ സംബന്ധിച്ചുള്ള ഒന്നായതിനാൽ തന്നെയാണ് സൊമാലിയയിൽ നിന്നും ആദ്യമായി രക്ഷപ്പെട്ടു യൂറോപ്പിൽ അഭയം തേടിയ അയാൻ ഹിർസി അലി ലോകത്തോട് ഈ ക്രൂരത ആദ്യമായാണ് എന്ന് കരുതുന്നു  വിളിച്ചു പറയുകയും ലോകം മുഴുവൻ ഇതിനെക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തത് . അയാൻ ഹിർസി അലിയുടെ "നൊമാഡ്‌" (നാടോടി എന്ന് മലയാളത്തിലും വരികയുണ്ടായി ) എന്ന പുസ്തകം  ലോകത്തെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുക ഉണ്ടായി . ആഫ്രിക്കൻ നാടുകളിൽ മാത്രമല്ല ഇത് ചെയ്യപ്പെടുന്നത് എന്നും ലണ്ടൻ പോലുള്ള  മഹാ നഗരങ്ങളിൽ പോലും ഇത്  നടക്കുന്നുണ്ട് എന്നതും ലോകം അറിയുന്നത് അപ്പോഴാണ് . ഇത് പറയുമ്പോൾ നെറ്റിൽ വർഷങ്ങൾക്ക് മുൻപ് ഇതിനെ ക്കുറിച്ചു തിരയുമ്പോൾ കേരളത്തിലെ അഹമ്മദീയർ വിഭാഗക്കാർ അതോ റാവുത്തർ വിഭാഗമോ ഇത് ചെയ്യാറുണ്ട് എന്നൊരു വരി കാണുകയും അല്ഫുതപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ബോറ വിഭാഗക്കാർ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇത് ചെയ്യാറുണ്ട് എന്നും അറിഞ്ഞു . ഇത്തരം വാർത്തകളും സംഭവങ്ങളും വായനയിൽ നിൽക്കുമ്പോൾ ആണ് അനിത ശ്രീജിത്തിന്റെ "പെൺസുന്നത്ത്" വായനക്കായി തിരഞ്ഞെടുത്തത് . മലയാളിയായ ഒരു സ്ത്രീ ആഫ്രിക്കയിലെ ഗോത്ര വർഗ്ഗക്കാർക്കിടയിൽ പെട്ടുപോകുന്നതും തുടർന്നുമുള്ള സംഭവങ്ങൾ വിവരിക്കുന്ന ഒരു നോവൽ ആണ് ഇത് . താര എന്ന സ്ത്രീയുടെ ആത്മകഥ എന്ന് പറയാം . ഈ നോവലിൽക്കൂടി അനിത പറഞ്ഞു വയ്ക്കുന്നത് മുകളിൽ വിവരിച്ച സ്ത്രീകളിലെ ചേലാകർമ്മവും പിന്നെ ഗോത്രങ്ങളിൽ ഇന്നും നിലനിൽക്കുന്ന സ്ത്രീവിരുദ്ധമായ ചില ആചാരങ്ങളും ആണ്. ശൈശവ വിവാഹം , പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മണാളൻമാർ ചെയ്തു വന്നിരുന്ന കന്യകയെ ഭോഗിക്കൽ തുടങ്ങിയ  ആചാരങ്ങൾ , ലൈംഗിക അവയവങ്ങൾ മാത്രമല്ല മാറിടം വികൃതമാക്കുന്ന പോലുള്ള സംഗതികൾ ഒക്കെയും ഈ നോവലിൽ പരാമർശിക്കുന്നുണ്ട് . ആഫ്രിക്കൻ ഗോത്രങ്ങളുടെ കറുത്ത  , പൈശാചികമായ സ്ത്രീകളോടുള്ള സമീപനവും കാഴ്ചപ്പാടുകളും ഒരു തരത്തിൽ നേർക്കാഴ്ച്ച പോലെ പറഞ്ഞു വയ്ക്കുന്ന ഈ നോവൽ തീർച്ചയായും വായിക്കപ്പെടേണ്ട ഒന്ന് തന്നെയെന്നതിൽ ഒരു സംശയവുമില്ല. വിവരസാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഉപയോഗം നന്നായി പ്രയോജനപ്പെടുത്തിയ ഒരു നോവൽ ആണിതെന്നും പറയാം . നേരിട്ട് കാണാത്ത , അറിയാത്ത ഒരു ജനതയുടെ ജീവിതത്തെ , അവരുടെ സംസ്കാരത്തെ അടയാളപ്പെടുത്താൻ ഇങ്ങു കൊച്ചു കേരളത്തിൽ ഇരുന്ന് ഒരു സ്ത്രീക്ക് കഴിയുന്നത് അത്ര ചെറിയ കാര്യമല്ല തന്നെ . 


നാം ഒരു കാര്യത്തെ അടയാളപ്പെടുത്തുമ്പോൾ അനുഭവവും പറഞ്ഞറിവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകും . അതിനെ പറയാൻ , പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക എന്നതാണ് എഴുത്തുകാരുടെ കഴിവ് . ബെന്യാമിൻ തന്റെ "ആടു ജീവിത"ത്തിലൂടെ അത് മലയാളിക്ക് തെളിയിച്ചു കൊടുത്തിട്ടുണ്ട് . അത്തരത്തിൽ ഒരു  ശ്രമമായി അനിതയുടെ ഈ പുസ്തകത്തെ കാണാൻ കഴിയും . ആഫ്രിക്കയുടെ ഭൂപ്രകൃതിയും , സംസ്കാരവും  ഒക്കെ വിവരിക്കുന്ന "താഴ്വാരങ്ങളുടെ നാട്ടിൽ " എന്ന യാത്രാ വിവരണം സർഗ്ഗ റോയിയുടേതായി മുൻപു പുറത്തു വന്നിരുന്നു . അതിൽ വിവരിക്കപ്പെട്ട കാര്യങ്ങൾ അവർ നേരിട്ട് അറിഞ്ഞ് എഴുതിയതാണ് . അനിതയുടെ പുസ്തകത്തിൽ ഒരു വലിയ പോരായ്മയായി കാണാൻ കഴിഞ്ഞത് ആ നേരിട്ടുള്ള അറിവിന്റെ കുറവ് മാത്രമാണ് . ആമുഖത്തിൽ തന്നെ ഇതിൽ 20  ശതമാനം എന്റെ ഭാവനയാണ് എന്ന  ജാമ്യം അനിത എടുത്തിട്ടുള്ളതിനാൽ  ആ ഒരു പോരായ്മ ഒരു പക്ഷെ വായനക്കാർക്ക് കാണാൻ കഴിഞ്ഞു എന്ന് വരില്ല . വികാരവും, ഒരു വല്ലാത്ത ധൃതിയും കാര്യങ്ങളെ വളരെ ചടുലമായി കൊണ്ടുപോകാൻ എഴുത്തുകാരിയെ പ്രേരിപ്പിച്ചിരിക്കുന്നതായി വായന അടയാളപ്പെടുത്തുന്നു . ഗോത്രങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ , കാടിന്റെ പശ്ചാത്തലം , കാട്ടുവാസികളുടെ കഴിവുകൾ എന്നിവയെ കുറച്ചു കണ്ടുകൊണ്ടാണ് താരയെയും അകേയയെയും രക്ഷപ്പെടുത്തുന്നത് എഴുത്തുകാരി . അത് ഒരു അസ്വഭാവികമായ  വസ്തുതയാണ് . പുസ്തകത്തിന്റെ വായനയെ അത് ബാധിക്കുന്നില്ല എങ്കിലും അതൊരു യാഥാർഥ്യമായി തുടരുന്നു . മാത്രവുമല്ല അവസാനം പറയുന്ന ഇന്ത്യയിലെ , കേരളത്തിലെ ചേലാ കർമ്മങ്ങളുടെ വാർത്തകൾ അവ അപൂർണ്ണം തന്നെയാണ് . അതിനു കാരണവും ഉണ്ട് . ആൺകുട്ടികളിലെ ചേലാകർമ്മം നിർത്തുന്നതിനായി ശബ്ദമുയർത്തിയ  ഒരു മൗലവി ഇന്ന് ജീവനോടെ ഉണ്ടോ എന്നയാൾക്ക് പോലും അറിയാത്ത  കാലത്ത് മതത്തെ ഒരുപാട് തൊടാനോ , ശബ്ദിക്കാനോ എഴുത്തുകാർക്കും പരിമിതികൾ ഉണ്ട് എന്നത് മറക്കാൻ കഴിയില്ലല്ലോ . 


വളരെ നല്ല ഒരു വിഷയം അതിന്റെ കാലികമായ , മാനുഷികമായ വശങ്ങളുടെ പ്രാധാന്യം കണ്ടുകൊണ്ട് അതിനെ അടയാളപ്പെടുത്താൻ കഴിഞ്ഞ അനിത , ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ . ലളിതമായ, കൈയ്യടക്കമുള്ള ഭാഷയും ശൈലിയും അവതരണവും നല്ലൊരു വായന നൽകുന്നുണ്ട് . കൂടുതൽ വായനക്കാരിലേക്ക് ഈ നോവൽ എത്തട്ടെ എന്നും ഇതൊരു വലിയ ചർച്ചയായി മാറട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ ബിജു. ജി നാഥ് 


No comments:

Post a Comment