Wednesday, September 15, 2021

അടിയാള പ്രേതം......... പി. എഫ് മാത്യൂസ്


അടിയാളപ്രേതം (നോവല്‍)

പി എഫ് മാത്യൂസ്

ഗ്രീന്‍ ബുക്സ്

വില : ₹ 180.00

യാഥാർത്ഥ്യങ്ങൾക്കും ഭാവനകൾക്കും ഇടയിലൂടെ ഒരു നേർത്ത നൂൽപ്പാലം കെട്ടുക എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഭാരിച്ച പണിയാണ്. പാളിച്ചകളില്ലാതെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട്. ചരിത്രനിർമ്മിതികളിൽ കാലാകാലങ്ങൾ ആയി ഇത് പ്രയോഗിച്ചു വരുന്നുണ്ട് എന്നതിനാൽ പലപ്പോഴും ചരിത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമായ പല സംഭവങ്ങൾക്കും അതിനാൽത്തന്നെ ഊതിപ്പെരുപ്പിച്ച നുണകൾക്ക് കയറിയിരിക്കാൻ വഴിയൊരുക്കുന്നത് ഇത്തരം ഭാവനാസമ്പന്നമായ എഴുത്തുകൾ മൂലമാണ്. അമീഷിൻ്റെ ശിവ സീരീസും രാമ സീരീസും ഇനി പണിപ്പുരയിൽ ഇരിക്കുന്ന മഹാഭാരത സീരിസും ഈ ഒരു കാര്യത്തിൽ പെട്ടെന്ന് മുന്നിൽ കാണാവുന്ന ഉദാഹരണങ്ങൾ ആണ്. 

ചരിത്ര നിർമ്മിതികൾ പോലെ ചില വ്യക്തി നിർമ്മിതികളും സാഹിത്യത്തിൽ പ്രധാന വേഷം കെട്ടിയാടപ്പെട്ട രചനകൾ സംഭവിച്ചിട്ടുണ്ട്. പിൽക്കാലത്ത് അവ ജീവിച്ചിരുന്നവർ തന്നെയെന്ന് വായനക്കാർ ഭ്രമിച്ചു പോകുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്തിട്ടുമുണ്ട്. സമീപകാലത്ത് എഴുതപ്പെട്ട നോവലുകളിൽ ടി.ഡി. രാമകൃഷ്ണൻ്റെ കഥാപാത്രങ്ങൾ ശരിക്കും ഇത്തരം ഒരു വേഷം കെട്ടിപ്പടർന്നാടുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ബന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങളിലും ഇത്തരം ഒരു കഥാപാത്ര സൃഷ്ടിയുടെ നിഴൽ പതിഞ്ഞു കിടക്കുന്നു. ഹരീഷിൻ്റെ മീശയും ഇതിലൊരു ഉദാഹരണമായി കാണാം. ഇത്തരം കാഴ്ചപ്പാടിലേക്ക് പുതുതായി ചേർക്കപ്പെടുന്ന ഒന്നാണ് പി എഫ് മാത്യൂസിൻ്റെ അടിയാള പ്രേതം എന്ന് കരുതുന്നു. 

മാജിക്കൽ റിയലിസത്തിൻ്റെ സാധ്യതകളെ സേതു തൻ്റെ പാണ്ഡവപുരത്തിലും മുകുന്ദൻ തൻ്റെ ആദിത്യനും രാധയും പിന്നെ മറ്റു ചിലരിലും പ്രയോഗിച്ചതായി വായനയിൽ തോന്നിപ്പിച്ചിരുന്നു. പി എഫ് മാത്യൂസ് തൻ്റെ രചനയിൽ ആ സങ്കേതം വളരെ തന്മയത്വത്തോടെ പ്രയോഗിച്ചു കണ്ടിരിക്കുന്നു. രണ്ടോ അതിലധികമോ കാലത്തിലൂടെ സഞ്ചരിക്കുന്ന മായാലോകമാണ് ഈ നോവലിൻ്റെ പശ്ചാത്തലം. പോർട്ട് ഗീസുകാരുടെ കാലത്ത് നിന്നും ഇന്നുവരെ എത്തി നില്ക്കുന്ന ഒരു തുടർക്കഥ. മിത്തുകളും അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സമൂഹത്തിൻ്റെ കഥയാണിത്. കാലാകാലങ്ങളായി ഉടമയുടെ മുതലിന് കാവൽ കിടക്കുന്ന അടിയാള ജന്മങ്ങൾ. സ്വതന്ത്രമായ ഒരു ചിന്താഗതിയോ , കുതറിമാറലുകളാേ സാധ്യതയില്ലാത്ത ജീവിതങ്ങൾ. അവയുടെ നിശ്വാസങ്ങളിൽ പെട്ട് പൊടിഞ്ഞു പോകുന്ന ബന്ധങ്ങൾ. തലയില്ലാതെ വേച്ച് വേച്ച് ഓടി നീങ്ങുന്ന ജന്മങ്ങൾ. ഹൃദയത്തിൽ തറച്ച കഠാരയുമായി നിലവറ കാക്കാൻ മരിച്ചു ജീവിക്കുന്ന ആത്മാക്കൾ. 

സത്യം എക്കാലവും പൊടിയടിഞ്ഞുമൂടിക്കിടക്കില്ല എന്നും ഏതെങ്കിലും ഒരു കാലത്ത് ഒരാൾ ഇവയൊക്കെ പൊടി തട്ടി മുന്നിൽ വയ്ക്കും എന്നുമുള്ള  ലോകതത്വം ആണ് നോവൽ കാഴ്ചവയ്ക്കുന്നത്. ഒപ്പം ജീവിതത്തിൽ ഒരിക്കലും സ്വന്തമായി ഒരു അഭിപ്രായമില്ലാതെ പോകുന്ന മനുഷ്യരും അവരുടെ കുടുംബങ്ങളും. നഷ്ടമാകുന്ന സ്വത്വബോധം ഇവയൊക്കെ വളരെ വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു നോവലാണ് അടിയാളപ്രേതം. ഭാഷയിലും, പ്രമേയത്തിലും ,ശൈലിയിലും വളരെ ഏറെ പ്രതീക്ഷകൾ നല്കുന്ന നോവൽ. ആധുനിക നോവൽ സങ്കേതങ്ങളിൽ പുതുമയ്ക്കൊപ്പം ട്രെൻഡും കണ്ടറിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നു. വായനകൾക്കിടയിൽ ടി ഡി രാമകൃഷ്ണൻ്റെ നോവലുകളും ബന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങളും ഹരീഷിൻ്റെ മീശയും തികട്ടി വന്നത് ഇവയെല്ലാം ഒരേ പാറ്റേണിലാണ് എന്ന തോന്നൽ നല്കിയതിനാലാവണം. 

നല്ലൊരു വായന സമ്മാനിച്ച നോവൽ. എല്ലാവിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ബിജു. ജി. നാഥ്

No comments:

Post a Comment