മാജിക് മഷ്റൂം (കവിത)
ദിജീഷ് കെ.എസ് പുരം
ഗ്രീൻ ബുക്സ്
വില: ₹ 130.00
ലഹരിയുടെ പൂക്കൾ തലച്ചോറിൽ ഗന്ധവും രൂപവും സൗന്ദര്യവും സൃഷ്ടിക്കുമ്പോൾ മഹത്തായ രചനകൾ സംഭവിക്കുന്നു എന്ന് പൊതുവെ പറയാറുണ്ട് . എഴുത്തുകാരെ ഒക്കെയും പ്രത്യേകിച്ചും ഭ്രാന്തമായ ഭാവനകളെ സ്വപ്നം കാണുന്ന എഴുത്തുകാരെക്കുറിച്ച് പറയുമ്പോഴൊക്കെ ഈ ലഹരിയുടെ ചിന്ത വരാറുണ്ട് . അതിപ്രശസ്തരായ ചിത്രകാരും എഴുത്തുകാരും പലരും സമൂഹത്തിന്റെ മുന്നിൽ ഭ്രാന്തുള്ളവർ ആയിരുന്നു . അല്ലെങ്കിൽ സമൂഹം അതങ്ങനെ കരുതിയിരുന്നു . അവരുടെ കവിതകളും സംഗീതവും ചിത്രവുമൊക്കെ അനുവാചകർ കാലങ്ങൾക്കപ്പുറവും നെഞ്ചേറ്റി നടക്കുമ്പോഴും അവരിൽ ആ ഭ്രാന്തിന്റെ ചങ്ങല മുറുക്കിക്കെട്ടുവാൻ സമൂഹം മറക്കാറില്ല . കവിതകൾ പലപ്പോഴും സാധാരണ ഭാഷയുടെ മുന്നിൽ നിന്നും വഴുതിമാറി സ്വന്തമായി ഒരു നിലപാട് തറയിൽ ഉറച്ചു നിൽക്കാറുണ്ട് . ഇത്തരം കാവ്യ ഭാഷകളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും യുവതയാണ് എന്ന് പറയാൻ കഴിയും . താടിയും മുടിയും വളർത്തി മുഷിഞ്ഞ ജുബ്ബയും മുണ്ടും അല്ലെങ്കിൽ ജീൻസും ധരിച്ചു കഞ്ചാവോ മദ്യമോ കഴിച്ചു അരാജകരായി നടക്കുന്ന ഒരു സമൂഹമായാണ് കവികളെ ഭൂരിപക്ഷത്തെയും സമൂഹം വിലയിരുത്തിപ്പോയത് . എൺപതുകൾ ഒക്കെ ഇതിന്റെ ഒരു പുഷ്കല കാലമായി പറയാറുമുണ്ട് . എന്നാൽ കവികൾ കുളിക്കാതെയും പല്ലു തേയ്ക്കാതെയും നടക്കുന്ന വൃത്തികെട്ട മനുഷ്യരല്ല എന്ന കാഴ്ച ആധുനികത നൽകുന്നു . ഒരുകാലത്തു ഒരു പണിയും ഇല്ലാതെ കവിത എഴുതിയും ചൊല്ലിയും ഇരന്നും നടന്ന കവികളെ ഇപ്പോൾ കാണാൻ കിട്ടാറില്ല . ചിലർ അനുകരിച്ചു കാണിക്കാൻ വേണ്ടി വേഷം കെട്ടുന്നത് ഒഴിവാക്കിയാൽ ഇന്ന് കവികൾ എന്നാൽ ഉദ്യോഗസ്ഥരും സാധാരണക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ഒക്കെയടങ്ങുന്ന ഒരു പൊതുസമൂഹമായി മാറിയിട്ടുണ്ട് . സോഷ്യൽ മീഡിയ ഇതിനു ഒരു നല്ല പ്രതലമാണ് സമ്മാനിച്ചത് . ഇന്ന് വഴിയിൽ ഒരു കവിയെ അല്ലെങ്കിൽ എഴുത്തുകാരനെ തട്ടാതെ നടക്കാൻ കഴിയാത്ത ഒരു അവസ്ഥയായി മാറിയിട്ടുണ്ട് . ഒരു പക്ഷെ നവകാല സാഹിത്യത്തിന്റെ വളർച്ചയുടെയും വസന്തത്തിന്റെയും ലക്ഷണം ആകാം അത് . കൂട്ടത്തിൽ ചേരാതെ മാമൂലുകളിൽ കൂടാൻ താത്പര്യത്തെ കാട്ടുന്ന ചില കവികൾ ഇപ്പോഴും ഉണ്ട് . അവർക്ക് താടി വളർത്താനും കഞ്ചാവും മദ്യവും ഉപയോഗിക്കാനും മദിരാക്ഷികളെ (മിക്കവാറും അവർ എഴുതുന്നവരോ ആസ്വാദകരോ ആയിരിക്കും ) മാറി മാറി മധുരം നോക്കുന്നവരോ ഒക്കെ ആയി പരിമിതപ്പെട്ടു പോകുന്നുമുണ്ട് . കവികളിലെ പെൺ സാന്നിധ്യങ്ങൾക്ക് ഈ പറഞ്ഞ കള്ളും കഞ്ചാവും പല്ലു തേയ്ക്കാതെ , മുഷിഞ്ഞ വസ്ത്രധാരണവും ആയി നടക്കാൻ ഉള്ള സാധ്യതകൾ കുറവായതു കൊണ്ടാകണം അവർ കല്ലു മാലകൾ അണിയുന്നവരും കോട്ടൺ വസ്ത്രങ്ങൾ അണിഞ്ഞു ലളിതകളായി വിലസാനും കൂട്ടത്തിൽ ചിലർക്ക് അവസരം ലഭിക്കുകയാണെങ്കിൽ അല്പസ്വല്പം മദ്യം, പിന്നെ പുരുഷൻ ഒക്കെ ഉപയോഗപ്പെടുത്താനും വലിയ വിഷമമോ ഉള്ളവർ ആയി കാണുന്നില്ല . അവരുടെ ലോകം പക്ഷെ പുരുഷ കവികളുടെ ലോകത്തു നിന്നും തുലോം വ്യത്യസ്ഥമാണ് . അവർ അതിനാൽ തുറന്നെഴുത്തുകൾ എന്ന സങ്കേതം ഉപയോഗിച്ച് രതിയെയും സമൂഹം അയ്യേയെന്നു പറഞ്ഞിരുന്ന പദങ്ങളെയും ഉപയോഗിച്ച് കവിതകൾ എഴുതി പുരോഗമനം എന്ന പദത്തിന്റെ തൂവലുകൾ തുന്നി കാവ്യാലോകത്തെ അവരുടെ സാന്നിധ്യം ഉറപ്പിച്ചു വയ്ക്കുന്നു . ഒരുകാലത്തു എഴുതാൻ കഴിയാതെ പോയ സ്ത്രീ എഴുത്തുകാരിൽ നിന്നും സ്വാതന്ത്രം നേടിയ പുതിയ കാല എഴുത്തുകാർ ഉറച്ച നിലപാടും വ്യക്തിത്വവുമായി നിലനിൽക്കാൻ ശ്രമിക്കുന്നു . അനുകരണ സ്വഭാവം കൂടിയ ചില എഴുത്തു പൊങ്ങച്ചക്കാരികൾ ആയ സ്ത്രീകൾ തങ്ങൾക്ക് മുൻപേ പേര് കേൾപ്പിച്ച എഴുത്തുകാരുടെ വേഷം ഭാഷ തുടങ്ങിയവ അനുകരിച്ചു ആത്മസംതൃപ്തി നേടുന്നു .
കവിതകൾ സംവദിക്കുന്നത് ഹൃദയത്തോട് ആണ് . കവിതയുടെ ഭാഷ ഹൃദയത്തിന്റെയാണ് . അതുകൊണ്ടു തന്നെ അത് വായിക്കപ്പെടുക വെറും പുറം വായനയിലൂടെ ആകാതിരിക്കണം . അതിനാൽ തന്നെയാണ് ദിജേഷ് കെ. എസ് പുരം കവിതയെഴുതുമ്പോൾ അതിനു ഒരു പ്രത്യേക ഊർജ്ജവും ലഹരിയും അനുഭവപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും . ഈ കവിയുടെ "മാജിക് മഷ്റൂം" എന്ന കവിതാ സമാഹാരം ആണ് പ്രതിപാദ്യം. ഭാംഗ് പോലെ കഞ്ചാവു പോലെ മാജിക് മഷ്‌റൂം പോലെ ശിരസ്സിൽ പ്രണയത്തിന്റെ രതിയുടെ രോക്ഷത്തിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങൾ നൃത്തം ചവിട്ടുകയും കലഹിക്കുകയും പ്രണയിക്കുകയും രോമാഞ്ചമണിയിക്കുകയും ചെയ്യുന്നു ഈ എഴുത്തുകാരനെ വായിക്കുമ്പോൾ . ദുരൂഹതയുടെ ഒരു യൂറോപ്യൻ മതിലകം കവിതകളിൽ സ്പഷ്ടമായി കാണാൻ കഴിയുന്നുണ്ട് . ഭ്രാന്ത് പൂക്കുന്ന ഇരുണ്ട മഞ്ഞിന്റെ ആവരണം പോലെ , 'പാണ്ഡവപുര'ത്തെ അന്തരീക്ഷം പോലെ ഈ കവിയും കവിതകൾ കൊണ്ട് വായനക്കാരെ ഭ്രമിപ്പിക്കുന്നു . തനിക്കു പറയാനുള്ളവ വളരെ വ്യക്തമായും ശക്തമായും അവതരിപ്പിക്കുന്ന കവി , സ്ഥിരം കാവ്യ വഴികൾ ഉപയോഗിക്കുന്നില്ല എന്നത് സന്തോഷകരമായ കാര്യമാണ് . ഒരു കാഴ്ചയോ , ഒരു വായനയോ , ഒരറിവോ തന്റെ കവിതകൾക്ക് നിദാനമാകുമ്പോൾ അതിനെ എങ്ങനെ പ്രാദേശികവും ഒപ്പം വൈദേശികവുമായ ഒരു തലത്തിൽ അവതരിപ്പിക്കണം എന്ന് ദിജേഷിന് വ്യക്തമായി അറിയാം. ആംഗലേയ സാഹിത്യത്തിലെ കവിതാസംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന കവിതകൾ പൊടുന്നനെ വായനക്കാരിലൊരു പരിഭാഷയുടെ നിറം തോന്നിപ്പിക്കുമ്പോൾ തന്നെ അത് കാല്പനികതയുടെയും ഭാഷയുടെയും അപാര സൗന്ദര്യം കൊണ്ട് തികച്ചും സാധാരണവും പ്രാദേശികവും ആയി മാറുന്നു .
വായനയിൽ പലപ്പോഴും കവി സച്ചിദാനന്ദൻ , ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ കാവ്യ ഭാഷയും സങ്കേതങ്ങളും ഓർമ്മിപ്പിച്ചു എന്നത് വലിയ സന്തോഷവും ഒപ്പം ഈ കവിയുടെ കഴിവിന്റെ നക്ഷത്ര ദീപ്തിയും മനസ്സിൽ നിറച്ചു . ഗദ്യശൈലിയിൽ കവിത എഴുതുന്ന ഒരാൾ എന്ന് പാടെ പറയാൻ കഴിയാത്ത വണ്ണം കാവ്യ നീതികളെ ഉപയോഗിക്കുക വഴി ഒരു കവിക്ക് വേണ്ട എല്ലാ ഗുണങ്ങളും ഈ കവി സ്വന്തമാക്കുന്നു . സ്ഫുടമായ ഭാഷയും പ്രയോഗങ്ങളും അക്ഷരശുദ്ധിയും പിന്നെ പങ്കു വയ്ക്കുന്ന ആശയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലോകാറിവുകളിലൂടെയുള്ള പരന്ന വായനയുടെ പശിമയും ഈ കവിയുടെ പ്രത്യേകതകൾ ആയി അനുഭവപ്പെട്ടു . കാലം നാളെ അടയാളപ്പെടുത്തുന്ന കവികളിൽ ഇദ്ദേഹത്തിന്റെ പേരും വായിക്കപ്പെടാൻ ആശിക്കുന്നു . ആശംസകളോടെ ബിജു. ജി. നാഥ്
No comments:
Post a Comment