Friday, December 24, 2021

മൂളിയലങ്കാരി............................ ജ്യോതിബായ് പര്യേടത്ത്

മൂളിയലങ്കാരി (കവിതകള്‍)

ജ്യോതീബായ് പര്യേടത്ത്

ഡി സി ബുക്സ്

വില :₹ 170.00

 

കവിതകള്‍ എന്നാലെന്താണ് എന്ന് ചോദിക്കുന്നവരുടെ കാലം എന്നും സാഹിത്യവായനയുടെ ലോകത്തുണ്ടായിരുന്നു . അതിനുകാരണം വളരെ ലളിതമാണ് . കവിതയെന്നാല്‍ കാവ്യമായി വായിക്കപ്പെടേണ്ടതാണ് എന്ന പരമ്പരാഗതമായ ഒരു ചിന്തയുടെ മേല്‍ നിന്നുകൊണ്ടാണ് ആ ചര്‍ച്ചകള്‍ എല്ലാം തന്നെ ഉരുത്തിരിഞ്ഞിരുന്നത് . കവിതയുടെ വിധിയും നിയമങ്ങളും എ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയടക്കം വൈയ്യാകരണശാസ്ത്രകാരന്‍മാര്‍ പറഞ്ഞു വയ്ക്കുകയും അതേ രീതിയില്‍ മാത്രം പദ്യ രചനകള്‍ സംഭവിക്കുകയും ചെയ്തിരുന്നതായിരുന്നു അടുത്ത കാലം വരെയും കാവ്യ സാഹിത്യമേഖല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . ഈ കവിതാ രീതിക്ക് മാറ്റം വരുന്നത് ആംഗലേയ സാഹിത്യം ഇവിടെ കൂടുതല്‍ വായിക്കപ്പെട്ടു തുടങ്ങിയത് മുതലാണ് എന്നു കരുതുന്നു . അന്യഭാഷാ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ കവിതയില്‍ ഗദ്യ കവിതയുടെ സ്വാധീനം വന്നു തുടങ്ങിയിട്ടുണ്ടാകണം. വൃത്തവും അലങ്കാരങ്ങളും അഴിച്ചുവച്ച് കവിത തെരുവില്‍ നിന്നു നൃത്തം ചെയ്തു തുടങ്ങി എന്നു പറയപ്പെടുന്ന ഈ മാറ്റത്തെ പുരോഗമനത്തിന്റെ നാന്ദിയായി എണ്ണപ്പെടുന്നു . കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കും കവിത വന്നപ്പോള്‍ കവിതയുടെ താളവും ഭാവവും ഭാഷയും മാറിയെന്നും പറയാം മറ്റൊരു വിധത്തില്‍ . ഇന്ന് സോഷ്യല്‍ മീഡിയയില്‍ കവിതകളുടെ അതിപ്രസരം കാണുമ്പോൾ കേരളചരിത്രം വായിച്ച ഓർമ്മ ഉണരുന്നു . സംഘകാലത്ത് കേരളത്തില്‍ കലയ്ക്ക് വളരെ പ്രാധാന്യവും ബഹുമാനവും നല്‍കപ്പെട്ടിരുന്നു എന്നും കവികള്‍ സമൂഹത്തില്‍ വളരെയധികം ഉണ്ടായിരുന്നു എന്നും ഭരണാധികാരികള്‍ കവികളെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ദാനവും ഭൂമിയും ഒക്കെ ഇഷ്ടംപോലെ നല്‍കുമായിരുന്നു എന്നും ശ്രീധരമേനോന്‍ പറയുന്നു. അടുത്തിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി തൃശൂര്‍ നഗരത്തില്‍ ഇറങ്ങി നടന്നാല്‍ തിരക്കില്‍ നിങ്ങള്‍ ഒരു കവിയെയെങ്കിലും മുട്ടാതെ കടന്നു പോകില്ല എന്നു . കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കവിതയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ സോഷ്യല്‍ മീഡിയകള്‍ക്കും ബ്ലോഗുകള്‍ക്കും കഴിഞ്ഞിട്ടുണ്ട് .

 

            കവിതകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് പറയാനുണ്ട്. പക്ഷേ അതിന് ഈ താളുകള്‍ പോരാതെ വരും . പകരം കവിതകളുടെ ഈ മാലയെ ഒന്നു അണിയാന്‍ ശ്രമിക്കാം . യൂടൂബിലെ കാവ്യം സുഗേയം എന്ന പരമ്പരയിലൂടെ കവിതയുടെ ലോകത്തെ വിശാലമായി പരിചയപ്പെടുത്തുന്ന ജ്യോതീബായി പര്യേടത്തിനെ സാഹിത്യലോകത്തിന്, പ്രത്യേകിച്ചു കവിത സ്നേഹികള്‍ക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കവിതയുടെ ആസ്വാദന ലോകത്തെ ശബ്ദമധുരവുമായി കൂട്ടിയിണക്കി നല്ല മഹത്തായ ഒരു സംഭാവനയാണ് ജ്യോതീബായി നല്‍കുന്നത് . അതിനാല്‍ത്തന്നെ ജ്യോതീബായിയുടെ കവിത പുസ്തകം എന്നത് അത്രയേറെ ആകാംഷയോടെ വായിക്കപ്പെടേണ്ട ഒന്നാണ് എന്ന ചിന്ത പുസ്തകം ഇറങ്ങിയ നാള്‍ മുതല്‍ മനസ്സില്‍ ഉയരുന്നതാണ്. ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ അതുപകരിച്ചേക്കും എന്നൊരു ഗൂഢമായ ആനന്ദവും അതിലുണ്ട് . മൂളിയലങ്കാരി എന്ന നാമത്തില്‍ ജ്യോതീബായി സംഭാവന ചെയ്യുന്ന ഈ പുസ്തകത്തിലെ കവിതകള്‍ എല്ലാം തന്നെ മനോഹരമായ കവിതാ വിരുന്നുകള്‍ ആണെന്നതില്‍ സംശയമില്ല . സോഷ്യല്‍മീഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശ്നം, എന്തെഴുതണമെന്ന മിക്ക കവികളുടെയും അങ്കലാപ്പാണ് . രാഷ്ട്രീയം മതം സാമൂഹ്യം എന്നീ വിഷയങ്ങളില്‍ കൈ വച്ചാല്‍ നഷ്ടമാകും എന്നു കരുതുന്ന പ്രതിച്ഛായകളുടെ ഭാരം മൂലം അവരൊക്കെയും തിരിയുക തന്നിലേക്ക് തന്നെയാണ് . അവിടെ അവര്‍ക്ക് പറയാന്‍ പ്രണയം അല്ലാതെന്തുണ്ട് ?. ചിലര്‍ സ്ത്രീയുടെ വേദനകളും ബുദ്ധിമുട്ടുകളും പറഞ്ഞു പറഞ്ഞു പഴകുന്നു. മറ്റ് ചിലര്‍ അതില്‍ തൂങ്ങി പുതിയ ഭാവനകള്‍ സൃഷ്ടിക്കുന്നു എന്നതിനപ്പുറം വലിയ വികാസം ഒന്നുമില്ല . ചുരുക്കം ചില കവികള്‍ ഈ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്നും അകന്നു ലോക കവിതകളില്‍ അഭിരമിക്കുന്നു . ഇവരാണ് ഒരുപക്ഷേ സോഷ്യല്‍ മീഡിയ കവികളെ താങ്ങി നിര്‍ത്തുന്ന ഊര്‍ജ്ജം എന്നു കരുതുന്നു . അവരെ വായിക്കുക എന്നതും ഒരു സന്തോഷമാണ് . ഈ അവസരത്തില്‍ ജ്യോതീബായി എന്താണ് തന്റെ കവിതാ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് ഒന്നു കണ്ണോടിച്ചു നോക്കാം .

 

            നഷ്ടമാകുന്ന ഒരു സംസ്കാരം , ഭാഷ , കാഴ്ചകള്‍ ഒക്കെയും വളരെ ഒഴുക്കോടെ പറഞ്ഞു പോകുന്ന ജ്യോതീബായിയുടെ കവിതകളില്‍ ഓരോന്നിലും ഓരോ ജീവിതങ്ങള്‍ ആണുള്ളത് . ഒരുപക്ഷേ ഒരു കവിതയില്‍ എങ്ങനെ ഒരു കഥ പറയാം എന്നുള്ളത് മനസ്സിലാക്കാന്‍ ഈ കവിതകള്‍ ഉപകരിച്ചേക്കും . എം.ടി. യുടെയോ ഒ. വി. വിജയന്റെയോ കഥകളോ നോവലുകളോ വായിക്കുമ്പോള്‍ കിട്ടുന്ന ജീവിതത്തെപ്പോലെ വളരെ ഹൃദയസ്പൃക്കായി സ്പഷ്ടമായി ലളിതമായി ഓരോ കവിതകളിലും, ഓരോ കഥാപാത്രങ്ങളില്‍ക്കൂടി പരിചയപ്പെടുത്തുന്ന ഈ കവിതമാല ശരിക്കും പേരിനു വിപരീതമായി നില്ക്കുന്നു എന്നു പറയാനാണ് ആഗ്രഹം . മൂളിയലങ്കാരി എന്നത് ഒരു അഹങ്കാരിപ്പെണ്ണോ തന്‍റേടിയോ ആണ് . അങ്ങനെയുള്ള ഒരുവള്‍ വിളിച്ച് പറയുക സമൂഹത്തിലെ സദാചാരബോധത്തിനും സനാതന സംസ്കൃതിക്കും എതിരായ എന്തുമാകാം . പക്ഷേ ഈ മൂളിയലങ്കാരി പറയുന്നതൊക്കെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ആണ് . ആര്‍ക്കും അതില്‍ മുഷിവ് തോന്നാന്‍ ഇടയില്ല പകരം അവൾക്കൊപ്പം ശരിവയ്ക്കുകയും തങ്ങളുടെ തന്നെ പരിസരങ്ങളില്‍ നിന്നോ തങ്ങളിൽ നിന്നു തന്നെയോ അവരെ കണ്ടെത്തുകയോ ആണ് . മാധവിക്കുട്ടിയുടെ ഭാഷ പ്രണയാമൃതം ആയിരുന്നു ജ്യോതീബായിയുടെ ഭാഷ ജീവിതാമൃതവും . അനസ്യൂതമായി ഒഴുകുന്ന വരികളില്‍ ചിലവ ഈണത്തോടെ തന്നെ വായിച്ചു പോകാന്‍ കഴിയുമ്പോള്‍ ചിലവ ചൊല്‍ക്കവിതകള്‍ ആണ് . മുന്പ് വായിച്ചിട്ടുള്ള കവിതകളില്‍ ഡോ ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ ഇങ്ങനെ മനോഹരമായ ഒരു പാത്ര സൃഷ്ടികളില്‍ അനുഭവിച്ച ശേഷം തികച്ചും ജ്യോതീബായി വരെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു കവിതയെ അതിന്റെ നാനാർത്ഥങ്ങളും അർത്ഥതലത്തിലും ആശയതലത്തിലും വായിക്കുവാന്‍ എന്നത് ഈ രംഗത്ത് സംഭവിക്കുന്ന പരീക്ഷണങ്ങള്‍ വിജയം വരിക്കാന്‍ ആവശ്യം തുറന്ന വായനയും ഭാഷയോടുള്ള സ്നേഹവും അറിവുമാണെന്ന് അടിവരയിടുന്നു . എല്ലാവരും കവിതയെഴുതുന്നുണ്ട് . ചിലരുടെ കവിതകള്‍ക്ക് കവിതയുടെ നിറവും ഗന്ധവും ലഭിക്കുന്നു ചിലരുടെ കവിതകള്‍ വായിച്ചു മടക്കി വയ്ക്കാന്‍ മാത്രം തോന്നുന്നു . ചിലര്‍ ലക്ഷ്മണ രേഖയ്ക്കുള്ളില്‍ മാത്രം നിന്നു കവിതകള്‍ രചിക്കുന്നു . ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ തങ്ങളുടെ രചനാ ശൈലിക്കുണ്ടാകുക സ്വാഭാവികമാണ് .

 

            ഭാഷയുടെ സുവ്യക്തമായ അടയാളപ്പെടുത്തലുകള്‍ ആണ് ജ്യോതീബായിയുടെ കവിതകളുടെ കാതലായ പ്രത്യേകത . ടൈപ്പായി പോകാതെ കവിതകള്‍ അവതരിപ്പിക്കുക വഴി ജ്യോതീബായി, കവിത സാഹിത്യത്തിലെ തന്റെ അനിഷേധ്യമായ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നു . ഇത് ഈ കവിയുടെ മൂന്നാമത്തെ പുസ്തകം ആണെന്ന് പുസ്തകത്തിലെ പരിചയപ്പെടുത്തലുകളില്‍ നിന്നറിയാൻ കഴിഞ്ഞു . കൂടുതല്‍ സംഭാവനകള്‍ മലയാള സാഹിത്യ ലോകത്തിന് നല്കാന്‍ പര്യാപ്തയായ ജ്യോതീബായി പരിയേടത്തിന് എല്ലാ ആശംസകളും നേരുന്നു . ഒപ്പം കവിത ആസ്വാദകര്‍ക്കും , പഠനം ആഗ്രഹിക്കുന്നവര്‍ക്കും മുതല്‍ക്കൂട്ടാകും ഈ പുസ്തകം എന്ന സന്തോഷം പങ്ക് വയ്ക്കുന്നു. സസ്നേഹം ബിജു.ജി.നാഥ്

No comments:

Post a Comment