Wednesday, December 22, 2021

ത്രേസ്യാമ്മ തോമസ് നാടാവള്ളിലിൻ്റെ എഴുത്തുകൾ

മഞ്ഞു പൂക്കുന്ന ഇടവഴികൾ (കവിത)
മൗനത്തിൻ്റെ ചിറകടികൾ (കവിത)
അവളുടെ വെളിപാടുകൾ (ലേഖനം)
സ്നേഹപൂർവ്വം കുഞ്ഞേച്ചി (ലേഖനം)
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ



        കവിതകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ ആദിമ മനുഷ്യന്റെ പരസ്പരമുള്ള കൊടുക്കല്‍വാങ്ങല്‍ ആയിരുന്നു . അതിന് ആദിമഭാഷയുടെ ഗന്ധവും അതിന്റെ ഭംഗിയും ഉണ്ട് . കവിതകള്‍ പില്‍ക്കാലത്ത് രൂപപരിണാമങ്ങള്‍ പലതു കൈവരിക്കുകയും മനുഷ്യപരിണാമത്തിന്റെ ദശാ സന്ധികളില്‍ എന്നപോലെ പലപ്പോഴും വഴി മറന്നും ധർമ്മം  മറന്നും നില്‍ക്കുകയുമുണ്ടായിട്ടുണ്ട് . ആധുനിക കവിതകളുടെ, നിലനില്‍പ്പിന്റെ സമരത്തിലൂടെ ആണ് കവിതാലോകം കടന്നുപോകുന്നതെന്നും നമുക്കെല്ലാം അറിയാവുന്നതാണല്ലോ . ഇത്തരം കവിതാസങ്കേതങ്ങളുടെ നിലനില്‍പ്പില്ലായ്മയും മാറ്റങ്ങളും പലപ്പോഴും സംഭവിക്കാന്‍ കാരണമാകുന്നത് കവിതയുടെ ധര്‍മ്മവും അതിൻ്റെ രീതികളും അറിയാതെ പോകുന്നതുകൊണ്ടാണ് . കവിതയെന്നത് ആന്തരികമായ ചിന്തയുടെയും കാഴ്ചകളുടെയും ബഹിര്‍ഗ്ഗമനമാര്‍ഗ്ഗം ആണ് . അതില്‍ സൗന്ദര്യം ഉണ്ടാകുന്നത് വായനക്കാരനും അതേ ഭാവത്തിലോ അവസ്ഥയിലോ കടന്നുപോയിട്ടുണ്ടാകുകയോ അതിലേക്കു സ്വയം വീണുപോയിട്ടുണ്ടാകുകയോ ചെയ്തതിനാല്‍ ആകണം . അതിനാല്‍ത്തന്നെ കവിത സംവദിക്കുന്നത് ഒരുപോലെയല്ല എല്ലാവരിലും. ഒരു പുഷ്പത്തെ കാണുന്ന പല കണ്ണുകളില്‍ ആ പുഷ്പത്തിന്റെ രൂപവും സൗന്ദര്യവും കാഴ്ചയും എഴുതപ്പെടുകയാണെങ്കില്‍, അതില്‍ ഒരുപോലെ ചിന്തിച്ചവര്‍ എത്രയുണ്ടാകാം എന്നത് ഇതിനൊരു ഉദാഹരണമായി പറയാം .

         പറഞ്ഞു വന്നത് ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ എന്ന കവിയുടെ കവിതകളെക്കുറിച്ച് ആണെങ്കിലും വിഷയത്തില്‍ നിന്നും അകന്നു പോയോ എന്നു തോന്നിയതിനാല്‍ തിരികെ വരുന്നു. ത്രേസ്യാമ്മ മലയാള കവിതകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്ന ഒരെഴുത്തുകാരിയാണ് . സോഷ്യല്‍ മീഡിയയിലും മറ്റും അവര്‍ തന്റെ കവിതകള്‍കൊണ്ട് സമ്പന്നമാക്കുന്നുണ്ട്. എങ്കിലും അതിലുമുപരി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ത്രേസ്യാമ്മയുടെ കവിതകള്‍ ഇതിന് മുന്പ് തന്നെ പ്രസിദ്ധമാണ് . ഈ പുസ്തകം ത്രേസ്യാമ്മയുടെ ആദ്യ പുസ്തകമല്ല എങ്കിലും ഓരോ പുസ്തകവുമോരോ പുതിയ അനുഭവം നല്കുന്നു എന്ന തത്വം കവി പിന്തുടരുന്നു എന്നു കരുതുന്നു . സാമൂഹിക വിഷയങ്ങളില്‍ ഒക്കെ വളരെ ശക്തമായി തന്റെ സോഷ്യല്‍ മീഡിയ മാധ്യമം വഴി പ്രതികരിക്കുന്ന കവി പക്ഷേ എന്തുകൊണ്ടോ തന്റെ കവിതകളില്‍ ഈ പറയുന്ന ക്ഷോഭിക്കുന്ന യുവത്വത്തെ പരിചയപ്പെടുത്താറില്ല . സ്വതവേ ശാന്തയും മിത ഭാഷിയുമായ ഒരാളുടെ മൗനഭാഷയാണ് ത്രേസ്യാമ്മയുടെ കവിതകള്‍ എന്നു കാണാം.  ഹൃദയത്തെ ദ്രവീകരിപ്പിക്കുന്ന ഒരു മൗനം തന്റെ കവിതകളില്‍ ത്രേസ്യാമ്മ ഒളിച്ചു വയ്ക്കുന്നു . മഴ പെയ്തു നനഞ്ഞ ഒരു ഗ്രാമപാതയിലൂടെ ഉണങ്ങിയ നനഞ്ഞ ഇലകളില്‍ ചവിട്ടി നടക്കുന്ന ഒരു പ്രതീതി ആ കവിതകളില്‍ ഉടനീളം അനുഭവപ്പെടുന്നു .
ഏകാന്തതയുടെ കൂട്ടുകാരിയാണ് ഈ കവിതകളുടെ മിക്കതിന്റെയും നായിക എന്നത് വായനയില്‍ ഒരു ഏകശിലാരൂപം നല്‍കുന്ന കാഴ്ചയാണ് . ഒറ്റക്കിരിക്കുന്നവള്‍ . അവള്‍ അമ്മയാണ് മകളാണ് ഭാര്യയാണ് കൂട്ടുകാരിയാണ് പ്രണയിനിയാണ് വൃദ്ധയുമാണ് . ഓരോ നെടുവീര്‍പ്പിലും അവള്‍ ബഹിര്‍ഗമിപ്പിക്കുന്ന ഭയാനകമായ ഒരു  മുഴക്കമുണ്ട് . കാത്തിരിപ്പിന്റെ അവസാനമെന്നോണം ഒരു യാത്ര കവി എപ്പോഴും കൊതിക്കുന്നതായി കാണാം . പ്രണയിനിയായ ഒരുവള്‍ അവള്‍ക്ക് ചരിത്രത്തില്‍ പല മുഖങ്ങളും ഭാഷകളും ആണ് . നമുക്കെല്ലാവര്‍ക്കും സുപരിചിതം മീരയാണ് . അല്ലെങ്കില്‍ രാധയുടെ വിരഹം . ഇവിടെ ഈ നായികയും ഒരു വിഷാദവതിയായ തരുണി തന്നെയാണ് . തന്റെ ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിനുള്ളില്‍ ഒളിച്ചു കഴിഞ്ഞോളാം ശിഷ്ടകാലം എന്നൊരു ചിന്ത അവളെ സദാ പിന്തുടരുന്നുണ്ട് . പ്രണയത്തിന്റെ മധുരവും നോവുകളും പങ്ക് വയ്ക്കുമ്പോളും , അവന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴും പരസ്പരം കാണാതെ , ഇങ്ങനെ മരണം വരെയും കഴിഞ്ഞുപോകാന്‍ അവള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നതായി കാണാം .
സമകാലീന വിഷയങ്ങളില്‍ കവിയുടെ പ്രതികരണങ്ങള്‍ കവിതകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല എങ്കിലും പിതാവിന്റെ ഓര്‍മ്മകളും വീടോര്‍മ്മകളും ഒക്കെക്കൊണ്ട് വികാരവിക്ഷുബ്ധയാകുന്ന ഒരു മകളെ ഇതില്‍ കാണാന്‍ കഴിയും .
ഒന്നിൽ ഇങ്ങനെയെങ്കിൽ അടുത്ത കവിത സമാഹാരത്തിൽ കവി ഓർമ്മകളിൽ ഒരു കുഞ്ഞും അമ്മയുമുണ്ട്. ഒരു നാടും നാട്ടു പെണ്ണും ഉണ്ട്. അവളുടെ ഗദ്ഗദങ്ങളിൽ പ്രായ കാലത്തിൻ്റെ എല്ലാ നഷ്ട സ്മൃതികളും ഉണ്ട്.  മനോഹരമായ ഒരു കവിത എന്നത് ഒരു വാഗ്മയയ ചിത്രമാണ് . അത്തരം ഒരനുഭവം മലയാളിക്ക് അപരിചിതമായ ഒരു കാഴ്ചയെ അതിന്റെ എല്ലാ ഭംഗിയോടും കാട്ടിത്തരുന്ന ഒന്നായി വായിക്കാം മഞ്ഞു പൂക്കുന്ന ഇടവഴികളിൽ . മഞ്ഞു വീണു കിടക്കുന്ന മരച്ചില്ലകളില്‍ പ്രഭാത സൂര്യന്റെ കിരണങ്ങള്‍ നക്ഷത്രശോഭ പകരുന്ന ഒരു പ്രഭാത ദൃശ്യം ഏതൊരു മനസ്സിലും അടക്കാനാകാത്ത കൊതിയും ആകാംഷയും ഉണര്‍ത്തുവാന്‍ പര്യാപ്തമായതാണ് .
കവിതകളൊന്നും തന്നെ ഗഹനമായ ചിന്തകളോ കഠിന പദങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകളോ നല്‍കുന്നവയല്ല . മനോഹരമായ ഭാഷയും പാകത ഉള്ള ശൈലിയും ഉള്ള കവിതകള്‍ പരമ്പരാഗത കവിതാശൈലികളെ പിന്തുടരാതെ ആധുനിക കവിതകളില്‍  ഉറച്ചു നിന്നു കൊണ്ടെഴുതിയവയാണ് എന്നു കാണാം . മലയാള സാഹിത്യ വേദിയില്‍ കവിതാശാഖയില്‍ കൂടുതല്‍ പ്രതീക്ഷകളും സംഭാവനകളും നല്കാന്‍ കഴിവുള്ള ത്രേസ്യാമ്മ സ്വയം നിര്‍മ്മിച്ച കൂട് വിട്ടു പുറത്തു വരുന്നതിനായി വായനക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നു കരുതുന്നു . 

           കവിതകൾ ഒക്കെ മനോഹരങ്ങൾ ആണ് എന്നത് കൊണ്ട് ത്രേസ്യാമ്മ നല്ലൊരു കവിയാണ് എന്നടയാളപ്പെടുത്തുന്നു. എന്നാൽ ലേഖനങ്ങളുടെ രണ്ടു കാലങ്ങളിലെ അടയാളപ്പെടുത്തലുകൾക്കും മതത്തിൻ്റെ വേലിക്കെട്ടും സദാചാര ചിന്തകളുടെ വർദ്ധിതമായ സ്വാധീനവും വിദേശവാസവും അനുഭവങ്ങളും നല്കിയ ചിന്തകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്ന വായനാനുഭവം ആണ് നല്കിയത്. കടുത്ത മത ചിന്തയുടെ പുറം ചട്ട വലിച്ചു കീറാൻ ഭയക്കുന്ന ഒരു കാഴ്ച കുട്ടികൾക്ക് സാരോപദേശം നല്കുന്നതിലായാലും മുതിർന്നവരോടുള്ള സംവേദനത്തിലായാലും കാണാൻ കഴിഞ്ഞു. ഒരു നല്ല എഴുത്തുകാരൻ എന്നത് ഒരു സാമൂഹ്യ പരിഷ്കർത്താവു കൂടിയാണ് എന്ന സാമാന്യതത്വം എന്തുകൊണ്ടോ മിക്ക എഴുത്തുകാർക്കും കൈവരിക്കാനാകാത്തതിന് കാരണം മതവും രാഷ്ട്രീയ ചായ്വുകളും ആണെന്ന പൊതു ധാരണയെ ഈ എഴുത്തുകാരിയും മറികടക്കുന്നില്ല. കൃത്യമായ നിരീക്ഷണങ്ങളും അവയ്ക്കു പക്ഷേ പുരോഗമനത്തിൻ്റെയല്ല മത,സാമുദായ സദാചാര ബോധങ്ങളുടെ ഉള്ളിൽ നിന്നു കൊണ്ടുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കടന്നു വരുമ്പോൾ അവയുടെ സാമൂഹികമായ ഉത്തരവാദിത്തം നഷ്ടമാകുന്ന ഒരു വായനാനുഭവം നല്കുന്നതിനാൽ കുഞ്ഞേച്ചിയെയും അവളുടെ വെളിപാടുകളെയും ഒരു വായനാ മൂല്യമുള്ള പുസ്തകങ്ങളുടെ ശ്രേണിയിൽ കണക്കാക്കാൻ കഴിയാതെ പോകുന്നതായി അനുഭവപ്പെട്ടു. കാലവും ദേശവും സംസ്കാരവും എത്ര തന്നെ മാറിയാലും മാറാൻ കഴിയാത്ത ചിലത് ഉണ്ടാകും. അവയുടെ മുകളിലിരുന്നു നമുക്കാെരിക്കലും ഒരു സാമൂഹ്യ പരിഷ്കർത്താവിൻ്റെ വേഷം അണിയാനാകില്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ നാമെങ്ങനെ അവർക്ക് നല്കുന്നുവോ അതിനെ അധിഷ്ഠിതമാക്കിയാകുമ്പോൾ നാം സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട്. ഒരു കവിയെന്ന നിലയിൽ ത്രേസ്യാമ്മ തോമസ് തിളങ്ങുമ്പോഴും ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ഉയരാൻ ഈ വസ്തുതകൾ മനസ്സിരുത്തേണ്ടതുണ്ട് എന്ന തോന്നലിൽ വായനകൾ പൂർത്തിയാക്കേണ്ടി വരുന്നു. 
ആശംസകളോടെ ബിജു.ജി.നാഥ്

No comments:

Post a Comment