Sunday, December 12, 2021

ചെറിയ വലിയ നുണകളിൽ ഒരു ലോകം

ചെറിയ വലിയ നുണകളിൽ ഒരു ലോകം .
........................................................................
ഈ മഴചാറ്റലിൽ നീയെന്താ പെണ്ണേ
ഒറ്റക്ക് നിന്നു നനയുന്നതിങ്ങനെ?
നിൻ മനോവേദന എന്നോട് ചൊല്ലുവാൻ
എന്താണ് നിന്നെ തടഞ്ഞു നിർത്തുന്നത് ?

ഒന്നോർത്തു നോക്കുകിൽ നാമെത്ര കാലമായ്
ഒന്നായീ ജീവിതം മുന്നോട്ടു നീക്കുന്നു.
എങ്കിലും നിന്നിൽ പടർന്നു കയറുന്ന 
അന്യതഃ ബോധം സഹിക്കുന്നതെങ്ങനെ.

നീ പറഞ്ഞില്ല നിൻ കഥകളിലൊന്നുമേ
നീയെന്തെന്നും നിൻ വാസ്തവചരിതവും.
ഇന്നീ പാതതൻ ഓരത്ത് നിന്നു നീ 
ചൊല്ലും കഥകളിൽ പോലുമില്ലല്ലോ നീ.

എന്തിനായ് പാഴില മൂടുമീ വഴികളിൽ
നിന്നുടെ തോരാത്ത കണ്ണുനീർ ചൊരിയുന്നു.
അന്നും പറഞ്ഞതാണീ ലോകചിന്തയിൽ
കള്ളത്തരങ്ങളതില്ലാതെ ഗമിക്കുവാൻ.

നീ പറഞ്ഞുള്ളോരു ജീവിതക്കാഴ്ചകൾ
എത്രയോ കണ്ടു കഴിഞ്ഞതാണീ ലോകം!
എങ്കിലും നീ നിൻ്റെ കണ്ണുനീർ ചൊരിയുന്ന
കാഴ്ചയിലെൻ കാലവും ദേശവും മറയുന്നു.

നിന്നെ വിശ്വസിക്കുവാൻ മനസ്സു പറയുന്നു
നിന്നെ തലോടുവാൻ ഉള്ളം കൊതിക്കുന്നു.
നിൻ്റെ പൊള്ളുംഹൃത്തിൻ സാന്ത്വനമാകുവാൻ
നിൻ്റെ മനസ്സിൽ ഞാൻ കൂടൊന്നുകൂട്ടുന്നു.

തട്ടിയെറിഞ്ഞു നീ അകലേക്ക് മാറുന്നു
കുറ്റപ്പെടുത്തലാൽ ഉള്ളം പുകയ്ക്കുന്നു.
മാർജ്ജാരമൂഷിക ലീലകൾ പോലെ നീ
എന്നെയീ ഇരുളിൻ പിടയാൻ വിട്ടീടുന്നു!

ഒന്നു മാത്രം ചൊല്ലാം രാവുമായും മുന്നേ,
ഇന്നു നീ കാണാത്ത എന്നെയോർത്തീടുക.
അന്നു നീ യാത്രക്കൊരുങ്ങുന്ന വേളയിൽ
ഉണ്ടായിടില്ല ഞാൻ മറന്നിടല്ലേ സഖേ.

ഒറ്റവാക്കിൻ വ്യഥ ചൊല്ലുവാൻ നിൻ ചിത്തം
എത്ര വേദനിച്ചീടിലും കഴിയുമോ?
ചത്തു പുഴുക്കൾ ആഹരിച്ചൊടുവിലായ്
അസ്ഥി മാത്രമാം എൻ കാതറിയുവാൻ.

ആകയാൽ നീ പ്രിയേ പോകുന്നതിൻ മുമ്പ്
ചൊല്ലുക നിന്നുടെ ഉള്ളം തുറന്നു നീ.
എന്തുമാകട്ടെ ഞാൻ ഉള്ളിൽ വയ്ക്കുന്നില്ല
നിന്നെയല്ലാതെയാ പൊളി വാക്കുകളൊന്നുമേ.

എത്ര വേനലുകൾ പൊള്ളിച്ചതാണീ ദേഹി.
എങ്കിലും ജീവൻ പോകാതെ നില്ക്കുകിൽ
ഇല്ല നിൻ സ്നേഹം കാണാതിരിക്കില്ല.
അറിയാതെ പോകില്ല നിൻ ചുംബന മധുരവും.
@ബിജു.ജി.നാഥ്





No comments:

Post a Comment