ഭ്രമര ചിത്തം
.........................
പ്രണയമേ...!
അസ്ഥിവാരമിളകിയ
പുരാതനഗേഹമീയിരുളിൽ
കനിവിനായ് കാത്തു കിടക്കവേ
നിറയും ക്ഷീരമധുവുമായീ
പടിവാതിലിലെത്തുന്നുവോ നീ.?
കരിന്തിരി കത്തുമീയുടൽ വിളക്കൊന്ന്
അനിലനെ ആട്ടിയോടിക്കുന്നു
മിന്നൽപ്പിണരിനാൽ മേലെ വാനം
നിൻ്റെ കണ്ണിൻമുന പോൽ നോക്കുന്നു.
അഴിഞ്ഞുലഞ്ഞിതാ വീണു ചികുരവും
ഞൊറിയകന്നൊരു കാളസർപ്പവും
ഉടലുറയൂരിയെന്തിനോ രാവിൻ
ഉഷ്ണവാതത്തിൽ പുതയുന്നു.
ചിത്രം വരച്ചു തുടങ്ങുന്നു ചുറ്റിലും
ചിത്രശലഭങ്ങളെങ്കിലും രാവേ !
ചിത്തമിതാ നിശബ്ദം നിന്നുടെ
ചുറ്റിലും വട്ടം തിരിയുന്നു.
ഇല്ല വിശപ്പിൻ കയറഴിഞ്ഞീടിലും,
ജ്വരബീജങ്ങളെൻ നാഡി തളർത്തീടിലും
അക്ഷരമേ നിന്നെ വാരിയെടുത്തു ഞാൻ
കനൽക്കട്ടകൾ തൻ മേൽ നിരത്തും.
എത്രയൊടുങ്ങാത്ത വേദന തന്നീടിലും
മുനയൊടിച്ചൊടുക്കുകയില്ല ന്യൂനം.
@ബിജു.ജി.നാഥ്
No comments:
Post a Comment