Sunday, December 12, 2021

ഹൃദയം പറഞ്ഞ കഥകൾ........ ഗീതാഞ്ജലി

ഹൃദയം പറഞ്ഞ കഥകൾ(ഓർമ)
ഗീതാഞ്ജലി
സാപിയൻസ് ലിറ്ററേച്ചർ
വില: ₹ 120.00


ഓർമ്മകൾക്ക് മധുരമുണ്ടാകുന്നത് അവ നമ്മെ പിന്തുടർന്ന് വേട്ടയാടുന്നതിനാലാണ്. ചിലർക്കത് മധുരമാണെങ്കിൽ മറ്റു ചിലർക്ക് നോവാകാം. വേട്ടക്കാരൻ ഏതു തരക്കാരനെന്നു തിരിച്ചറിയുക ഇരയുടെ അനുഭവത്തിൽ നിന്നുമാണല്ലോ. എച്മിക്കുട്ടിയുടെ ഓർമ്മകൾ, നളിനി ജമീലയുടെ ഓർമ്മകൾ, രമ പൂങ്കുന്നത്തിന്റെ ഓർമ്മകൾ, സിസ്റ്റർ ജസ്മിയുടെ ഓർമ്മകൾ, തുടങ്ങി ഓർമ്മകളുടെ പുസ്തകങ്ങൾ അനവധിയാണ് സാഹിത്യത്തിൽ. വിദേശ രാജ്യങ്ങളിലിരിക്കുന്ന കുടിയേറ്റക്കാർക്ക് ഓർമ്മകൾ എന്നാൽ ജന്മനാടാണ്. അവരുടെ ഓർമ്മക്കുറിപ്പുകൾക്ക് ഒരു ഏകതയുണ്ട് എന്ന് പറഞ്ഞു കേൾക്കാം. മലയാളി എഴുത്തുകാർ ആയ പ്രവാസികൾക്ക് പങ്കുവയ്ക്കാൻ കുറച്ച് സ്ഥിരം സംഗതികൾ ഉണ്ട്.  നദി, പുഴ, വയൽ, കുയിൽ ,അമ്മക്കൈപ്പുണ്യം, അമ്പലം, ആചാരം, പ്രണയം, സ്കൂൾ .... അതിങ്ങനെ വലിയ ഒരു ലിസ്റ്റുണ്ട്. അതിൽ തലങ്ങും വിലങ്ങും വീണുരുളുക എന്നതായിരുന്നു പ്രവാസികളുടെ സാഹിത്യം എന്ന ആക്ഷേപത്തെ പുതിയ കാലം തിരുത്തിത്തുടങ്ങിയിട്ടുണ്ട് ഒരു പരിധി വരെ. 

ഗീതാഞ്ജലിയുടെ ആദ്യ പുസ്തകമാണ് "ഹൃദയം പറഞ്ഞ കഥകൾ". ഈ പുസ്തകത്തിലെ കുറിപ്പുകൾ ഒക്കെയും വളരെ ഹൃദയാർദ്ര നൊമ്പരം നിറഞ്ഞ, പെൺമനസ്സിൻ്റെ വിങ്ങലുകളും പ്രതിഷേധങ്ങളും ആണ്. ഉപമകൾ കൊണ്ടും സൂചകങ്ങൾ കൊണ്ടും ഓരോ ഓർമ്മകളും ഹൃദയം പങ്കുവയ്ക്കുന്നത് വളരെ നല്ലൊരു വായനാനുഭവം ആണ് തരുന്നത്. വിഷയം വേദനാ പൂർണ്ണമോ ചിന്താഭരിതമോ ആകുമ്പോഴും ഈ ആഖ്യായനശൈം വേറിട്ടതാണ്. നമുക്ക് നിത്യജീവിതത്തിലെ സംഭവങ്ങളെ , അനുഭവങ്ങളെ ഒക്കെ പരിചയപ്പെടുത്തുന്നതിന് ചില പരിമിതികളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. എന്നാലവയെ മറികടക്കാൻ അവയിലേക്ക് ഒരെഴുത്തുകാരന് മാത്രം കഴിയുന്ന ചില വിദ്യകളുണ്ട്. നിറം, മണം മുതലായ ഗന്ധങ്ങളെ അങ്ങനെ സന്നിവേശിപ്പിക്കുന്ന രീതി രസകരമാണ്. 

കുട്ടിക്കാലമായാലും യൗവ്വനമായാലും ഓർമ്മയിൽ നിറയ്ക്കുന്ന പെൺനോവുകൾ ( അതെടുത്തു തന്നെ പറയണം) പലപ്പോഴും മനസ്സിനെ പിടിച്ചുലയ്ക്കുവാൻ പര്യാപ്തമായതാണ്. യാത്രകൾ, വീടകങ്ങൾ തുടങ്ങി അവളിടങ്ങളിലെല്ലാം ഈ വേട്ടമൃഗ സാന്നിധ്യങ്ങളെ കാണാതിരിക്കാനാകുന്നില്ല. പക്ഷേ നന്മയുടെ, മാനവികതയുടെ, മനുഷ്യത്വത്തിൻ്റെ ഒക്കെ നിലാവെളിച്ചം നമുക്കനുഭവപ്പെടുന്ന ഇടങ്ങൾ കൂടി നാം കാണാതെ പോകരുത് എന്ന് ഗീതാഞ്ലി ഓർമ്മിപ്പിക്കുന്നുണ്ട്. ഓർത്തുനോക്കിയാൽ മധുരം കിനിയുന്ന നെല്ലിക്കയാണ് ചില ബന്ധങ്ങളും ഇഷ്ടങ്ങളും എന്നത് ഒരു വാസ്തവികതയാണ്. കഥകൾ ഇഷ്ടപ്പെടുന്ന കുഞ്ഞിന് കഥ പറയുന്ന അതേ കാലത്തിൽ തന്നെ അമ്മയ്ക്കും ആ കഥകളിലൂടെ സഞ്ചരിക്കാനാകുന്നത് രണ്ടു കാലത്തെ ഒന്നിച്ചു ഒരു വണ്ടിയിൽ കൊണ്ടു പോകും പോലെയാണ്. 

ഓർമ്മകൾ അടയാളപ്പെടുത്തുമ്പോൾ അവ ആവർത്തന വിരസതയുണ്ടാക്കാതെ സൂക്ഷിക്കാൻ എഴുത്തുകാർ മറന്നു  പോകുന്നതായി തോന്നാറുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത ഒന്നാണ് ഓർമ്മകൾ. എന്നാൽ അതിനെ അടയാളപ്പെടുത്തി വയ്ക്കുമ്പോൾ അവയ്ക്ക് അടുക്കും ചിട്ടയും അത്യാവശ്യമാണ്. ആ അർത്ഥത്തിൽ ഗീതാഞ്ജലിക്ക് പാളിച്ചകൾ സംഭവിക്കുന്നുണ്ട്. ആവർത്തന വിരസത അനുഭവിക്കുന്ന ഒന്നായല്ല അതിനെ പറയേണ്ടത്. കാരണം തുടക്കത്തിലെ വായന നല്കുന്ന മാനസികവ്യഥയും വികാരങ്ങളും പുസ്തകവായന മുന്നേറുമ്പോൾ അലിഞ്ഞലിഞ്ഞ് പോവുകയും നിസംഗമായ ഒരവസ്ഥയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. ഇതിന് കാരണം ആവർത്തന കാഴ്ചകൾ നല്കുന്ന പരിസരങ്ങളും അനുഭവങ്ങളും വീണ്ടും വീണ്ടും പറയുന്നത് തോന്നുമ്പോഴാണ്. ഏറെ കേട്ടാൽ ദുഃഖം നിസംഗതയാഴ്ന്ന മൗനം പൂണ്ടു പോകുമെന്ന അവസ്ഥ. വളരെ മനോഹരമായ ഭാഷയും പ്രയോഗങ്ങളും അവതരണ രീതിയും കൊണ്ട് ഒരു മികച്ച എഴുത്തുകാരൻ്റെ തലത്തിലാണ് ഗീതാഞ്ജലിയെ വിലയിരുത്താൻ കഴിയുന്നത്. തുടർന്നും കൂടുതൽ വിപുലമായ കഥകളോ നോവലുകളോ കവിതകളോ ഒക്കെയായി ഓർമ്മകളെ അടുക്കിക്കെട്ടി വരാൻ ആശംസിക്കുന്നു.
സ്നേഹപൂർവ്വം ബിജു.ജി.നാഥ്

No comments:

Post a Comment