സ്വപ്നവും സമയവും തമ്മിലാണ് മത്സരം.
..............................................................................
പുലർച്ച മുതൽ പ്രിയേ, നിന്നുടെ വരവിനെ
കനവു കണ്ടു ഞാനങ്ങിരുന്നീടവേ,
തിരക്കുകൾ ആയിരുന്നെന്ന വാർത്തയിൽ പതിഞ്ഞു ഞാൻ
തീർത്തും നിരാശയാൽ വലഞ്ഞുവല്ലോ.
ഒതുക്കുകൾ കയറി നീ വരുന്നതും കാത്തെൻ്റെ
ഇറയത്ത് ഞാനിന്നിരുന്നുറഞ്ഞു പോയ്.
ഇടക്കിടെ വന്നു പോകും കാറ്റിൻ്റെ കരങ്ങളിൽ
കൊടുത്തു നീയയച്ച നിൻ ഗന്ധം നുകർന്ന്
മിഴികളങ്ങടച്ചു ഞാൻ മലർന്നു കിടക്കുന്നു
ചുറ്റും, പറന്നു നടക്കും ശലഭച്ചിറകിൻ വർണ്ണം.!
ചരലുകൾ കരയുന്നൊരൊച്ചയിൽ ഞാൻ
നിൻ്റെ, പദചലനത്തിൻ നാദം ഗണിച്ചിടുന്നു.
അരികിലായ് കൈതപ്പൂവിൻ ഗന്ധമറിഞ്ഞു
നിൻ്റെ വിരലെന്നെ തൊടുന്നൊരാ നിമിഷം കാത്ത്
മിഴികളിൽ കപടമാം നിദ്രയെ പതിച്ചു വച്ച്
കിടക്കുന്നു ഞാനിന്നൊരു നടനെപ്പോലെ.
പതിയെ നീയെന്നരികിലിരുന്ന് നോക്കീടുന്നു
പിന്നെ ഉയരും പുഞ്ചിരിയെ മറയ്ക്കുന്നല്ലോ.
തണുത്ത വിരലുകൾ പതിയും ഫാലത്തിൽ ഞാൻ, നിൻ
ഹൃദയം തൊടുന്നതിൻ സുഖമറിവൂ.
ഉലഞ്ഞുവീഴും ചികുര തലോടലിൻ രസത്തിൽ ഞാൻ
കഠിനഹൃദയനായ് മിഴി പൂട്ടുന്നു.
അധരപുടങ്ങൾ വന്നമരും കവിൾത്തടം
കുഴിഞ്ഞു പോയെന്നോർത്ത് ചിരിച്ചു പോകെ
പരിഭവക്കിണുക്കത്താൽ നാസിക ത്തുമ്പിൽ
നിൻ്റെ, തണുവിരൽ നഖമുനയമർന്നുവല്ലോ.
ഉരുണ്ട തുടകളിലെൻ ശിരസ്സിനെ വച്ച്
മെല്ലെ
മുടികൾക്കിടയിൽ നീ വിരൽ കടത്തേ
ഹൃദയതാളത്തെയൊന്നാകെയും തകർത്തെൻ്റെ
മുഖമതിൽ നിൻ്റെ മുലയമർന്നു.
പിറന്നു വീണ കുഞ്ഞിൻ പ്രകൃതമെന്ന പോലെൻ
കൈവിരലും ചുണ്ടുമപ്പോൾ വിറപൂണ്ടല്ലോ.
നിറവും സംഗീതവും നിറഞ്ഞ സ്വപ്നത്തിനെ
മാനിക്കാനറിയാത്ത സമയലോഹം
കഠിനകഠോരമാം ഒച്ചയിൽ വിളിച്ചെൻ്റെ
സമയമായെന്നങ്ങറിയിക്കുന്നപ്പോൾ.
@ബിജു.ജി.നാഥ്
No comments:
Post a Comment