Thursday, October 21, 2021

സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)......................യുവാല്‍ നോവാ ഹരാരി

 

സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)

യുവാല്‍ നോവാ ഹരാരി

പരിഭാഷ : സെനു കുര്യന്‍ ജോര്‍ജ്ജ്

മഞ്ജുള്‍ പബ്ലീഷിംഗ് ഹൌസ്

വില : രൂപ 499.00

 

മനുഷ്യനു ഒരു ചരിത്രമുണ്ട് . ആ ചരിത്രത്തിന് ഏറ്റവും കുറഞ്ഞത് എഴുപതിനായിരം വർഷം പഴക്കമെങ്കിലും ഉണ്ട് . ഈ ചരിത്രം എഴുതപ്പെട്ടതായിട്ടുള്ളത് നമുക്ക് ലഭ്യമല്ല . പകരം ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഓരോ ഇടങ്ങളില്‍ ഓരോ കാലങ്ങളിൽ പ്രകൃതി  സൂക്ഷിച്ചു വച്ച ഫോസിലുകളില്‍ കൂടിയാണ് ശാസ്ത്രകാരന്‍മാര്‍ ആ ചരിത്രം എഴുതുന്നതു . പതിനായിരം വര്‍ഷങ്ങള്‍ പോലും ആകാത്ത, മനുഷ്യരാൽ എഴുതപ്പെട്ട അടയാളങ്ങളും രേഖകളും നമ്മുടെ ഭാഷയുടെ വികാസത്തെ സൂചിപ്പിക്കുന്നു . അതിനും മുപ്പത്തയ്യായിരം വർഷം മുൻപ് മനുഷ്യന്‍ തന്റെ കൈപ്പത്തികള്‍ താനിവിടെ ഉണ്ടായിരുന്നു എന്നറിയിക്കാൻ ഗുഹകളിലും മറ്റും പതിപ്പിച്ചുകൊണ്ടു ചരിത്ര നിര്‍മ്മിതിയില്‍ തന്റെ ഭാഗം പാലിക്കുന്നു .  മനുഷ്യ ജീവി ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല ഈ ഭൂമുഖത്ത് . അവന്‍ പല വര്‍ഗ്ഗങ്ങള്‍ ആയിരുന്നു . ചിലപ്പോളവയില്‍ ഒറ്റ വര്‍ഗ്ഗം മാത്രമായിരുന്നെങ്കില്‍ മറ്റ് ചിലപ്പോള്‍ പരസ്പര വൈരികളായ രണ്ടു വര്‍ഗ്ഗങ്ങള്‍ ആയിരുന്നു . നിയാണ്ടര്‍ത്താല്‍ മനുഷ്യരും ഹോമോ സാപ്പിയന്‍സും ഒരേ സമയത്ത് ജീവിച്ചിരുന്നു എന്നത് സയന്‍സിന് ഇന്ന് തെളിയിക്കാന്‍ കഴിയുന്നുണ്ട് . ഹോമോ സാപ്പിയന്‍സ് നിയാണ്ടര്‍ത്താലില്‍ നിന്നു കുറച്ചുകൂടി ബുദ്ധിപരമായി വികാസം പ്രാപിച്ചവര്‍ ആയിരുന്നതിനാല്‍ വംശ ഹത്യയിലൂടെ നിയാണ്ടര്‍ത്താലിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ടാകാം . അതിനു പ്രായശ്ചിത്തമെന്നോണം ഇന്ന് ശാസ്ത്രകാരന്‍മാര്‍ നിയാണ്ടര്‍ത്താലിന്റെ ജീന്‍ ഉപയോഗിച്ച് അവരെ ഹോമോസാപ്പിയനിലൂടെ പുനഃനിർമ്മിതിക്ക് ശ്രമിക്കുന്നു എന്നതും കൗതുകകരമായ വാര്‍ത്ത തന്നെയാണ് .

 

മനുഷ്യന്റെ ഉല്‍പ്പത്തിയും പരിണാമവും, മത ഗ്രന്ഥങ്ങള്‍ ഒരുപാട് പറഞ്ഞു കഴിഞ്ഞതാണ് . അശാസ്ത്രീയവും പ്രാകൃതവുമായ അത്തരം കാഴ്ചപ്പാടുകള്‍ ഇന്ന് മതവിശ്വാസികള്‍ പോലും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണല്ലോ . പരിണാമത്തെ വിശ്വസിക്കാത്ത / വിശ്വസിക്കാനാവാത്ത കുട്ടികള്‍ പരീക്ഷയ്ക്ക് വേണ്ടി പരിണാമം പഠിച്ചു മാര്‍ക്ക് നേടാന്‍ ശ്രമിക്കുന്നതു തീര്‍ച്ചയായും ഒരു കറുത്ത ഹാസ്യം തന്നെയാണ് . ഈ അവസ്ഥയില്‍ ശാസ്ത്രീയമായ വസ്തുതകളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അതുവഴി മതഗ്രന്ഥങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന അശാസ്ത്രീയ വസ്തുതകള്‍ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യേണ്ടത് സാമൂഹ്യ ധർമ്മം തന്നെയാണ്. . ശാസ്ത്രീയമായ വിവരങ്ങളെ സയന്‍സിന്റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നത് സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ് . അവനെളുപ്പം അപ്പോള്‍ മതം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാകും . കാരണം അവിടെ ചോദ്യങ്ങള്‍ ഇല്ലല്ലോ . റേഡിയോ പോലെ ഇങ്ങോട്ട് പകര്‍ന്നു തരുന്നവയെ സ്വീകരിക്കുക , തൊണ്ട തൊടാതെ വിഴുങ്ങുക എന്നതാണു നയം . ചോദ്യങ്ങള്‍ ചോദിക്കുന്നത് ദൈവ നിഷേധം ആകുമ്പോള്‍ ചോദ്യത്തിനെന്തു പ്രസക്തി എന്നത് ഓര്‍ക്കേണ്ട കാര്യം തന്നെ .

 

വിഷയത്തെ വളരെ വിശാലമായി , എന്നാൽ ലളിതമായി പറഞ്ഞു തരുന്ന ഈ പുസ്തകം സാപ്പിയന്‍സ് മനുഷ്യരാശിയുടെ ഹൃസ്വചരിത്രം തികച്ചും എല്ലാ മനുഷ്യര്‍ക്കും ഉപയോഗപ്രദമായ ഒരു വായന നല്‍കുന്ന പുസ്തകമാണ് . മതത്തെ കുറ്റപ്പെടുത്താനോ , അവരെ അവഹേളിക്കാനോ തരിമ്പും ശ്രമിക്കാതെ മനുഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ സാമൂഹ്യ, സാമ്പത്തിക , രാഷ്ട്രീയ കാേണുകളിലൂടെ മാത്രം നോക്കിക്കാണുന്ന ഈ പുസ്തകത്തിന്റെ വായന വിദ്യാര്‍ത്ഥികൾക്ക് മാത്രമല്ല സാധാരണക്കാര്‍ക്ക് കൂടി വളരെ ഉപകാരപ്രദമായിരിക്കും . മൈത്രേയന്റെ, മനുഷ്യരറിയാൻ എന്ന പുസ്തകം പോലെ വളരെ ഒഴുക്കോടെ വസ്തുനിഷ്ഠമായ വിവരങ്ങള്‍ പറഞ്ഞു തരുന്ന ഈ പുസ്തകം വായനയില്‍ വളരെ നല്ല നിലവാരം നല്‍കുന്ന ഒന്നായിരുന്നു . നാം ആരായിരുന്നു എന്നും ഇന്ന് നാം എവിടെ നില്ക്കുന്നു എന്നും നാളെ നമുക്ക് സംഭവിക്കാന്‍ സാധ്യതയുള്ളതുമായ മാറ്റങ്ങളെ ചിന്താര്‍ഹമായ രീതിയില്‍ അവതരിപ്പിക്കുന്നു ഈ പുസ്തകം .  എന്തുകൊണ്ടാണ് ഇതൊരു പുരുഷാധിപത്യ സമൂഹമായി മാറിയതെന്നും എവിടെ വച്ചാണ് സ്ത്രീക്ക് തന്റെ കഴിവിനെയും സ്വാതന്ത്ര്യത്തെയും സ്വയം കുറച്ചു കാണേണ്ടി വരികയും രണ്ടാം പൗരനെന്ന തലത്തിലേക്ക് സ്വയം മാറ്റി നിര്‍ത്തേണ്ടി വന്നതെന്നും വായിക്കപ്പെടാന്‍ കഴിയും . വനവാസിയായ മനുഷ്യനില്‍ നിന്നും കാര്ഷികസംസ്കാരത്തിലേക്കും , വിഭിന്നമായ ഭക്ഷണങ്ങളുടെ ലോകത്ത് നിന്നും സ്വയം, നിശ്ചിതമായ ആഹാര ക്രമങ്ങളിലേക്ക് മനുഷ്യൻ കടന്നു പോയതും വളരെ കൗതുകകരമായ ഒരു മാറ്റമാണ് . ഭാഷയുടെ വളര്‍ച്ചയും സംസ്കാരത്തിന്റെ വികാസവും വിശാലമായി മാറിയ ലോകവും കാഴ്ചകളും മനുഷ്യനെന്ന ജീവിയില്‍ വരുത്തിയ വളര്‍ച്ചയാണ് സാപ്പിയന്‍സ് എന്ന വര്‍ഗ്ഗത്തിന് ലോകത്തിന്റെ അധിപസ്ഥാനം നേടിക്കൊടുത്തത് . ഇന്ന് എന്തു ഭക്ഷണം ആണ് കഴിക്കാന്‍ കിട്ടുക , അതിനു എന്തു തടസ്സങ്ങള്‍ ആണ് ഉണ്ടാകുക . അവയെ എങ്ങനെ ആണ് നേരിടേണ്ടത് എന്നു ചിന്തിച്ചിരുന്ന മനുഷ്യന്റെ സ്ഥാനത്ത് ഇന്നാരുടെ കാലു വാരിയാലാണ് ഉയർന്ന ഒരു പദവി ലഭിക്കുക , പണം ലഭിക്കുക , കൂടുതല്‍ സൗകര്യങ്ങള്‍ കിട്ടുക എന്നു ചിന്തിക്കുന്ന മനുഷ്യന്‍ ആയി നാം മാറിയിരിക്കുകയാണ് . അതിലും നില്‍ക്കുന്നില്ല . അന്യഗ്രഹങ്ങളില്‍ എവിടെയാണ് തനിക്ക് അഞ്ചു സെന്‍റ് ഭൂമി സ്വന്തമാക്കാന്‍ കഴിയൂക എന്നും , അന്യഗ്രഹ ജീവികള്‍ വന്നാല്‍ അവരെ എങ്ങനെ ആണ് കീഴടക്കുക എന്നും ഒക്കെയാണ് കുറച്ചുകൂടി കടന്നു ചിന്തിക്കുന്നതവന്‍ ഇന്ന് . വിവിധ തരം മാംസവും ഫലവര്‍ഗ്ഗങ്ങളും തിന്നു അലഞ്ഞു തിരിഞു നടന്നവന്‍ ഗോതമ്പ് കൃഷി ചെയ്ത് ,അത് ഭക്ഷണം ആക്കി അതിനെ സംരക്ഷിക്കാന്‍ വേണ്ടി ഒരിടത്ത് താമസിക്കുന്ന അവസ്ഥ സംജാതമായ കാലം മുതല്‍ അവനിലെ നായാടി സ്വഭാവം ഭക്ഷണത്തിന് വേണ്ടി ഇല്ലാതായി എന്നു കാണാം .

 

ചരിത്രപരമായ ഒരുപാട് വാസ്തവികതകള്‍ ഈ പുസ്തകത്തിന്റെ വായന ശരിവയ്ക്കുന്നുണ്ട് . തെളിവുകളും അനുമാനങ്ങളും വസ്തുനിഷ്ഠമായ പഠനങ്ങളും നല്‍കുന്ന വിശാലമായ ഒരു വായനയാണിത് .ഒപ്പം ചിന്തിക്കാനും കൂടുതല്‍ പഠിക്കാനും വഴിയൊരുക്കുക കൂടി ചെയ്യുന്ന ഈ പുസ്തകം സ്കൂളുകള്‍ അവരുടെ ലൈബ്രറികളില്‍ സൂക്ഷിക്കുന്നത് നല്ലതാകും എന്നു കരുതുന്നു. . ആശംസകളോടെ  ബിജു. ജി നാഥ്

No comments:

Post a Comment