Wednesday, October 13, 2021

വിശുദ്ധപാപങ്ങളുടെ ഇന്ത്യ..................... അരുണ്‍ എഴുത്തച്ഛന്‍

 

വിശുദ്ധപാപങ്ങളുടെ ഇന്ത്യ (പഠനം)

അരുണ്‍ എഴുത്തച്ഛന്‍

ലിറ്റ്മസ് (ഡി സി )

വില : രൂപ 270.00

 

കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരങ്ങള്‍ ആണ് ഓരോ മനുഷ്യനും എന്നു പറയാറുണ്ട് . പക്ഷേ അതിനൊരു തിരുത്ത് വേണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരമാണ് ഓരോ ലൈംഗിക തൊഴിലാളികളും എന്നായാല്‍ ശരിയായേക്കും. നളിനി ജമീലയുടെ പുസ്തകങ്ങള്‍ വായിച്ചതില്‍ നിന്നു മാത്രം ഉണ്ടാകുന്ന ഒരു ചിന്തയാണ് ഇത് എന്നു കരുതരുത് . പ്രാചീന ഇന്ത്യയില്‍ ഗണികമാരില്‍ നിന്നും കാമസൂത്രം രചിക്കാനുള്ള എല്ലാ ചേരുവകളും സംഭരിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച വാത്സ്യായനില്‍ അത് തുടക്കമിടുന്നു എന്നു കരുതാം . മലയാളത്തില്‍ ഒട്ടനവധി കഥകള്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട് എന്നത് കാണാം . ഒരു കാലത്ത് കേരളശബ്ദം മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്ന, ഇന്ദ്ര ജിത് എന്ന്‍ തൂലികാ നാമത്തില്‍ എഴുതിയിരുന്ന എത്ര എത്ര മദാലസ രാത്രികള്‍ ഓർമ വരുന്നുണ്ട് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന ഈ പുസ്തകം വായിക്കുമ്പോള്‍ . അത് പക്ഷേ ഒരേ വിഷയം ആയതിനാല്‍ അല്ല രണ്ടും പങ്കു വയ്ക്കുന്ന വിവരങ്ങളില്‍ ഉള്ള വ്യത്യാസങ്ങള്‍ക്കിടയിലും ഒരു ഏകത കണ്ടെത്താന്‍ കഴിയുന്നതിനാല്‍ മാത്രമാണത് . ഇന്ദ്രജിത്തിന്റെ ആ പുസ്തകം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അടുത്ത കാലത്ത് ഒന്നുകൂടി വായിക്കപ്പെടുകയുണ്ടായി . ഭദ്രമായി പൊതിഞ്ഞു കൊച്ചു പുസ്തകം പോലെ രഹസ്യമായി അന്നത് ഒരു സ്നേഹിതന്‍ തട്ടിന്‍പുറത്തു സൂക്ഷിച്ചിടത്ത് നിന്നാണ് വായനക്കായി കിട്ടിയതു എന്നതും ഓര്‍ക്കുന്നു .

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന ഈ പുസ്തകം ഉള്ളടക്കം ചെയ്തിരിക്കുന്നത് ഇന്ത്യയില്‍ നിലനിന്ന ദേവദാസിസമ്പ്രദായവും അതിന്റെ ഇന്നത്തെ അവസ്ഥയും ആണ് . ഒരു പത്രക്കാരന്റെ സാമൂഹ്യ ധര്‍മ്മമെന്ന നിലയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ സമൂഹമധ്യത്തിൽ കൊണ്ടുവരിക എന്നത് വളരെ അത്യാവശ്യമായ ഒന്നാണല്ലോ . കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന , എന്നല്ല ഇന്നും രഹസ്യമായി നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് ദേവദാസി സമ്പ്രദായം . ഇതനുസരിച്ച് ദളിതരായ കുടുംബങ്ങളില്‍ ജനിക്കുന്ന പെൺകുട്ടികൾ ഋതുമതിയായാല്‍ അവളെ ദൈവത്തിന്റെ ദാസിയായി അമ്പലങ്ങളിലേക്ക് വിടുന്ന ഒരു പതിവുണ്ട് കര്‍ണ്ണാടകയില്‍ . വിവാഹം കഴിച്ചയാക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്ത രക്ഷകര്‍ത്താക്കൾ, പെൺകുട്ടികൾ ജനിച്ചാല്‍ അവരെ ഇങ്ങനെ നട തള്ളുന്നു . പുറമെ അവരുടെ പിന്നീടുള്ള ജീവിതം അറിയപ്പെടുക പൊതുവില്‍ ക്ഷേത്രത്തിലെ ജോലികള്‍ ചെയ്യുക , ഭിക്ഷ യാചിച്ചു ഉപജീവനം നടത്തുക എന്നിവയാണ് . ഇവര്‍ക്ക് താമസിക്കാന്‍ ഉള്ള പുരകള്‍ ഈ ക്ഷേത്രങ്ങള്‍ക്ക് സമീപം നിര്‍മ്മിച്ചു വച്ചിട്ടുണ്ടാകും . എന്നാല്‍ ഈ പുരകള്‍ എല്ലാവര്ക്കും കിട്ടുന്നതൊന്നല്ല . ഈ പുരകള്‍ ധനികരായ ചിലരുടെ സ്വന്തമാകും . അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കുട്ടികളെ ആ വീട്ടില്‍ അവരുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി താമസിപ്പിക്കും . അവര്‍ ഗർഭിണി ആകുകയോ പുതിയ ഒരാള്‍ വരികയോ ചെയ്യുമ്പോള്‍ അവര്‍ക്ക് സ്ഥാനം പുറയ്ക്ക് വെളിയില്‍ ആകും. അവിടെ പുതിയ ആൾ എത്തും . ഭീഷണിയും നിര്‍ബന്ധവും പ്രലോഭനങ്ങളും കൊണ്ടും ഇത്തരം പുരകളില്‍ പെൺകുട്ടികളെ താമസിപ്പിച്ചു കാമ സംതൃപ്തി വരുത്തുന്ന ധനികരായ ഭക്തര്‍ ആണ് ഇത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിന്റെയോ നിലനില്‍പ്പിന്റെയോ നെടുംതൂണുകള്‍ ആയി നില്‍ക്കുന്നത് . ക്ഷേത്രങ്ങളില്‍ വരുമാനം ലഭിക്കാന്‍ ദേവദാസി സമ്പ്രദായത്തെ നിലനിര്‍ത്തുക എന്നത് അതിനാല്‍ നടത്തിപ്പുകാര്‍ക്കും വിശ്വാസികള്‍ക്കും ആവശ്യമായ കാര്യമാണ് . ഇവര്‍ കണ്ണു വയ്ക്കുന്ന പെൺകുട്ടിയെ അവര്‍ക്ക് ക്ഷേത്രത്തിലേക്ക് ലഭിക്കാന്‍ വിശ്വാസത്തിന്റെ ആവരണം അവര്‍ എടുത്തു പുതയ്ക്കുന്നു . മഴയില്ലായ്മ , കൃഷിനാശം , രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങൾക്കും ഹേതുവാകുന്നത് ഇങ്ങനെ അവര്‍ ലക്ഷ്യമിടുന്നതും അവരോടു നിഷേധം പറയുന്നതുമായ പെൺകുട്ടികളിൽ ആണ് . സർക്കാർ നിയമം  മൂലം നിര്‍ത്തലാക്കിയ ഒന്നാണ് ഇതെങ്കിലും ഇന്നും അത് നിലനില്‍ക്കുന്നുണ്ട് രഹസ്യമായിത്തന്നെ . കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒക്കെ ഇതിനെ തടയാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും രഹസ്യമായി അവരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു . വോട്ട് ബാങ്ക് ലക്ഷ്യം വച്ച് പാര്‍ട്ടിയും , സാമ്പത്തിക ലാഭം നോക്കി പ്രവര്‍ത്തകരും സംഘടനകളും പ്രവര്‍ത്തിക്കുന്നു . വിദ്യാഭ്യാസം ഇല്ലായ്മ , പട്ടിണി എന്നിവയാണ് ഈ അനാചാരങ്ങള്‍ തുടരാന്‍ കാരണം . അതില്ലായ്മ ചെയ്യാന്‍ ഒരു ആശയങ്ങൾക്കും കഴിയുന്നില്ല എന്നത് കാണുമ്പോൾ ആദിവാസികളുടെ ക്ഷേമ നിധി പോലെ തോന്നിക്കുന്നുണ്ട് ഈ പ്രവര്‍ത്തനങ്ങളും .

 

ദേവദാസി സമ്പ്രദായം നിര്‍ത്തിയതോടെ നിത്യവൃത്തിക്ക് വേണ്ടി മാംസ വ്യാപാരത്തിലേക്ക് തിരിഞ്ഞ ഈ പെൺകുട്ടികളുടെ യാത്രയിലേക്കാണ് പിന്നെ പുസ്തകം തിരിയുന്നത് . ഇതിനെ തുടര്‍ന്നു ഇന്ത്യയിലെ ഒട്ടു മിക്ക പ്രസിദ്ധങ്ങളായ ലൈംഗിക തൊഴിലാളികളുടെ ഇടങ്ങളിലേക്കും എഴുത്തുകാരന്‍ സഞ്ചരിക്കുന്നു . ആന്ധ്രയിലും , മുംബൈയിലും പശ്ചിമ ബംഗാളിലും ഒറീസ്സയിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും കറങ്ങി തിരികെ കർണ്ണാടകയിൽ വന്നു നില്ക്കുന്നു ആ യാത്ര . ഇതിലുടനീളം ദേവദാസികളിലെ വേരുകള്‍ ആണ് തിരയുന്നത് പ്രധാനമായും . ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം നടക്കുന്ന ലൈംഗിക വ്യാപാരങ്ങളിലെ കഥ കൂടി ഈ അന്വേഷണം ചൂണ്ടിക്കാണിക്കുന്നു . വിപണിയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ ലഭ്യമാണ് . അതിനു പ്രായം ഒരു ഘടകമേ ആകുന്നുമില്ല . ചതിക്കപ്പെട്ടു വരുന്നവര്‍ മാത്രമല്ല സ്വമേധയാ ഇറങ്ങി തിരിക്കുന്നവരും നിറയെ ഉള്ള ഈ വിപണി മനുഷ്യന്റെ മറ്റൊരു വൃത്തികെട്ട മുഖം കാട്ടിത്തരുന്നു . ഓരോ സ്ത്രീയെ വിവാഹം കഴിച്ചു അവൾക്കൊരു കുട്ടിയാകുമ്പോള്‍ അവളെ ദൂരെയുള്ള ഇത്തരം വ്യാപാര ശാലകളില്‍ വിറ്റു അടുത്ത പെണ്ണിനെ കെട്ടുന്ന പുരുഷന്മാരുടെ ഇന്ത്യയെക്കൂടി ഇവിടെ കാണാന്‍ കഴിയും . ഇത്രയേറെ ലൈംഗിക ദാഹികളായ പുരുഷന്മാര്‍ ഈ സമൂഹത്തില്‍ വിശന്നലയുന്നു എന്നുള്ളതുകൊണ്ടു മാത്രമാണു ഒരു പക്ഷേ ലൈംഗികതൊഴിലാളികള്‍ക്ക് ഇവിടെ ഉപജീവനം മുടങ്ങാതെ ലഭിക്കുന്നത് എന്നു കരുതുന്നു. . കല്‍ക്കട്ടയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ സംസാരിക്കുന്നതു ഇത്തരം തൊഴില്‍ നിര്‍ത്തുന്നതിനല്ല പകരം അവര്‍ക്ക് വേണ്ട ക്ഷേമനിധികള്‍ വാങ്ങി നല്‍കാനാണ് എന്നു എഴുത്തുകാരന്‍ പറയുമ്പോള്‍ അതൊരു സാമൂഹ്യപരമായ് ചിന്ത കൂടി വെളിവാക്കുകയാണ് .

ഒഴിവാക്കേണ്ട ഒരു കച്ചവടം ആണ് ലൈംഗിക തൊഴില്‍ എന്ന്‍ ഒരു കാഴ്ചപ്പാടാണ് അവിടെ കാണാന്‍ കഴിയുന്നത് . മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക എന്നതല്ല ആവശ്യം . തൊഴില്‍ പൂര്‍ണ്ണമനസ്സോടെ ചെയ്യുന്നവര്‍ക്ക് വേണ്ട സംരക്ഷണവും , ആരോഗ്യ പരിരക്ഷയും സുരക്ഷാ അവബോധങ്ങളും ഒരുക്കിക്കൊടുക്കേണ്ടതാണ് അധികാര വര്‍ഗ്ഗത്തിന്റെ കടമ എന്നു കരുതുന്നു. . പക്ഷേ അതിനു പകരം അവരെ പുനരധിവസിപ്പിക്കാന്‍ എന്ന പേരില്‍ റെയിഡും മറ്റും നടത്തി രക്ഷപ്പെടുത്തി എടുക്കുകയും വീണ്ടും അവരുടെ ജീവിതം അനിശ്ചിതത്തില്‍ എത്തിക്കുകയും ചെയ്യുന്നത് ആശാവഹമല്ല . ചതിക്കപ്പെട്ടവരെ രക്ഷപ്പെടുത്തി പുതു ജീവന്‍ നല്‍കുന്നത് നല്ല കാര്യമാണ് . തുടരാന്‍ ആഗ്രഹമുള്ളവരെ അംഗീകൃതമായ രീതിയില്‍ അത് തുടരാന്‍ കൂടി അവസരം നല്കേണ്ടതുണ്ട് . ലേഖകന്‍ കാണാതെ പോയ ചില കാഴ്ചകള്‍ കൂടി ഓര്‍ത്തുകൊണ്ടു ഈ പുസ്തകവായന മുഴുമിപ്പിക്കുന്നു . ഗുജറാത്തിലെ നിര്‍മ ഫാക്ടറി നിലനില്‍ക്കുന്ന അഹമദാബാദിലെ രുപ്പൂര്‍ എന്ന്‍ പ്രദേശം ലൈംഗിക വിപണിയുടെ ഗുജറാത്തിലെ കറുത്ത മുഖമായി കേട്ടറിഞ്ഞിട്ടുണ്ട് .  ആവശ്യക്കാരെ കാത്തു കവലകളിൽ മരച്ചുവടുകളിൽ പുരുഷന്മാര്‍ ഉണ്ടാകും . ഇരകളെ കിട്ടിയാല്‍ മാത്രമേ ഗാട്ടി എന്ന്‍  ഓമനപ്പേരുള്ള ചാരായം കഴിക്കാന്‍ പണം കിട്ടുകയുള്ളൂ . വീടുകളില്‍ ഉള്ള സ്ത്രീകള്‍ക്ക് ആവശ്യക്കാരെ എത്തിച്ച് അവര്‍ തങ്ങളുടെ ചാരായദാഹം ശമിപ്പിക്കുന്നു . സൂറത്തില്‍ ഉള്ള ചാക്ല ബസാര്‍ മറ്റൊരു പ്രമുഖ കേന്ദ്രം ആണ് . കേന്ദ്ര ഭരണ പ്രദേശമായ ദമനിലും വീടുകള്‍ കേന്ദ്രീകരിച്ചു ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതു കണ്ടിട്ടുണ്ട് . വല്‍സാദില്‍ വ്യവസായ ശാലകളിലെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ ഇടയിലെ മറ്റൊരു വിനോദമാണ് മാസത്തിലൊരിക്കലോ മറ്റോ ഉള്ള ഒന്നിച്ചു കൂടല്‍ . കുടുംബമായി ഒന്നിച്ചു കൂടുന്ന അവര്‍ തങ്ങളുടെ കാറുകളുടെ ചാവി ഒരു താലത്തില്‍ ഇടുന്നു . രാവേറെ നീളുന്ന മദ്യസല്‍ക്കാരം കഴിയുമ്പോള്‍ അല്പ സമയത്തേക്ക് വിളക്കുകള്‍ അണയുന്നു . ആ സമയം ആരുടെ ചാവി ആര്‍ക്കാണോ കിട്ടിയതു അയാളുടെ ഇണയെ ആ രാത്രി ചാവി കിട്ടിയ ആൾ സ്വന്തമാക്കുന്നു . എന്തു നല്ല ആചാരം എന്നു നാം ചിരിക്കുന്നു . പക്ഷേ നഗരങ്ങളുടെ വിനോദങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ഇന്ന് സുലഭം .

സമൂഹം അധികം ചര്ച്ച ചെയ്യാന്‍ ശ്രമിക്കാത്ത ഒരു വിഷയത്തെ ശ്രദ്ധയിലേക്ക് കൊണ്ട് വന്ന പുസ്തകം എന്ന രീതിയില്‍ ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ് എന്നു വിശ്വസിക്കുന്നു . കൂടുതല്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ബിജു. ജി . നാഥ്

No comments:

Post a Comment