Saturday, October 9, 2021

പ്രസാധകരില്ലാത്ത കവിതകള്‍ ........................ നിഷ നാരായണന്‍

 
പ്രസാധകരില്ലാത്ത കവിതകള്‍
നിഷ നാരായണന്‍
വില :₹ 100.00
 
പ്രസാധകര്‍ ഇല്ലാത്ത കവിതകള്‍.... തലക്കെട്ട് തന്നെ വളരെ വിചിത്രമായി തോന്നിയേക്കാം അല്ലേ ! എന്നാല്‍ അതില്‍ ഒരു നിലപാടിന്റെ ശബ്ദം കേള്‍ക്കാം . അതില്‍ വളര്‍ന്ന് വരുന്ന കലാകാരന്റെ ആത്മവേദന കാണാം . ഒരു കൈ കൊടുത്താല്‍ ഉയര്‍ന്നു വന്നേക്കാവുന്ന കഴിവുറ്റ എഴുത്തുകാര്‍ ഇന്നും എന്നും ഉണ്ടായിട്ടുണ്ട് . അവര്‍ മുഖ്യധാരയില്‍ അറിയാതെ പോയതിന് പ്രധാനകാരണം സാഹിത്യത്തില്‍ ഉയര്‍ന്നു വരുന്ന വലിയ ഒരു അപചയം മൂലമാണ് . പ്രസാധകര്‍ എന്ന ഒരു വലിയ അധോലോകം ആണ് സാഹിത്യത്തെ നയിക്കുന്നത് . അവരുടെ കാഴ്ചപ്പാടില്‍ ആരെ ഉയര്‍ത്തണം എന്നും ആരെ ഇകഴ്ത്തണം എന്നും വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അതിനനുസരിച്ചു അവര്‍ തങ്ങളുടെ കരുനീക്കങ്ങള്‍ നടത്തുന്നു . പ്രശസ്തരുടെ പുസ്തകങ്ങള്‍ മാത്രം സൗജന്യമായി അടിച്ചു വിതരണം ചെയ്തു കൊണ്ടും പ്രശസ്തരുടെ രചനകള്‍ക്ക് മാത്രം പേജുകളില്‍ സ്ഥാനം കൊടുത്തുകൊണ്ടും സാംസ്കാരികമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു ഇവിടെ . പീനസ്തനികൾക്ക് മാത്രം ഇളവും പരിഗണനയും നല്കിയിരുന്ന ഒരു വ്യക്തിയെ ഓർമ്മ വന്നു. ഇതിൻ്റെയൊക്കെ ഫലമോ കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്ന പുതിയ പുതിയ പ്രസാധക സംവിധാനങ്ങള്‍ ഉണ്ടാകുന്നു എന്നതാണ്.. അവര്‍ അത്യാഗ്രഹികള്‍ ആയ പലിശക്കാരെ പോലെ എഴുത്തുകാരുടെ കഴുത്തറുക്കുന്നു . തങ്ങളുടെ രചനകള്‍ പുസ്തകങ്ങള്‍ ആയി കാണാന്‍ കൊതിച്ച് പുതിയ എഴുത്തുകാർ ഇവരെ തേടിച്ചെല്ലുന്നു . ഏകീകൃതമല്ലാത്ത നിരക്കുകള്‍ ആണ് ഓരോരുത്തരും മുന്നോട്ട് വയ്ക്കുന്നത് എന്നതില്‍ തുടങ്ങി പിടിച്ച്പറി തുടങ്ങുകയായി . ഒരു ഗുണഗണവും ഇല്ലാത്ത പ്രിന്‍റിംഗ് , പേരിനു പോലും ഒരു എഡിറ്റര്‍ ഇല്ലാത്ത ബോര്‍ഡ് . പറഞ്ഞതിന് പാതി പോലും അച്ചടിക്കാത്ത കോപ്പികളും ആയി മറ്റൊരു ചതി . പുസ്തകം പ്രസാധകം ചെയ്യാന്‍ വേറെ നിരക്കുകള്‍  തുടങ്ങി പല പല കെടുകാര്യസ്ഥതകള്‍ ആണ് ഇന്ന് പുസ്തകപ്രസാധക രംഗത്ത് നിലനില്‍ക്കുന്നത്. ഈ അവസ്ഥയില്‍ എന്തിനായി ഇവരുടെ കക്ഷത്ത് തങ്ങളുടെ കഴുത്ത് കൊണ്ട് വയ്ക്കുന്നു എന്നു ചിന്തിക്കുന്ന സ്വതബോധമുള്ള ചില എഴുത്തുകാരും ഉണ്ട് . നിഷ നാരായണന്‍ എന്ന് അധ്യാപികയായ കവി ഈ നിലപാടുകള്‍ ഉള്ള ഒരാള്‍ ആയി അനുഭവപ്പെടുന്നു . അല്ലെങ്കില്‍ ആ കവിക്ക് ഇങ്ങനെ ഒരു തലക്കെട്ടില്‍ ഒരു പുസ്തകം ഒരു ബാനറിലും അല്ലാതെ ഇറക്കാന്‍ ധൈര്യം ഉണ്ടാകില്ലല്ലോ.
സോഷ്യല്‍ മീഡിയ സമ്മാനിച്ച ചുരുക്കം നല്ല കവികളില്‍ ഒരാള്‍ ആണ് നിഷ നാരായണന്‍ . ഭാഷയുടെ സ്ഫുടമായ പ്രത്യേകതകള്‍ കൊണ്ട് പ്രമേയങ്ങളിലെ വ്യത്യസ്ഥതകൾ കൊണ്ടും എഴുത്തിലെ അഹങ്കാരവും ധൈര്യവുമൊക്കെക്കൊണ്ടും സ്ഥിരമായുള്ള ക്ലീഷേ എഴുത്തുകാരില്‍ നിന്നും നിഷ നാരായണന്‍ വേറിട്ട് നില്ക്കുന്നു . പഴയകാല കവിതകള്‍ ഒക്കെയും മതവേദ ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളും സംഭവങ്ങളും കൊണ്ട് മുഖരിതമായതോ വര്‍ണ്ണനകള്‍ കൊണ്ട് നിറഞ്ഞതോ ആയിരുന്നു എങ്കില്‍ പുതിയ കാല കവിതകള്‍ അവയില്‍ നിന്നും പാടെ മാറിക്കഴിഞ്ഞിരിക്കുന്നു . ഇപ്പൊഴും ഉണ്ണി യേശുവിനെയും കള്ളക്കൃഷ്ണനെയും രാധയെയും മുത്തു നബിയെയും മറ്റും കവിതകളില്‍ തളച്ചിടുന്നവർ ഉണ്ട് എന്നാലും അവര്‍ ഇന്ന് എണ്ണത്തില്‍ കുറവാണ് എന്നു കാണാം . പകരം ആനുകാലിക സംഭവങ്ങളിലേക്ക് കടന്നു കയറുകയായിരുന്നു പുതിയ കാല കവികള്‍ . അവ്ര്‍ക്ക് വിഷയത്തിന് അധികം അലയേണ്ടതുണ്ടായിരുന്നില്ല . മുപ്പതുകാരിയെ പ്രണയിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങളും . വിധവയെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും , തെങ്ങുകയറ്റക്കാരന്റെ ലൈംഗിക ശക്തിയും വനിതാ തൊഴിലാളികളുടെ ദൈനംദിന യാത്രാപ്രശ്നങ്ങളും ഉള്ള ജോലി സ്ഥലത്തുള്ള ബുദ്ധിമുട്ടുകളും , ആര്‍ത്തവവും, ശാരീരിക പ്രണയവും , അമ്മയെ കുളിപ്പിക്കലും ഒക്കെയായി പെണ്ണെഴുത്തുകള്‍ മാറിയിരിക്കുന്നു . കൂട്ടിന് ആണെഴുത്തും ഉണ്ട് . ഇവിടെ പെണ്ണെഴുത്ത് , ആണെഴുത്ത് എന്നു പ്രത്യേകം പറയാന്‍ കാരണം ഇവയൊക്കെ എഴുതുന്നവര്‍ സ്വയം അടയാളപ്പെടുത്തുന്ന സംജ്ഞകൾ ആണിവയെന്നതിനാല്‍ മാത്രമാണു . സച്ചിതാനന്ദന്‍ മലയാളത്തിന് നല്കിയ ഈ തരം തിരിവ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും മറ്റുമായി നിലനില്‍ക്കുകയും ആണല്ലോ .
 
ഇത്തരം കവിതാ വിഷയങ്ങളുടെ അലച്ചിലും നിലനില്‍പ്പില്ലായ്മയും ഒരു വാസ്തവികതയായി നിലനില്‍ക്കുമ്പോള്‍ ത്തന്നെയാണ് എഴുതിയത് ആണോ , പെണ്ണോ എന്നു തിരിച്ചറിയാണ്‍ കഴിയാത്ത വണ്ണം കവിതകള്‍ ഇവിടെ കാണാന്‍ കഴിയുക . അത്തരം എഴുത്തുകള്‍ വളരെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്യാറുമുണ്ട് . നിഷ നാരായണന്റെ കവിതകളിലേക്ക് വരികയാണെങ്കില്‍ അതില്‍ രാഷ്ട്രീയം ഉണ്ട് . രതി ഉണ്ട്  പ്രണയം ഉണ്ട് ജീവിതവും . എന്നാല്‍ ഇവയിലെല്ലാം ഒരു അന്താരാഷ്ട്ര മുഖം കൂടിയുണ്ട് . ഒരേ സമയം പല വായനാ മുഖങ്ങള്‍ നല്‍കുന്ന കവിതകള്‍ ആണ് നിഷയുടെ പ്രത്യേകതയായി കാണാവുന്നത് . ഓരോ കവിതയിലും ഒരു അമൂര്‍ത്ത സങ്കല്‍പ്പം ഉണ്ടാകും ഒരു അടയാളം ഉണ്ടാകും . പരിചിതമല്ലാത്ത ഒരു ഭൂമികയോ , വ്യക്തിയോ , വിശേഷമോ അവയില്‍ അടങ്ങിയിട്ടുണ്ടാകും .ഇത് കവിയുടെ ഒരു കൗശലമായി കാണാം . അതായത് വായനക്കാരന്‍ ഒരു വീക്ഷണകോണിൽക്കൂടി വായിച്ചു പോകുമ്പോഴായിരിക്കും അവനെ വഴിതെറ്റിച്ചുകൊണ്ടു ഇങ്ങനെ എന്തെങ്കിലും അവനെ നോക്കി ചിരിച്ചു നില്‍ക്കുക . ഈ കൈയ്യടക്കം നിഷയുടെ എഴുത്തുകള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യം നല്കുന്നുണ്ട് . പുഴയോട് അന്യഭാഷയില്‍ നന്ദി പറയുന്നതിലായാലും, l wandered lonely as a cloud  എന്നു പറയുന്നതിലായാലും, യു ഫക്ഡ് മീ വിതൗട്ട് കിസ്സിംഗ്  എന്ന വികാരങ്ങള്‍ ഇല്ലാത്ത ഒരു രതിയില്‍ എനിക്കു താത്പര്യമില്ല എന്ന്‍ ഉത്‌ഘാേഷത്തിലായാലും കവി തന്റെ നിലപാടുകള്‍ വളരെ നിശിതമായി അടയാളപ്പെടുത്താന്‍ ശ്രദ്ധിക്കുന്നു . അപൂര്‍ണ്ണമായ ഒരു രതിയാണ് നിഷയുടെ കവിതകളിലെ അന്തര്‍ലീനമായ വസ്തുത എന്നു തോന്നുന്നു . പാടിത്തീരാത്ത ഒരു മധുരഗീതം പോലെ , കഴിച്ചു മതിയാകാത്ത ഒരു പലഹാരം പോലെ, അപൂര്‍ണ്ണമായ പ്രണയവും രതിയും കവിതകളില്‍ മറഞ്ഞു കിടക്കുന്നു . പൂര്‍ണ്ണത ഇല്ലാത്ത എന്തും വീണ്ടും അന്വേഷണങ്ങള്‍ ആകുന്നു എന്നതാണു മനുഷ്യന്റെ ജൈവിക പ്രകൃതം. പൂര്‍ണ്ണമായാല്‍ പിന്നെ അതിനെക്കുറിച്ച് എന്തു പറയാന്‍ ? ഈ ലോക തത്വം നിഷയിലെ കവിതകള്‍ വിളിച്ച് പറയുന്നതായി തോന്നുന്നുണ്ട് .
ഓർഡൻ കവിതകളും ഷെല്ലിയും ഡാഫോഡിൽസും ഷേക്സ്പിയറും നിറഞ്ഞ നിഷയുടെ കവിതാ ലോകം
" ജോസപ്പേ....
നോക്കെടാ ഈ ലോകം എത്ര സുന്ദരാ....
എന്ന് വായനക്കാരനെ ഓർമ്മിപ്പിക്കും.
 
ആഴത്തില്‍ ഉള്ള വായനയും തുടര്‍ വായനകളും ഇല്ലാതെ നിഷ യുടെ കവിതകള്‍ മനസ്സിലാകണം എന്നില്ല . ബൗദ്ധികമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ആത്മീയതയും മാസ്മരികതയും കലര്‍ത്തി എഴുതുന്ന കവിതകള്‍ വായനക്കാരെ, പ്രത്യേകിച്ചു കവിതാസ്വാദകരെ ആനന്ദിപ്പിക്കും . അക്ഷരസ്ഫുടതയും ആഴത്തിലുള്ള പരന്ന വായനയും ലോകവീക്ഷണവുമുള്ള ചുരുക്കം എഴുത്തുകാരിൽ ഒരാള്‍ ആണ് നിഷ എന്നു കവിതകള്‍ അടയാളപ്പെടുത്തുന്നു . ഓരോ കവിതകള്‍ ആയി എടുത്തു പറയാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ . എല്ലാവിധ ആശംസകളും നേരുന്നു . ബിജു.ജി. നാഥ്

No comments:

Post a Comment