കടലു കടക്കാൻ കൊതിച്ചൊരുവൻ
........................
ഒറ്റയ്ക്കൊരാൾ കടലു കടക്കുവാൻ തീരുമാനിക്കുകയാണ്.
ഓ ! കടലു താണ്ടാൻ തോണിയൊന്നു വേണം.
കടലായ കടലും
തിരയായ തിരയും
തിരഞ്ഞു തിരഞ്ഞയാൾ
ഒടുവിലത് കണ്ടെത്തി.
നിറയെ പായലുകൾ പൊതിഞ്ഞ
പഴയൊരു കട്ടമരമായിരുന്നത്.
തീരത്തൊരു കുടിൽ കെട്ടി,
സമയമെടുത്തയാൾ അത് വൃത്തിയാക്കി.
യാത്ര തീരുമാനിച്ച ദിവസം,
തുഴയില്ലാതെങ്ങനെ എന്നോർത്ത് കരഞ്ഞു.
പിന്നെയും
കടലായ കടലും
തിരയായ തിരയും തിരഞ്ഞു.
തുഴയുമായി വീണ്ടും തിരികെ .
കാലം ഒരു പാട് കഴിഞ്ഞിരുന്നപ്പോഴേക്കും .
തിരകളെ വകഞ്ഞ്
കട്ടമരം കടലിലേക്കിറക്കുംമ്പോഴേക്കും
തളർന്നുപോയയാൾ.
നിലയില്ലാ വെള്ളത്തിലേക്ക്
മുങ്ങിത്താഴുമ്പോഴാണ്
തനിക്ക് നീന്തലറിയില്ലാന്നു ഓർത്തത്.
കടലയാളെ പ്രണയത്തോടെ കൂട്ടിക്കൊണ്ടു പോയി.
മൂന്നാം നാൾ
മറ്റൊരു കരയിൽ
തിരകൾ തൻ തലോടലേറ്റ് കമിഴ്ന്ന് കിടക്കുമ്പോൾ
സ്വപ്നങ്ങൾ കാണാൻ
അയാൾക്ക് കണ്ണുകൾ ബാക്കിയില്ലാരുന്നു.
@ബിജു.ജി.നാഥ്
No comments:
Post a Comment