Wednesday, March 28, 2018

എന്റ ആത്മകഥ അഥവാ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ .......... എം കെ ഗാന്ധി


എന്റ ആത്മകഥ അഥവാ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍
എം കെ ഗാന്ധി
ശ്രേയസ് പബ്ലിക്കേഷന്‍സ്

         ചരിത്രത്തില്‍ ഇടം നേടിയ മഹാനായ ഒരു വ്യക്തിയുടെ ആത്മകഥ വായിക്കുക എന്നത് ജീവിതത്തിനു മുന്നോട്ടു നയിക്കാന്‍ ലഭിക്കുന്ന നന്മയുടെ വശങ്ങള്‍ കൈവശമാക്കുക എന്നൊരു ലക്‌ഷ്യം കൂടി ഉള്‍ക്കൊള്ളുന്നു . ആ ഒരു തലത്തില്‍ നിന്നുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ എന്ന ബഹുമതി പേറുന്ന മഹാത്മാഗാന്ധിയുടെ ആത്മകഥ വായിക്കാന്‍ തുടങ്ങുക .കുട്ടിക്കാലത്ത് ഒരുപാട് കേട്ട വസ്തുതയാണ് കുട്ടികള്‍ വായിക്കേണ്ട പുസ്തകം ആണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്ന് . അതിനു ഉപോല്‍ബലമായി ഗാന്ധിജി ആദ്യമായി മാംസം കഴിച്ചതും വയറിനുള്ളില്‍ കിടന്നു ആട് രാത്രി വിളിച്ചതും ആയ കഥയൊന്നു കുട്ടിക്കാലത്തു കേട്ടിട്ടുണ്ട് . പണം മോഷ്ടിച്ചതും , മാംസം തിന്നതും അവ രണ്ടും ഇനി ജീവിതത്തില്‍ ആവര്‍ത്തിക്കില്ല എന്ന് പ്രതിജ്ഞ എടുത്തതുമായ ഗാന്ധിജിയുടെ ആത്മകഥയിലെ ഭാഗം പഠിച്ചു എന്നതിനപ്പുറം ഇതുവരെയും ആ പുസ്തകം മുഴുവനായും ഒന്ന് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല .
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും ഗാന്ധിജിയുടെ ജീവിതവും കോണ്ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളും വായിച്ചു മനസ്സിലാക്കുക എന്നത് നാം കടന്നു പോയ കെട്ട കാലത്തിന്റെ വസ്തുതകള്‍ അറിയുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ ചരിത്രം വായിക്കുക എന്തു ഒരു സന്തോഷമാണ് . ചരിത്രത്തോട് ഒപ്പം നടന്നവരുടെ ചരിത്രം വായിക്കുക എന്നത് അതിലേറെ സന്തോഷം നല്‍കുന്ന വസ്തുതയും .
        ഈ പുസ്തകം പങ്കു വയ്ക്കുന്ന നന്മകള്‍ എന്താണ് കുട്ടികളിലും മുതിര്‍ന്നവരിലും എന്ന് ചോദിച്ചാല്‍ അത് ഒരാള്‍ ജീവിതത്തില്‍ എന്തൊക്കെ തടസ്സങ്ങളും ,ബുദ്ധിമുട്ടുകളും , നഷ്ടങ്ങളും ഉണ്ടായാലും സത്യസന്ധതയും , പ്രതിജ്ഞയും ഒരിക്കലും കൈവിടരുത് എന്നതാണ് . ചിലപ്പോള്‍ സത്യസന്ധത വല്ലാതെ കഠിനമായ ഒരു പരീക്ഷണം ആയേക്കാം . ജീവിതത്തില്‍ തോറ്റുപോയെന്നു വരാം . ജീവന്‍ പോലും നഷ്ടമായെന്നു വരാം പക്ഷെ സത്യസന്ധത കൈവിടരുത് എന്ന് ഗാന്ധിജി പഠിപ്പിക്കുന്നു . അതുപോലെ നാം ഒരു തീരുമാനം എടുത്താല്‍ അത് നമുക്ക് ശരിയെന്നു തോന്നിയാല്‍ അതിൽ നിന്നും  ഒരിക്കലും പിന്മാറരുത്‌ എന്നും ഈ ആത്മകഥ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. വളരെ നല്ല കാര്യം തന്നെയാണ് . ഇതിനായി ഗാന്ധിജി എന്താണ് ചെയ്തത്, എന്തൊക്കെ കാര്യങ്ങളില്‍ എന്ന് കൂടി പരിശോധിക്കണം എന്ന് കരുതുന്നു . കളവു പറയുന്നത് തെറ്റാണ് എന്ന് കരുതുകയും വളരെ ചെറുതെങ്കിലും കളവു പറഞ്ഞു പോയതില്‍ അച്ഛനോട് തന്റെ തെറ്റ് തുറന്നു പറഞ്ഞു കഴിയുമ്പോള്‍ മനസ്സ് ശാന്തമാകുന്നതും ഇനി കളവു പറയില്ല എന്ന് ഉറപ്പിക്കുന്നതും ഗാന്ധിയുടെ കുട്ടിക്കാലത്തെ രൂപപ്പെടുത്തിയ ഒരു വലിയ മാറ്റവും വളര്‍ച്ചയും ആണ് . മാംസം വൈഷ്ണവ ഗോത്രവംശത്തിന്റെ ഭക്ഷണം അല്ലാത്തതിനാല്‍ കഴിക്കില്ല എന്ന് തീരുമാനിക്കുന്നത് പക്ഷെ അച്ഛനും അമ്മയും ജീവിച്ചിരിക്കും കാലത്തോളം എന്നാണു എങ്കിലും തുടര്‍ന്നും അത് ഉപേക്ഷിക്കാന്‍ മനസ്സുകൊണ്ട് പ്രാപ്തനാകുന്നു ഗാന്ധിജി . തന്റെ ഔദ്യോഗികവൃത്തിയില്‍ അഭിഭാഷക ജീവിതത്തില്‍ കൈക്കൂലി വാങ്ങാതെ , അമിത കൂലി വാങ്ങാതെ , സത്യസന്ധമായി മാത്രം കേസ് വാദിക്കാന്‍ ഗാന്ധിജി ശ്രമിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്നത് അഭിഭാഷക വൃത്തി ചെയ്യുന്നവര്‍ക്ക് ഒരു നല്ല മാതൃകയാണ് . രോഗം വന്നു പോയിട്ടും , ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പാല്‍ , മാംസം തുടങ്ങിയ വസ്തുതകള്‍ ഗാന്ധിജി ഉപയോഗിക്കുക ഉണ്ടായില്ല . അത് മൂലം മരിക്കുന്നു എങ്കില്‍ മരിക്കട്ടെ എന്ന ചിന്തയാണ് അദ്ദേഹം കൈക്കൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . ഗാന്ധിജിയുടെ ജീവിതത്തിലെ ഈ നല്ല വിഷയങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ട് ഗാന്ധിജി എന്ന വ്യക്തിയെ ഒന്ന് വിശകലനം ചെയ്യുന്നത് ഇത്തരത്തില്‍ നന്നായിരിക്കും എന്ന് കരുതുന്നു .
         പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന മനുഷ്യൻ , ആദിമകാലത്തു നിന്നും ഒരു പാടു വളർന്നു മുന്നോട്ടു വന്നു കഴിഞ്ഞിരിക്കുന്നു. ഇനിയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴി എങ്കിൽ ആ മനുഷ്യൻ ഒരു പരാജയം ആകും എന്നു മനസ്സിലാക്കേണ്ടി വരും. മദ്യം,മാംസം, പാൽ, മുട്ട എന്നിവ കഴിക്കാതെ തികഞ്ഞ സസ്യാഹാരിയായി ജീവിക്കുന്ന ഗാന്ധിജി കടുത്ത രോഗശയ്യയിൽ പോലും മരുന്നുകൾ  ഡോക്ടർ ആവശ്യപ്പെടുന്ന തരത്തിൽ കഴിക്കാൻ തയ്യാറാകുന്നില്ല. ഇത് സ്വന്തം ജീവിതത്തിൽ മാത്രമല്ല ഭാര്യയുടെയും കുട്ടികളുടെയും ജീവിതത്തിൽ ആവർത്തിക്കുന്നു. രക്ത വാർച്ച മൂലം മരണത്തിന് സമീപം എത്തിയ ഭാര്യയെ പോലും പ്രകൃതിചികിത്സയുടെ പ്രാകൃതപരീക്ഷണങ്ങളിൽ ഗാന്ധിജി വലിച്ചിഴയ്ക്കുന്നു. ഭാര്യയുടെ മാത്രമല്ല മക്കൾക്കും ഇതു തന്നെയാണ് ഗാന്ധിജി അനുവർത്തിക്കുന്നത്. അതുപോലെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചു പകരം പ്രകൃതിയിൽ നിന്നും പാഠം പഠിപ്പിക്കുന്ന ഒരു പിതാവായി മാറിയ അതേ ഗാന്ധിജി തന്നെ വിദ്യാഭ്യാസം ഉണ്ടാകാൻ ഇന്ത്യയുടെ ഗ്രാമങ്ങളിൽ സഞ്ചരിക്കുമ്പോൾ ആവശ്യപ്പെടുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത് ആണ് ഒരു സമൂഹ സേവകന്റ ജീവിതത്തിനു നല്ലത് എന്നദ്ദേഹം കരുതുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. സൗത്താഫ്രിക്കയിലും ഇന്ത്യയിലും ഗാന്ധിജി പലപ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ യുദ്ധങ്ങൾക്ക് സേവനം അങ്ങോട്ട് ആവശ്യപ്പെട്ടു ആളുകളെ കൂട്ടി പോയ് ചെയ്തു കൊടുക്കുന്നതും കൂലികൾക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുമ്പോൾ തന്റെ ജീവിത നിലവാരം ലളിതം എന്നു ഭാവിക്കുമ്പോഴും ഒരു പടി മുന്നിൽ നിലനിർത്തുകയും ചെയ്യുന്നതു കാണാമായിരുന്നു. ഒരു ഭർത്താവു എന്ന നിലയിൽ , അച്ഛൻ എന്ന നിലയിൽ , വ്യക്തി വികസനത്തിൽ ഒരു നല്ല മാതൃകയായി ഗാന്ധിജിയെ ഈ പുസ്തകത്തിൽ വായിച്ചെടുക്കാൻ കഴിയുന്നില്ല. 
     ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി നടത്തിയ സത്യാഗ്രഹങ്ങളും നേതൃത്വം കൊടുത്ത സമരങ്ങളും ഒക്കെ ആദരണീയങ്ങളായ വസ്തുതകൾ ആണെങ്കിലും ഒരു വ്യക്തിയെന്ന നിലയ്ക്ക് ഗാന്ധിജിയോടുള്ള  ഇഷ്ടം നഷ്ടപ്പെടുത്തിയ വായനയാണ് ഈ ആത്മകഥ നല്കിയത് എന്ന വസ്തുത ഒളിച്ചു വയ്ക്കുന്നില്ല. ഒരു നല്ല നേതാവു ഒരു നല്ല കുടുംബനാഥൻ ആകണമെന്നില്ല എന്ന ചിന്തയോടെ ബി.ജി.എൻ വർക്കല


1 comment:

  1. സത്യസന്ധമായ പരിചയപ്പെടുത്തല്‍
    ആശംസകള്‍

    ReplyDelete