Tuesday, April 3, 2018

വാരാണസി. ......... എം.ടി.


വാരാണസി (നോവൽ)
എം.ടി.
കറന്റ് ബുക്സ്

        

         വാര്‍ദ്ധക്യത്തിന്റെ ചിന്തകള്‍ , അസ്വസ്ഥതകള്‍ ഒക്കെയും അതേപടി വരികളില്‍ ആവാഹിച്ചു മനുഷ്യജീവിതത്തിന്റെ കഥ പറയുന്ന വാരാണസി ഒരു പക്ഷേ മലയാള നോവലില്‍ വലിയ ഒരു സംഭവം ആയി കാണുവാന്‍ കഴിഞ്ഞെന്നു വരില്ല . എങ്കിലും നോവലിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കാശിയുടെ അന്തരീക്ഷത്തെ രണ്ടു കാലഘട്ടത്തില്‍ കൂടി നോക്കി കാണാന്‍ കഴിയുന്ന വായന നല്ലൊരു അനുഭൂതി തന്നെയാണ് . കണ്ടതും കാണാത്തതും കേട്ടു മാത്രമറിഞ്ഞതും ആയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ , ജീവിതങ്ങള്‍ തുടങ്ങിയവ നോവലിലൂടെ വായനക്കാരെ തേടി എത്തുന്ന ഒരു അനുഭവം ആണ് ഈ നോവലില്‍ കാണാന്‍ കഴിഞ്ഞത് . സുധാകരന്‍ എന്ന മനുഷ്യന്‍ നടന്നു പോയ വഴികള്‍ . അതിലൂടെ, അയാളുടെ കാഴ്ചകളിലൂടെ തലമുറകള്‍ സംഭവങ്ങള്‍ ഒക്കെ തികച്ചും യാഥാർത്ഥ്യബോധത്തോടെ പങ്കുവയ്ക്കുന്നു ഈനോവലില്‍ . ഒരു പക്ഷെ അത് തന്നെയാകാം വാര്‍ദ്ധക്യത്തിന്റെ കഥ പറയുമ്പോഴും ഈ നോവലിനെ വേറിട്ട്‌ നിര്‍ത്തുന്നത് .

         സുധാകരന്റെ ജീവിതത്തില്‍ കടന്നു വന്ന നാലു സ്ത്രീകള്‍ . ഈ നാലു പേരിലൂടെ സുധാകരന്‍ സഞ്ചരിച്ച വഴികള്‍ . ഇതാണ് വാരാണസി പങ്കു വയ്ക്കുന്ന കഥാബീജം . ആദ്യമായി പ്രണയം പങ്കു വച്ച സ്ത്രീ . അവളെ വിവാഹം കഴിക്കാന്‍ വേണ്ടി തൊഴില്‍ തേടി മുംബയില്‍ എത്തുന്ന സുധാകരന്‍ അവിടെ ജോലിക്കിടയില്‍ പഠനം കൂടി തുടരാന്‍ ശ്രമിക്കുമ്പോള്‍ ആണ് മറ്റൊരു സ്ത്രീ ജീവിതത്തില്‍ കടന്നു വരുന്നത് . മുംബയുടെ ജീവിതത്തിലെ ആധുനികതയുടെ കടന്നു വരവിന്റെ മുഖമുള്ള ആ പെണ്‍കുട്ടിയില്‍ അയാള്‍ പ്രതീക്ഷിക്കുന്നത് ഒരുപാട് പുരുഷന്മാര്‍ കടന്നു പോയിട്ടുള്ള ഒരു ജീവിതം ആണ് . പക്ഷെ വീണു കിട്ടിയ ഒരവസരത്തിൽ അയാള്‍ അവളെ കീഴടക്കുമ്പോഴാണ്  അറിയുന്നത് അവളുടെ ആദ്യപുരുഷന്‍ താനെന്നത് . അവള്‍ ഗർഭിണിയാകുമ്പോള്‍ ഒരു ഭീരുവിനെപ്പോലെ അയാള്‍ അവിടെ നിന്നും ബാംഗ്ലൂരിലേക്ക് ഒളിച്ചോടുകയാണ് . അവിടെ നിന്നും അയാള്‍ വാരാണസിയില്‍ എത്തുന്നു . വാരാണസിയില്‍ നിന്നും അയാള്‍ എത്തപ്പെടുന്നത് പാരീസില്‍ ആണ് അവിടെ വച്ച് ആണ് ദക്ഷിണേന്ത്യന്‍ കലകളോട് പ്രിയം ഉള്ള ഒരു സ്ത്രീ അയാളുടെ ജീവിതത്തിലേക്ക് വരുന്നത് . അത് വിവാഹത്തില്‍ കലാശിക്കുകയും അവളില്‍ കുഞ്ഞു ജനിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ അവള്‍ ആ കുഞ്ഞുമായി അമേരിക്കയിലേക്കും അയാള്‍ തിരികെ വാരാണസിയിലേക്കും തിരിച്ചെത്തുന്നു . ഇവിടെ അയാള്‍ക്ക് പുതിയതായി ഒരു സ്ത്രീ സൗഹൃദം കടന്നു വരുന്നത് വാരാണസിയെക്കുറിച്ച് ചരിത്രം എഴുതുന്ന ഒരു സ്ത്രീയിലൂടെയാണ് . കാലം അവിടെനിന്നും അയാളെ വീണ്ടും നാട്ടിലേക്ക് പറിച്ചു നടുന്നു . ഒടുവില്‍ ജീവിതാവസാനത്തില്‍ അയാള്‍ തിരികെ ഗംഗാനദിയില്‍ മുങ്ങി ആത്മപിണ്ഡം ചെയ്തു ജീവിതത്തിലെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ വാരാണസിയില്‍ എത്തുകയും അയാളിലേക്ക് പഴയ ഓര്‍മ്മകളും സൗഹൃദങ്ങളും കടന്നു വരികയും അവയൊക്കെ തിരക്കി പോകുകയും ചെയ്യുന്നു . കാലം കാശിയില്‍ വരുത്തിയ മാറ്റങ്ങളും ബന്ധങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഇഴകളും സന്തോഷങ്ങളും ഇവിടെ വായനക്കാരനെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും . ഗംഗയില്‍ ആത്മപിണ്ഡം നടത്തി സുധാകരന്‍ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന അപൂര്‍ണ്ണതയില്‍ വായനക്കാരന്‍ സന്തോഷത്തോടെ ഒരു ജിവിതം വായിച്ച തൃപ്തി രേഖപ്പെടുത്തുന്നു .

നോവല്‍ രചനയിലെ എം ടി ടച്ച്‌ വളരെ നന്നായി ഇതില്‍ കാണാന്‍ കഴിയും . കഥാപാത്രങ്ങളുടെ ആത്മവേദനകളും സംഘര്‍ഷങ്ങളും നന്നായി പറയാന്‍ കഴിഞ്ഞിട്ടുണ്ട് . വായനയില്‍ മുഷിവു തോന്നാത്ത ഒരു നോവല്‍ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

1 comment:

  1. 'വാരാണസി'വായിച്ചിട്ടുണ്ട്.
    അവലോകനം നന്നായി
    ആശംസകള്‍

    ReplyDelete