അടയാള മോതിരങ്ങൾ.
.......
അടയാളപ്പെടുത്തുവാനും, ചിലരെ
അറിയാതെയിരിക്കുവാനും പാരിൽ
പലതുണ്ട് മാർഗ്ഗമെങ്കിലുമെളുപ്പം
അണിയിക്കുമൊരു മോതിരം തന്നെയല്ലോ.
ജീവിതത്തെ പകുത്തു വയ്ക്കാൻ
താലി കൊരുത്തു കൊണ്ടു വരുമ്പോൾ
പേര് കൊത്തിയൊരു മോതിരം
പാകമാകാതെ വിരലിൽ കുടുങ്ങിക്കിടക്കുന്നു.
കാമത്തിന്റെ നീലരശ്മികൾ വീണ്
മോണിറ്ററുകൾ പുളഞ്ഞകാലത്തിൽ
പ്രണയത്താലിയ്ക്കു പകരമായെന്നോണം
പാകമല്ലാത്തൊരു മോതിരം സമ്മാനമാവുന്നു.
പ്രണയത്തിന്റെ രാത്രി മുല്ലകൾ കൊണ്ട്
ഉറക്കം നഷ്ടമായ നാളുകൾക്ക് പകരം
മംഗല്യസൂത്രം പണിയിച്ചണിയിക്കുമ്പോൾ
മോതിരവിരലലങ്കരിക്കുന്നൊരയഞ്ഞ കുപ്പായം.
കാത്തിരിപ്പുകൾ പിന്നെയും നീണ്ടു.
കടൽത്തിരകൾ പലവുരു തിരികെ മടങ്ങി.
നഷ്ടസ്വപ്നങ്ങൾക്കു താളം പകർന്നാ
മോതിരവിരൽ നഗ്നം കൊതിച്ചു പാകമായൊരെണ്ണം.
കെട്ടിയാടിയ വേഷങ്ങൾ ഒന്നിനും
കിട്ടിയില്ല പാകത്തിനൊരാടയെങ്കിലും
വിദ്വേഷമില്ലാതെ , തെറ്റുകളില്ലാതാടുന്നു
കോമാളി വേഷമിന്നും ചിലരീ ഭൂമിയിൽ!
...... ബിജു.ജി.നാഥ് വർക്കല
ഉടമ്പടിയില്‍ തൂങ്ങിയാടുന്ന.....
ReplyDeleteആശംസകള്‍