Thursday, April 26, 2018

ആള്‍ക്കൂട്ടം .............ആനന്ദ്


ആള്‍ക്കൂട്ടം (നോവല്‍)
ആനന്ദ്
ഡി സി ബുക്സ്
വില :95 രൂപ


"ചില വായനകള്‍ എങ്കിലും മനസ്സുകൊണ്ടു വായിക്കേണ്ടതാണ് . ബുദ്ധി കൊണ്ട് മനസ്സിലാക്കേണ്ടതാണ് . എകാഗ്രതയില്‍ ആഹരിക്കേണ്ടതാണ്."

ആനന്ദിന്റെ എഴുത്തുകള്‍ ഇതുവരെ വായിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ ശ്രദ്ധയില്‍ പതിഞ്ഞിരുന്നില്ല എന്നു പറയുന്നതാകും ശരി . അതങ്ങിനെയാണ് . കാര്യഗൗരവമുള്ള വായനകള്‍ അത്ര പെട്ടെന്ന് മുന്നിലേക്ക് വരില്ല . ഒരുപാട് കുഴിച്ചു കുഴിച്ചു ചെല്ലുമ്പോഴാണല്ലോ വിലപിടിച്ച എന്തെങ്കിലും അന്വേഷകന് ലഭിക്കുക . വായനയില്‍ ഇത്രയേറെ സമയവും അധ്വാനവും എടുത്ത മറ്റൊരു വായന ഇതുവരെ ഇല്ല എന്ന ആമുഖത്തോടെ ആനന്ദിന്റെ "ആള്‍ക്കൂട്ടം" വായിച്ച അനുഭവം പങ്കു വയ്ക്കുന്നു .

ഒരിക്കല്‍ എന്‍ എസ് മാധവന്‍ ദുബായില്‍ കേരളസാഹിത്യ അക്കാഡമിയുടെ ഒരു സാഹിത്യോത്സവത്തിൽ ഇങ്ങനെ പറയുകയുണ്ടായി . "നമുക്ക് ഇന്നില്ലാത്തത് നഗരങ്ങളുടെ ചരിത്രമാണ് എന്ന് . ഓരോ മികച്ച കൃതികളും ഓരോ നഗരങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ചരിത്രത്തില്‍ . പക്ഷെ ഇന്നതില്ലാതെ പോയിരിക്കുന്നു"  . ശരിയാണ് ഇന്നത്തെ ഒരു സാഹിത്യത്തിലും നഗരത്തിന്റെ ചരിത്രം വായിക്കാന്‍ ആകില്ല . ഇന്നുള്ളത് എഴുതിപ്പിടിപ്പിക്കലുകള്‍ മാത്രമാണ് . മലയാളത്തില്‍ നോക്കിയാല്‍ പഴയകാല നോവല്‍ സാഹിത്യത്തില്‍ നിന്നും നഗരങ്ങള്‍ പശ്ചാത്തലമായ നോവലുകള്‍ വായനയില്‍  സ്ഥാനം പിടിച്ചവ ആയി എത്ര എണ്ണം ഉണ്ടാകും . മുകുന്ദന്‍ എഴുതിയ ഡല്‍ഹി , പിന്നെ മാധവിക്കുട്ടിയുടെ കല്‍ക്കട്ട ഓര്‍മ്മകള്‍ അത് അപൂര്‍ണ്ണം ആണെങ്കിലും മറ്റെന്താണ് ഉള്ളത് . അറിയില്ല . എന്റെ വായനകളില്‍ തടഞ്ഞിട്ടില്ല അങ്ങനെ ഒരു വായന . അവിടെയാണ് ആനന്ദിന്റെ ആള്‍ക്കൂട്ടം എത്തുന്നത് . ബോംബെയുടെ ചരിത്രപശ്ചാത്തലത്തില്‍ ഇത്ര സുന്ദരമായ ഒരു നോവല്‍. അതിനെ അഭിനന്ദിക്കാതെ വയ്യ.

കുറച്ചു ചെറുപ്പക്കാരുടെ ജീവിതത്തിലെ കുറെ മുഹൂര്‍ത്തങ്ങള്‍ ആണ് ആള്‍ക്കൂട്ടം പങ്കു വയ്ക്കുന്നത് . സുനില്‍, സുന്ദര്‍ , ഉഷ (മീന),രാധ, ലളിത , ജോസഫ്, പ്രേം , ഗോപാല്‍,തുടങ്ങിയ കുറച്ചു പേരിലൂടെ ആള്‍ക്കൂട്ടം സഞ്ചരിക്കുകയാണ് . കേരളം , കല്‍ക്കട്ട , മഹാരാഷ്ട്ര തുടങ്ങിയ മൂന്നു പ്രതലങ്ങളില്‍ നിന്നുള്ളവര്‍ ആണ് കഥാപാത്രങ്ങള്‍ . അതിലെ പ്രത്യേകത എന്ത് എന്ന് ചോദിച്ചാല്‍ അത് ഒരു കാലഘട്ടത്തിന്റെയും വിശ്വാസത്തിന്റെയും കൂടി പരിശ്ചേദമാണ് എന്നതാണ് . കമ്യൂണിസത്തിന്റെ വിവിധ തലങ്ങളും വളർച്ചയും അപചയങ്ങളും അതില്‍ ലീനമായിരിക്കുന്നു . സ്വതന്ത്രാനന്തര ഇന്ത്യയുടെ അറുപതു വരെയുള്ള കാലഘട്ടം ഈ നോവലില്‍ വരച്ചിട്ടിട്ടുണ്ട് . ഇന്ത്യയുടെ വിദേശ സ്വദേശ നയങ്ങളും , രാഷ്ട്രീയഭൂപടവും , സാമൂഹ്യ പരിസരങ്ങളും ഒക്കെ ഇത്ര നന്നായി കൂട്ടിയിണക്കുവാന്‍ കഴിഞ്ഞു എന്നതാണ് ആനന്ദിന്റെ എഴുത്തിലെ വിസ്മയം എന്ന് കാണാം. ഇതിലെ കഥാപാത്രങ്ങൾ ആരും തന്നെ ജീവിതത്തിന്റെ സുഖശീതളമായ വസന്തങ്ങളില്‍ നിന്നും വന്നവര്‍ അല്ല . ഇവരൊക്കെയും ജീവിതത്തെ തേടി വന്നവര്‍ ആണ് . തെരുവിലും ലോജിലുമായി അടിഞ്ഞു കൂടി സ്വന്തം ജീവിതവും അകലെയകലെ ഉള്ള അനുബന്ധ ജീവിതങ്ങളും നയിച്ചുകൊണ്ട് പോകാന്‍ സമരം ചെയ്യുന്നവര്‍ ആണ് അവരില്‍ പലരും .

ഒരാള്‍ക്കൂട്ടം എങ്ങനെ ആണ് ഒന്നോ രണ്ടോ പേരിലൂടെ അനാവൃതമാകുക എന്നത് എഴുത്തിന്റെ കയ്യടക്കവും കഴിവുമാണ് . ഇവിടെ അത് വളരെ നന്നായി അനുഭവവേദ്യമാക്കാന്‍ കഴിയുന്നു എന്നതില്‍ ആനന്ദ് വിജയിക്കുകയും ചെയ്യുന്നു . അതുപോലെ രസാവഹമായ ഒരു വസ്തുത ഇതില്‍ പാത്രസൃഷ്ടി നടത്തുന്ന രീതിയാണ്. തുടക്കത്തില്‍ തന്നെ ആ മനോഹരമായ കുടമാറ്റങ്ങള്‍ ദൃശ്യമാണ് . ഒരാളില്‍ നിന്നും തുടങ്ങുക അയാള്‍ മറ്റൊരാളില്‍ എത്തുക. അടുത്തത്‌ അയാളില്‍ നിന്നും ആരംഭിക്കുക അത് മറ്റൊന്നില്‍ അങ്ങനെ കറങ്ങിയും തിരിഞ്ഞും അവര്‍ പരസ്പരപൂരകങ്ങള്‍ ആകുകയും അവര്‍ക്കിടയിലൂടെ കുറച്ചു ജീവിതങ്ങള്‍ കാണാന്‍ കഴിയുകയും ചെയ്യുക . ബോംബെയുടെ പഴയ കാലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുക. സെക്സിന്റെ വിവരണ പ്രസരണ വിരസതകളില്ലാതെ ചുവന്ന തെരുവുകളുടെ ചിത്രം വരയ്ക്കുക. ഇവയൊക്കെ വളരെ നല്ലൊരു എഴുത്തുകാരന് മാത്രം കരഗതമാകുന്ന കഴിവുകള്‍ ആണ് . ഇവിടെ ആനന്ദ് അത് സാധിച്ചിരിക്കുന്നു എന്നതില്‍ നിന്നും ഈ നോവലിന്റെ വിജയം വ്യക്തമാകുന്നു.

അലസവായനയ്ക്ക് ഒട്ടും തന്നെ യോജ്യമായ ഒരു നോവല്‍ അല്ല ആള്‍ക്കൂട്ടം . അത് മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ് . കാരണം അത് വെറും ഒരെഴുത്ത് അല്ല എന്നതിനാല്‍ തന്നെയാണ്. നോവലിന്റെ ഉള്ളടക്കം പറയുന്നത് നോവല്‍ വായനയോട്‌ ചെയ്യുന്ന ഒരു പാതകമാകും എന്ന് തോന്നുന്നു പലപ്പോഴും . എങ്കിലും ജീവിത സമരത്തില്‍ നിസ്സഹായയും നിരാലംബയും ആയി നില്‍ക്കുന്ന ലളിതയും രാധയും മീനയുമൊക്കെ വായനക്കാരില്‍ അസഹ്യമായ നൊമ്പരം വളര്‍ത്തും . ജോസഫിന്റെ ജീവിതവും സുനിലിന്റെ ജീവിതവും വായനക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്നത്‌ ആണ് . അതുപോലെ തന്നെയാണ് സുന്ദറിന്റെ ജീവിതവും. മനുഷ്യമനസ്സുകളെ ആഴത്തില്‍ രേഖപ്പെടുത്തുകയും അവരുടെ സംഘര്‍ഷങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുക എന്നത് സാഹസം തന്നെയാണ് . ആനന്ദിന് അത് കഴിഞ്ഞു എന്നത് കൊണ്ട് തന്നെ ആള്‍ക്കൂട്ടം മികച്ച വായനാനുഭവം നല്‍കി . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല   


No comments:

Post a Comment