Thursday, April 5, 2018

അഗ്നിപര്‍വ്വതം


നിര്‍മ്മലമാമൊരു ചെറുപുഞ്ചിരിയാല്‍
നിര്‍ന്നിമേഷമെന്‍ ചിന്തയില്‍ വിളങ്ങും
നിസ്തുല സ്നേഹമേ, നിന്‍ മുന്നിലിന്നു
നിശ്ചലമൊരു ബിന്ദുവാകുന്നുവോ ഞാന്‍.

മാടപ്രാവുകള്‍ കുറുകുന്ന പോലെന്‍
ചിത്തമതില്‍ മുഴങ്ങുന്നു നിന്‍ സ്വരം
ഒരു കൊച്ചുമാരുതന്‍ തഴുകി കടന്നുപോം
സുഖശീതളമാം അനുഭൂതിപോല്‍ നീയും .

പറയുവാനാകാത്തൊരായിരം മൗനങ്ങള്‍
മിഴികളില്‍ ഒളിപ്പിക്കും തപസ്വിനി നീ
ഇന്നീ പകലിന്‍ ചൂടിലെരിഞ്ഞമര്‍ന്നൊരു
ഹിമബിന്ദുവാകുന്നെന്‍ അരികിലെങ്ങും .

ഒരു കൊച്ചു കൂടിന്റെ തടവറയ്ക്കുള്ളില്‍
സ്വയമേവം ബന്ധിത നീയെന്നുമെങ്കിലും
ഒരുനാളുമാരുമേയറിയാതിരിക്കുവാന്‍
നിന്‍ മൃദുസ്മേരം പതിപ്പിചിതാനനത്തില്‍

പകലുകള്‍ മായുമ്പോള്‍ ,രാവ് കനക്കുമ്പോള്‍
മരുഭൂമിതന്‍ തണുവില്‍ ലോകം മയങ്ങുമ്പോള്‍
വ്യഥിതമാം ഹൃദയത്തിന്‍ നോവകറ്റാന്‍
വരികള്‍ക്കിടയിലൊരു കുഞ്ഞുറുമ്പാകുന്നു നീ

പകരുന്നുവാക്കുകള്‍ഹൃദയാന്തരാളത്തില്‍
പടരുന്നു വാക്കുകള്‍ ചിത്തത്തിലാകെയും
ഉയരുന്നു ചുറ്റിലുമിരുണ്ട നിണശലഭങ്ങള്‍
പിരിയാന്‍ മടിക്കാത്ത നിമിഷം മരിക്കുന്നു .

കാമനകള്‍ മരിച്ച മനസ്സിന്റെ നോവുകള്‍
അക്ഷരങ്ങള്‍ തട്ടിപ്പറിക്കുന്ന രാവുകള്‍
കുടഞ്ഞെറിയാന്‍ കഴിയാതെ കരളിലേക്ക്
മുറുകെ പിടിക്കുന്ന ഓര്‍മ്മമ തൻ ഞണ്ടുകള്‍ .

വാരിപ്പുണരാന്‍ മാനസസ്വപ്നങ്ങളെ
കവിളൊന്നു ചേര്‍ക്കാന്‍ കൊതിക്കും വയറിനെ
കണ്ണീര്‍ തുടയ്ക്കും വിരലിന്‍തുടിപ്പിനെ
തേടിയലയുന്ന രാധയെപ്പോലെ  നീ  .

ഒരു മഴപെയ്യുവാന്‍ കൊതിയ്ക്കും മണ്ണ് പോല്‍
ഉഴുതു മറിയ്ക്കപ്പെടാന്‍ കൊതിക്കും നിലംപോല്‍
ആര്‍ത്തലച്ചാ കര പുല്‍കും  തിരപോല്‍
മൗന,മടിത്തട്ടില്‍ പുകയുന്നൊരഗ്നിപർവ്വതം നീ .
--------------------ബിജു ജി നാഥ് വര്‍ക്കല


No comments:

Post a Comment