ഓർമ്മകൾക്കു മേൽ
ഞാനൊരു തിരശ്ശീലയിടും.
മരണത്തിന്റെ മഞ്ഞനിറം,
മഴവില്ലിൽ നിന്ന് കവർന്നെടുത്തു
ഞാനതിനു നിറം നല്കും.
ദീർഘമായ രാവുകൾ.
പകലുകൾ തൻ ഇടവേളകൾ ...
എവിടെയൊക്കെയോ
മായാത്തടയാളങ്ങൾ പോലെ
നിന്നെ വരച്ചിട്ടിരിക്കുന്നുണ്ട്.
മറവിയിലേക്കൊരിക്കൽ
നീ യാത്ര പോയതാണൊന്നും പറയാതെ.
പിറകിലേക്ക് നോക്കാൻ
നിനക്കിന്നും കഴിയാത്തതല്ല.
മുറിച്ചുകളയുമ്പോൾ,
വേദന തോന്നാതെ
ഇറ്റു കണ്ണുനീർ തുളുമ്പാതെ
നിസംഗമായി നിൽക്കാൻ കഴിഞ്ഞു.
നിന്റെ മിഴികളിൽ കാണുന്ന
അവജ്ഞയുടെ ചാരനിറം
നിന്റെ മുലച്ചുണ്ടിൽ ചുംബിച്ച
ആ പകലിലായിരുന്നാദ്യം വിരിഞ്ഞത്.
ഇന്നു നീയാനന്ദിക്കുന്ന ഓരോ
നിമിഷത്തിനും ഞാൻ സാക്ഷിയാകുന്നു.
ഗൂഢമായ നിന്റെ സന്തോഷങ്ങൾ
കണ്ടു ഞാനും ചിരിച്ചുകാട്ടുന്നു.
സഹനത്തിന്റെ സീമകൾ തകരുകയും
ഉറവ വറ്റിയ ഹൃദയം വരളുകയും ചെയ്യുന്നു.
തകർത്തു കളയാൻ ആവാത്ത വിധം
നീയെന്റെ ഓർമ്മയിൽ
കോറിയിടപ്പെട്ടിരിക്കുന്നു.
ഭീരുവിന്റെ പേരു സ്വയം ചാർത്തി
ഒറ്റപ്പെടലിന്റെ തുരുത്തിൽ നിന്നും
ഒരു യാത്ര പോകണമെനിക്കിനി.
യാത്ര പറയലുകളില്ലാത്തൊരു യാത്ര.
ഓർമ്മകൾക്കു മേൽ
ഞാനൊരു തിരശ്ശീലയിടും.
മരണത്തിന്റെ മഞ്ഞനിറം,
മഴവില്ലിൽ നിന്ന് കവർന്നെടുത്തു
ഞാനതിനു നിറം നല്കും.
ബിജു.ജി.നാഥ് വർക്കല
നല്ല വരികള്‍
ReplyDeleteആശംസകള്‍