Friday, April 27, 2018

നിങ്ങൾ നിരീക്ഷണത്തിലാണ് ......... ചന്ദ്രമതി

നിങ്ങൾ നിരീക്ഷണത്തിലാണ്. (കഥകൾ)
ചന്ദ്രമതി
ഡി.സി.ബുക്സ്
വില: 95 രൂപ.

"ഞാനെന്റെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്നു. എന്റേതായ രീതിയിൽ ഞാനതിനെ ആഘോഷിക്കുന്നു." (ചന്ദ്രമതി )

       തന്റെ സ്ത്രീത്വത്തിൽ അഭിമാനിയും അതിന്റെ ആഘോഷങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ പത്തു കഥകളും ഒരഭിമുഖവും ചേർന്നതാണ് ഡി.സി. ബുക്സ് പുറത്തിറക്കിയ "നിങ്ങൾ നിരീക്ഷണത്തിലാണ് " എന്ന ചെറുകഥാ സമാഹാരം . അഭിമുഖത്തിൽ വ്യക്തമാക്കും പോലെ തികച്ചും ആഘോഷ പരമായ പത്തുകഥകൾ വായനയിൽ ലഭിച്ചു. എഴുത്തിനു വിശ്രമം (കഥകൾക്ക് ) നല്കിയ കാലത്തു നിന്നും ആശുപത്രി വാസത്തിന്റെ അപ്രതീക്ഷിത കാലം നല്കിയ കഥകളുടെ തിരിച്ചുവരലാണ് ഈ കഥകൾ എന്നു കഥാകാരി ആമുഖത്തിൽ പറയുന്നുണ്ട്.
തികച്ചും വ്യത്യസ്ഥമായ കുറച്ചു കഥകൾ. നർമ്മത്തിന്റെ തൊങ്ങലുകൾ ചാർത്തിയ വായനാനുഭവം. കള്ളൻ ലംബോധരനിലായാലും ലെസ്ബിയൻ പ്രമേയമായ ശ്രീ ഹവ്യയുടെ കാര്യത്തിലായാലും ആശുപത്രിക്കിടക്കയിലെ അമ്മയുടെ മനോവ്യാപാരത്തിലായാലും ആ നർമ്മം വായനക്കാർക്കു തൊട്ടെടുക്കാൻ കഴിയും.
            സാമൂഹ്യപരമായ ഒരു പാട് വിഷയങ്ങൾക്ക് കഥകൾ പ്രതലമാകുന്നുണ്ട്. നദികൾ എല്ലാം കടലിലല്ല ചെന്നെത്തുന്നത് ചിലത് എവിടെയോ ഒളിച്ചുകളയുന്നുണ്ട് എന്ന മുത്തശ്ശി വാക്യത്തിൽ ഒടുവിൽ പൊരുൾ തേടിയിറങ്ങുന്ന പെൺകുട്ടിയും മീൻകാരിയിൽ നിന്നും വാങ്ങിയ നിറം മങ്ങിയ പെൺകുട്ടിയുടെ മനോവ്യാപാരത്തിലും മനസ്സിലാക്കാൻ പലതാണുള്ളത്. കുടുംബബന്ധങ്ങളുടെ ചിട്ടപ്പെടലുകൾക്ക്  പലപ്പോഴും ഒരു മൂശേട്ട സ്വഭാവം ആണുള്ളത്. അതിനെ മറികടക്കാനാവാത്ത മനസ്സുകളെ മനസ്സിലാക്കാനാകാത്തതാണ് എന്നും പ്രശ്നവത്കരിക്കപ്പെട്ട ജീവിതങ്ങളാകുന്നത്. നാലു കുട്ടികളെ ഗർഭത്തിൽ പേറുന്നവളുടെ മാനസിക വികാരങ്ങളെ കഥാകാരി വളരെ മനോഹരമായി ഒരിടത്ത് വരച്ചിടുന്നുണ്ട്. അതു പോലെ രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ  ജീവിതത്തെ ചേർത്തു എഴുതിയ കഥയും പ്രമേയത്തിലൂടെ വേറിട്ട വായന നല്കി.
       ഒറ്റ വായനക്കു മാത്രമല്ല ഓർത്തു വയ്ക്കാനും കഴിയുന്ന കഥകൾ ആണ് ചന്ദ്രമതിയുടെ ഈ കഥാസമാഹാരം നല്കുന്നത്- ലളിതമായ ഭാഷ , സരസമായ അവതരണം. സത്യസന്ധമായ കഥാപാത്രസമ്മേളനം. ആശംസകളോടെ ബി.ജി.എൻ വർക്കല.

No comments:

Post a Comment