Monday, April 30, 2018

എന്റെ കഥ ................. മാധവിക്കുട്ടി


എന്റെ കഥ (ആത്മകഥ)
മാധവിക്കുട്ടി
ഡി സി ബുക്സ്
വില : 60 രൂപ


" സാഹിത്യകാരൻ ഭാവിയുമായി മോതിരം മാറി വിവാഹ നിശ്ചയം കഴിച്ച വ്യക്തിയാണ്. അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല., നിങ്ങളുടെ പിൻതലമുറക്കാരോടാണ്. ആ ബോധം തന്റെ മനസ്സിൽ ഉള്ളതുകൊണ്ടു മാത്രമാണ്, നിങ്ങളിൽ ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശ്ശബ്ദനാവാത്തത്." മാധവിക്കുട്ടി.

      ഒരാള്‍ എപ്പോഴാകും ആത്മകഥ എഴുതുക? ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഘട്ടങ്ങളില്‍ ഒന്നും തന്നെയാകില്ല അത് . ജീവിതം പച്ചപിടിച്ച നിറക്കൂട്ടിന്റെ കാലത്തും ആകില്ല. മരണം തന്റെ വഴികളില്‍ കടന്നു വരുന്നതും ഭയം ഒരു നിശാവസ്ത്രം പോലെ തന്നെ പൊതിയുന്നതും ഒരു മനുഷ്യന്‍ തിരിച്ചറിയുമ്പോള്‍ അവന്‍ തന്റെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കും. അതിനെ ആത്മകഥ എന്ന് പറയാം. അത്തരം അടയാളങ്ങള്‍ പലപ്പോഴും പിന്നാലെ വരുന്നവര്‍ക്ക് ഒരു വഴികാട്ടിയാകും ചിലപ്പോള്‍ ഒരു തിരിച്ചറിവ് നല്‍കും. മാധവിക്കുട്ടിയുടെ രോഗാവസ്ഥയില്‍ മുപ്പതുകളുടെ നിറയൗവ്വനത്തില്‍ ഭയം ഒരു ആടയായി ഹൃദയം അണിയാന്‍ തുടങ്ങിയ കാലത്ത് എഴുതുകയും അന്നത്തെ സാംസ്കാരിക സാമുദായിക രംഗങ്ങളില്‍ വളരെ വലിയ ഒച്ചപ്പാടും ചര്‍ച്ചകളും ഉണ്ടാകുകയും ചെയ്ത ഒരു ആത്മകഥയാണ് “എന്റെ കഥ”. ഒരു സ്ത്രീ എന്ന നിലയില്‍ സദാചാര ചട്ടക്കൂട്ടില്‍ ജീവിക്കേണ്ട ഒരു കുലസ്ത്രീ എന്ന നിലയില്‍ മാധവിക്കുട്ടി ചെയ്ത വലിയ ഒരു അപരാധമായിരുന്നു ആ തുറന്നു പറച്ചിലെന്നു ഇന്നും വാദിക്കുന്നവര്‍ ഉണ്ട് . എഴുത്തുകാരികള്‍ എല്ലാം സദാചാരഭ്രംശം വന്ന വഴിപിഴച്ചവര്‍ ആണെന്ന കാഴ്ചപ്പാടിനെ നിലനിര്‍ത്താന്‍ ഇന്നും മലയാളി ഉപയോഗിക്കുന്ന ഒരു ബിംബവും മാധവിക്കുട്ടിയെ ആണ് . കാലം വളരെ കടന്നു പോകുകയും ആധുനിക എഴുത്തുകാരികളില്‍ മാധവിക്കുട്ടിയുടെ ഭൂതം ആവേശിക്കുകയും ചെയ്തപ്പോള്‍ അവരെ അനുകരിക്കാനും (വേഷത്തിലും എഴുത്തിലും പ്രകൃതത്തിലും) അനുഗമിക്കാനും ശ്രമിച്ചു പരിഹാസപാത്രങ്ങൾ ആയി നില്‍ക്കുന്ന ചില എഴുത്തുകാരികളെ കാണുമ്പോള്‍ മാധവിക്കുട്ടി ആരായിരുന്നു എന്നും അവര്‍ ആകുവാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ എന്നും മലയാളി തിരിച്ചറിയുന്നുണ്ട് . കമല്‍ തന്റെ സിനിമയിലൂടെ കുറച്ചുകൂടെ വികൃതമാക്കി ആമിയെന്ന മാധവിക്കുട്ടിയെ സദാചാര കേരളത്തിന്‌ പരിചയപ്പെടുത്തി എന്നതും ഇതില്‍ കൂട്ടി വായിക്കേണ്ടതാണ് . മാധവിക്കുട്ടിയെ ഭരിച്ചിരുന്ന ഭയം അവരെ അന്ന് എത്രത്തോളം മാനസികമായി വിഷമിപ്പിച്ചു എന്നതിന് തെളിവാണ് അവര്‍ എന്റെ കഥയ്ക്ക് മറുകുറിയായി ഒരു വിശദീകരണം എന്ന പോലെ "എന്റെ ലോകം" എഴുതേണ്ടി വന്നത് എന്ന് കാണാം.
           ഇത്രയേറെ ശാരീരിക , മാനസിക പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഒരു എഴുത്തുകാരി മലയാളത്തില്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . പ്രണയത്തിനു വേണ്ടി ദാഹിച്ച ആ സ്ത്രീയുടെ മനസ്സ് കാണാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അവരുടെ ശരീരത്തിന്റെ സമൃദ്ധിയെ ചൂഴ്ന്നു നിന്നവര്‍ക്കൊക്കെ അവയിലെ മാംസം  മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്രണയത്തിന്റെ ഭിക്ഷാംദേഹിയായിരുന്നു മാധവിക്കുട്ടി. "എന്റെ നഗ്നത, വസ്ത്രങ്ങള്‍ അഴിച്ചിട്ട, മാംസങ്ങളും അസ്ഥികളും അഴിച്ചിട്ട എന്റെ നഗ്നത അത് കാണാന്‍ അതിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടാകുമോ " എന്ന ആശങ്കയും അന്വേഷണവും ആയിരുന്നു ആ ജീവിതം എന്ന് മനസ്സിലാക്കാം . ഇറ്റലിക്കാരന്‍ മാത്രമാകാം ഒരു പക്ഷെ അവരുടെ മനസ്സിനെ അല്പമെങ്കിലും തൊട്ടതു. ശരീരങ്ങൾക്ക്കപ്പുറം ആ വിദേശി ആമിയെ മനസ്സിലാക്കാനും കൂടെ കൂട്ടാനും ശ്രമിച്ചിരുന്നു എന്ന് കാണാം . വളരെ ചെറുപ്പത്തിലെ വിവാഹിതയാകുകയും ലൈംഗികതയുടെ ആദ്യാക്ഷരങ്ങള്‍ പോലും നോവിന്റെ കണ്ണീര്‍ക്കണങ്ങള്‍ കൊണ്ട് എഴുതുവാന്‍ പഠിക്കേണ്ടി വരികയും ചെയ്യുന്ന ഒരു പ്രണയ ദാഹി. അഴിച്ചിട്ട വസ്ത്രങ്ങളുമായി മുറിയില്‍ അലഞ്ഞ ആ മനസ്സില്‍ കാമം മാത്രമേ പുറം ലോകം കണ്ടുള്ളൂ. അതുകൊണ്ടാണ് വേലക്കാരിക്ക് പോലും അവരെ അയല്‍ക്കാരന് ബലാല്‍സംഗത്തിനു വിട്ടുകൊടുക്കാന്‍  കഴിഞ്ഞത് എന്ന് കാണാം. പ്രതിരോധം ആമിയില്‍ വളരെ ദുര്‍ബ്ബലമായിരുന്നു ജീവിതത്തില്‍ അങ്ങോളമിങ്ങോളം. അതിനാല്‍ തന്നെ അവരെ ഉപയോഗിക്കാന്‍ ആര്‍ക്കും വളരെ എളുപ്പമായിരുന്നു . പ്രണയം , വിശ്വാസം , ഇഷ്ടം തുടങ്ങി പല നാടകങ്ങളിലൂടെ അവരെ അറിയാന്‍ കഴിഞ്ഞു പലര്‍ക്കും . അവര്‍ പക്ഷെ അവരെയൊക്കെ തന്നിലേക്ക് സ്വീകരിച്ചത് പ്രണയത്തിന്റെ അന്വേഷണത്തിലായിരുന്നു . തേടിയതോന്നും യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവില്‍ അവര്‍ വളരെ വലിയ മാനസികസംഘര്‍ഷങ്ങില്‍ വീണു ജീവിക്കുകയായിരുന്നു . രോഗം അവരുടെ ശരീരത്തെ വളരെയധികം തളര്‍ത്തി. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായ ആ ശരീരവുമായി അവര്‍ അപ്പോഴും അന്വേഷണത്തില്‍ ആയിരുന്നു തന്റെ ആത്മാവിനെ കാണുന്ന ഒരു മനസ്സിനെ. ഒരു പക്ഷെ തന്റെ ഭര്‍ത്താവിനെ മാത്രം പ്രണയിക്കുന്ന ഒരാള്‍ ആയി അവര്‍ ഒതുങ്ങിക്കൂടിയേനെ എന്ന ചിന്ത അവര്‍ പങ്കുവയ്ക്കുന്നുണ്ട് . “സ്നേഹിക്കാനറിയുന്ന ഒരു പുരുഷനെ ഞാനിന്നേവരെ കണ്ടിട്ടില്ല . എന്റെ ഭര്‍ത്താവ് എന്നെ ഭോഗിക്കുമ്പോള്‍ ,ഭോഗാനന്തരം അദ്ദേഹം എന്നെ കരവലയത്തില്‍ സൂക്ഷിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ മുഖത്ത് തലോടുകയോ എന്റെ വയറ്റില്‍ കൈ വയ്ക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഓരോ സംഭോഗക്രിയക്കു  ശേഷവും ഞാനനുഭവിച്ചുപോന്ന നിരാകരണബോധം അത്രമേല്‍ എനിക്കനുഭവപ്പെടുമായിരുന്നില്ല. ഒരു സ്ത്രീ തന്റെ ആദ്യപുരുഷനെ ഉപേക്ഷിച്ചു മറ്റൊരു പുരുഷന്റെ കിടക്കയിലേക്ക് നടക്കുമ്പോള്‍ അത് അപഹാസ്യമോഅസന്മാര്‍ഗ്ഗികമോ അല്ല അത്   ദാരുണമാണ് . അവള്‍ അപമാനിക്കപ്പെട്ടവള്‍ ആണ് . അവള്‍ക്ക് ശമനം ആവശ്യമാണ്‌.” എന്ന് മാധവിക്കുട്ടി പറയുന്നത് സമൂഹത്തിലെ പുരുഷലോകത്തിനു നേരെയുള്ള വ്യക്തമായ ഒരു സന്ദേശം തന്നെയാണ് . നഷ്ടമാകുന്ന പ്രണയമാണ് ഓരോ കുടുംബബന്ധത്തിലും ഒരു മൂന്നാമന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്നത് എന്ന് മാധവിക്കുട്ടി പറയാന്‍ ശ്രമിക്കുന്നു . പക്ഷെ അതിനപ്പുറം അവര്‍ തന്നെ സമര്‍ത്ഥിക്കുന്ന മറ്റൊരു സംഗതി പ്രണയം ഇണയില്‍ നിന്നും തന്നെ ലഭിക്കണം എന്നത് കേവലതയാണ് എന്നുതന്നെയാണ് . അത് ചിതറിക്കിടക്കുന്ന ഒരുപാട് മനസ്സുകളില്‍ എവിടെയോ ഒക്കെ കണക്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇണയെ സ്നേഹമായിരിക്കാം  ഇഷ്ടമായിരിക്കാം കാമപൂരണം നടക്കുന്നുമുണ്ടാകം പക്ഷെ പ്രിയമായ മനസ്സിന് ഇഷ്ടമായ ഒരു പ്രണയം , അത് ലഭിക്കുമ്പോള്‍ മാത്രമേ ശരീരത്തിനും മനസ്സിനും ഒരുപോലെ ആനന്ദവും തൃപ്തിയും ലഭിക്കുന്നുള്ളൂ. അതിന്റെ അന്വേഷണം ആണ് പലപ്പോഴും ബന്ധങ്ങളുടെ ശൃംഖലകൾ സൃഷ്ടിക്കപ്പെടുന്നത് . മാധവിക്കുട്ടിയും അത് തന്നെയാണ് അനുവര്‍ത്തിച്ചത് എന്ന് കാണാം .
ചില തുറന്നെഴുത്തുകള്‍ കാലത്തിനു അനിവാര്യമാണ് . അത് മാധവിക്കുട്ടിക്ക് കഴിഞ്ഞു . അതുകൊണ്ട് തന്നെ അവരിലെ സത്യസന്ധത സാംസ്കാരിക ലോകത്തിനു അന്ന് വലിയ വിഷമതകള്‍ ഉണ്ടാക്കി എങ്കിലും ഇന്ന് അത് ഒരുപാട് പേരില്‍ വഴികാട്ടിയായിരിക്കുന്നു . മാധവിക്കുട്ടിയാകാന്‍ മാധവിക്കുട്ടിക്ക് മാത്രമേ കഴിയൂ . ഒരിക്കലും ആര്‍ക്കും കാണാന്‍ കഴിയാതിരുന്ന ആ ആത്മാവിന്റെ പ്രണയദാഹം ഇന്നും അവരുടെ പാത പിന്തുടരുന്നവരും അനുഭവിക്കുകയും തേടുകയും ചെയ്യുന്നു . കാലങ്ങളോളം അത് തുടരുകയും ചെയ്യും . ശരീരം കൊണ്ട് പ്രണയിക്കുന്നവരും ആത്മാവിനെ തേടുന്നവരും നഗ്നരായി എഴുത്തിന്റെ ലോകത്ത് വിരാജിക്കുമ്പോള്‍ ആമിയുടെ വേദനയില്‍ പൊതിഞ്ഞതെങ്കിലും പ്രണയാര്‍ദ്രമായ പതിഞ്ഞ ചിരി അവര്‍ക്ക് പിന്നില്‍ കെടാതെ നില്‍ക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment