ഹിഗ്വിറ്റ (കഥകള്‍)
എന്‍ എസ്
മാധവന്‍
ഡിസി ബുക്സ്
കഥകള്‍
എഴുതുന്നതിലല്ല അത് നിലനില്‍ക്കുന്നതിലാണ് കാര്യം . അതുകൊണ്ട് തന്നെ കഥകള്‍
വായിക്കുമ്പോള്‍ മനസ്സ് സന്തോഷിക്കുകയും ദുഃഖിക്കുകയും ചിന്തിക്കുകയും
ചെയ്യുന്നതും. ഓരോ കഥയുടെയും ആഴങ്ങള്‍ അവ നല്‍കുന്ന ഓളങ്ങള്‍ ശാന്തമായ നിശബ്ദമായ
ചിന്തകള്‍ ഒക്കെയും ഓരോ അനുഭവങ്ങള്‍ ആണ് . എന്‍ എസ് മാധവന്‍ മലയാളത്തിലെ അതിശക്തനായ ഒരു എഴുത്തുകാരന്‍ ആണ് . അതുകൊണ്ട് തന്നെ അദ്ദേഹം അധികം
എഴുതേണ്ടി വരുന്നില്ല . തന്റെ അക്ഷരങ്ങള്‍ കൊണ്ട് തന്നെ വളരെ മനോഹരമായി അടയാളപ്പെടുത്താന്‍
കഴിയുന്ന എഴുത്തുകാരധികമൊന്നുമില്ല . നിലപാടുകളുടെ താളം തെറ്റലുകള്‍ കൊണ്ട്
പലപ്പോഴും പ്രമുഖ എഴുത്തുകാര്‍ എല്ലാം തന്നെ മുഖ്യധാരയില്‍ സുഖിപ്പിക്കല്‍ മൗനവും
പ്രസ്താവനകളും പ്രവൃത്തികളും കൊണ്ട് നിറഞ്ഞു നില്‍ക്കുമ്പോള്‍ മാധവന്‍ എന്ന
എഴുത്തുകാരന്‍ വ്യത്യസ്തന്‍ ആയി നില്‍ക്കുന്നത് ഈ ആര്‍ജ്ജവമുള്ളത് കൊണ്ട്
തന്നെയാണ് . തനിക്ക് ശരിയെന്നു തോന്നുന്നതിനെ ഉറക്കെ വിളിച്ചു പറയാന്‍ കഴിയുമ്പോള്‍
നഷ്ടമാകുന്നതെന്തും ത്യജിക്കാന്‍ ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ തയ്യാറാകണം . അത്
എന്‍ എസ് മാധവന്‍ എന്ന എഴുത്തുകാരനില്‍ ഉണ്ട് .
'ഹിഗ്വിറ്റ' എന്ന കഥാ സമാഹാരത്തില്‍ ഏഴു കഥകള്‍ മാത്രമാണ് ഉള്ളത് . പക്ഷെ അത് വായിച്ചു
തീരുവാന്‍ ദിവസങ്ങള്‍ എടുത്തു എന്ന് തോന്നിച്ചു . കാരണം വായിക്കും തോറും
തിരികെ വായിച്ചു പോകുന്ന വരികള്‍ , അവയില്‍ ഉറങ്ങുന്ന മൗനം , അതിന്റെ തീക്ഷ്ണത
എല്ലാം ഒരു എഴുത്തുകാരന്റെ കൈയ്യൊപ്പ് പതിഞ്ഞ ഇടങ്ങള്‍ ആണ് എന്ന് നിസ്സംശയം പറയാം.
പൌരോഹത്യവും സാമൂഹ്യ ജീവിതവും ഫുട്ബോള്‍
കളിയും വിപ്ലവ വീര്യവും നിറഞ്ഞ അച്ഛന്റെ പെനാല്‍ടി ക്വിക്ക് പോലെ മനോഹരമായി ആര്‍ക്കാണ്
ജീവിക്കാനുള്ള അവകാശത്തെ നേടിക്കൊടുക്കാന്‍ കഴിയുക മറ്റൊരു സഹജീവിക്ക്.
ഒഴിവാക്കാന്‍ ഒരുപാട് ശ്രമിക്കുന്ന ആ ക്ഷമയുടെ നെല്ലിപ്പലക തകരുമ്പോള്‍
വ്യവസ്ഥിതിയുടെ മുഖത്തേക്ക് സാമൂഹ്യ പ്രതിബദ്ധത ഉള്ള ആരും ചെയ്തു പോകുന്ന ഒരു
പ്രതികരണം മാത്രമാണ് ളോഹ ഊരി വച്ച് ജബ്ബാറിന്റെ മുറിയില്‍ ചെന്ന് അയാളുടെ മേല്‍ ഫുട്ബോള്‍
കളിയിലെ തന്റെ മികച്ച സ്മാഷുകള്‍ പ്രയോഗിക്കുക എന്നത് . ഇവിടെ വായനക്കാരനും
അച്ഛന്റെ ഒപ്പം ആഹ്ളാദത്തോടെ എഴുന്നേറ്റ് നില്‍ക്കുകയും ആര്‍ത്തു വിളിക്കുകയും ചെയ്യും
. 'വന്മരങ്ങള്‍ വീഴുമ്പോള്‍' എന്ന കഥ ഇന്ദിരാഗാന്ധിയു മരണം തുടര്‍ന്നുണ്ടായ
സിഖ് കശാപ്പുകള്‍ ഇവയുടെ പശ്ചാത്തലത്തില്‍ വൃദ്ധരായ കന്യാസ്ത്രീകളുടെ കേന്ദ്രത്തില്‍
എത്തപ്പെടുന്ന കുട്ടിയും സ്ത്രീയും അവരെ രക്ഷിക്കാന്‍ ആ മഠത്തിന്റെ
നടത്തിപ്പുകാരിയുടെ ശ്രമങ്ങളും ആ അന്തേവാസികളില്‍ ആ കുട്ടി ഉണ്ടാക്കിയ ചലനങ്ങളും
പറയുന്നു . വാര്‍ദ്ധക്യം , സ്നേഹം ഒറ്റപ്പെടല്‍ ഇവയുടെ സമ്മിശ്രമായ വികാരങ്ങള്‍
നിറഞ്ഞു കിടക്കുന്ന ആ അന്തരീക്ഷത്തെ വായനക്കാരന്‍ അറിയാതെ മുന്നില്‍ കാണുന്ന പ്രതീതി എഴുത്തില്‍ സംഭവിക്കുന്നുണ്ട് . കുട്ടനാടും വെനീസും സമം വായനക്കാരനെ
അനുഭവിപ്പിക്കുന്ന 'കാര്‍മെന്‍' എന്ന കഥ കലാകാരന്റെ , കലയുടെ ഉയര്‍ച്ച താഴ്ചകള്‍ ഒരു
കലാകാരനെ എങ്ങനെ ബാധിക്കുകയും ജീവിതത്തില്‍ അത് ഉയര്‍ത്തുന്ന വിഷമതകള്‍
എങ്ങനെയൊക്കെ അയാളെയും അയാള്‍ക്ക് ചുറ്റുമുള്ളവരെയും ബാധിക്കുകയും ചെയ്യുന്നു
എന്ന് പറയുന്നു . കലയും സ്ത്രീയും രതിയും മത്സരങ്ങളും പ്രണയവും നിറഞ്ഞ ലോകത്തിന്റെ
ഇരുണ്ട സമതലങ്ങള്‍ എഴുത്തുകാരന്‍ വളരെ ആയാസരഹിതമായി പറഞ്ഞു പോകുന്നത് വായനയെ വളരെ
ആകര്‍ഷിച്ച ഒരു രീതിയായി അനുഭവപ്പെടുന്നു .
'എന്റെ മകള്‍
ഒരു സ്ത്രീ'യില്‍ എത്തുമ്പോള്‍ കുടുംബങ്ങളില്‍ ഇരുണ്ട ചില വശങ്ങള്‍ പറയാതെ
പറയുകയാണ് എഴുത്തുകാരന്‍ . ഫ്രോക്ക്കാരിയായ മകളില്‍ നിന്നും ഋതുമതിയിലേക്ക്
കടക്കുന്ന മകളുടെ ശരീരത്തിലേക്കും , അണുകുടുംബങ്ങളുടെ അസുരക്ഷിതമായ ജീവിത
പശ്ചാതലങ്ങളെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാന്‍ വക തരുന്നുണ്ട് ഈ കഥ .
നിസ്സഹായരായ മനുഷ്യരുടെ വികാര, വിചാര രീതികളെ ആവിഷ്കരിക്കുന്നതിനൊപ്പം തന്നെ
പച്ചയായ മനുഷ്യന്റെ പരാജയങ്ങളും ആകുലതകളും കഥ പങ്കു വയ്ക്കുന്നുണ്ട് . 'നാലാം
ലോക'വും 'കാണി'യും 'വിലാപങ്ങളും' വ്യത്യസ്തമായ ലോകങ്ങള്‍ വായനയില്‍ പകരുമ്പോള്‍
വായനക്കാരന് തന്റെ വായനയുടെ പരിമിതികളും പരാധീനതകളും നഷ്ടമാകുകയും എഴുത്തുകാരെ
തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത വേണ്ടത് എന്തിനെന്നു മനസ്സിലാകുകയും ചെയ്യുന്നു .
വെറുതെ എഴുതുന്ന കഥകള്‍ അല്ല ഓരോന്നും എന്നത് മാത്രമല്ല ഈ കഥകള്‍ ഒന്നും തന്നെ
കഥയില്ലായ്മ നല്കുന്നവയല്ല എന്ന ചിന്തയും നിറയ്ക്കുന്ന എഴുകഥകള്‍ എന്‍ എസ് മാധവന്‍
എന്ന എഴുത്തുകാരന്റെ ഔന്നത്യവും അക്ഷര മായാജാലത്തിന്റെ ഉദാഹരണവും ആകുന്നു .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment