Thursday, March 8, 2018

ക്വീന്‍ .... സിനിമയുടെ പുതിയ മുഖമോ ?


Queen

മലയാള സിനിമ പരീക്ഷണങ്ങളുടെ ഘട്ടത്തിലാണ് . ഓരോ വിഷയവും പറഞ്ഞു പിടിപ്പിക്കാന്‍ ഉള്ള പൊല്ലാപ്പിലാണ് മലയാള സിനിമ എന്ന് തോന്നുക സ്വാഭാവികമാണ് . സൗഹൃദത്തിന്റെ മനോഹര ദൃശ്യങ്ങളെ ചിത്രവത്ക്കരിക്കുന്ന സിനിമകള്‍ പലതുണ്ട് നമുക്കെങ്കിലും സൗഹൃദം ഒടുവില്‍ ജീവിത പങ്കാളി ആയി മാറുന്ന മാറ്റത്തിനപ്പുറം ചിന്തിക്കാന്‍ മലയാളിക്ക് കഴിയാത്ത ഒരു സങ്കടകരമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട് സിനിമകളിലും കഥകളിലും ഒക്കെ തന്നെ . ഇതിനു വേറിട്ട ചിന്തകളുമായി ചിലതെങ്കിലും ഉണ്ടാകുന്നുണ്ട് എങ്കിലും ഭൂരിഭാഗവും ആ ഒരു രീതിയിലെ ചിന്തയില്‍ മാത്രം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒന്നായി നിലനില്‍ക്കുന്നുണ്ട് . ഈ സിനിമയിലെ കാതലായ വിഷയം സൗഹൃദം തന്നെയാണ് . ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് സമൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇത് . ഈ മാറ്റം പഴയകാലത്ത് മനസ്സില്‍, സ്വപ്നത്തില്‍ മാത്രമായിരുന്നു എങ്കില്‍ ഇന്നത്‌ പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുന്നുമുണ്ട് . ഒരു സുഹൃത്തിന്റെ വാളില്‍ ഇങ്ങനെ വായിക്കുകയുണ്ടായി . തന്റെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ മകന്റെ കൂട്ടുകാരി അവനോടു പറഞ്ഞത് നീ എന്റെ സുഹൃത്തല്ലായിരുന്നേല്‍ നിന്നെ സെറ്റാക്കാമായിരുന്നു എന്ന് പറഞ്ഞ കാര്യം . ഇവിടെ സൗഹൃദത്തിന്റെ ആ ആത്മാര്‍ഥതയും വിലയും എത്ര മനോഹരമായി പുതിയകാലം വിലയിരുത്തുന്നു എന്നത് പറയാതെ പറയുന്നുണ്ട് . ഈ സിനിമയിലും ആണ്‍കുട്ടികള്‍ക്ക് ഇടയില്‍ ഒറ്റ പെണ്‍കുട്ടിയായി വരുന്നവള്‍ അവരുടെയെല്ലാം വാത്സല്യമായി മാറുകയും ആരിലും അവള്‍ക്ക് പ്രണയം അല്ല ഉണ്ടാകുന്നത് അങ്ങനെ ഒരു വികാരം അവര്‍ക്കും തിരികെ ഉണ്ടാകുന്നുമില്ല എന്ന കാഴ്ച വളരെ നല്ല ഒരു സന്ദേശം തന്നെയാണ് നല്‍കിയത് . ഇതിനര്‍ത്ഥം പ്രണയം പാടില്ല എന്നല്ല പക്ഷെ അത് പറഞ്ഞു പഴകിയ വിഷയം ആയതിനാല്‍ അതില്ലാതെ ഒരു കഥ പറയുക വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമായതിനാല്‍ പറഞ്ഞു എന്ന് മാത്രം . കഥയുടെ മുന്നോട്ടുള്ള ഒഴുക്കിന് വേണ്ടി ഫാസില്‍ സിനിമകളുടെ ചില അംശങ്ങള്‍ വരുത്തിയതും ബലാത്സംഗം പോലുള്ള സാമൂഹിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു ആ വിഷയത്തെ പക്ഷെ ഇടവേളയ്ക്ക് ശേഷം നാശകോശം ആക്കിക്കളഞ്ഞു . കാരണം ഇവിടെയും സംവിധായകനും കഥാകൃത്തിനും ഈ വിഷയത്തെ അവള്‍ ഇല്ലാതായാലെ പറഞ്ഞു തീര്‍ക്കാന്‍ കഴിയൂ എന്നൊരു ബുദ്ധിമുട്ട് അതില്‍ കാണാന്‍ കഴിയുന്നു . എവിടെയെങ്കിലും കൊണ്ടൊന്നു അവസാനിപ്പിക്കണം ഇല്ലേല്‍ പറയാന്‍ വന്നത് കുഴഞ്ഞു പോകും എന്ന് കരുതിക്കാണും . ആരോഗ്യപരമായ സൗഹൃദ ബന്ധങ്ങളുടെ ക്യാമ്പസ് കഥ ആയിരുന്നു ഉണ്ടാകേണ്ടിയിരുന്നത് .പക്ഷെ അതിനെ സമകാലിക സംഭവങ്ങളുമായി കോര്‍ത്തു കെട്ടി കുറച്ചു രാഷ്ട്രീയവും കോടതിയും ഒക്കെയാക്കി സങ്കീര്‍ണ്ണമായ ഒന്നാക്കി മാറ്റി . കോടതിയിലെ സലിം കുമാറിന്റെ ചോദ്യങ്ങള്‍ ശരിക്കും ഇന്നത്തെ നീതിന്യായ വ്യവസ്ഥിതിയോടു ഓരോ പൗരനും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു . അത് മാറുന്ന തലമുറയുടെ കാഴ്ച്ചകൂടിയാണ് . സോഷ്യല്‍ മീഡിയകള്‍ ആ ക്ലിപ്പുകള്‍ കാണിച്ചു അതിനെ ആഘോഷിക്കുന്നുമുണ്ട് . എന്നാല്‍ ആഘോഷിക്കേണ്ട പ്രധാന വിഷയം അതല്ലാരുന്നു . ആ സിനിമ മുന്നോട്ടു വച്ച ആശയവും അതല്ലാരുന്നു . എന്നാല്‍ അതിനെ ആരും ക്ലിപ്പ് ആക്കി ആഘോഷിക്കുന്നതുമില്ല . അതും മലയാളിയുടെ ഒരു കാപട്യം ആണ് . പാതിരാത്രിയില്‍ പാലത്തിനു മുകളില്‍ നിന്നും കൂകി വിളിക്കുന്ന നായിക പറയുന്നുണ്ട് . ആ കാണുന്ന ഓരോ ഫ്ലാറ്റിലും ഒരു പെങ്കുട്ടിയുണ്ടാകും ഇങ്ങനെ ഒന്ന് കൂകി വിളിക്കാന്‍ ആഗ്രഹിക്കുന്ന . അവള്‍ക്ക് അത് കഴിയുന്നില്ല എന്നിടത്താണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് “അസമയവും” “അസാധാരണവും” ആയ രേഖപ്പെടുത്തലുകള്‍ നടത്തുന്നത് . അവള്‍ മരണക്കിടക്കയിലും അത് തന്നെയാണ് ആവര്‍ത്തിച്ചത് . ആ ഒരു സന്ദേശത്തെ പക്ഷെ സിനിമയുടെ പ്രചാരകര്‍ ആഘോഷിക്കാതെ പോകുന്നത് അത് അവര്‍ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാകും . തികച്ചും സ്വാഭാവികമായ ഒരു ചിത്രം . താരപൊലിമകള്‍ ഇല്ല . പക്ഷെ കുറച്ചു രസാവഹമായ നിമിഷങ്ങളും കണ്ണു നിറച്ച കുറച്ചു ചിന്തകളും പങ്കു വയ്ക്കുന്ന ഒരു ചിത്രമായി ക്വീന്‍ മലയാളിയുടെ മനസ്സിലേക്ക് ഇറങ്ങി വരുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment