Thursday, March 22, 2018

ഭീരുക്കള്‍ മാനുഷര്‍..


ഇനി മരിക്കാതിരിക്കുവാന്‍ വേണ്ടിയോ
ഇനി വളരാതിരിക്കുവാന്‍ വേണ്ടിയോ
അറിയില്ല, നാമെന്തു ചിറകെട്ടിയാര്‍ക്കുന്നു
ഇവിടെയീ ഭൂവിന്റെ നെഞ്ചകം പിളര്‍ന്നിന്നു .

കനവുകള്‍ കോരിക്കുടിക്കുന്ന മര്‍ത്ത്യന്റെ
കനിവുകള്‍ കരിഞ്ഞിന്നു ചിന്ത മുറിയുമ്പോള്‍,  
കടലുകള്‍ പോലെ ആര്‍ത്താര്‍ത്തു കരയുന്ന
കദനത്തിന്‍ ഗാഥയീ കുഞ്ഞുമിഴികളും.

ജനനേന്ദ്രിയങ്ങള്‍ തകര്‍ത്തു ചിരിക്കുന്ന
ജന്മദാതാക്കള്‍ വളരുന്ന നാടിതില്‍.
കര്‍മ്മമെന്തെന്നറിയാതെ ജനിക്കുന്ന
കാട്ടുപൂവുകള്‍ പോലിന്ന് പുതുജീവന്‍ !

ജനനിയെ പ്രാപിച്ചു കൊതിമാറിയും,
പെങ്ങളെ ഭോഗിച്ചു പശിയാറ്റിയും,
താതന്റെ നെഞ്ചകം കുത്തിപിളര്‍ന്നുമീ
കൗമാരകാലത്തിന്‍ രഥ ചക്രമുരുളുന്നു .

സൗഹൃദപ്പൂവിന്‍ നിലാവെളിച്ചങ്ങളെ
താളുകള്‍ മറിയ്ക്കും ലാഘവത്തോടിന്നു
കൈമാറിയകലുന്നു രതിപുഷ്പഗന്ധം
ബീജവാപം നടത്തും വഴിത്താരയില്‍.

അന്യമായീടുന്നു രാവുകള്‍ പിന്നെയും.
അന്തകര്‍ നമ്മുടെ മക്കളെന്നാകുന്നു.
വൃദ്ധസദനങ്ങള്‍ക്ക് പങ്കുവയ്ക്കാനിന്ന്   
മക്കളെ പോറ്റിയ പാഴ്കഥകള്‍ നിത്യവും ?.

ബന്ധങ്ങള്‍, നിഷ്ഫലം കണ്ണടച്ചീടുന്ന
ബന്ധുരകാഞ്ചനക്കൂട്ടിലെ കിളികളോ!
എണ്ണിപ്പകുത്തു കൊടുത്താല്‍ കഴിയുന്ന
ബന്ധമൊന്നേയിന്നു ബാക്കി വരുന്നുള്ളൂ .

യന്ത്രങ്ങള്‍ പോലെ ചാക്രികമാകുന്ന
ശയ്യാഗൃഹങ്ങളില്‍ പെയ്യും മഴകളാല്‍
കോരിച്ചൊരിയുന്ന കണ്ണീര്‍ കുടിച്ചിട്ടോ
മൂകമായീടുന്നു നിലാവിന്‍ കണികകള്‍ .

ഒന്നുമേ ബാക്കിവയ്ക്കാതേയകലും
മരണമെന്നുള്ളൊരായുണ്മയോര്‍ക്കുമ്പോള്‍  
നിത്യം മനസ്സിനെ പാകമാക്കാനായ്
മര്‍ത്യാ നിന്‍ മനം വിറയ്ക്കുന്നോ ഭീതിയാല്‍?
-------------ബിജു ജി നാഥ് വര്‍ക്കല

No comments:

Post a Comment