Friday, March 23, 2018

കൊല്ലപ്പാട്ടി ദയ ................... ജി.ആർ.ഇന്ദുഗോപൻ

കൊല്ലപ്പാട്ടി ദയ (കഥകൾ)
ജി.ആർ. ഇന്ദുഗോപൻ
ഡി.സി.ബുക്സ്
വില: Rs 140.

            കഥകൾ നാം വായിക്കുന്നതിലുമേറെയാണ് നാം വായിക്കാതെ പോകുന്നവ. പലപ്പോഴും പരിചിതമായ പേരുകൾ മാത്രം തിരഞ്ഞുപിടിച്ചു വായിക്കുന്നതിനാൽ അപരിചിതരായ എഴുത്തുകാരുടെ രചനകൾ വായനയിൽ തടയാതെ പോകും. ചെറുകഥാ രംഗത്ത് ഇന്നു വിപ്ലവകരമായ മുന്നേറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നാളെയുടെ സാഹിത്യം ഓർക്കപ്പെടുക ഈ പരീക്ഷണങ്ങളെയായിരിക്കും എന്നതുറപ്പാണ്. അടുത്ത കാലത്തായി മലയാള ചെറുകഥാ രംഗത്ത് എഴുത്തുകളിലെ പ്രത്യേകതകൾ കൊണ്ടു പലരും ശ്രദ്ധയേറെ അവകാശപ്പെടുന്നുണ്ട്.

           "ജി.ആർ ഇന്ദുഗോപ''ന്റെ "കൊല്ലപ്പാട്ടി ദയ" എന്ന കഥാ സമാഹാരം വായിക്കുമ്പോൾ വളരെ നല്ല കുറച്ചു കഥകൾ വായിച്ച നിർവൃതി ലഭിക്കുന്നുണ്ട്. ഭാഷാപരമായ ലാളിത്യവും രചനാശൈലിയും വിഷയവൈവിധ്യവും ഓരോ കഥകളേയും ഒന്നിനൊന്നു മെച്ചമാക്കുന്നു . ഒന്നു വായിച്ചു തുടങ്ങിയാൽ മുഴുവൻ വായിച്ചു തീരാതെ മടക്കാൻ കഴിയാത്തത്ര മാസ്മരികത ആ കഥകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു. 16 കഥകളും 16 ലോകങ്ങൾ ആണ്. അവ പങ്കു വയ്ക്കുന്ന രാഷ്ട്രീയം ജീവിതത്തിന്റെ പച്ചയായ സ്പന്ദനങ്ങളാണ്. എം സുകുമാരന്റെ കഥകൾ വായിച്ചു നോക്കിയ അതേ സന്തോഷവും സംതൃപ്തിയും ഇന്ദുഗോപനും പങ്കുവയ്ക്കപ്പെടുന്നുണ്ട് എന്നതാണ് ഈ കഥകളുടെ പ്രത്യേകത. പ്രണയവും മതവും രാഷ്ട്രീയവും ഇല്ലാതെ കഥകൾക്കു നില നില്ക്കുവാൻ കഴിയുന്നു എന്നതും ദുരൂഹതകൾ ഒളിപ്പിച്ച ബൗദ്ധിക രചനകൾക്കപ്പുറം ജീവിതം പനി പിടിച്ചു കിടക്കുന്ന ഓലക്കുടിലുകൾക്കാണ് കഥകൾ ഏറെ പറയാനാവുക എന്നും കഥാകാരൻ വിളിച്ചു പറയുന്നു. വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുതറകളും സ്വതന്ത്രമായ അഭിപ്രായങ്ങളും നിറഞ്ഞ കഥാപാത്രങ്ങൾ ഈ കഥകളിൽ തലയെടുത്തു നില്ക്കുന്നു.

      ഇന്നിന്റെ കാലഘട്ടത്തെ വായനയിൽ പിടിച്ചു നിർത്താൻ ഇന്ദുഗോപൻമാർ ഇനിയും എഴുതണം. ഓരോ കഥകൾ ആയെടുത്തു പറയുന്നത് ആ കഥകളെ ആസ്വദിക്കാനും വിലയിരുത്താനും വായനക്കാർക്കു ബുദ്ധിമുട്ടു നല്കും എന്നു ശക്തമായി വിശ്വസിക്കുന്നു. വായിച്ചു തന്നെ വിലയിരുത്തേണ്ടതുണ്ട് ഈ എഴുത്തുകാരനെ. കാരണം വായനക്കാരനു തന്റെ വിശപ്പടക്കാൻ നല്ലൊരു ഭോജനവുമായി ഈ എഴുത്തുകാരൻ നില്ക്കുന്നു. വളരെ സന്തോഷത്തോടെ ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment