Thursday, March 22, 2018

ചില മലയാളികൾക്ക് മുഖപുസ്തകമെന്നാൽ....

ചില മലയാളികൾക്ക്  മുഖപുസ്തകമെന്നാൽ....
...............................
ആണുങ്ങളായ ആണുങ്ങളൊക്കെ
മുലയെന്നും
ആർത്തവമെന്നും മിണ്ടാതെ
പർദ്ദയും
ലെഗ്ഗിൻസും എഴുതാതെ
പ്രണയത്തെ മാത്രം എഴുതുകിൽ
ഹാ! എത്ര സുന്ദരം മുഖപുസ്തകം.
പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ
മുലയെന്നും
ആർത്തവമെന്നും മിണ്ടാതെ
സ്വാതന്ത്ര്യമെന്നും
സമത്വമെന്നും പറയാതെ
അടുക്കള സമരവും
ജീവിത കണ്ണുനീരും എഴുതിയാൽ
ഹാ! ഈ മുഖപുസ്തകം
എത്ര മനോഹരം.
ആയതിനാൽ
ഞങ്ങൾ വായനക്കാർക്ക്
നിങ്ങളല്പം സദാചാര തൊപ്പിയണിയിച്ചാലും
ഞങ്ങൾക്കത് തമിഴിലെ മുടിയാണ്.
എഴുതൂ ദിനവും
സദാചാരധ്വംസനങ്ങളെ എതിർത്തും
ദുരഭിമാനക്കൊലകളെ അനുകൂലിച്ചും
ദൈവങ്ങളെ സ്തുതിച്ചും
രാഷ്ട്രീയ കൊള്ളരുതായ്മകളെ
പാർട്ടി തിരിച്ചും.
എഴുതൂ
സരിതമാരെക്കുറിച്ചു
നടിമാരെക്കുറിച്ച്
ഒളിച്ചോടിയ
ഭർതൃമതിയുടെ കാമക്കഴപ്പുകളെക്കുറിച്ച് ..
നിങ്ങൾ എന്തെഴുതണമെന്നു
ഞങ്ങൾ പറയും.
ഞങ്ങൾ ഫാസിസ്റ്റുകളല്ല
ഞങ്ങളാണ്
മുഖപുസ്തക ജനം .
പ്രതിയെയും വാദിയെയും
വിചാരണ ചെയ്യാനും വിധി പറയാനും
അധികാരപ്പെട്ടവർ ഞങ്ങൾ.
ഞങ്ങൾ വൈറലാക്കുന്നത്
കണ്ടു മാത്രം ലോകമുണരണം.
ഇതു ഞങ്ങളുടെ ലോകം.
..... ബി.ജി.എൻ വർക്കല

No comments:

Post a Comment