Wednesday, March 7, 2018

മുംതാസിന്റെ കവിതകള്‍ ....മുംതാസ് സി പാങ്ങ്


മുംതാസിന്റെ കവിതകള്‍ (കവിതകള്‍ )
മുംതാസ് സി പാങ്ങ്


വളരെ ലളിതമായ കുറച്ചു കവിതകള്‍ നിറഞ്ഞ ഒരു കൊച്ച് പുസ്തകം ആണ് മുംതാസിന്റെ കവിതകള്‍ . പക്ഷെ അവയിലൊക്കെയും ഒരു പെണ്‍മനസ്സിന്റെ നിഴലും നിലാവും പരന്നു കിടക്കുന്നുണ്ട് . പലപ്പോഴും വിങ്ങിപ്പോകുന്ന ഒരു മൌനം ഇടയില്‍ പതിഞ്ഞു കിടക്കുന്നത് വായനക്കാര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. കവിതകളുടെ അവസാനം എത്തുമ്പോള്‍ ആണ് ഈ വിഷാദത്തിന്റെ ഉറവിടം എവിടെനിന്നും എന്ന് മനസ്സിലാക്കുന്നത് . തന്റെ കണ്ണുകളിലെ പോരായ്മയില്‍ നിന്നും രക്ഷനേടാന്‍ കഴിയാതെ അതിന്റെ അപകര്‍ഷതയില്‍ ജീവിച്ച ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ ഉയിര്‍ പിടച്ചിലുകള്‍ ആണ് കവിതയത്രേ . കവി ഇങ്ങനെ കുറിക്കുന്നു . എന്റെ കോങ്കണ്ണിന്റെ അപമാന ചിന്തയില്‍ നിന്നും ഞാന്‍ കരകയറിയത് കവിതകള്‍ കുറിച്ചുകൊണ്ടാണ്. അതെ ഒരു ദുഃഖത്തില്‍ നിന്നും കരകയറാന്‍ മുംതാസ് കണ്ടെത്തിയ രക്ഷാകേന്ദ്രമാണ് കവിത . പക്ഷെ ആ കരകയറാന്‍ ഉള്ള തിക്കുമുട്ടലില്‍ കവിതകള്‍ ചെറിയ മുത്തുകള്‍ ആയി ചിതറി വീഴുന്നു . സി രാധാകൃഷ്ണന്‍ അവതാരികകവിത എഴുതിയിരിക്കുന്ന ഈ പുസ്തകത്തിനു തുടക്കക്കാരിയുടെ കുറച്ചു ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാന്‍ ഉണ്ട് എങ്കിലും കവിതകളുടെ ആശയങ്ങളും വരികളും ഒക്കെ ചൂണ്ടിക്കാണിക്കുന്നത് ഈ അധ്യാപിക നല്ലൊരു എഴുത്തുകാരി ആകും എന്നുതന്നെയാണ് . കൂടുതല്‍ പരന്ന വായനയും , കുറച്ചുകൂടി കൈയ്യടക്കവും സ്വായത്തമാക്കിയാല്‍ മുംതാസിനും മലയാള സാഹിത്യത്തില്‍ നല്ലൊരിടം ലഭിക്കും . അലസതയുടെ രേണുക്കള്‍ പലപ്പോഴും കവിതയില്‍ പകരുന്നത് ഒരുപക്ഷെ രക്ഷപ്പെടലിന്റെ ആഴം അത്രകണ്ട് കാതലായത് ആയിരിക്കില്ല എന്നതുകൊണ്ടാകം . എന്നിരുന്നാലും പങ്കുവയ്ക്കുന്ന കവിതകള്‍ എല്ലാം നല്ല ആശയങ്ങള്‍ നിറഞ്ഞവ തന്നെയാണ് .

ഞങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ
ചോരയ്ക്ക് പകരം നീര്‍ തെറിച്ചാലും നടുങ്ങരുത്  
ഞങ്ങളുടെ ശവം കുളിപ്പിക്കുമ്പോള്‍
നഖങ്ങള്‍ പോലും വിയർത്തതായി കണ്ടാലും
അത്ഭുതപ്പെടരുത്
അങ്ങനെയൊക്കെയാണ് പ്രവാസം (പ്രവാസം )
 എന്ന് കവി എഴുതുമ്പോള്‍ പ്രവാസത്തിലെ മനുഷ്യരെ തിരിച്ചറിയുന്ന നാട്ടുകാരുടെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയും . പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അല്പം പഴയത് തന്നെ . മൊബൈല്‍ സ്ക്രീനില്‍ പ്രണയത്തിന്റെ രൂപാന്തരം കൂട്ടുകാര്‍ക്ക് ഷെയറിംഗ് ആയി മാറുന്ന കാലം പുതിയതല്ലല്ലോ . ആവിഷ്കാരം എന്നത് എന്നും ദുസ്സഹമായ ഒരു അവസ്ഥയാണ് സ്ത്രീക്ക് എന്ന് പറയുന്നു ആവിഷ്കാരം എന്ന കവിതയില്‍ . വളരെ അര്‍ത്ഥവത്തായ ഒരു സംഗതി ആണ് മുംതാസ് ഇവിടെ പങ്കുവയ്ക്കുന്നത് . രാജലക്ഷ്മിയെ പോലെ മരിക്കാന്‍ വയ്യാ .മാധവിക്കുട്ടിയായ് അഭയം തേടാനും വയ്യ ബൂര്‍ഖ വലിച്ചെറിഞ്ഞോടി വരുന്നൊരു കവിത എഴുതാന്‍ കഴിയില്ല കാരണം ഞാന്‍ ഒരു പെണ്ണാണ് എന്ന വിലാപം എഴുത്തിന്റെ വഴിയില്‍ കാലാകാലമായി നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലുകളുടെ ചതഞ്ഞ ശബ്ദമാണ് എന്നും സാഹിത്യ ലോകത്തെ പെണ്ണടയാളങ്ങൾ . കരയാനും പഴിക്കാനും അവകാശമില്ലാതെ ചിരിക്കുക മാത്രം തൊഴിലായി സ്വീകരിക്കേണ്ടവൾ ആണ് സെയില്‍സ് ഗേള്‍ എന്ന കവിതയുടെ ആശയം വളരെ വലിയ രീതിയില്‍ പറയേണ്ടുന്ന ഒരു വിഷയം തന്നെയാണ് . പലപ്പോഴും ആശയങ്ങളെ ചെറിയ വരികളിൽ കുടുക്കിയിട്ടുകൊണ്ട്‌ കൂടുതല്‍ യാത്ര ചെയ്യാന്‍ മിനക്കെടാത്ത ഒരു അവസ്ഥ കവിയില്‍ കാണാന്‍ കഴിയുന്നുണ്ട് . ധ്യാന്‍ ചന്ദിനെയും മാരിമുത്തുവിനെയും , ട്രാന്‍സ്ജെണ്ടറുകളെയും , മണിപ്പൂരി സ്ത്രീകളെയും കുറിച്ചൊക്കെ കവിതകള്‍ പറയാന്‍  കഴിയുന്ന വിധത്തില്‍ കവിയുടെ ലോകം വളരെ വലുതാണ്‌ എന്നത് സന്തോഷം നല്‍കുന്ന കാഴ്ചയാണ് . കാരണം കേവലമായ നാട്ടിന്‍ പുറക്കാഴ്ചകളുടെ ഗൃഹാതുരത്വം എഴുതിയോ പ്രണയത്തിന്റെ പറഞ്ഞു പഴകിയ വരികള്‍ കൊണ്ടോ അല്ല കവി ഇവിടെ കവിതകള്‍ കുറിച്ചിരിക്കുന്നത് എന്നതിനാല്‍ മുംതാസിന്റെ കവിതകള്‍ക്ക് ഒരു പ്രകാശമുണ്ട് . കൂടുതല്‍ ആഴങ്ങളില്‍ കൂടുതല്‍ അകലങ്ങളില്‍ ആ പ്രകാശം പരത്താന്‍ മുംതാസിനു കഴിയട്ടെ . വൈകല്യങ്ങള്‍ ഒരിക്കലും അപകര്‍ഷതകള്‍ നല്‍കുന്ന ഒരു സംഗതി അല്ല എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാനും വിജയിക്കാനും കഴിയുക. മുംതാസിനു അതിനു കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
http://www.mathrubhumi.com/books/features/mumthaz-c-pang-konkanni-parayunnu-poem-1.1698071

No comments:

Post a Comment