Tuesday, March 27, 2018

Scion of Ikshvalku .........Amish


Scion of Ikshvalku (fiction)
Amish
Westland Ltd
വില : 325 Rs

       കഥകള്‍ പ്രത്യേകിച്ചും പുരാണ കഥകള്‍ എന്നും വായനക്കാരെ വളരെ വലിയ തോതില്‍ ആകര്‍ഷിച്ചു നിര്‍ത്തുന്ന ഒരു വായനയാണ് . ഇന്ത്യയുടെ സ്വന്തം ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും ഇതിനകം എത്രയോ ഭാഷകളില്‍ എത്രയോ ഭാവാന്തരങ്ങളില്‍ വായനക്കാര്‍ വായിച്ചു കഴിഞ്ഞിട്ടുമുണ്ട് . ദേശങ്ങളും കാലങ്ങളും അവയില്‍ വലിയ തോതില്‍ കാഴ്ചപ്പാടിലും കഥാസന്ദര്‍ഭങ്ങളിലും ഒക്കെ കാതലായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. വായനക്കാര്‍ക്ക് പലപ്പോഴും എന്താണ് സത്യം എന്താണ് തെറ്റ് എന്നറിയാന്‍ കഴിയാന്‍ വയ്യാതെ നില്‍ക്കുന്ന രീതിയിലേക്ക് ഇത്തരം മൂലകഥകളെ പരുവപ്പെടുത്തി എടുക്കുകയുണ്ടായിട്ടുണ്ട് . പലപ്പോഴും എഴുത്തുകാരന്‍ ആ കാലഘട്ടത്തിലെ ജീവിതത്തെയും വീക്ഷണത്തെയും അടയാളപ്പെടുത്തുമ്പോള്‍ മനസ്സില്‍ പോലും കണ്ടിട്ടില്ലാത്ത വ്യാഖ്യാനങ്ങളും ഉപമ ഉത്പ്രേക്ഷകളുംകൊണ്ടു ആ കൃതികള്‍ രൂപമാറ്റം സംഭവിച്ചു വായനക്കാര്‍ക്കിടയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു . രസാവഹമായ മറ്റൊരു വസ്തുത ചരിത്രത്തെ ഇത്തരം കഥകളില്‍ സന്നിവേശിപ്പിച്ചു തെറ്റായ ഒരു സങ്കേതം രൂപപ്പെടുത്തി എടുക്കാന്‍ ഉള്ള ഗൂഢമായ അജണ്ട കൂടി ചില എഴുത്തുകള്‍ വഹിക്കുന്നുണ്ട് എന്നതാണ് .
         അമീഷ് എഴുതിയ രാമായണ കഥയുടെ ,സ്വന്തം തിയറിയും അനുമാനങ്ങളും ചേര്‍ന്ന സീരിസിലെ ആദ്യ പുസ്തകം ആണ് രാമന്റെ കഥ പറയുന്ന  Scion of Ikshvalku. ഈ പുസ്തകത്തില്‍ രാമന്‍ ജനിച്ചതും വളര്‍ന്നതും സീതയെ രാവണന്‍ അപഹരിച്ചു കൊണ്ട് പോകുന്നതും ആയ ഇടം വരെ പറഞ്ഞിട്ടുണ്ട് . ഇതിനു ശേഷം ഉള്ള സീത യില്‍ സീതയുടെ ജീവിതവും സീതാപഹരണവും  വരെ എത്തി നിര്‍ത്തിയിട്ടുണ്ട് . അടുത്തതില്‍ രാമ രാവണ യുദ്ധം ആകാം .
           അമീഷ് ഉപയോഗിക്കുന്ന മാര്‍ഗ്ഗം എന്താണ് എന്നത് വളരെ വ്യക്തമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട് . ഒരു കാലത്ത് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ച , നിയന്ത്രിച്ച പ്രബലമായ രണ്ടു വിഭാഗങ്ങള്‍ ആണ് ശൈവരും വൈഷ്ണവരും . ഇവരുടെ തേര്‍വാഴ്ച ആയിരുന്നു അക്കാലത്തെ ഇന്ത്യയുടെ സാമൂഹ്യ മത സാംസ്കാരിക ഭൂപടം നിറഞ്ഞു കിടന്നത് . അമീഷ് ശൈവ വിഭാഗത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് നിലനില്ക്കുന്ന ചരിത്രഎഴുത്തുകാരന്‍ ആണ് എന്ന് കാണാം . ചരിത്ര എഴുത്തുകാരന്‍ എന്ന് പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ചു തന്റേതാക്കാൻ ശ്രമിക്കുന്ന എഴുത്തുകാരന്‍ എന്നതാകും ശരി എന്ന് കരുതുന്നു . ഈ ഒരു ചിന്താഗതിയില്‍ നിന്നുകൊണ്ട് ഇന്ന് ലഭ്യമായ വസ്തുതകള്‍ ഇന്ത്യയുടെ ചരിത്രത്തെയും മനുഷ്യ ചരിത്രത്തെയും കുറിച്ചുള്ള വിവരങ്ങള്‍, തനിക്ക് ആവശ്യമായ രീതിയില്‍ പുട്ടിനു പീര ചേര്‍ക്കുമ്പോലെ ചേര്‍ത്തുകൊണ്ട് കഥ പറയുമ്പോള്‍ ചരിത്രത്തെ കുറിച്ച് ബോധം ഇല്ലാത്ത പുതിയ ജനതയ്ക്ക് ഇതൊരു അറിവും, സത്യവും ആയി മാറാം. ഇതാണ് പലപ്പോഴും പല ജനതയുടെയും ചരിത്ര അവബോധത്തെ വഴിതിരിച്ചുവിട്ടുകൊണ്ട് മതത്തിന്റെ വ്യാപനം എളുപ്പമാക്കിയിട്ടുള്ളത്. ഇത്തരം ഒരു നിലപാട് തറയില്‍ നിന്നുകൊണ്ട് രാമന്‍ എന്ന മനുഷ്യനെ അവതരിപ്പിക്കുകയാണ് അമീഷ് ഈ കൃതിയില്‍ . സര്‍വ്വ നാശം വിതയ്ക്കുന്ന അസുരാസ്ത്രവും , മോട്ടോര്‍ നിയന്ത്രിത പുഷ്പകവിമാനവും ശ്രീലങ്കയും ഇന്ത്യയും ഒക്കെ ചേര്‍ത്തു ഒരു തട്ടുപൊളിപ്പന്‍ ന്യൂജന്‍ രാമായണ കഥ . എന്തുകൊണ്ടാണ് സംഘപരിവാര്‍ കണ്ണുകള്‍ ഈ കഥകളില്‍ നിന്നും വികാരം വ്രണപ്പെട്ടു ആയുധം എടുക്കാത്തത് എന്നതിന് മറുപടി അതിലെ ആര്യ വത്കരണവും വിഷയങ്ങളില്‍ വഴിതിരിച്ചു വിട്ടു ലഘൂകരിക്കുന്ന വിശദീകരണങ്ങളും ആണ് എന്ന് പറയേണ്ടി വരും . ഇന്നിന്റെ കാലത്തു നിന്നുകൊണ്ട് ഒരു കുട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടികള്‍ ആണ് അമീഷിന്റെ ചിന്തയില്‍ . അതിനാല്‍ തന്നെ രാമന്‍ പതിനാല് വർഷം കാട്ടില്‍ അലഞ്ഞത് അസുരാസ്ത്രം അയച്ചു ശിവന്‍ നിര്‍മ്മിച്ച നിയമം തെറ്റിച്ചതിനുള്ള ശിക്ഷ ആയി മാറുന്നതും , രാവണന്‍ ഇന്ത്യയുടെ കടല്‍ മേഖല അടക്കി വാഴുന്ന സര്‍വ്വ ശക്തനായ വ്യാപാരി ആകുന്നതും . അതുപോലെ മന്ദര അയോധ്യയിലെ ഏറ്റവും വലിയ ധനികയായ വ്യാപാരിയുടെ റോള്‍ കയ്യാളുന്നതും. സീത എടുത്തു വളര്‍ത്തപ്പെട്ട മകള്‍ ആകുന്നു . രാമന്‍ ജനിക്കുമ്പോള്‍, ദശരഥന്‍ രാവണനും ആയി യുദ്ധം ചെയ്തു തോല്‍വി അടയുന്നത് , വിശ്വാമിത്രന്റെ ആള്‍ക്കാര്‍ നിര്‍മ്മിക്കുന്ന മിസൈലുകള്‍ ആയ അസുരാസ്ത്രങ്ങള്‍ , അവര്‍ തന്നെ നിര്‍മ്മിക്കുന്ന സോമരസം തുടങ്ങി ഒട്ടേറെ രസാവഹമായ കാഴ്ചകളും അറിവുകളും ഇന്നത്തെ കുട്ടികളില്‍ , പുതിയ വായനക്കാരില്‍ പഴയതും വാത്മീകി എഴുതിയതും ആയ രാമായണം എന്ന കഥയില്‍ നിന്നും വേറിട്ട്‌ 3400 BCE യിൽ ജീവിച്ച  യഥാര്‍ത്ഥ മനുഷ്യരും അവരുടെ ലോകവും ജീവിതവും ആയി തുറന്നു വരികയും അവര്‍ അതിനെ തീർച്ചയായും ശരിയെന്നു കരുതി അടുത്ത തലമുറയ്ക്ക് പകർന്നുനല്‍കുകയും ചെയ്യും. മിത്തുകളെ സത്യം എന്ന ലേബലിലേക്ക് കൈമാറി കൊടുക്കുന്ന ഇത്തരം തട്ടിപ്പ് കഥകള്‍ക്ക് അതിനാല്‍ തന്നെ ഫിക്ഷന്‍ എന്ന പേരു നല്‍കപ്പെടുന്നത് ഒരു ജാമ്യമാണ് . അതുകൊണ്ട് തന്നെ അതിനു എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും വിധം വായനക്കാര്‍ ഉണ്ടാകുകയും ചെയ്യും .
ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment