Monday, March 19, 2018

നമ്മൾ പരിചിതരാണ്.

നമ്മൾ പരിചിതരാണ്.
...................................
നമ്മൾ പരിചിതരാണ് .
ജീവിതയാത്രയിലെവിടൊക്കെയോ
നമ്മൾ പരിചിതരാണ്.
കോരിച്ചൊരിയുന്ന മഴയിൽ
ഒരേ കടത്തിണ്ണയിൽ നാമുണ്ടായിരുന്നു.
ഈറൻ കാലുകൾ മറന്നു വച്ചു
ഒതുക്കിപ്പിടിച്ച വസ്ത്രങ്ങളും
നനയാതെ പിടിച്ച റേഷനരിയും മണ്ണെണ്ണയുമായി
നീ നിൽക്കുമ്പോൾ,
നനഞ്ഞു പോയ പത്രവും ചുരുട്ടി
മാടിക്കുത്തിയ കള്ളിമുണ്ടു നനയ്ക്കും
കാറ്റിനെ തെറി പറഞ്ഞു
ഒരു ദിനേശ് ബീഡി കടിച്ചു പിടിച്ച ഞാൻ
നിനക്കരികിൽ ഉണ്ടായിരുന്നു.
അന്നു മഴയെ നോക്കി നാമിരുവരും പഴി പറഞ്ഞു.
നമ്മൾ അന്നപരിചിതരാണ്..
പഞ്ചായത്താപ്പീസിലെ ക്യൂവിലാണ്
പിന്നെ നമ്മൾ കാണുന്നത്.
വീടു നന്നാക്കാൻ സഹായത്തിനു
അപേക്ഷ കൊടുക്കാൻ
നൂറു പേപ്പറുകളുമായി തളർന്നു നിന്ന നീയും,
മണ്ട പോയ തെങ്ങുമുറിക്കാൻ
അനുമതി തേടി ഞാനും .
കാത്തു നില്പിന്റെ രണ്ടാം ദിനത്തിൽ
നമ്മൾ പരിചയത്തിന്റെ മടിശ്ശീലയഴിച്ചു.
നൂറു തേച്ച വെറ്റിലയിൽ
ജാപ്പാണം പൊകയിലയും
മൈസൂർ പാക്കും ചേർത്ത്
നമ്മൾ പരിചയത്തിന്റെ രക്തചന്ദനമരച്ച്
പഞ്ചായത്താപ്പീസിന്റെ ചുവരിൽ പതിപ്പിച്ചു.
നമുക്കിടയിലൂടെ പുതിയ ജലവുമായി
ഭവാനിപ്പുഴ എത്രയോ വട്ടം ഒഴുകിപ്പോയി.
ഇന്നിപ്പോൾ, ചുമച്ചു തുപ്പുന്ന
കൊഴുത്ത ചോരക്കട്ടകൾ നോക്കി
താലൂക്കാശൂത്രിവരാന്തയിൽ കുന്തിച്ചിരിക്കുമ്പോൾ
കെട്ടിവയ്ക്കാൻ പണമില്ലാതെ
കെട്ടിപ്പൊതിഞ്ഞ ഉണക്കമരമായി
നിന്നെ വീണ്ടും കാണുന്നു.
നമ്മൾ പരിചിതരാണ്.
നിനക്കു വേണ്ടി പണമടയ്ക്കാൻ
എനിക്കാരുടെ സമ്മതം വേണം.
നമ്മൾ പരിചിതരാണെന്നു നമ്മൾ മാത്രമറിഞ്ഞാൽ  മതി.
...... ബി. ജി.എൻ വർക്കല

No comments:

Post a Comment