Friday, March 2, 2018

ആമി .... ഒരു സിനിമ മാത്രമാണ്

ആമി

ഒരു സിനിമ എന്നാൽ ഒരു ജീവിതമോ , ചരിത്രമോ , സങ്കല്പമോ ആകാം. മാധവിക്കുട്ടി എന്ന കമലാദാസിനെ അതുമല്ലെങ്കിൽ കമല സുരയ്യയെ അഭ്രപാളികളിൽ പകർത്തുമ്പോൾ ആമിയുടെ ആരാധകർ എന്താകും പ്രതീക്ഷിക്കുക. ആമിയെ പുനർ സൃഷ്ടിക്കുമ്പോൾ ആമിക്കെന്തായാലും അതിൽ അഭിനയിക്കാനാവില്ല. ആ സ്ഥാനത്തേക്ക്  ഒരാൾ വേഷം കെട്ടേണ്ടി വരും. ആമിയുടെ പ്രിവ്യൂ കഴിഞ്ഞു വന്ന ശേഷം പ്രശസ്തനായ ഒരു സാഹിത്യകാരൻ വാട്സപ്പിൽ പറഞ്ഞു.
"പടം കണ്ടു. നല്ല സിനിമ. മഞ്ജുവും നന്നായി അഭിനയിച്ചു. ഒരു സിനിമ എന്ന രീതിയിൽ കാണുക. നാമറിയുന്ന മാധവിക്കുട്ടിച്ചേച്ചി നമ്മുടെ മനസ്സിൽ മാത്രം ."
തികച്ചും സത്യസന്തമായ ഒരു അഭിപ്രായമായി അത് മനസ്സിൽ സൂക്ഷിച്ചു. എന്നാൽ ഫേസ്ബുക്കിൽ ഞാൻ ട്രെയിലർ കണ്ടു  കുറിച്ചിട്ടു. ആമിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇങ്ങനെയെങ്കിൽ നഷ്ടമായി എന്നു. മുഖപുസ്തകത്തിൽ പലരും എഴുതിയ റിവ്യൂകൾ വായിച്ചു ചിരിക്കുക പോലുമുണ്ടായി. ഒരു സ്ത്രീ കുറിച്ചത് മാങ്ങാണ്ടി മോന്തയല്ല ആമിയുടേത് എന്ന്. സാരി ബ്ലൗസിൽ തിരുകി , മുടി വിടർത്തിയിട്ടു , പട്ടുസാരി ചുറ്റിയാൽ ആമിയാകില്ല എന്നും . നീർമാതളം എന്നു ഇടക്കിടെ പറഞ്ഞാൽ മാധവിക്കുട്ടി ആകില്ല എന്നും പല അഭിപ്രായങ്ങൾ ഇവിടെ വായിച്ചു. മാധവിക്കുട്ടിയെ ജീവിതത്തിൽ നേരിൽ കണ്ടിട്ടില്ലാത്ത, അവരുടെ കൃതികൾ ഒന്നോ രണ്ടോ അതോ ഒന്നുപോലുമോ  വായിച്ചിട്ടില്ലാത്ത പലരുടെയും ആമിയെ വിലയിരുത്തലുകളും കണ്ടു. ഞാൻ ആമിയെ കണ്ടതും കേട്ടതും യൂടൂബിൽ മാത്രമാണ്. ഞാൻ ആമിയുടെ എല്ലാ കഥയും വായിച്ചിട്ടില്ല. അതിനാൽ ഞാൻ എല്ലാ അഭിപ്രായങ്ങളെയും എടുത്തു ദൂരെ എറിഞ്ഞു ആമി കാണാനിരുന്നു.
വള്ളത്തോളും ചങ്ങമ്പുഴയും ഒക്കെ വിരുന്നു വന്നിരുന്ന നാലപ്പാട്ട് തറവാട്ടിൽ എഴുത്തുകാരിയായ ബാലാമണിയമ്മയുടെ മകളായി പിറന്ന മാധവിക്കുട്ടി മുത്തശ്ശിയുടെ വാത്സല്യനിധിയായിരുന്നു. കൽക്കട്ടയിലേക്ക് കുട്ടിയായ ആമിയും കുടുംബവും പറിച്ചു നടപ്പെടുമ്പോൾ ആമിക്കു നഷ്ടമാകുന്നത് മുത്തശ്ശിയും നീർമാതളവും ചെറുമികളും പച്ചപ്പും ഒക്കെയായിരുന്നു. പനി പിടിച്ചു കിടന്ന ഒരു ദിവസമാണ് ആമി ആദ്യമായി കൃഷ്ണഭഗവാനെ കാണുന്നത്. അതോടെ കുഞ്ഞാമിയുടെ മനസ്സിൽ കൃഷ്ണൻ പതിഞ്ഞു പോയി. പിന്നീട് ചിത്രകല പഠിപ്പിക്കാൻ വന്ന ചെറുപ്പക്കാരൻ മാഷിലും ഭാവിയിൽ മറ്റു പലരിലും ആമി കൃഷ്ണനെ കാണുന്നുണ്ട്. ആമിയുടെ സങ്കല്പത്തിലെ പുരുഷനു കൃഷ്ണന്റെ  രൂപമാണ്. ആ കൃഷ്ണനാകട്ടെ അധികം തടിയില്ലാത്ത താടി മീശകൾ ഉള്ള ഒരു രൂപവുമാണ്. ആ രൂപഭാവങ്ങൾ ഇല്ലാതെ പോയതിനാലോ അതോ 20 വയസ്സു കൂടുതൽ ഉള്ളതുകൊണ്ടോ  ആമിക്ക് ദാസെന്ന ഭർത്താവിനെ സ്നേഹിക്കാനോ കാമിക്കാനോ കഴിഞ്ഞിരുന്നില്ല. അമ്മയിലെ സാരോപദേശ കഥകളുടെ രക്തമല്ല അമ്മാവനിലെ രതി വിജ്ഞാന കഥകളുടെ രക്തമാണ് തന്റെ ഞരമ്പുകളിൽ എന്നു പറയുന്ന ആമിക്ക് പക്ഷേ രതിയെക്കുറിച്ചു സാമാന്യബോധം പോലും ഇല്ല എന്നു മനസ്സിലാക്കിയ ദാസ് ഒരു ഗണിക സ്ത്രീയെ കാമകല പഠിപ്പിക്കുവാൻ ആമിയുടെ അടുത്തു കൊണ്ടു വരുന്നുണ്ട്. രതി ശരീര ദാഹങ്ങളുടെ പ്രകടനമല്ല  കാൽപ്പനികതയിൽ നിറഞ്ഞ ആത്മദാഹങ്ങളുടെ സംയോഗമാണ് എന്നു കരുതുന്ന ആമിയതിനാൽ തന്നെ ദാസിനെ പ്രണയിക്കുന്നതേയില്ല. ഇരുവർക്കും സ്നേഹം മാത്രമാണ് പരസ്പരം . തന്റെ ശരീര വിശപ്പ് അകറ്റാൻ അതിനാൽ തന്നെ ദാസ് ഒരു പുരുഷ ഇണയെ കണ്ടെത്തുന്നു. ഇത് ആമിയിൽ മാനസികാഘാതം സൃഷ്ടിക്കുന്നു. ദാസ് വീണ്ടും ആമിയെ ആമിയായി അംഗീകരിച്ചു ഒരുമിച്ചു ജീവിക്കുന്നു. തന്റെ കാമനകളും സങ്കല്പങ്ങളും ജീവിതവും ചേർത്തു ആമി എഴുതുന്ന എന്റെ കഥ എന്ന പുസ്തകം മലയാള സാഹിത്യ രംഗത്തും സാമൂഹ്യ രംഗത്തും വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നു. ദാസ് റിട്ടയർ ആയി തിരികെ തിരുവനന്തപുരത്ത് എത്തുന്നു തിരുവനന്തപുരത്തെ സാഹിത്യ കൂട്ടായ്മയുടെ ആവശ്യപ്രകാരം ആമി തിരഞ്ഞെടുപ്പിൽ നില്ക്കുകയും കെട്ടി വച്ച കാശുപോലും കിട്ടാതാവുകയും ചെയ്യുന്നു. ദാസ് മരണപ്പെടുന്നു. ഒറ്റയ്ക്കായ ആമി എഴുത്തും സാഹിത്യ പ്രവർത്തനങ്ങളുമായി ഒതുങ്ങിക്കൂടുന്നു. അപ്പോഴാണ് അക്ബർ അലി എന്ന ഗസൽ ഗായകൻ ആമിയുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ആരാധനയുടെയും കാമത്തിന്റെയും പൂർത്തീകരണത്തിനായി ആമിയെ അയാൾ വശീകരിക്കുന്നു. അയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ആമിയുടെ വൃദ്ധ ശരീരത്തിൽ അയാൾ യൗവ്വനത്തിന്റെ പരാഗരേണുക്കൾ വിതറി തന്റെ ഇംഗിതം പൂർത്തികരിക്കുന്നു. തന്റെ ജീവിതം വീണ്ടും പൂത്തു തളിർക്കുന്നതായും തന്നിൽ പ്രണയം പൂർവ്വാധികം ഭംഗിയായി നിറയുന്നതായും മനസ്സിലാക്കുന്ന ആമി അലിക്കൊപ്പം ജീവിക്കാൻ അയാളുടെ മൂന്നാമത്തെ ഭാര്യയാകാൻ ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിക്കുന്നു. ഇസ്ലാമിന്റെ സാഹോദര്യവും മാനവികതയും സ്ത്രീ സ്വാതന്ത്ര്യവും പറഞ്ഞു കൊടുത്തു ആമിയെ ഇസ്ലാം മതത്തിലേക്ക് കൂട്ടിയ അലി പക്ഷേ തുടർന്നുണ്ടായ സാമുദായിക പ്രശ്നങ്ങൾ കണ്ടു ഭയന്നു ആമിയെ ഉപേക്ഷിച്ചു കടന്നു കളയുന്നു. തുടർന്നു മാനസികമായി തളർന്ന ആമിയുടെ അക്ഷരങ്ങൾക്കു മേൽ പോലും മതത്തിന്റെ ശാസന തടസ്സമാകുമ്പോൾ  ആമി കേരളം ഉപേക്ഷിച്ചു പൂനയിലേക്ക് പോകുകയും അവിടെ വച്ചു മരണപ്പെടുകയും  ചെയ്യുന്നു.
ആമി എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു മഞ്ജു. പക്ഷേ ആമിയുടെ എന്ന പേരിൽ അവതരിപ്പിക്കുന്ന ഇടക്കിടെ ഉള്ള ചിരിയും ആമിയുടെ ഭാഷയും മുഴച്ചു നിന്നു . ആമിയുടെ ജീവിതം അഭിനയിച്ചു എന്നത് മാത്രമേ കാഴ്ചക്കാർ മനസ്സിലാക്കാവൂ. ആ തലത്തിൽ അവർ നല്ല അഭിനയം കാഴ്ചവച്ചു. ബാലാമണിയമ്മ ഏതു നേരവും പുസ്തകവുമായി ഇരുന്നു എഴുതുന്ന കാഴ്ച കണ്ടപ്പോൾ കമൽ എന്ന സംവിധായകനു എഴുത്തുകാർ 24 മണിക്കൂറും പേനയും ബുക്കും ആയി നടക്കുന്നവർ ആണ് എന്നൊരു മിഥ്യാധാരണ ഉള്ളതു പോലെ തോന്നി. അതുപോലെ വള്ളത്തോളിനു കേൾവിക്കു അല്പം പ്രശ്നം ഉള്ളതായി അറിയാം പക്ഷേ കമലിനു അതറിയാത്തതിനാൽ തുടക്കത്തിൽ തന്നെ കല്ലുകടി ഉണ്ടായി..മറ്റു വലിയ പ്രശ്നങ്ങൾ ഒന്നും ചിത്രത്തിൽ കണ്ടില്ല. പ്രിയരേ നിങ്ങൾ കാണുക പിന്നെ വിലയിരുത്തുക . എന്തോ ആണ് തങ്ങൾ എന്നു വരുത്തിത്തീർക്കാൻ എന്തും എഴുതി പിടിപ്പിക്കുന്ന ആമിയുടെ ആരാധകർ എന്നു വെറും വാക്കു പറയുന്നവരെ കണ്ട് സിനിമ കാണാതിരിക്കരുത്.
ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment