എന്റെ ലോകം
മാധവിക്കുട്ടി
ഡി സി ബുക്സ്
ജീവിതത്തെ
ചിലരെങ്കിലും എഴുതുമ്പോള്‍ സമൂഹം ഒന്നാകെ അയാള്‍ക്ക് നേരെ നില്‍ക്കുകയും
ആക്രമിക്കുകയും ചെയ്യും . ഇതിനു ചരിത്രം ഒരുപാടു സാക്ഷ്യം വഹിച്ചിട്ടുണ്ട് .
മലയാളിക്കും അന്യമല്ല ഈ സംസ്കാരം . അതുകൊണ്ടാണ് മലയാളികളുടെ അഭിമാനമായ മാധവിക്കുട്ടി
എന്റെ കഥ എന്നൊരു ആത്മകഥ എഴുതുമ്പോള്‍ പൊതുവേ കപട സദാചാരികള്‍ ആയ മലയാളികള്‍
പൊടുന്നനെ സടകുടഞ്ഞു എഴുന്നേറ്റതും ആ എഴുത്തുകാരിയെ തലങ്ങും വിലങ്ങും ആക്രമിച്ചതും
. എന്റെ കഥ എന്നത് എന്റെ ഭ്രാന്തന്‍ സങ്കല്പങ്ങള്‍ മാത്രമാണ് എന്ന് അലമുറയിട്ടു
വിളിക്കേണ്ടി വന്നു അവരിലെ ദുര്‍ബ്ബലയായ സ്ത്രീക്ക് ഒടുവില്‍ . മലയാള സാഹിത്യ
രംഗത്ത് അതിനെ തുടര്‍ന്ന് നടന്ന കഥയെഴുത്ത് മത്സരങ്ങളും ആക്ഷേപങ്ങളും
ചരിത്രമാണല്ലോ . പക്ഷെ മാധവിക്കുട്ടി തുറന്നു കൊടുത്ത ആ പാതയിലേക്ക് പുതിയ പെണ്‍കുട്ടികള്‍
വന്നപ്പോള്‍ മാധവിക്കുട്ടി ശരിയായിരുന്നു എന്ന് പറയേണ്ടിവന്നു സാഹിത്യരംഗത്തിനും
സമൂഹത്തിനും .
എന്റെ കഥയുടെ
അലകള്‍ നിലനില്‍ക്കുമ്പോള്‍ മാധവിക്കുട്ടി എഴുതിയ ഡയറിക്കുറിപ്പുകള്‍ പോലുള്ള
കുറച്ചു ഭാഗം ആണ് ഡിസി സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ "എന്റെ ലോകം" . കറന്റ് വാരികയുടെ
പത്രാധിപരില്‍ നിന്നും ഏറ്റ അസ്വാരസ്യങ്ങള്‍ മൂലം ഭയന്നും തളര്‍ന്നും
കന്യാകുമാരിയില്‍ ഒരു മാസത്തോളം ഒളിച്ചു താമസിച്ച മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍
ആണ് കൂടുതലും ഈ പുസ്തകം പങ്കു വയ്ക്കുന്നത് . ഒപ്പം തന്റെ ബോംബെ ജീവിതവും കുടുംബ
ജീവിതവും നാലപ്പാട്ട് കുറച്ചു കാലം ജീവിച്ചതുമൊക്കെ മാധവിക്കുട്ടി ഇതില്‍
പറയുന്നുണ്ട് . ജീവിതത്തില്‍ പരാജയപ്പെട്ട ഒരു എഴുത്തുകാരിയായിരുന്നു എന്റെ
ലോകത്തിലെ മാധവിക്കുട്ടി. രോഗവും മാനസിക പീഢകളും , നിറഞ്ഞ കാലം . ഒരു തരത്തില്‍
പറഞ്ഞാല്‍ തിരിച്ചറിവിന്റെ കാലം കൂടിയാണത് . രോഗാതുരമായ ആ മനസ്സില്‍ കാമം എന്നത്
പ്രണയത്തിന്റെ, ആത്മാവുകളുടെ ലയനം മാത്രമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ നാം കമലാ
സുരയ്യയുടെ പ്രണയവും കാമവും ചര്‍ച്ച ചെയ്തു സമയം പോക്കുകയാണ് എന്ന് തോന്നുന്നു .
കമല്‍ എന്ന സംവിധായകന്‍ മാധവിക്കുട്ടിയെ അഭ്രപാളിയില്‍ പകര്‍ത്തിയപ്പോള്‍ എന്റെ കഥയും
മാധവിക്കുട്ടിയെക്കുറിച്ചുള്ള കുറച്ചു ഗോസ്സിപ്പുകളും മാത്രമാണ് വായിച്ചിരുന്നത്
എന്ന് തോന്നിപ്പോകുന്നു . ഒരു പക്ഷെ ആത്മാര്‍ഥമായി കമല്‍ എന്റെ ലോകം കൂടി
വായിച്ചിരുന്നു എങ്കില്‍ മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ രൂപവും ജീവിതവും മലയാളത്തിനു
പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞേനെ . അത്രകണ്ട് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ
ആത്മ സത്ത എന്റെ ലോകം എന്ന ഈ പുസ്തകത്തില്‍ നിറഞ്ഞു കിടക്കുന്നു . എന്തുകൊണ്ടോ
വിവാദങ്ങളും ഇക്കിളികളും മാത്രം കണ്ടും കേട്ടും പറഞ്ഞും ശീലിച്ച മലയാളിക്ക്
ഇഷ്ടമാകാതെ പോയ എന്റെ ലോകം കൂടുതല്‍ ആളുകള്‍ വായിക്കേണ്ടതുണ്ട് എന്ന് കരുതുന്നു .
ഒരുപക്ഷെ മാധവിക്കുട്ടിയെ പഠിക്കുന്നവര്‍ക്കും അവരെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്കും
എന്റെ കഥയ്ക്കൊപ്പം തന്നെ എന്റെ ലോകവും
വായിച്ചിരിക്കേണ്ടത് ആവശ്യം തന്നെയാണ് .
ചരിത്രത്തില്‍
മാധവിക്കുട്ടിയെ അടയാളപ്പെടുത്തുക അവരുടെ എഴുത്തുകള്‍ , ലോകത്തെ നേരിട്ട രീതികള്‍
എല്ലാം കൊണ്ട് തന്നെയാണ് . അതൊരിക്കലും ഏകപക്ഷീയമായ ഒറ്റ വായനയില്‍ നിന്നാകരുത്
എന്ന ചിന്ത എന്റെ ലോകം വായിക്കുവാന്‍ പ്രേരിപ്പിക്കുന്നതാകട്ടെ മലയാളിയുടെ വായനാ
ലോകം എന്ന് ആശിച്ചുപോകുന്നു . ഒരെഴുത്തുകാരനെ അറിയുക മറ്റൊരെഴുത്തുകാരന്‍ മാത്രമാകും
എന്ന മാധവിക്കുട്ടിയുടെ വരികള്‍ ഒരു വലിയ സത്യത്തിന്റെ വിളിച്ചു പറയല്‍ മാത്രമാണ് .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment