Monday, March 12, 2018

മാറ്റാത്തി ........ സാറാ ജോസഫ്

മാറ്റാത്തി (നോവൽ)
സാറാജോസഫ്

ജീവിതത്തെ വരച്ചു കാട്ടുക എളുപ്പമല്ല. ജീവിച്ചു കാട്ടുന്നതു പോലെ സുഖകരമല്ല അതിനെ എഴുതിപ്പിടിപ്പിക്കുക. തികച്ചും പെണ്മ നിറഞ്ഞ ഒരു നോവൽ വളരെ കൗതുകത്തോടെ വായിച്ചു പോകാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ആ എഴുത്തിന്റെ സൗന്ദര്യം എങ്ങനെ പറയുവാൻ കഴിയുക. വായിച്ചു തന്നെയറിയണമത്. "മാറ്റാത്തി " എന്ന നോവൽ ലൂസിയുടെ ജീവിത കഥയാണ്.  ബ്രിജിത്താമ്മയുടെ ജീവിത കഥയാണ്.  ചെറോണയുടെ ജീവിത കഥയാണ്. അതൊരു സമൂഹത്തിലെ ഒറ്റപ്പെട്ട തുരുത്തുകളിൽ ജീവിച്ചു പോകുന്ന സ്ത്രീകളുടെ കഥയാണ്. ഒരു കാലഘട്ടത്തെ അതിന്റെ മാറ്റങ്ങളെ എത്ര നന്നായിട്ടാണ് സാറാ ജോസഫ് ഈ നോവലിൽ ഒളിപ്പിച്ചിരിക്കുന്നത് എന്ന വസ്തുത അത്യന്തം കൗതുകകരമായ വായനയാണ്. ലൂസി എന്ന അനാഥയായ പെൺകുട്ടിയുടെ കഥയാണ് മാറ്റാത്തി . അമ്മ കളഞ്ഞിട്ടു പോയ ലൂസിയെ ബ്രിജിത്ത , ബന്ധുക്കളുടെ എതിർപ്പ് വകവയ്ക്കാതെ എടുത്തു വളർത്തുന്നു. അവിവാഹിതയായ  ബ്രിജിത്തയുടെയും ലൂസിയുടെയും ജീവിതം സംഘർഷങ്ങളുടേത് മാത്രമാണ്. ബ്രിജിത്തയുടെ വീട്ടുവേലക്കാരി മാത്രമായാണ് ലൂസിയെ കണക്കാക്കുന്നത്. സ്കൂൾ പഠനവും കോളേജ് പഠനവും ബ്രിജിത്ത നല്കുന്ന സൗജന്യങ്ങൾ മാത്രമാണ്. എങ്കിലും എളേമ്മ എന്ന സ്ഥാനപ്പേര് നിലനിർത്തി ലൂസി മരണം വരെ ബ്രിജിത്തയെ സേവിക്കുന്നു. തന്റേടിയും , ഒറ്റയ്ക്കു ജീവിക്കാൻ പ്രാപ്തയുമായ ബ്രിജിത്ത ആരേയും കൂസുന്ന ഒരു സ്ത്രീയല്ല. അവരെ ഭയന്നു ആരും നേർക്കു നേരെ നില്ക്കുകയുമില്ല. ആ മഹാമേരു ലൂസിയെ പൊതിഞ്ഞു പിടിച്ച തള്ളക്കോഴിയാരുന്നു. ആർക്കും കൊടുക്കാതെ ആരെയും കാട്ടാതെ സ്വന്തം ചിറകിനു കീഴിൽ സ്വതസിദ്ധമായ മുരടൻ സ്വഭാവത്താലൊളിപ്പിച്ച കരുതലിൽ വളർത്തിക്കൊണ്ടുവന്ന ലൂസിയെ പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ ബ്രിജിത്ത ഒരു ദയാനുകമ്പയും നല്കിയില്ല. മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വാക്കുകൾ നഷ്ടമായ സമയത്ത് ബ്രിജിത്ത പക്ഷേ അവളോട് പറയാൻ ശ്രമിച്ചത് ആ കുറ്റബോധം ആകണം. ലൂസി എന്ന പെൺകുട്ടി ബ്രിജിത്ത എന്ന ഇളയമ്മയുടെ ഏകാധിപത്യത്തിനു  കീഴിൽ അടിമയായി ജീവിച്ച ഒരുവൾ ! വീട്ടിലെ പണികൾ എല്ലാം തീർത്ത് ഓടിപ്പിടച്ചു ക്ലാസ്സിലെത്തി ഏറ്റവും പിറകിലൊറ്റയ്ക്ക്  ഇരുന്നു പഠിച്ചവൾ. നാറ്റമുണ്ടെന്നു പറഞ്ഞു കൂട്ടത്തിലാരും കൂട്ടാത്ത കുട്ടി. ആടും കോഴിയും പശുവും വീടും പറമ്പും ലോകമായ ഒരുവൾ. എളേമ്മയുടെ കൈയ്യിലെ വടി ഏതു നേരവും പുറത്തു വീഴുന്ന ഭയത്താൽ ജീവിച്ചവൾ. തന്നെ സേതു ഒന്നു നോക്കിയെങ്കിൽ എന്നു പ്രതീക്ഷിച്ചു കാത്തിരുന്നവൾ. കോളേജിൽ പോകാൻ സമ്മതിക്കുന്നതിനായി 50 മുട് വാഴ ഒറ്റയ്ക്ക് നട്ടവൾ . കോളേജിൽ ആർക്കും ഇഷ്ടമില്ലാതെ ഒറ്റയ്ക്കായവൾ. ടീച്ചേർസ് റൂമിൽ വച്ചു സാറിന്റെ കടന്നാക്രമണത്തിൽ ശരീരവും മനസും വേദനിച്ചു കോളേജു പഠിത്തം നിർത്തിയവൾ. ആരുമില്ലാത്തവൾ ആയതിനാൽ ദേഹപുഷ്ടിയെ പലവുരു പലരും അളവു നോക്കാൻ ഇട വന്നവൾ. കാലങ്ങൾക്കിപ്പുറവും സേതു ഒരു ആഗ്രഹമായി മനസ്സിൽ നില്ക്കവേ അവനിൽ താനില്ല എന്നറിഞ്ഞു മനം തകർന്നവൾ. മാനം നഷ്ടമാക്കാതെ യൗവ്വനം എന്തിനെന്നറിയാതെ ജീവിച്ചു തീർത്ത ലൂസി ഒടുവിൽ ബ്രിജിത്ത മരിക്കുമ്പോഴാണ്  അവരെ അവൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നത് തിരിച്ചറിയുന്നതും  ഇനി തനിക്കാരുമില്ലന്ന തിരിച്ചറിവിൽ മരണത്തിലേക്കു നടന്നു പോയതും . ചെറോണ എന്ന അലക്കുകാരി ലൂസിക്ക് അമ്മയുടെ ഓർമ്മ കൊടുത്തവളാണ് . ഭർത്താവിനു കള്ളു കുടിക്കാനും മോനു ധൂർത്തടിക്കാനും നാട്ടാരുടെ വിഴുപ്പലക്കി തണ്ടെല്ലു തളർന്നു കിടന്നു പോയവൾ. ജീവിതത്തിന്റെ പല തുറയിലെ പല വിധത്തിലുള്ള സ്ത്രീകളെ മാറ്റാത്തിയിൽ കാണാം. ഒപ്പം കമ്യൂണിസത്തിന്റെ വളർച്ചയും നക്സലിസവും തലമുറകളുടെ പരിവർത്തനങ്ങളും എണ്ണപ്പണവും മാറ്റാത്തിയെ വിവിധോന്മുഖ വായനയുടെ തലങ്ങൾ കാട്ടുന്നു.
തികച്ചും മനോഹരമായ ഈ നോവലിലൂടെ സാറാ ജോസഫ് പുരുഷന്റെ ആധിപത്യ സ്വഭാവത്തെയും അവന്റെ സഹജവാസനകളെയും നിർദ്ദയം ചവിട്ടിത്താഴ്ത്തി സ്ത്രീയുടെ സ്വത്വബോധവും ആർജ്ജവവും വ്യക്തമാക്കുകയും അവളുടെ ഇച്ഛാശക്തിയുടെ അളവുകോലുകളും വിജയവും അടയാളപ്പെടുത്തുന്നു. വിവാഹം ,കുടുംബം ,രതി തുടങ്ങിയ മിശ്രിതങ്ങളുടെ കേവലതയും അവയിലെ വിരസതയും സ്വാതന്ത്രജീവിതത്തിന്റെ സന്തോഷവും ലയവും വിളിച്ചു പറയുകയും ചെയ്യുന്നു. നല്ല വായനകൾക്ക് ക്ഷാമം നേരിടുന്ന ഇന്നിന്റെ വളക്കൈയ്യുകളുടെ അമൂർത്തവും അബദ്ധജഡിലവുമായ കുത്തിക്കുറിക്കലുകൾക്ക് മുന്നിൽ സാറാ ജോസഫും മാധവിക്കുട്ടിയുമൊക്കെ തെളിഞ്ഞു തലയെടുപ്പോടെ നില്ക്കുന്നതിന്റെ വായനാ രസം അനുഭവിച്ചറിയുവാൻ ഓരോ സാഹിത്യ സ്നേഹിയും പിറകോട്ടു തിരഞ്ഞു പോകേണ്ടി വരുന്നത് നഷ്ടമാകുന്ന വായനയും പരിസര ബോധവും അനുഭവ തീക്ഷ്ണതക്കുറവും കൊണ്ടാണ് എന്നു പുതിയ കാല എഴുത്തുകാർ തിരിച്ചറിയുന്നതെന്നാണിനി .
ആശംസകളോടെ ബി.ജി.എൻ. വർക്കല

No comments:

Post a Comment