Thursday, March 15, 2018

നീയിതു കാണാതെ പോകുന്നുവോ!

നീയിതു കാണാതെ പോകുന്നുവോ!
..........................................................
നോക്കൂ
നിമിഷനേരം കൊണ്ടു
നിനക്കൊരു കവിത ഞാൻ കുറിച്ചു തരാം.
പക്ഷേ,
നീ മറന്നു പോയ എന്റെ ഓർമ്മകളെ
എന്നു നീ തിരികെത്തരും?
വിലയ്ക്കു വാങ്ങുവാൻ
ഒന്നുമസാധ്യമാകാത്ത ലോകത്ത്
നിന്റെ പ്രണയം ,
നിന്റെ മനസ്സ്,
നിന്റെ ഒരു പുഞ്ചിരി.....
എന്തേ എനിക്കവയന്യമാകുന്നു ?
ശരത്കാല രാവുകൾ,
നീ വിടപറയുന്ന യാമങ്ങൾ,
നിന്റെ വിരൽ സ്പർശങ്ങളാൽ
നിദ്രയകന്ന ഇരുൾപാത്തികൾ....
നീ തന്ന നാലുകുത്തുകൾക്കുള്ളിൽ
നാമിരുവർ മാത്രം കൈമാറിയ ചുംബനങ്ങൾ
ഏതു യുഗത്തിലാകാമവയൊക്കെ ?
നമ്മൾ പ്രണയിച്ചിരുന്നു എന്നാണോ,
അതോ നമ്മൾ ജീവിച്ചിരുന്നുവെന്നോ ?
നിശബ്ദത പെറ്റുപെരുകുന്ന
നമ്മുടെ സമാഗമങ്ങൾക്കു
ഇരുണ്ട ചുവപ്പിന്റെ പാട വീഴുന്നു.
നിന്റെ കല്ലിച്ച മുലച്ചുണ്ടുകളും
ഖനീഭവിച്ച  മിഴികളും
ഉറക്കം നഷ്ടപ്പെട്ട  രാവുകളിൽ
സൂചിമുനകൾ പോലെന്നിൽ തറയുന്നു.
ഇല്ല.
നീ പറയുമ്പോലെ കഴിയുന്നില്ല.
ഒന്നും മറക്കാനാകുന്നില്ല.
വോഡ്ക നീറ്റുന്ന
ആമാശയ ഭിത്തികളിൽ
നിന്റെ ചിരിയുടെ രസം പടർത്തുന്ന
അമ്ള ബാഷ്പങ്ങൾ പുകയുന്നു .
എനിക്കു ചുറ്റും ഭൂമിയും നക്ഷത്രങ്ങളും
ഭ്രാന്തമായൊരു വേഗം കൈക്കൊള്ളുന്നു.
ഞാനൊരു തമോഗർത്തത്തിലേക്ക്
വലിച്ചെടുക്കപ്പെടുന്നു.
നിനക്കു നേരെ നീട്ടും കൈയ്യിലേക്ക്
നീ തിരിഞ്ഞു പോലും നോക്കാതിരിക്കെ,
ഇരുണ്ട ഏതോ നിശബ്ദതയുടെയഗാധതയിലേക്ക്
എന്റെ ഓർമ്മകൾ ആഴ്ന്നു പോകുന്നു.
നീയിതറിയാതെ പോകുന്നുവോ?
നീയെന്നെ മറന്നുപോയിരിക്കുന്നുവോ?
നിറയെ വർണ്ണങ്ങളും
കുന്നോളം സ്വപ്നങ്ങളുമായി
നീ മറ്റൊരു ലോകത്തിലാകുന്നു.
തികച്ചും അപരിചിതമായൊരു ലോകത്തിൽ
ഒറ്റപ്പെട്ടു പോയൊരു തുരുത്തിൽ
എന്നെയുപേക്ഷിക്കുമ്പോൾ
നിന്റെ കരൾ വിറച്ചിരുന്നില്ലെന്നു കരുതുക വയ്യ.!
എന്തിനായിരുന്നിതൊക്കെ.....
എന്റെ ലോകത്ത്
ഞാനെത്ര ശാന്തമായിരുന്നു.
പുഴുക്കൾ വീണൊരു ഫലം പോലെ
എളുപ്പം ചീഞ്ഞു പോകാൻ കൊതിച്ച ഒരുവൻ.
വിലാസം എഴുതിപ്പിടിപ്പിച്ചു,
വിലയെഴുതിക്കെട്ടി,
കോമാളിയെപ്പോലെ വഴിവക്കിലിരുത്തി
നീ കടന്നു പോകുമ്പോൾ
നിന്റെ കൗതുകത്തിനപ്പുറം
എന്റെ മനസ്സു നീ കാണാതെ പോകുന്നു.
ഗാഫ്മരച്ചില്ലകൾ പോലെ
ഞാൻ വറ്റിവരണ്ടിരിക്കുന്നു.
ഈ മരുശൈത്യം എന്നെ പൊള്ളിക്കുന്നു.
ഈ ഉഷ്ണക്കാറ്റെന്നിൽ
കോടമഞ്ഞു പെയ്യിക്കുന്നു.
നീയിതു കാണാതെ പോകുന്നുവോ
നീയെന്നെ അറിയാതെ പോകുന്നുവോ.
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment