Saturday, March 24, 2018

ഭൂമിയിലെ മാലാഖ ...... സുഭാഷ് ചന്ദ്രൻ

ഭൂമിയിലെ മാലാഖ (ബാലസാഹിത്യം )
സുഭാഷ് ചന്ദ്രൻ
മാതൃഭൂമി ബുക്സ്
വില: 100 Rs

         ഓരോ സമൂഹവും വളർച്ച പ്രാപിക്കുന്നതും സംസ്കാര സമ്പന്നമാകുന്നതും കുട്ടികളെ എങ്ങനെ സമ്പന്നമായി സന്മാർഗ്ഗവും ദുർമ്മാർഗ്ഗവും പരിചയപ്പെടുത്തിക്കൊടുക്കുന്നു ആ രീതികളിലൂടെയാണ്. ഭാവിയെ വാർത്തെടുക്കുക എന്നതിന് അടിസ്ഥാനം കുട്ടികളെ നല്ല അറിവുകളിലൂടെ നടത്തുക എന്നു തന്നെയാണല്ലോ. പഴയകാല സാഹിത്യത്തിൽ ഇതിനായി ഓരോ മതവിഭാഗവും അവരുടേതായ സംഭാവനകൾ അവരുടെ വിശ്വാസ രീതികൾക്കനുസരിച്ചു നല്കിപ്പോന്നിരുന്നു. പഞ്ചതന്ത്രം കഥകളും സാരോപദേശകഥകളും മുല്ലാക്കഥകളും ഈസോപ്പ് കഥകളും തുടങ്ങി അനവധിയായ ബാലസാഹിത്യരംഗത്തേക്കാണ് ഒരു കാലത്ത് റഷ്യൻ നാടോടിക്കഥകളുടെയും തുടർന്നു മറ്റു വിദേശ രാജ്യ നാടോടിക്കഥകളുടെയും മൊഴിമാറ്റം രംഗപ്രവേശം ചെയ്തതു. കാലം മാറി. ഇന്നു കുട്ടികളിൽ വായനാശീലം പാഠപുസ്തകങ്ങളിലേക്കു മാത്രമായി ചുരുങ്ങി. ബാക്കി കിട്ടുന്ന സമയങ്ങൾ ടാബിലും കംപ്യൂട്ടറിലും പി.എസ്.പി ഗെയിമിലുമൊക്കെയായി ഒതുങ്ങി. വായന ഒരു വിധത്തിൽ മരിച്ചു കുട്ടികളിൽ എന്നു തന്നെ പറയാം. ഒരു കാലത്ത് കുട്ടികളെ ആകർഷിച്ച കഥാ പുസ്തകങ്ങൾ ഇന്നു വായിക്കുവാൻ വേണ്ടിയല്ലാതെ അലങ്കാരമായി വിശ്രമിക്കുന്ന ഗതികേടിലായി.

         അസംഖ്യം ബാലസാഹിത്യ കൃതികൾ ഇന്നും ഉണ്ടാകുന്നുണ്ട്. പുസ്തക മേളകളിൽ ഒക്കെയും കുട്ടികൾക്കായി പുസ്തകം തിരയുമ്പോൾ ഇന്നും മുന്നിൽ എത്തുക പഴയ മേൽപ്പറഞ്ഞ പുസ്തകങ്ങൾ മാത്രമാണ്. പുതിയ പുസ്തകങ്ങൾ ഒക്കെയും ഈ കഥകളുടെ പല രൂപമാറ്റം സംഭവിച്ചവ എന്നതിനപ്പുറം പുതിയ കഥകൾ അല്ല തന്നെ. ഈ ശ്രേണിയിലാണ് പ്രശസ്ത എഴുത്തുകാരൻ "സുഭാഷ് ചന്ദ്ര "ന്റെ "ഭൂമിയിലെ മാലാഖ"യും ചേർക്കപ്പെടുന്നത്. പുതുതായി ഒന്നും തന്നെ കുട്ടികൾക്ക് നല്കാൻ ഈ പുസ്തകവും ശ്രമിക്കുന്നില്ല. മാമൂലുകൾ പോലെ ആവർത്തിക്കുന്ന ദൈവം ,സ്വർഗ്ഗ നരകം , രാജാവും മന്ത്രിയും കഴുതയും പട്ടിയും ഒക്കെത്തന്നെ ഈ പുസ്തകത്തിലെ എല്ലാ കഥകൾക്കും പറയാനുള്ളത്. സാരോപദേശകഥകൾക്കപ്പുറം കുട്ടികളെ സ്വാശ്രയ ബോധം ഉള്ളവരും ജീവിതക്കാഴ്ചകൾ വിശാലമാക്കാൻ സഹായിക്കുന്ന ശാസ്ത്ര ബോധവും പാരിസ്ഥികവും ചരിത്രബോധവും ലിംഗസമത്വവും ആരോഗ്യ മനസിക വളർച്ചയ്ക്കു ഉതകുന്ന  കഥകൾ നല്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മത ,ദൈവ ,ജാതിവിവേചന, ലിംഗചിന്തകളിൽ അഭിരമിക്കാനോ ചിന്തിക്കുവാനോ സഹായിക്കുന്ന കഥകൾ അല്ല ഇനി കുട്ടികൾ പഠിക്കേണ്ടത്.   ശാസ്ത്രാവബോധം നല്കുന്ന കാഴ്ചകൾക്കും മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും വേണ്ടിയുള്ള വായനകൾക്ക്  മലയാളി കുട്ടികൾ ഇനിയും കാത്തിരിക്കേണ്ടി വരും. യുറേക്ക , ശാസ്ത്രസാഹിത്യ പരിക്ഷത്ത് എന്നിവയുടെ പുസ്തകങ്ങളെ മറന്നു കൊണ്ടല്ല എങ്കിലും അവയുടെ വിരസമായ രചനാതലം മൂലം അത് വേണ്ട രീതിയിൽ കുട്ടികളിൽ എത്തുന്നില്ല. സുഭാഷ് ചന്ദ്രൻ ശരിക്കും നിരാശപ്പെടുത്തി എന്നാണ് പുസ്തകം തന്ന വെളിച്ചം . നല്ല ബാലസാഹിത്യങ്ങൾ ഉണ്ടാകട്ടെ കാലഘട്ടത്തിനു യോജിച്ചത് എന്ന ശുഭാപ്തി വിശ്വാസത്തോടെ  ബി.ജി.എൻ വർക്കല

No comments:

Post a Comment