Wednesday, November 9, 2016

പുറത്താക്കലിന്റെ ഗണിതം ...... പി മണികണ്ഠന്‍

പുറത്താക്കലിന്റെ ഗണിതം
പി. മണികണ്ഠന്‍
ചിന്ത പബ്ലിക്കേഷന്‍സ്
വില 110 രൂപ

നോവല്‍ , കഥകള്‍ , കവിതകള്‍ , ഹാസ സാഹിത്യം എന്നിവയൊക്കെ വായിച്ചുപോകുന്നത് പോലെ അനസ്യൂതം ഒഴുകിപ്പോകുന്ന ഒരു വായനയാകില്ല പലപ്പോഴും ലേഖനങ്ങള്‍ വായിക്കുമ്പോള്‍ വായനക്കാരന് സംഭവിക്കുക . നാം നടന്നു പോയതോ , നടക്കുന്നതോ നടക്കാന്‍ പോകുന്നതോ ആയ ചുറ്റുപാടുകളെ , ചരിത്രങ്ങളെ , സംഭവങ്ങളെ മുൻ വിധികളുടെ അകമ്പടികള്‍ ഇല്ലാതെ നമുക്ക് പരിചയപ്പെടേണ്ടി വരും . പലപ്പോഴും നാം ചിന്തിച്ചു നില്‍ക്കും . നാം കണ്ടു മറഞ്ഞതിന്റെ പിന്നില്‍ നാം കാണാതെ പോയ രസതന്ത്രങ്ങള്‍ , രാഷ്ട്രീയങ്ങള്‍ , സമവാക്യങ്ങള്‍ , നിഗൂഡതകള്‍ ....
പി മണികണ്ഠന്‍ തന്റെ "പുറത്താക്കലിന്റെ ഗണിതത്തില്‍ " വളരേ സൂക്ഷ്മവും ഗഹനവുമായ ചില പഠനങ്ങള്‍ നടത്തിയിരിക്കുന്നു . അതില്‍ രാഷ്ട്രീയം ഉണ്ട് സാമൂഹ്യം ഉണ്ട് ചരിത്രം ഉണ്ട് സാമ്പത്തികം ഉണ്ട് സാഹിത്യവും ഉണ്ട് . ഇവയെല്ലാമടങ്ങിയ പന്ത്രണ്ടു  ലേഖനങ്ങളുടെ സമാഹാരം ആണ് പുറത്താക്കലിന്റെ ഗണിതം .
നമ്മുടെ സംസ്കാരത്തിന്റെ , മനുഷ്യ സംസ്കാരം , മലയാളി സംസ്കാരം , ഭാരത സംസ്കാരം , തുടങ്ങി ബൃഹത്തായ സാംസ്കാരിക മാറ്റങ്ങളെ പഠിച്ചു പറയുന്ന ഈ ലേഖനം നമുക്ക് പല പുതിയ പാഠങ്ങളും പകര്‍ന്നു തരുന്നുണ്ട് .മാര്‍ക്സിയന്‍ രീതിശാസ്ത്രത്തെ പിന്തുടര്‍ന്ന് വന്ന സാംസ്കാരിക വിശകലനങ്ങള്‍ക്ക് അക്കാദമിക് നിലവാരം വന്ന സാഹചര്യങ്ങളെയും , സവര്‍ണ്ണതയുടെ അധിനിവേശത്തെ ചെറുത്ത മുസ്സോളിനിയുടെ കാലത്തെ അറ്റൊര്‍ണിയ ഗ്രാംഷിയുടെ സാംസ്കാരിക പഠനവഴികളെയും ഒക്കെ ലേഖകന്‍ വളരെ ഗൌരവപരമായി തന്നെ പ്രതിപാദിക്കുന്നു ഇതില്‍ . നിഗൂഡ ആഖ്യാനങ്ങളാല്‍ സമ്പന്നമായ സവര്‍ണ്ണ ഹൈന്ദവ ബോധം എങ്ങനെ ആണ് രാജ്യത്തെ തങ്ങളുടെ അജണ്ടകളില്‍ കുരുക്കിയിടാന്‍ രാമായണവും മഹാഭാരതവും പോലുള്ള സീരിയലുകള്‍ പ്രയോഗിച്ചതെന്നും , എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലും പൊതു ജനത്തിന്റെ ആഹാരത്തിലും ഫാസിസം എങ്ങനെ കടന്നുകയറ്റം നടത്തി എന്നും ലേഖകന്‍ വിശദമാക്കുന്നു . ഇന്ത്യന്‍ സംസ്കാരം കൂടുതല്‍ മതാത്മകമായിരിക്കുന്നുവെന്ന നിരീക്ഷണം സാംസ്കാരിക പഠനങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സൈദ്ധാന്തികര്‍ക്കും വിമര്‍ശകര്‍ക്കും കഴിയാതെ പോകുന്നുവെന്നതാണ് ഇന്ത്യന്‍ സംസ്കാരവിമർശനത്തിന്റെ പോരായ്മ എന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു . ഇതിനൊരു മറുപക്ഷമുണ്ട് എന്ന് വായനക്കാരന്‍ ചിന്തിച്ചുകൂടായ്കയില്ല . കാരണം ഇതേ മതാത്മക സമൂഹം കല്ബുര്‍ഗിയെയും പന്സാരയെയും പെരുമാള്‍ മുരുകനെയും ഒക്കെ എങ്ങനെ ആണ് തങ്ങളുടെ ശക്തി കാട്ടിയത് എന്ന് മനസ്സിലാക്കുന്നതോടെ എന്തുകൊണ്ട് കഴിയാതെ പോകുന്നു എന്ന ചിന്തയ്ക്ക് ഉത്തരം കിട്ടും എന്ന് പ്രത്യാശിക്കാം .
പെണ്‍സംവാദങ്ങളിലെ സൈദ്ധാന്തികത നഷ്ടമാകുന്നുവോ എന്ന ലേഖനത്തില്‍ സ്വതം തേടുന്ന സ്ത്രീയുടെ നിലപാടുകളെ വിമര്‍ശനാത്മകായി നേരിടുന്നു . ഫെമിനിസം ഇന്ന് വളരെ ചര്‍ച്ചചെയ്യപ്പെടുകയും സ്ത്രീ ശാക്തീകരണം ഒരു വലിയ വിഷയമായി സമൂഹത്തില്‍ ചോദ്യമാകുകയും ചെയ്യുന്ന കാലത്തില്‍ ഈ ലേഖനം വളരെ പ്രസക്തമാണ് . ഇന്ന് കേരളത്തിലിടം കൊള്ളുന്ന സ്ത്രീ അന്യോന്യങ്ങള്‍ സൈദ്ധാന്തികതയുടെ പുറന്തോടില്‍ മാത്രം വിഹരിക്കുന്ന വാദങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്ന നിരീക്ഷണം വളരെ കാലികമാണ് . ദ സെക്കന്റ് സെക്സ് എന്ന പുസ്തകത്തെയും സിമോണിനെയും ഉദ്ധരിച്ചുകൊണ്ട് മതസ്ഥാപനങ്ങള്‍ തൊട്ടു പൊതുസമൂഹം വരെ സ്ത്രീസ്വാതന്ത്ര്യത്തെ കാണുന്ന പരിഗണിക്കുന്ന രാഷ്ട്രീയം ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു . മനുസ്മൃതിയും ശങ്കര സൂക്തങ്ങളും നീട്ടി വച്ച നാരീസങ്കല്പങ്ങള്‍ ഇന്ത്യന്‍ സ്ത്രീയെ കൂടുതല്‍ അസ്വതന്ത്രയാക്കി എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു . അതുപോലെ തന്നെ മണ്ഡല്‍ കമ്മീഷന്‍ നിയമത്തെത്തുടര്‍ന്നു ഇന്ത്യയില്‍ ദളിത്‌ - പിന്നോക്ക ജനതയുടെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെ പറ്റി  അരങ്ങേറിയ സംവാദങ്ങള്‍ കീഴാളസ്ത്രീക്ക് നേരെ മേലാള പുരുഷന്‍ നടത്തിവരുന്ന കടന്നാക്രമണങ്ങളെയും ലൈംഗിക അരാജകത്വത്തെയും ആലോസരപ്പെടുത്തിയ കാര്യം ഓര്‍മ്മപ്പെടുത്തുന്ന ലേഖകന്‍ ഇന്ത്യയിലെയും വിശിഷ്യ തെന്നിന്ത്യയിലെ സ്ത്രീ മുന്നേറ്റങ്ങള്‍ വളര്‍ച്ച തുടങ്ങുകയും തലയെടുത്ത് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിത്രം വരച്ചു കാട്ടുന്നു . കേരള മാനവവികസനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പുത്തന്‍ പെണ്‍വാദികള്‍ എടുത്തു വയ്ക്കുന്ന പെണ്ണിന്റെ ലൈംഗികവകാശങ്ങള്‍ എന്ന ആനുകൂല്യം വെറും വിവാദ സംഘര്‍ഷങ്ങളെ ആണ് ഉത്പാദിക്കുന്നത് എന്ന്  സമകാലിക സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു .
ബഷീറിയന്‍ വായനയെ മറ്റൊരു വീക്ഷണകോണിലൂടെ വായിക്കാന്‍ ആണ് മറ്റൊരു ലേഖനത്തില്‍ ലേഖകന്‍ ആവശ്യപ്പെടുന്നത് . ബഷീര്‍ കൃതികളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആധുനികചിന്താധാരകളായ നരവംശ ശാസ്ത്രത്തിനും അബോധ രാഷ്ട്രീയത്തിനും ന്യൂറോട്ടിക് സയൻസിനുമൊക്കെ ചെന്ന് ചേരാവുന്ന വാതായനങ്ങള്‍ തുറന്നു കിട്ടുമെന്നും അത്തരം വിശകലനങ്ങളെ മുന്നില്‍ കണ്ടു ക്രിയെറ്റിവിറ്റിയുടെയും ന്യൂറോട്ടിക് സയന്‍സിന്റെയും വെളിച്ചത്തില്‍ ബഷീറിനെ വായിക്കാന്‍ ആണ് ലേഖകന്‍ ശ്രമിക്കുന്നത് . ഈ തലത്തില്‍ വായിക്കപ്പെടുമ്പോള്‍ ബോധ്യപ്പെടുന്ന ഒരു കാര്യം മാനസിക വിഭ്രാന്തിയും അസ്വാസ്ഥ്യങ്ങളും ബഷീറിന്റെ മുഴുവന്‍ കഥകളിലും നിറഞ്ഞു നില്‍ക്കുന്നതായി ലേഖകന്‍ കണ്ടെത്തുന്നു . നമ്മുടെ സാക്ഷരതയെയും പൊതുബോധത്തെയും ക്രമപ്പെടുത്തിയ കൊളോണിയല്‍ വൈദേശിക ഭാഷാബോധത്തെയും തള്ളിക്കളഞ്ഞു തികച്ചും വ്യത്യസ്തമായ ഒരുതരം ആന്തരിക നൊസ്സിന്റെ ഭാഷ സൃഷ്ടിക്കുകയാണ് ബഷീര്‍ ചെയ്തത് എന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു. .
പ്രവാസരചനകളുടെ പുതിയ മുഖം എന്ന ലേഖനത്തില്‍ പ്രവാസജീവിതം ഒരര്‍ത്ഥത്തില്‍ നമ്മുടെ ആന്തരിക ജീവിതത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുമ്പോള്‍ തന്നെ അത് ഭയാനകമായ നടുക്കങ്ങളും പ്രദാനം ചെയ്യുന്നു എന്ന് ലേഖകന്‍ കണ്ടെത്തുന്നു . ജയിംസ് ജോസിലും കാഫ്കയിലും കടന്നു ഓ വി വിജയനില്‍ വരെ എത്തിനിന്ന സാംസ്കാരികനുഭവങ്ങളുടെ പാരമ്പര്യാധിഷ്ടിതമായ ദേശീയ സങ്കല്‍പ്പങ്ങളെ മാത്രം മുന്നില്‍ കണ്ടുള്ള രചനകളില്‍ നിന്നും ഈ നൂറ്റാണ്ടിനു മാറ്റം ഒരുപാട് വന്നിരിക്കുന്നു എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു . ലോകപ്രവാസ എഴുത്തുകാരുടെ കൃതികളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് എന്നും അരികിലേക്ക് മാറ്റപ്പെട്ടിട്ടുള്ള ജനവിഭാഗത്തിന്റെ ചിത്രങ്ങള്‍ ആണ് എന്ന ലേഖകന്റെ കാഴ്ചപ്പാട് വരും നാളുകളില്‍ വലിയ സാഹിത്യ ചര്‍ച്ചകള്‍ക്ക് തന്നെ കളമൊരുക്കിയേക്കാം,  പുതിയ ഇന്ത്യന്‍ പ്രവാസി എഴുത്തുകാരില്‍ രണ്ടു തരം ഭാവനാവിഷ്കാരങ്ങള്‍ ഉണ്ട് എന്ന് ലേഖകന്‍ കണ്ടെത്തുന്നു . ഒന്ന് ജീവിതത്തിന്റെ പകുതിഭാഗം ഇന്ത്യയില്‍ ജീവിച്ചു പ്രവാസ നാടുകളിലേക്ക് ചേക്കേറിയവര്‍ തങ്ങളുടെ ദേശത്തെ ഗൃഹാതുരമായി കാണുന്ന രീതി . ഇത് പൊതുവേ ഗള്‍ഫ് നാടുകളിലെ എഴുത്തുകാരില്‍ ആണ് കാണാന്‍ കഴിയുക . മറ്റൊന്ന് വിദേശത്ത് തന്നെ ജനിച്ചു വളര്‍ന്നു ആത്മദേശത്തിന്റെ സ്വപനങ്ങളറിയാതെ സര്‍ഗ്ഗാവിഷ്കാരങ്ങളില്‍ ഇടപെടുന്നവരുടെതും . അമ്മഭാഷയും നാടും വേരുമില്ലാത്തവന്റെ ഇരട്ട മനോഭാവം ഇവരുടെ രചനകളില്‍ കാണാനാവും എന്ന വാസ്തവികതയിലേക്ക് ലേഖകന്‍ വിരല്‍ ചൂണ്ടുന്നു . യഥാര്‍ത്ഥത്തില്‍ പ്രവാസി ഒരു മൂന്നാമിടത്തില്‍ ആണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് വേണം പുതിയ വിത്തുകള്‍ മുളപൊട്ടേണ്ടത് എന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു .
തുടര്‍ന്ന് വരുന്ന പ്രവാസിയുടെ ഭാഷയും മാധ്യമവും എന്ന ലേഖനത്തില്‍ പ്രവാസി നേരിടുന്ന ഭാഷാപരമായ അപര്യാപ്തതയും പരിമിതികളും മാതൃഭാഷയോടുള്ള മലയാളിയുടെ അവഗണനയും ഓര്‍മ്മിപ്പിക്കുന്നു . ഗള്‍ഫ് നാടുകളില്‍ മലയാളി മലയാളം ഒരു അഭിമാനമായി കൂടെ കൊണ്ട് നടക്കുമ്പോള്‍ കൊളോണിയല്‍ സംസ്കാരത്തിലേക്ക് ചുവടു മാറിയവര്‍ക്ക് അതൊരു പുറംപൂച്ചിനുള്ള ഉപാധി മാത്രമായി മാറിയെന്നു ലേഖകന്‍ സുശക്തം വിശദീകരിക്കുന്നു . സാഹിത്യത്തിലെ സംഭാവനകളെ മുന്‍ നിര്‍ത്തി അത് സത്യമാണ് എന്ന് വര്‍ത്തമാനകാലം നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് .
പ്രവാസ എഴുത്തിലെ സംസ്കാര വിവക്ഷകള്‍ എന്ന ലേഖനത്തില്‍ എന്തുകൊണ്ടാണ് മലയാളഭാവനയില്‍ നല്ല പ്രവാസ രചനകള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തെ ഓര്‍മ്മിപ്പിക്കുന്നു . ഇന്ന് സാമൂഹിക ബന്ധങ്ങളെ നിര്‍ണ്ണയം ചെയ്യുന്നത് നിയോടെക്നോളജി ആണെന്ന് സൂചിപ്പിക്കുന്ന ലേഖകന്‍ ലോക പ്രവാസ എഴുത്തിന്റെ മാനകങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഗള്‍ഫ് കുടിയേറിപ്പാര്‍പ്പുകാരന്റെ സര്‍ഗ്ഗാത്മക നിരീക്ഷണങ്ങള്‍ ജീര്‍ണ്ണമായ കല്പനകളെയാണ് സാധൂകരിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നുണ്ട് . ഗള്‍ഫ് പ്രവാസ സമൂഹം സാസ്കാരികപ്രതിസന്ധിയില്‍ അകപ്പെട്ടുപോയെന്ന സന്ദേഹം പേറുന്ന ലേഖകന്‍ ഇതിനെ അതിജീവിക്കാന്‍ ധൈഷണിക സാംസ്കാരിക സംഘാടനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു .
സാമ്പത്തിക ജാലകത്തിലേക്ക് തുറക്കുന്ന ക്യാപിറ്റലിസത്തിന്റെ തകര്‍ച്ചയില്‍ സാമൂഹ്യ വിമോചനത്തിന്റെ ഭാവി എന്ന ലേഖനം ലോകചരിത്രത്തിലെ സാമ്പത്തിക തകരാറുകളെ നിരീക്ഷിക്കുന്നു . കടന്നുപോയതും ഇപ്പോള്‍ അനുഭവവേദ്യമാകുന്നതുമായ സാമ്പത്തിക മാന്ദ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു ലേഖനം ആയി ഇതിനെ കാണാന്‍ കഴിയും .മാന്ദ്യ കാലത്ത് മാര്‍ക്സിയന്‍ സാമ്പത്തിക നിരീക്ഷണങ്ങള്‍ക്കും സോഷ്യലിസ്റ്റ് ഉത്പാദകകാഴ്ചപ്പാടുകള്‍ക്കും ലോകം മുഴുവന്‍ പ്രാധാന്യം കൂടി വരുന്നു എന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു . ക്യാപിറ്റലിസത്തിന്റെ തകര്‍ച്ചയില്‍ വിമോചനാത്മക രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ആലോസരപ്പെടുമ്പോഴാണ് ഉത്പാദനത്തിന്റെ മൂന്നാമിടവും മാര്‍ക്സിന്റെ സാമ്പത്തിക നിരീക്ഷണവും കൂടുതല്‍ ശ്രദ്ധേയമാകുന്നത് എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു .  ഭാരതീയ ചിത്ര ഭാഷയുടെ സമയപ്രവാഹങ്ങള്‍ എന്ന ലേഖനം പ്രാചീനവും സമകാലികവുമായ ഭാഷയുടെയും വരയുടെയും ജീവന പുനര്‍ജ്ജീവന സാധ്യതകളെ വിലയിരുത്തുന്നതായി കാണാം . സമകാലിക ചിത്രമെഴുത്തിലെ പുതിയ ഉണര്‍വ്വ് മനുഷ്യാവസ്ഥയുടെ വികാസ പരിണാമങ്ങളെ ആശ്ലേഷിക്കുന്നതൊപ്പം ചിത്രണത്തിലെ വിമുഖമായ പരീക്ഷണങ്ങളെ തള്ളിമാറ്റാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ലേഖകന്‍ കണ്ടെത്തുന്നു .
ഐതിഹ്യമാലയിലെ സ്ഥലരാശി , സമാന്യജീവിതം , പരിസ്ഥിതിദര്‍ശനം എന്ന ലേഖനത്തില്‍ ഇതിഹാസം എന്തെന്ന് വിവക്ഷിക്കുന്ന ലേഖകന്‍ ഭാഷയിലെ പുരോഗതിയും കഥാ ജനനങ്ങളുടെ രീതികളും അവയുടെ പരിണാമങ്ങളും വരച്ചു കാട്ടുന്നു . നവോത്ഥാനഗദ്യം പദ്യത്തെ കീഴ്പ്പെടുത്തുന്ന ഉദ്ഗ്രഥനപ്രക്രിയയുടെ വികാസമാണ് കീഴാള ആധുനികതയുടെ ജനകീയമുന്നേറ്റങ്ങളാല്‍ കേരളത്തിലുണ്ടായത് എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു . ശരീരവും ജ്ഞാനവും എന്ന ലേഖനത്തിലാകട്ടെ ഫ്യൂഡലിസവും സ്ത്രീ ശരീരവും ചിന്തകള്‍ക്ക് പാത്രമാകുന്നത് കാണാം . കേരളത്തിലെ ഫ്യൂഡല്‍ കാലഘട്ടത്തില്‍ കീഴാള സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടി കറുത്ത ചില സത്യങ്ങളെ ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു . വംശീയ ജാതീയ പ്രശ്നങ്ങളും സങ്കരങ്ങളും ദേശീയ സാമ്പത്തിക സങ്കല്പങ്ങളും തകിടം മറഞ്ഞുകൊണ്ടിരിക്കുന്ന നവസാമൂഹികതയില്‍ ആദിഭാരതീയന്റെ സ്വത്വബോധ നിര്‍മ്മിതില്‍ സങ്കീര്‍ണ്ണമായിരിക്കുന്നു എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു .
മേല്ക്കൊയ്മാ പ്രത്യയശാസ്ത്രവും ബുദ്ധിജീവികളും എന്ന ലേഖനത്തിലൂടെ ഭരണകൂടങ്ങളുടെ മുന്നണി സംവിധാനങ്ങളില്‍ സിവില്‍ സമൂഹവും രാഷ്ട്രീയ സമൂഹവും ഒത്തുനിന്നുകൊണ്ടാണ്  പാര്‍ലമെന്റ്റി മേല്‍ക്കോയ്മ സൃഷ്ടിച്ചെടുക്കുന്നത് എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു . വിമോചനപോരാട്ടങ്ങളില്‍ മതാത്മകമായ അധീശപ്രത്യയങ്ങളെ വിശകലനം ചെയ്യുന്നതിലും വിചാരണ ചെയ്യുന്നതിലും പാര്‍ട്ടികളുടെയും സംഘടനകളുടെയും ബുദ്ധിജീവികളുടെയുംനിലപാടുകള്‍ വളരെ പ്രാധാന്യമുള്ളതാണ് എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു . കൃഷ്ണനെ മെരുക്കിയതിലെ നിഗൂഡത എന്ന ലേഖനത്തിലൂടെ കൃഷ്ണ സങ്കല്‍പ്പത്തെ എങ്ങനെ വൈദിക മതം അധീശത ചെലുത്തി തങ്ങളുടേത് ആക്കി എന്ന സത്യം വിളിച്ചു പറയുന്നു . ശ്രീ രവി ചന്ദ്രന്റെ ബുദ്ധനെ എറിഞ്ഞ കല്ലും സമീപകാലത്തെ മറ്റു ചില ലേഖനങ്ങളും ഗീതയുടെ മഹാഭാരതത്തിലേക്കുള്ള ഏച്ചുകെട്ടലിന്റെ യാഥാര്‍ത്ഥ്യങ്ങളും കറുത്തവന്റെ ചരിത്രത്തെ വൈദികഅധിനിവേശം എങ്ങനെയാണ് കൈയ്യടക്കിയതെന്ന പഴയകാല ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു . മദ്ധ്യകാല സാഹിത്യത്തിന്റെ രാഷ്ട്രീയമെന്തായിരുന്നു എന്ന് തിരക്കുമ്പോള്‍ പ്രതിലോമപരതയെക്കാള്‍ കൂടുതല്‍ അതിന്റെ സാമൂഹ്യ പ്രതിരോധതലങ്ങളെക്കുറിച്ചാണ് നാം ബോധ്യരാകുക എന്ന് ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു .
 ബൌദ്ധികമായ തലത്തില്‍ നിന്നൊരു വായന സമ്മാനിക്കുന്ന പുറത്താക്കലിന്റെ ഗണിതം പക്ഷെ നിഗൂഡതകള്‍ ഒളിപ്പിച്ചു വച്ച് സാധാരണക്കാരന്റെ വായനയെ പരിഹസിക്കുന്നില്ല .വളരെ ലളിതമായി തന്നെ വായിച്ചു പോകാവുന്ന ദുരൂഹതകള്‍ നല്‍കാത്ത ഒരു വായന ആകും ഈ പുസ്തകം സമ്മാനിക്കുക . ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല


1 comment: