Tuesday, November 22, 2016

ബാല്യകാല സഖി ...............................ബഷീർ

ബാല്യകാല സഖി
ബഷീർ
ഡി സി ബുക്ക്സ്

ബഷീറിയൻ കാലം വായനയുടെ സുഗന്ധകാലം ആയിരുന്നു . എത്രകാലം കഴിയുമ്പോഴും ആ വായനയുടെ രസച്ചരട് അതിനാൽ തന്നെ പൊട്ടുന്നില്ല എന്ന് മാത്രമല്ല ആ വായനയുടെ നൈർമല്യം വായനക്കാരനെ വിടാതെ പിന്തുടരുകയും ചെയ്യുന്നു . ആർക്കും പിടികൊടുക്കാതെ സ്വയം കൊണ്ട് നടന്ന ഒരു ശൈലി ആയിരുന്നു ബഷീർ എന്ന അനുഗ്രഹീത കലാകാരന്റെ മൂലധനം . തന്റെ ജീവിതവും എഴുത്തും കൊണ്ട് അത് അടയാളപ്പെടുത്തി അദ്ദേഹം കടന്നുപോയിട്ടും ഇന്നും വായനക്കാരെ ഏറെ ആകർഷിക്കുന്നതും വായിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നതും ആയ ആ ഒരു ലാളിത്യം ഭാഷയുടെ മനോഹാരിത അത് വായിക്കുംതോറും വർദ്ധിക്കുകയാണ് ചെയ്യുന്നത് .
വായനയിലുടനീളവും വായിച്ച കഴിഞ്ഞും ഒരു പ്രേതബാധ പോലെ മജീദും സുഹറയും മനസ്സിൽ നിറഞ്ഞു നിൽക്കണം എങ്കിൽ ആ ഭാഷയും എഴുത്തും എത്ര ആഴവും പരപ്പും അറിഞ്ഞവയാകണം . കുട്ടിക്കാലത്തിന്റെ ഓർമ്മകളെ മുന്നിൽ നിർത്തി മാഞ്ചുവട്ടിൽ മേലേക്ക് നോക്കി നിൽക്കുന്ന ഓരോ ബാല്യവും മജീദും സുഹറയും വായനക്കാരന് സമ്മാനിച്ചു കൊണ്ടാണ് ബാല്യകാല സഖി മുന്നോട്ടു പോകുന്നത് . തന്റെ നീണ്ട നഖങ്ങളാൽ പോറലേൽപ്പിച്ചു , മജീദിന്റെ ആണത്തത്തിനു കൂച്ചു വിലങ്ങിടുന്ന സുഹ്‌റയിലെ തന്റേടിയായ പെണ്ണ് അവന്റെ വേദനയിൽ ഒരു മഴയായി പെയ്തുതോരുന്നത് കാണുമ്പോഴാണ് പെണ്ണിന്റെ മനസ്സിനെ കണ്ടെത്താൻ കഴിയാത്ത പുരുഷന്റെ ഗത്യന്തരമിലായ്മ എത്ര ശരിയാണ് എന്ന് ബഷീർ പറഞ്ഞു തരുന്നത് . നീറിന്റെ കടി കൊണ്ട് സാഹസികനായ മജീദ് സുഹറയെ തോൽപ്പിക്കാൻ വേണ്ടി അവൾ കണ്ടു വച്ച മാമ്പഴം പറിച്ചു എങ്കിലും അവളുടെ സങ്കടത്തിൽ അത് രണ്ടും അവൾക്ക് നീട്ടിക്കൊണ്ടു തന്റെ ദയാനുകമ്പയെ സാധൂകരിക്കുന്നു . പഠിത്തത്തിൽ പിന്നോക്കക്കാരനായ മജീദിന്റെ കണ്ടുപിടിത്തം വളരെ ആഴമുള്ള ഒരു ബാല്യമോ പക്വതയോ ആയ ചിന്തയാണ് എന്നും . ഒന്നും ഒന്നും എത്ര എന്നതിന് ഇമ്മിണി ബല്യ ഓരോന്ന് എന്ന് മജീദ് പറയുമ്പോൾ കൈവഴികൾ ആയി ഒഴുകുന്ന രണ്ടു അരുവികൾ ഒന്നിച്ചു ചേർന്ന് വലിയ ഒരു നദിയാകുന്ന കാഴ്ച്ചയായിൽ നിന്നുകൊണ്ട് താനാണ് ശരി എന്ന് കരുതുക അല്ലാതെ എന്ത് ചെയ്യുക . തന്റെ ശരി മറ്റുള്ളവർക്ക് തെറ്റാകുമ്പോൾ പടച്ചവനോട് കരഞ്ഞു പറയാൻ മാത്രമേ അവിടെ മജീദിന് കഴിയുന്നുള്ളൂ .
പഠനത്തിൽ തന്നെക്കാളും മിടുക്കി ആയിരുന്നിട്ടും തന്റെ ജീവിതപരിസരത്തു നിന്നും അവളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയാതെ പോയ ദുഃഖം മജീദിനെ എന്നും വേട്ടയാടിയിരുന്നു . സുഹറയുടെ പിതാവ് മരിച്ച ശേഷം അവളെ കൂടി പഠിപ്പിക്കാൻ തന്റെ ബാപ്പയോട് അപേക്ഷിച്ചു എങ്കിലും അതിനു തയ്യാറാകാത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മജീദ് അമർഷം കൊള്ളുന്നത് അയാളിലെ അവളോടുള്ള സ്നേഹത്തിന്റെ മായാത്ത ജ്വാല ഒന്നുകൊണ്ടു മാത്രമാണ് . പരസ്പരം ഒരിക്കലും അവർ സ്നേഹമാണ് എന്ന് പറഞ്ഞിട്ടില്ല എങ്കിലും രണ്ടുപേരും ഗൂഢമായി അത് ആസ്വദിച്ചിരുന്നു . മാർക്കം കല്യാണം കഴിഞ്ഞു കിടന്ന മജീദ് അതുകൊണ്ടു തന്നെയാണ് സുഹറയുടെ കാതുകുത്തു കല്യാണത്തിന് വയ്യാതിരുന്നിട്ടും പോകുന്നത്. അത് പോലെ വിഷകല്ല് കാലിൽ കൊണ്ട് കിടന്ന മജീദിന്റെ വിഷമതകൾ ഊതിയകറ്റാൻ സുഹ്രയ്ക്കെ കഴിയുന്നുള്ളൂ . അവൻ പോലുമറിയാതെ അവനെ ഉമ്മകൾ കൊണ്ട് മൂടി അവൾ അത് പൊട്ടിച്ചു കളയുമ്പോൾഅവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വായനക്കാരൻ കണ്ടു അത്ഭുതപ്പെട്ടുപോകും . കാലം വളരെ വേഗം കടന്നുപോയി . ബാപ്പയോട് മർദ്ധനം മൂലം വീട് വിട്ടു പോയ മജീദ് കാലങ്ങൾക്ക് ശേഷംവെറും കയ്യോടെ തിരികെ വരുമ്പോൾ തനിക്കു സംഭവിച്ച നഷ്ടങ്ങളെ കണ്ടു പകച്ചു നിൽക്കുകയാണ് . ഉന്നതങ്ങളിൽ നിന്നും വീണുപോയ സാമ്പത്തിക അവസ്ഥയും മാതാപിതാക്കളുടെ വാർദ്ധക്യവും പെങ്ങള്മാരുടെ കല്യാണചുമതലയും വീടിന്റെ ഭാരവും ചുമലിൽ വന്നു വീഴുമ്പോൾ ആശ്വാസത്തിനു സുഹറയെ അയാൾക്ക് പ്രതീക്ഷിക്കാൻ കഴിയാതെ പോകുന്നിടത്ത് ആൺ മജീദ് തളർന്നു .പോയത്  വിവാഹിതയായി പോയ സുഹറയെ പോയി കാണാൻ അവന്റെ മനസ്സ് പാകപ്പെടുമ്പോഴേക്കും പക്ഷെ അവൾ പാഞ്ഞെത്തിക്കഴിഞ്ഞിരുന്നു  ജീവിതത്തിന്റെ എല്ലാ ദുരിതങ്ങളും ഏറ്റു വാങ്ങിയ സുഹറയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ മജീദ് കുഴയുന്നു . അവർ വീണ്ടും പരസ്പരം അടുക്കുമ്പോൾ ആണ് പ്രാരാബ്‌ധങ്ങൾ അവന്റെ മുന്നിൽ പല്ലിളിച്ചു നിൽക്കുന്നത് അവൻ തിരിച്ചറിയുന്നത് . വീണ്ടും ജീവിതം കരുപ്പിടിക്കാൻ ഉള്ള യാത്ര തുടങ്ങുമ്പോൾ അവനു പ്രതീക്ഷ തന്നെ നോക്കി എന്തോ പറയാൻ മറന്നു നിൽക്കുന്ന സുഹറയുടെ ചിത്രം മാത്രമാണ് . ജീവിതത്തിന്റെ അച്ചുതണ്ടി കുരുങ്ങി മുന്നോട്ടു പായാൻ ഉള്ള വ്യെഗ്രതയിൽ മജീദിന് ഒരു കാൽ നഷ്ടപ്പെടുന്നു . ആ വേദനയിൽ നിന്നും കരകയറും മൂന്ന് തന്നെ മജീദിന് തൻറെ ജീവിതത്തിന്റെ ഏക പ്രതീക്ഷയായ സുഹറയും നഷ്ടമാകുന്നു എന്നെന്നേക്കുമായി . തന്നോട് പറയാൻ ബാക്കി വച്ച ആ വാക്കുകളെ പേർത്തും പേർത്തും ചിന്തിച്ചുകൊണ്ട് മജീദ് ജീവിതത്തിന്റെ അനന്തതയിലേക്ക് മുങ്ങുന്നു .
ഒരു വിഷാദം വായനക്കാരനെ വന്നു മൂടി കടന്നു പോകുന്ന തരത്തിൽ വളരെ നിഷ്കളങ്കവും പരിശുദ്ധവുമായ ഒരു പ്രണയത്തെ ബഷീർ സമ്മാനിക്കുന്നു . കാലം പലതു കടന്നു പോകുമ്പോഴും വായന പലതും മാറി മറിയുമ്പോഴും അതുകൊണ്ടു തന്നെ സുഹറയും മജീദും ഇമ്മിണി ബല്യ ഒന്നും രാജകുമാരിയും ആയി വായനക്കാരനെ സ്പർശിച്ചുകൊണ്ടേയിരിക്കും .
സ്നേഹത്തോടെ ബി. ജി . എൻ വർക്കല

1 comment:

  1. പഴയകാലവായനയുടെ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
    ആശംസകള്‍

    ReplyDelete