Friday, July 27, 2012

രാത്രി പകലിലേക്ക്

രാത്രിയാകുന്നു
പകലിന്‍ നെരിപ്പോടില്‍
കനലൂതി തെളിയിച്ച വര്‍ണ്ണവും
പേറി രാത്രി വന്നു ..!

രാവ്‌ പുളയുന്നു
മദഗന്ധമാലസ്യം  ഉടു-
തുണിയുലയുന്നു
ചുവപ്പ്  മുക്കുത്തി കല്ല്‌ തെളിയുന്നു .

വെറ്റിലക്കറയുടെ ഗന്ധമുതിരുന്നു
മാദകലഹരിതന്‍ സീല്‍ക്കാരമുയരുന്നു .

രാത്രി വളരുന്നു
ഇരുളിന്‍ കരിംഭൂതം ജയഭേരി
മുഴക്കുന്നു
മണിമേടതന്‍
ചില്ലുജാലകങ്ങളില്‍
കരിമ്പൂച്ച കുറുകല്‍
ഇരയുടെ ഗന്ധവും പേറി
ഭാണ്ഡം മുറുക്കുന്ന രാത്രിഞ്ചരന്‍ .

രാവ്‌ മുറുകുന്നു
റേയിലോടും ഇരുമ്പു പാത കരയുന്നു
കറുപ്പിന്‍ രൂക്ഷഗന്ധമായ്‌
പടരും ചോര പതയുന്നു .
കാറ്റ്  കുറുകുന്നു
മദഭര രാവ്‌ മുറിയുന്നു
സൂര്യനുണരുന്നു
ഇലകള്‍ പാട്ട് മൂളുന്നു ..
----------ബി ജി എന്‍ -----23.03.1997

No comments:

Post a Comment