Monday, July 23, 2012

ടോള്‍

വിരഹം ഇരച്ചു പെയ്യും
തണുത്ത രാവുകളാണ്
നിന്റെ മൗനത്തിന്റെ സിന്ദൂരം
ഇരുണ്ടതാണെന്നു പറഞ്ഞത് ..!

കനത്ത  മഴ പെയ്തൊഴിഞ്ഞ
ഇടവഴികളില്‍
ഒലിച്ച് പോയത്,
നാം  കൈമാറിയ
മഴവില്ലുകള്‍
നിറം ചാലിക്കുന്ന
പൂവരശിന്‍ പഴുത്ത
ഇലകളായിരുന്നു ...!

പകല്‍
വേനലിന്റെ ചൂടില്‍
ഉരുകിതിളച്ചു തൂകുമ്പോള്‍
നിന്റെ കണ്ണീര്‍ചാലുകള്‍
പുഴകളായി
എന്റെ ഹൃദയതീരത്തില്‍
ഒഴുകിനിറഞ്ഞു ..
പിന്നെ
എക്കലടിഞ്ഞ സമുദ്രം പോലെ
നീയെന്റെ മാറില്‍ ..!

എനിക്കും നിനക്കും
ഇടയില്‍ ഒരു പാലമുണ്ട്
നീ സ്നേഹം കൊണ്ടും
ഞാന്‍ കാമം കൊണ്ടും
തീര്‍ത്ത പാലം ...!

ഒരു പ്രളയത്തിനും വിട്ടുകൊടുക്കാതെ
നീ സൂക്ഷിക്കുന്ന
ആ  പാലത്തിനാണ്
കാലം ടോള്‍ പിരുവ് നടത്തുന്നത് ...
നിമിഷത്തിന്റെ-
അളവ് കോല് കൊണ്ട് ,
ജീവന്റെ  തുലാസ് കൊണ്ട്
പ്രണയത്തിന്റെ മിടിപ്പ് കൊണ്ട് ...!

----------ബി ജി എന്‍ ----


No comments:

Post a Comment