Saturday, July 21, 2012

ഉദ്യാനപാലകന്‍

("വേട്ടക്കാരനും വേട്ടമൃഗവും തമ്മിലുള്ള അകലമാണ് ജീവിതം ...
വേദനിക്കുന്നവനും വേദനിപ്പിക്കുന്നവനും തമ്മിലുള്ള ബന്ധമാണ് സ്നേഹം ..!")

ഇനിയുമീ ഏകാന്തചരുവിലാരെയോ -
ഇണയായ് കാത്തു ഞാന്‍ നില്പൂ ?
അറിയാതെ  പെയ്തിരുളുന്ന മഴയുടെ -
തണുവിനായെന്‍ മനം കൊതിപ്പൂ ?

കറുകറുത്ത ഇരുളിന്റെ മുഖമാകെ
ചുവക്കുന്ന ചോര തന്‍ രൂക്ഷമാം ഗന്ധം മാത്രം ...!

അരുതേ , അരുതരുതെ കാട്ടാള ...
അത് നിന്റെ ചോരയുടെ സത്തയല്ലേ ?
അവള്‍തന്‍ സിരകളില്‍, മജ്ജയില്‍ , മാംസത്തില്‍
ഉരുവുന്നതോ നിന്റെ ജനുസ്സുകളല്ലോ...!

നിന്റെ ബീജത്തിന്‍ നിന്നുയിര്‍ കൊണ്ട മാടപ്രാവ-
വവള്‍ തന്‍ചിറകുകള്‍ നീ വെട്ടിയരിയരുതെ ..
നിന്റെ കരുത്തിന്റെ ദ്രംഷ്ടങ്ങളില്‍ പിടയാന്‍ -
അവളെന്തു മുജ്ജന്മപാപിനിയാണ് ?

ശപ്തമാമിരുളിന്റെയേതോ നിമിഷത്തില്‍ , നീ -
നിന്റെ പെണ്ണിന്നുള്ളിലുതിര്‍ത്ത മുത്താണവള്‍ ...!
ഒരു കുഞ്ഞുമൊട്ടായ് നിന്‍ മാറിലമര്‍ന്നു
നിന്റെ ചൂടില്‍ മയങ്ങിയ പൂമ്പാറ്റയവള്‍ ..!
 ഇടറുന്ന  വീഥികളില്‍ നിന്‍വിരല്‍ പിടിച്ചി -
ട്ടടറാതെ നടക്കാന്‍ പഠിച്ചവളാണവള്‍ ...!

നടുക്കം  കൊള്ളുന്ന ഇടിനാദ രാവുകളില്‍ ,
ഇടവപ്പാതികളില്‍ ,നിന്‍ ചിറകിന്‍കീഴിലായ്‌
അഭയം തെടിയിരുന്നവള്‍ , ഇന്ന് നിന്‍
കരുത്തില്‍ പിടയുന്നതവളാണെന്നു മറന്നുവോ നീ ?

തെരുവിലെ  വേട്ടമൃഗങ്ങളില്‍ നിന്നും ,
അവതന്‍ കൂര്‍ത്തനഖമുനകളില്‍നിന്നും
എന്നുമവള്‍ ഭയക്കാതെ നിവര്‍ന്നു നടന്നത്
നീ അവള്‍ക്കുണ്ടേന്ന വിശ്വാസമായിരുന്നു ...!

തളരാതെ താങ്ങി നിര്‍ത്താന്‍ , പ്രതിസന്ധി -
കളിലൂടെ നടന്നു നീങ്ങാന്‍ അവള്‍ക്കു താങ്ങായിരുന്നത്
നിന്റെയീ പൌരുഷമാര്‍ന്ന മുഖമായിരുന്നു
നിന്റെയീ ബലിഷ്ഠമാം കര്ങ്ങളായിരുന്നു ..!

അഭിമാനമോടവള്‍ തന്‍കൂട്ടുകാര്‍  മുന്നില്‍
അവകാശമോടെ പറഞ്ഞു നടന്നോരീ
കരുത്താണ് , അവള്‍ തന്‍ പിഞ്ചുമേനിയെ
ഉഴുതുമറിക്കുന്നത് മറക്കുന്നുവോ നീ കാട്ടാളാ ...?

ഒരു ചതഞ്ഞ പുഷ്പമായ്‌ , വെറും നിലത്ത്
ഞെരിഞ്ഞടര്‍ന്നോരീ ചിത്രശലഭം ..!
ഒഴുകിപരക്കുന്ന ച്ചുടുചോരയില്‍ നിന്നും,
കാമത്തിന്റെ സര്‍പ്പഗന്ധം പരക്കുന്നു ചുറ്റിലും .

പറന്നുപോകുമാ കുഞ്ഞുകിളിയുടെ
ആത്മാവിന്‍ രോദനം ചിതറുന്നിരുളിലായ്‌ ...

ക്രൂരമ്രിഗങ്ങള്‍ തന്‍ പിടിയില്‍ നിന്നും ,
കഴുകുകള്‍ തന്‍ കണ്‍കളില്‍ നിന്നും ,
തണലായ്‌ തന്നെ കാത്തിരുന്നത് , പാകമാകുമ്പോള്‍
തനിയെ രുചിക്കാനാണെന്നറിഞ്ഞില്ലവള്‍ ..!

കരുതലോടെ കാത്തു സൂക്ഷിക്കെണ്ടവനോടുവില്‍
എല്ലാം കവര്ന്നെടുത്താ ജന്മവും നുള്ളിയെടുക്കവേ
കരയാനും മറന്നുപോയ്‌ പ്രകൃതിയും , പിന്നെ
ഒരിറ്റു കണ്ണീര്‍തുളുമ്പിയോരാ കുഞ്ഞുകണ്കളും ..!
----------------------ബി ജി എന്‍ -----01.08.2008

(ജനയിതാവിന്റെ ക്രൂരമായ പകയുടെ ചൂടില്‍ ഞെരിച്ചുടക്കപ്പെട്ട, ഉടയാന്‍ വിധിക്കപ്പെട്ടു കഴിയുന്ന പിഞ്ചു ഹൃദയങ്ങള്‍ക്ക് മുന്നില്‍ , അവരുടെ മനസ്സാക്ഷിക്കു മുന്നില്‍ , കരയാന്‍ മറന്നു ,സ്വാന്തനമെകാന്‍ ആകാതെ ഒരു മാത്ര വിറങ്ങലിച്ചു നില്‍ക്കുന്ന ഈ രാവിന്റെ പാദത്തില്‍ സമര്‍പ്പിക്കുന്നു )





No comments:

Post a Comment