Monday, July 30, 2012

കാണാകാഴ്ചകള്‍

നീയും പിന്നെയീ ആറും
രണ്ടുമൊരുപോലെയാണ്
ചുഴികള്‍ , മലരികള്‍
പുറമേക്ക് ശാന്തയും സൗമ്യയും

നിന്നെ അറിയുവാന്‍
ശ്രമിക്കുന്നത്  പോലെ
കഠിനമാണ്
വെളിച്ചത്തില്‍
ഇരുട്ട് നിറയ്ക്കുന്നത് .

നക്ഷത്രങ്ങളെ പോലെ
നിന്റെ  സ്നേഹവും..!
കണ്ടു മോഹിച്ച
അരികിലെത്തുമ്പോള്‍
പണ്ടെങ്ങോ
എരിഞ്ഞടങ്ങിയ
ചുവന്ന ഇരുളുമാത്രം ..!
-----------------ബി ജി എന്‍ ----

പുഴ

നമ്മളാദ്യം കാണുമ്പോള്‍
വരള്‍ച്ചയുടെ ഉത്തുംഗതയില്‍
പുഴ ഒരു വെള്ളിനൂലായിരുന്നു .
നിന്റെ മിഴികളില്‍
ശുക്രനക്ഷത്രവും ...!

ഇടവമാസരാവില്‍
പുഴ ഒരു പ്രളയമാകുമ്പോള്‍
നിന്റെ  കവിളുകളില്‍
ഉപ്പുപാടങ്ങള്‍
ചാലുകള്‍  കീറിയിരുന്നു .

ഡിസമ്പറിന്റെ
മരംകോച്ചും തണുപ്പില്‍
പൌര്‍ണ്ണമിയുടെ പുഞ്ചിരിയില്‍
പുഴ മയങ്ങികിടക്കുമ്പോള്‍
കടമ്പുമരത്തിലെ
ഉണങ്ങിയ ഇലയായ്‌ നീയും
കാറ്റിലൂയലാടുന്നുണ്ടായിരുന്നു ..!
-----------------ബി ജി എന്‍ ----

Friday, July 27, 2012

മല്‍സ്യ കന്യക

കടലിന്റെ ചാരത്തു ഞാന്‍ കണ്ടു മുട്ടിയ
കാമിനി നിന്നുടെ പേരെന്ത് ?
ചിപ്പികള്‍ നുള്ളിപ്പെറുക്കിയെടുക്കവേ
കുപ്പിവളകള്‍ ചിരിച്ചതെന്തേ
നുരയും പതയും തടവുമീ പാദസരങ്ങള്‍
കിലുങ്ങുന്നതെന്തേ നിന്‍ പുഞ്ചിരിപോല്‍
എന്താണ് കുട്ടീ മിണ്ടാത്തതെന്നോട്
മാത്രമോ നിന്‍ പിണക്കം
നോക്ക് പടിഞ്ഞാറ് ചെങ്കിരണങ്ങള്‍ നിന്‍
കവിള്‍ത്തുടുപ്പില്‍ നാണിപ്പതും
ആഴക്കടളിലെക്കാണ്ടിറങ്ങിയര്‍ക്കന്‍
ആത്മഹത്യക്കൊരുങ്ങിയതെന്തേ
നിന്നുടെ ചെന്ചോടി ചോപ്പ് കണ്ടോ
വാനം  നിര്‍ന്നിമേഷം നിന്നെ നോക്കി നില്‍പ്പൂ
എന്റെ ഹൃദയമാം പൂവാടിയില്‍ നിന്നെ
ചെമ്പനീര്‍ പൂവായ് വളര്‍ത്തീടാം ഞാന്‍
എന്നുടെ ചോരയും കണ്ണിരും തന്നു
നിന്നെ ഞാനോമലേ പോറ്റിടാം
പോരുക നീ കൂടെ ചൊല്ലുക പൈങ്കിളി
നിന്നെയും കാത്തിത നില്‍ക്കുന്നു ഞാന്‍
ദൂരെ കടലിന്റെ ആരവം കേട്ടില്ലേ
നിശയുടെ കാമുകര്‍ പാഞ്ഞടുക്കുന്നുണ്ട്
രാത്രികരിമ്പൂച്ച കണ്ണു തുറിക്കുന്നു
ഇരുളിന്‍ മക്കള്‍ പുറത്തിറങ്ങുന്നു
വരിക വേഗം നാമിനി വൈകരുതോമനെ
ഇവിടെ നീ ഒട്ടും സ്വതന്ത്രയല്ല
ഇന്ന് നീയിരുളില്‍ ഒറ്റയ്ക്ക് പെട്ടാല്‍
നാളെയീ കടലിന്നു പറയാനുണ്ടാകും
ചീറിയടിച്ചോരാ പേമാരി , കാറ്റുമീ
സുരസംഹാര താണ്ടവ നര്‍ത്തനത്തിന്‍ കഥ
ഒടുവില്‍ സാക്ഷിയാം കടലിന്‍തിരകളില്‍
ഒരു പഴന്തുണി കെട്ടായ്‌ നിയും നിന്‍ സ്വപ്ങ്ങളും
ഒരു പൊങ്ങു തടി പോല്‍ നിന്‍ ഓര്‍മ്മകളും .
---------------------ബി ജി എന്‍ -----30.11.1997

കാവ്യശകലങ്ങള്‍

ഇന്നലെ ഞാനെന്‍ മനസ്സിന്റെ പാഴ്നില -
കണ്ണാടി വലിച്ചെറിഞ്ഞു ( ൨)
കണ്ണുകള്‍ മുറുകെ പൂട്ടി നിന്നോട്ടിട
കാനാതിരിക്കുവാന്‍ വേണ്ടി ഞാന്‍
എന്നിട്ടുമല്പനേരം മാത്രമായ്‌ ഞാനവ
അല്ഫുതത്തോടെ നോക്കി നിന്ന്
എല്ലാം ഒട്ടു നേരം നോക്കിനിന്നു പോയ്‌
നിശ്ചലമയെന്നെയും നോക്കിയിതാ
മുന്നിലേ നക്ഷ്ടമാം ചില്ലുകള്‍ മാത്രം
എന്റെ സ്വപ്നമാം പള്ങ്കുകള്‍ മാത്രം
കാണുന്നു ഞാനാ ചില്ലുകളിലോക്കെയും
കണ്ടുമാരന്നോരായിരം മുഖങ്ങള്‍
കാണ്‌വാകാത്ത ബിംബങ്ങള്‍ ..!
-------------------------------------------
നനഞ്ഞ പ്രഭാതം വരവായ്‌
ഇരുളിന്നാവരണം തൂത്തെറിഞ്ഞു
മഞ്ഞി പുകയും മായ്ച്ചു കൊണ്ട്
പുതിയൊരു പുലരി വരവായ്‌
ഇലകൊഴിയുംവേളയായ്‌
തണുപ്പിന്‍ നഖങ്ങള്‍ ചിരിക്കയായ്‌
നിറവും മണവും നശിക്കയായ്‌
തെരുവില്‍ ജീവിതം തുടിക്കയായ്‌
മധുരമായ്‌ പുല്കുമീ ജീവിതോദ്യാനം
തിരുവരങ്ങായ്‌ മാരിയെന്‍ ഹൃത്തടം
അലകള്‍ ചോരിയുമീ കാറ്റുമീ -
ഞാനെന്ന പുകിലും നിറവും മറഞ്ഞു പോയ്‌
----------------------------------------------
നിറനിലാവിന്‍ മിഴിത്തുംപില്‍
നിറകതിര്‍ പോലൊരു സന്ധ്യയില്‍
നില്‍ക്കുമോ എന്നുടെ ആത്മവാടിയില്‍
നിര്‍വൃതി പോലെ നിന്‍ നിശ്വാസവായുവും
അറിയാതെ അറിയാതെ ഹൃദയമാം
വരമ്പിലെ അനുരാഗ വല്ലരി പൂത്തു
സ്വരരാഗ പുഷ്പമാം വിസ്മൃത ഭൂവിലായ്‌
വിലാസനര്തനമാടാന്‍ വരുമോ നീയും
------------------ബി ജി എന്‍ ------10.12.1997

നിന്നെ കുറിച്ച്

ഓണ നിലാവിന്റെ കൈകുടന്നയില്‍
ഓമനേ നിന്‍ മുഖം കണ്ടുവല്ലോ
ചിതറുന്നോരീ ഹിമകണങ്ങള്‍ നിന്നില്‍
മഴവില്ലിന്‍ കാന്തി തീര്‍ത്തുവല്ലോ .
കരടുകള്‍ പോലെ കാണുവതോ
കരിമുകില്‍ മാലകളോ
നിറയുമെന്‍ ഹൃദയം സ്വരഗംഗയാലെ
നിര്‍വൃതിപൂകുമല്ലോ
പിന്നെയും ഞാനെകനല്ലോ , എന്റെ
ചിന്തയില്‍  പൂക്കള്‍ വാടിയല്ലോ
എന്നിട്ടുമെന്തേ മറന്നതില്ല , എന്റെ
തപ്തമോഹത്തിന്‍ ബാഷ്പമാം കണികകള്‍
ഇപ്പോഴുമുണ്ടവയെന്റെ കരളില്‍ , നിന്റെ
ശപ്തമാമോര്‍മ്മതന്‍ ചിറകിന്നുള്ളില്‍
ഇപ്പോഴുമുണ്ടാവയെന്റെ ഉള്ളില്‍ ...
--------------------ബി ജി എന്‍ ---25.12.1997

ഗൌതമന്‍ തിരികെ വരുന്നു

ഇരുണ്ട നിഴല്‍ രൂപങ്ങള്‍ നടന്നടുക്കുകയായ്‌
മരവിച്ച സ്വപ്നങ്ങള്‍ക്ക്‌ ചാരനിറം
ഇടറിയ കാല്പ്പാടുകളില്‍ ചോരയുടെ നനവ്‌
മരണം ഇത്ര ഭയാനകമോ ?
ജീവിക്കാന്‍ മത്സരവും
മരിക്കാന്‍ വൈമുഖ്യവും കാട്ടുന്ന ലോകം
ഇതെന്ന മാറുക
നോക്കൂ പ്രകൃതി പോലും
കരയാനറിയാതെ  നില്‍ക്കുകയാണ്
കാരണമില്ലാത്ത വ്യെസനവും പേറി
ജീവിതത്തിന്‍ സത്യവും തേടി
പിന്നെയും സിദ്ധാര്‍ത്ഥന്മാര്‍
കൊട്ടാരം വിട്ടിറങ്ങുന്നു
പക്ഷെ ഇന്ന്
യശോദമാര്‍ കണ്ണീര്‍ വാര്‍ക്കുന്നില്ല
അവര്‍ക്കറിയാം
ഗൌതമനിനി പണ്ടേ പോലെ
സര്‍വ്വസംഗ പരിത്യാഗി ആകുവാനാകില്ല ..!
-------------------ബി ജി എന്‍ -----18.11.1997

ലളിതഗാനം

സ്വരങ്ങള്‍ തേടും രാവില്‍
സ്വരമന്ത്രണങ്ങള്‍ പൊഴിയും (2)
നിനക്കിനി നല്കുവാനില്ല , ഒരു
നവരസഫലിതം പോലും .                     (സ്വര...)

മനസ്സ് നിറയും വേളയില്‍
പനിമതി തേടും പൂര്‍ണ്ണതയില്‍ (2)
നിനക്കിനി നല്കുവാനില്ല , ഒരു
പുതുജന്മ നൊമ്പരവും ...                           (സ്വര ...)

അറിയും നിശയുടെ തേങ്ങലില്‍
നിന്നഴകിന്‍  മാസ്മരവേദിയില്‍ (2)
പഴയൊരു ശ്രുതി ഞാന്‍ മൂളവേ , നീ
പുതിയൊരുമാനം തേടവേ ...                    (സ്വര ...)

നിലയറിയാതെ ഞാന്‍ മുങ്ങുമോ യീ -
നിലയില്ലാക്കയങ്ങളില്‍ (2)
നിലവറക്കുഴിയിലോടുങ്ങുന്നുവോ
ഒരു  പുതു ജന്മം കൂടി ..                               (സ്വര...)
 ----------------ബി ജി എന്‍ -----

പൂത്തിരി ചിരിക്കുകയായ്‌

പൂക്കുട വിടരുകയായ്‌ വിണ്ണില്‍
പൂനിലാവുണരുകയായ്‌
താഴെയേതിങ്ങും തമസ്സിനെ നോക്കി
പൂത്തിരി ചിരിക്കുകയായ്‌ .

കണ്ണുകളില്‍ വിരിയുന്ന നിറവും
ചുണ്ടുകളില്‍ പൊലിയുന്ന പുഞ്ചിരിയും
തന്നുകൊണ്ടവളുടെ കയ്കളില്‍
പൂത്തിരി ചിരിക്കുകയായ്‌ .
വര്‍ണ്ണങ്ങള്‍ ചിതറുന്നു ഹായ്‌
അതാ നോക്ക്
മഴവില്ല് തെളിയുന്ന പോല്‍
രാത്രിയുടെ കൈകളില്‍
നാണം പുരണ്ടതാ
പൂത്തിരി ചിരിക്കുകയായ്‌ .
യൌവ്വനം വന്നില്ല
കൌമാരം പോയല്ലോ
മദ്ധ്യെയീ സുന്ദരി
വിഷാദിക്കുന്ന നേരത്തും
അവള്തന്‍ സ്വപ്നങ്ങള്‍ -
ക്കഴകുമായ്‌ വന്നീ
പൂത്തിരി ചിരിക്കുകയായ്‌ .
രണ്ടു കരങ്ങളും മാറി മാറി നോക്കൂ
ഒന്നല്ല രണ്ടാല്ലോരായിരം നിറങ്ങള്‍.
ചിതറുന്ന വര്‍ണ്ണങ്ങള്‍
കൊണ്ടവള്‍ ചിരിക്കുന്നു
അപ്പോഴുമാ കരങ്ങളില്‍
പൂത്തിരി ചിരിക്കുകയായ്‌ .!
-------------ബി ജി എന്‍ ---- 02.11.1997

മിഴിനീര്‍ മണികള്‍

നിറയുന്നേന്‍ മാനസം
കതിരുകള്‍  വിടരുന്നു
തുളുമ്പുന്ന വാക്കുകള്‍ക്കര്‍ത്ഥമില്ലാതായ്
ഉണരുന്നേന്‍  കിനാവുകള്‍
നറുനിലാവായി പടരുന്നു മനമാകെ
ഒരു കുളിര്‍കാറ്റായി
അലിയുന്നു നിന്നില്‍
ഒരു തലോടലിന്‍ സുഗന്ധമായ്‌
അണയുന്നു നിന്നരികില്‍
താരും  തളിരും ഇടതിങ്ങി നില്കുമീ
പൂങ്കാവനമെന്‍ മാനസമെന്കില്‍
അതിലൊരു വണ്ടിന്നിരമ്പലായ്‌
കാതോരം നിന്നുടെ കൊഞ്ചലുണ്ട്
അണയാന്‍ തുടങ്ങുമീ ദീപത്തെയോന്നാകെ
ആളിപടര്‍ത്തുമീ നനവുള്ള സന്ദേശം
സിരകളില്‍ നല്‍കുന്നു
നവ്യമാം മറ്റൊരു
പുതുമ മാരാത്തോരീ സ്നേഹഗീതം
അലറും കടലിന്റെ
കഠിനമാം ശബ്ദത്തെ
മറവിയിലാഴ്തുവാന്‍ ശക്തി നല്കീടുന്ന
അലിവിന്റെ നിറവാര്‍ന്ന പകലുമായ്
സുഖദമാം കനവുമായ്‌
നിറയുമീ നിന്നോര്‍മ്മകള്‍
ഒക്കെ മറക്കാതിരിക്കാന്‍
കരുതിവയ്കട്ടെ ഞാന്‍
ഒരുവേള ഞാന്‍ നാളെ മറന്നുപോയാലോ ?
കാലമാം കൈകള്‍ തിരഞ്ഞെടുക്കട്ടെ
കണ്ടവയാനന്ദിക്കട്ടെ എന്റെയീ ഭ്രാന്തുകള്‍ ...!
----------------ബി ജി എന്‍ ----- 13.09.1997

രാത്രി പകലിലേക്ക്

രാത്രിയാകുന്നു
പകലിന്‍ നെരിപ്പോടില്‍
കനലൂതി തെളിയിച്ച വര്‍ണ്ണവും
പേറി രാത്രി വന്നു ..!

രാവ്‌ പുളയുന്നു
മദഗന്ധമാലസ്യം  ഉടു-
തുണിയുലയുന്നു
ചുവപ്പ്  മുക്കുത്തി കല്ല്‌ തെളിയുന്നു .

വെറ്റിലക്കറയുടെ ഗന്ധമുതിരുന്നു
മാദകലഹരിതന്‍ സീല്‍ക്കാരമുയരുന്നു .

രാത്രി വളരുന്നു
ഇരുളിന്‍ കരിംഭൂതം ജയഭേരി
മുഴക്കുന്നു
മണിമേടതന്‍
ചില്ലുജാലകങ്ങളില്‍
കരിമ്പൂച്ച കുറുകല്‍
ഇരയുടെ ഗന്ധവും പേറി
ഭാണ്ഡം മുറുക്കുന്ന രാത്രിഞ്ചരന്‍ .

രാവ്‌ മുറുകുന്നു
റേയിലോടും ഇരുമ്പു പാത കരയുന്നു
കറുപ്പിന്‍ രൂക്ഷഗന്ധമായ്‌
പടരും ചോര പതയുന്നു .
കാറ്റ്  കുറുകുന്നു
മദഭര രാവ്‌ മുറിയുന്നു
സൂര്യനുണരുന്നു
ഇലകള്‍ പാട്ട് മൂളുന്നു ..
----------ബി ജി എന്‍ -----23.03.1997

ദൃത താളം

കാണുന്ന കനവുകളിലഗ്നി പൂത്തു
മൈന പാടുന്ന പാട്ടിലോ ദാര്ഷ്ട്യഭാവം
കരങ്ങള്‍ തന്‍ ചലനങ്ങള്‍ രൌദ്രമായി
മന:തമ്പുരു മീട്ടുന്നു ശോകഗാനം ...!

നാവിന്റെ ചലനങ്ങള്‍ മാംസതാളം
ദേവരാജ  മുഖമെപ്പോഴുംഊര്ദ്ധഭാവം
വിരയ്കുമീ ചിറകുകള്‍ മെല്ലെ മെല്ലെ
നനുത്ത തലോടലായ്‌ മരുമെന്നോ?

നിന്റെ പൂഞ്ചിറകു വെട്ടി ഞാന്‍ വീശിടട്ടെ
എമ്റെ ദാഹനീരായി നിന്‍ ചോരതരുമോ ?
കരയുന്ന കണ്ണിലോ നിണം പതിച്ചാല്‍
അശ്രുകണങ്ങള്‍ നാവിനെ ബന്ധിപ്പതോര്‍ത്താല്‍
ആകില്ല നിന്നുടെ രാഗങ്ങലോന്നുമേ
ആരോരുമാരിയാത്തതായ്ടുമ്പോള്‍ ..
-------------ബി ജി എന്‍ ---10.01.1997

Thursday, July 26, 2012

നീ വിട പറയുമ്പോള്‍


ഹൃദയത്തില്‍ കാരമുള്ള്‌ തറക്കും പോലെ -
നിന്റെ വാക്കുകള്‍ എന്നെ വേദനിപ്പിക്കുംപോള്‍
വേദനപ്പെടുത്തിയെന്‍ മുന്നിലൂടെ
ഒരു തൂവലായി നീ പോയിടരുതെ ....

ഒരു ശീതകാല സരണിയില്‍ വച്ചോ
മരുക്കാട്ടിന്‍ തിരക്കിലോ
എവിടെ ആണ് നാം ആദ്യം കണ്ടത് ?
ഓര്‍മ്മകള്‍ക്ക് വേദന മറവി ചാര്‍ത്തുന്നു ..!

അറിവിന്റെ വഴിത്താരയില്‍ ദീപമായി
പരുക്കന്‍ സ്നേഹത്തിന്റെ നക്ഷത്രമായ്‌
വായനാസാഗരത്തിന്‍ കുമ്പിളായ്
മിന്നാമിനുങ്ങിന്റെ കാഴ്ചയായ് നീയുണ്ടായിരുന്നു കൂടെ ..!

ഒരു ശലഭത്തിന്‍ ചിറകു പോല്‍ വിറയ്ക്കുന്നു
ഒരു മൌനത്തിന്‍ ശില വന്നെന്നെ മൂടുന്നു
എന്റെ ഓര്‍മ്മയില്‍ പടരുന്ന ശീതകാറ്റില്‍
മരുഭൂമിയുടെ വന്യത പടി കടന്നു വരുന്നു ...!

ഏകാന്തതയുടെ കൂടാരത്തില്‍ ഞാനിരിക്കെ ..
ഒരു സാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റുമായ്‌ വന്ന നീ
പിറക്കാതെ പോയ ഭ്രാതാവിന്‍ സ്നേഹത്തിന്‍
അമ്രിതകുംഭം പകര്‍ന്നെകി അകന്നു പോകവേ

കണ്ണുകള്‍ മൂടുന്നു , സര്‍ഗ ചേതന മരിക്കുന്നു
വാക്കുകള്‍ നോകുകള്‍ മരീചികയാകവേ
പകരം നല്കാനോന്നുമില്ലെന്റെ കയ്യില്‍
ഈ ചെറു ഹൃദയവും പങ്കുവച്ചു പോയിരിക്കുന്നു ...!
-------------------------ബി ജി എന്‍ ------

ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ അയാൾ


ഇത് നടക്കുന്നത് അതി വിദൂരം അല്ലാത്ത ഒരു കാലത്തില്‍ ആണ് എന്ന മുന്‍വിധിയോടെ ഇതിനെ സമീപിക്കുക. വായനയുടെ ഏതെങ്കിലും സന്ധിയില്‍ വച്ചു നിങ്ങള്‍ക്ക് പ്രതികരിക്കണം എന്ന് തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം . പക്ഷെ യാഥാർത്ഥ്യത്തിലേക്ക് അടുക്കാന്‍ അധിക ദൂരമില്ല എന്ന നെടുവീര്‍പ്പ് നിങ്ങളിലും തടയുന്നത് ഞാന്‍ കണ്ടറിയുന്നു എന്നതില്‍ ആശ്വാസം ...!

വളരെ കാലങ്ങളുടെ പ്രവാസത്തിനു ശേഷം അയാൾ , കേരളം (ദൈവത്തിന്റെ (?)സ്വന്തം നാട് ) കാണാന്‍ വന്ന കാഴ്ചകളിലേക്ക് നമുക്ക് അയാൾക്കൊപ്പം കുറച്ചു ദൂരം സഞ്ചരിക്കാം .

തിരക്കേറിയ വാണിജ്യ തലസ്ഥാനത്തില്‍ വഴിവാണിഭക്കാര്‍ കുറവായിരുന്നു പണ്ടേ പോലെ അല്ല ഇപ്പോള്‍ എല്ലാം മൈക്രോ വാണിജ്യ ശാലകള്‍ ...!
തെരുവിലെ എല്ലാ കോണിലും നിരനിരയായി തുറന്നിരിക്കുന്ന വിവിധ വര്‍ണ്ണ കൊടികള്‍ നാട്ടിയ കടകള്‍ ...!
കാവി നിറവും ഓംകാരവും ചാലിച്ച ഒരു കടയുടെ മുന്നില്‍ ആണ് ആദ്യം അയാൾ എത്തപ്പെട്ടത് . പണ്ട് മൊബൈല്‍ കമ്പനികള്‍ ഓഫര്‍ ഡിസ്പ്ലേ വച്ചിരുന്ന പോലെ കുറച്ചു ചെറുപ്പക്കാര്‍ തങ്ങളുടെ കയ്യില്‍ ഉള്ള ബ്രോഷര്‍ ഉപയോഗിച്ച് ആള്‍ക്കാരെ ബ്രെയിന്‍ വാഷ് ചെയ്യുന്നുണ്ട് . അയാളെ സുന്ദരിയായ ഒരു പെങ്കൊച്ചു സമീപിച്ചു .
സാര്‍ ഇതാ ഇത് സുന്ദരമായ ഒരു വാഗ്ദാനം ആണ് . ലോകത്തെ ഏറ്റവും പഴക്കവും സംസ്കാരവും ഉള്ള മതം ആണ് നമ്മുടേത്‌ . "ലോകാ സമസ്ത സുഖിനോ ഭവന്തു" ആണ് നമ്മുടെ ആപ്ത വാക്യം . എല്ലാ സംസ്കാരങ്ങളെയും ഒന്നിച്ചു ഇണക്കി അവരുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചു ഉള്ള മൂര്‍ത്തികളെ ആരാധിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഈ മതം തരുന്നു . നിങ്ങൾക്ക് സ്വയം ഒരു ദൈവം ആകാന്‍ യാതൊരു തടസ്സങ്ങളും ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ ആകര്‍ഷണം . ഏത് ദൈവത്തെ വിളിച്ചാലും അതിന്റെ ഫലം അല്ലെങ്കില്‍ സത്ത എത്തിച്ചേരുക പരമാത്മാവില്‍ അല്ലെങ്കില്‍ എല്ലാ ജഗത്തിന്റെയും നിയന്ത്രതാവായ ഭഗവാനില്‍ ആണ് എന്ന് ഉള്ളതാണ് ഈ മതം നല്‍കുന്ന സന്ദേശം . നിങ്ങളുടെ ജീവിതത്തിന്റെ റിസള്‍ട്ട് മരണത്തിനു ശേഷം തീരുമാനിക്കപെടുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിനെ നിങ്ങള്‍ എത്ര പ്രീതിപെടുത്തി എങ്ങനെ ഒരു നല്ല മനുഷ്യനായ് വിശ്വാസി ആയി കഴിഞ്ഞു എന്നതിനെ അനുസരിച്ച് നിങ്ങൾക്ക് സ്വര്‍ഗ്ഗവും നരകവും ലഭിക്കുന്നു . നിങ്ങള്‍ പാപം ചെയ്താല്‍ അതിനു പ്രായശ്ചിത്തം ഉണ്ട് . യഥാസമയം അതിന്റെ പരിഹാര ക്രിയകള്‍ ചെയ്താല്‍ നിങ്ങൾക്ക് സ്വര്‍ഗ്ഗം ഉറപ്പാണെന്ന് ഞങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങളാല്‍ സാക്ഷ്യപെടുത്തുന്നു .
പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട് ദൈവം പതിയെ പുറത്തേക്ക് നടന്നു . പിറകില്‍ ആ കുട്ടിയുടെ വിവരങ്ങളും വിളിയൊച്ചയും കേള്‍ക്കാത്ത പോലെ അയാൾ അടുത്ത സ്ടാളിലേക്ക് കയറി .

അവിടെ വെളുത്ത കൊടിയില്‍ കുരിശിന്റെ ചിഹ്നം കാണാമായിരുന്നു . സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്ക്‌  വന്നു . സൗമ്യ സ്വരത്തില്‍ അയാള്‍ തന്റെ മതത്തെ പരിചയപ്പെടുത്തി . സാര്‍ ഇത് സഹനത്തിന്റെ, സ്നേഹത്തിന്റെ മതം . ഇവിടെ താങ്കള്‍ക്കു പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉണ്ട് . പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും താങ്കള്‍ക്ക് ഇവിടെ സംരക്ഷണത്തിനു ലഭിക്കുന്നു . നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഇത്ര ശ്രേക്ഷ്ടമായ ഒരു മതം വേറെ ഇല്ല. പാപികളുടെ പാപം സ്വയം ഏറ്റു വാങ്ങി കുരിശില്‍ മരിച്ച യേശു നമ്മോടൊപ്പം ഉള്ളപ്പോള്‍ നമ്മള്‍ പാപ മുക്തർ ആകുന്നു. ഒരു കുമ്പസാര കൂട്ടില്‍ മുട്ടുകുത്തി കണ്ണുനീരോടെ ,അപേക്ഷിച്ചാല്‍ തീരാവുന്ന പാപം മാത്രമേ നമുക്ക് ഇവിടെ ഉള്ളു . സ്വര്‍ഗ്ഗരാജ്യം താങ്കള്‍ക്കു .സുനിശ്ചിതം, ഒരു നല്ല മനുഷ്യനായ് , സഹജീവിയെ സ്നേഹിച്ചു , ജീവിക്കാന്‍ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട് ഇവിടെ . ഒരു പാട് സ്ത്രീകളെ പ്രാപിക്കുന്നതും, കൊണ്ട് നടക്കുന്നതും പാപം ആണ് അതിനാല്‍ തന്നെ ഒരു ഭാര്യ എന്ന സങ്കല്പം , ആചാരം നമ്മുടെ മതത്തിന്റെ മാത്രം പ്രത്യേകത ആണ് . സദാചാരം നമ്മള്‍ പരിപാലിക്കുന്നു . അന്യന്റെ ഭാര്യയെ നോക്കരുത് എന്ന് തുടങ്ങി പത്തു കല്പനകള്‍ നമ്മുടെ പ്രത്യേകത ആണ് . പൂര്‍ണ്ണമായ സ്വാതന്ത്ര്യം കര്‍ത്താവിന്റെ കല്പന അനുസരിച്ചുള്ള ജീവിതത്തിലൂടെ നിങ്ങൾക്ക് കിട്ടുന്നു . നിത്യാനന്ദവും മരണശേഷം പിതാവിന്റെയും പുത്രന്റെയും ഒപ്പം സ്വഗ്ഗത്തില്‍ സ്ഥാനം നിങ്ങൾക്ക് ലഭിക്കും ...
അവിടെ നിന്നും  അയാൾ അടുത്ത സ്ടാളില്‍ പ്രവേശിച്ചു . പച്ച നിറത്തില്‍ ചന്ദ്രക്കല ചാര്‍ത്തിയ ഒരു കൊടി അവിടെ കാണാമായിരുന്നു . മീശ ഇല്ലാതെ താടി മാത്രം മുഖത്ത് ഉള്ള കുറെ ചെറുപ്പക്കാരെ കാണാമായിരുന്നു അവിടെ . ജപമാല കൈകളില്‍ തെരുപിടിപ്പിച്ചു അവര്‍ തിരക്കിലായിരുന്നു കസ്റ്റമറുടെ കൂട്ടത്തില്‍. ഒരാള്‍ അയാളെ  സമീപിച്ചു സലാം പറഞ്ഞു . സാര്‍ ഇത് മനുഷ്യജാതിയില്‍ ഒടുവില്‍ ഉണ്ടായ മതം .മുത്തു റസൂലിനു പടച്ചവന്‍ നേരിട്ട് പറഞ്ഞു കൊടുത്ത ഒരു തിരുത്തലുകളും ഇല്ലാതെ ഒരു കൈ കടത്തലും ഇല്ലാതെ കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന സമ്പൂര്‍ണ്ണ ജീവിത ഉപാധി ആണ് ഈ മതം നിങ്ങൾക്ക് തരുന്ന വാഗ്ദാനം . പ്രപഞ്ചത്തിലെ ഏതു വിഷയത്തിനും ഇതില്‍ ഉത്തരം ഉണ്ട് . സ്ത്രീകളെ ഞങ്ങളുടെ മതം പ്രത്യേക സംരക്ഷണം നല്‍കുന്നു . താങ്കള്‍ക്കു കഴിവ് ഉണ്ടെങ്കില്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാം എന്നത് ഈ മതം നല്‍കുന്ന ഒരു ആകര്‍ഷകസമ്മാനം..! ഉണ്ടാക്കിയ കാലം മുതല്‍ ദൈവം വെല്ലുവിളിക്കുന്നതും ഇന്ന് വരെ ആര്‍ക്കും കഴിയാത്തതും ആയ കാര്യം ആണ് ഈ ഗ്രന്ഥം പോലെ ഒന്ന് ഉണ്ടാക്കുക എന്നതോ ഇതിലെ ഒരു വരി എങ്കിലും തെറ്റ് എന്ന് പറയാന്‍ കഴിയാത്തതും . ഈ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗ രാജ്യം ഉറപ്പാണ് . ഈ മതത്തില്‍ അഞ്ചു നേരം നിസ്കാരം ദൈവത്തോട് നേരിട്ട് സംവദിക്കാന്‍ നല്‍കുന്നു . മറ്റു ദൈവങ്ങളെയോ ബിംബങ്ങളെയോ ആരാധിക്കാന്‍ ഈ മതം അനുശാസിക്കുന്നില്ല . പടച്ചവന്‍ എന്ന ഒരേ ഒരാള്‍ മാത്രം ആണ് ഈ മതത്തിന്റെ ഒരേ ഒരു ലക്ഷ്യവും മാര്‍ഗ്ഗവും . നിങ്ങള്‍ ചെയ്യുന്ന പാപം ഒരു ഹജ്ജു ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പൊറുക്കപെടുന്നതാകും . നിങ്ങള്‍ കളവോ , മറ്റു പാപങ്ങളോ ചെയ്തു എങ്കിലും ഉംറ എന്ന സല്ക്കര്‍മ്മതിലൂടെ നിങ്ങൾക്ക് പടച്ചവന്‍ പൊരുത്തപെടുത്തുന്നു . നിങ്ങള്‍ ഇവിടെ നന്മ ചെയ്‌താല്‍ അതും ഈ മതത്തില്‍ ഉള്ളില്‍ നിന്നു കൊണ്ട് ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് അതിവിശിഷ്ടവും മനോഹരവും ആയ സ്വര്‍ഗ്ഗ രാജ്യമാകുന്നു അവിടെ നിങ്ങള്‍ക്ക് 72 നിത്യകന്യകമാരെ ലഭിക്കും . നിങ്ങള്‍ ഒരിക്കലും തളരില്ല  നിങ്ങൾക്ക് ഈ എല്ലാ പെണ്ണുങ്ങളെയും ഒരുപോലെ  സംത്രിപ്തപ്പെടുത്താന്‍ ഉതകുന്ന കഴിവ് ലഭിക്കും . നിങ്ങളുടെ പരിചരണത്തിന് കിളുന്തുബാലന്‍മാരെ കിട്ടുന്നതുമാണ്. അവസാനമില്ലാത്ത തണല്‍ തരുന്ന മരച്ചുവടുകളില്‍ തെളിമയുള്ള ജലാശയത്തിന്റെ കരയില്‍ നിങ്ങള്‍ക്ക് ലഹരിയില്ലാത മദ്യം കുടിച്ചു  രമിച്ചു ജീവിക്കാം . നിങ്ങൾക്ക് ഭക്ഷിക്കാന്‍ അതി വിശിഷ്ടമായ ഫലമൂലാദികള്‍ ഉറപ്പു തരുന്നു .
അവിടെ നിന്നും നിരാശനായ അയാൾ പുറത്തിറങ്ങി അടുത്ത സ്ടാളില്‍ കയറി . അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വളരെ ഗഹനമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് ഓരോ ആളിനോടും . ഒരാള്‍ അയാളെ  സമീപിച്ചു . താങ്കള്‍ ഏതു മത വിശ്വാസി ആണ് എന്നാണ് ആദ്യം ചോദിച്ചത് . അയാൾ ഒരു പുഞ്ചിരി മാത്രം നല്‍കി . അപ്പോള്‍ ആ ചെറുപ്പക്കാരൻ തന്റെ മതത്തെ കുറിച്ച് വാചാലനായി പറഞ്ഞു തുടങ്ങി . ഇവിടെ താങ്കള്‍ ഒരു പാട് മതങ്ങളെ കണ്ടു കാണും അവയുടെ വാഗ്ദ്വാനങ്ങള്‍ കേട്ട് കാണും . ഇത് ഒരു മതം അല്ല ഒരു വിശ്വാസം ആണ് . ഇവിടെ നാം സത്യത്തെ ആണ് തേടുന്നത് . ദൈവം എന്ന മിഥ്യയെ മുന്നില്‍ നിര്‍ത്തി മതങ്ങള്‍ കാണിക്കുന്ന കള്ളത്തരങ്ങളെ ഞങ്ങള്‍ ഇവിടെ പൊളിച്ചു കാട്ടുന്നു . ദൈവം എന്ന ഒന്നില്ല എന്നും മതങ്ങള്‍ പറയുന്ന എല്ലാ അവകാശ വാദങ്ങളും കള്ളം ആണെന്നും ശാസ്തത്തിന്റെ കണ്ടുപിടിത്തങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നാം വിശ്വസിക്കുന്നു പ്രചരിപ്പിക്കുന്നു . ഇത്തരം പൊയ്‌ മുഖങ്ങളെ പിച്ചി കീറുകയും സ്വര്‍ഗ്ഗവും നരകവും ഇവിടെ തന്നെ ആണെന്നും നല്ല വിദ്യാഭ്യാസവും നല്ല സംസ്കാരവും പഠിക്കേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും നമ്മള്‍ വിശ്വസിക്കുന്നു . ഒരു ഗ്രന്ഥമോ ഒരു വാക്കോ മാത്രം , വിശ്വസിക്കാതെ ഒരാളിലോ ഒരു ആചാരത്തിലോ വിശ്വസിക്കാതെ തുറന്ന വായനയും തുറന്ന ചര്‍ച്ചകളും അന്വേഷണങ്ങളും കൊണ്ട് സത്യത്തെ പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആണ് ഇത് . ഇവിടെ നിങ്ങൾക്ക് ശാശ്വതമായ നരകമോ സ്വര്‍ഗ്ഗമോ വാഗ്ദാനം ചെയ്യുന്നില്ല . സഹജീവികളെ സ്നേഹിക്കാനും മനസ്സിലാക്കാനും നന്മ ചെയ്യാനും സത്യം വിശ്വസിക്കാനും അസത്യങ്ങളിലും അനാചാരങ്ങളിലും പെട്ട് അന്ധരാകാതിരിക്കാനും പഠിപ്പിക്കുന്നു ഞങ്ങള്‍ .
അവിടെയും തൃപ്തന്‍ ആകാതെ അയാൾ പുറത്തിറങ്ങി നടന്നു .
കുറച്ചു മാറി ഒരു വ്യാപാരശാല അയാളുടെ  കണ്ണുകളെ ആകര്‍ഷിച്ചു . കണ്ണാടി കൂടിനുള്ളില്‍ ചെറിയ പ്രായത്തില്‍ ഉള്ള മാംസളതയും ലാളിത്യവും ഉള്ള കുട്ടികളെ, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട് നഗ്നരായി ഇരുത്തിയിരിക്കുന്നു . അവര്‍ക്ക് മുന്നിലായ് വിലവിവര പട്ടികയും പ്രായം തെളിയിക്കുന്ന രേഖകളും ഉണ്ട് . ആവശ്യക്കാര്‍ അവയെ നോക്കി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കി വിലപേശുന്നു .. മനസ്സ് നൊന്ത അയാൾ പതിയെ പുറത്തേക്ക് ഇറങ്ങി . തെരുവിന്റെ ഇങ്ങേ മൂലയ്ക്ക് ഒരു ആള്‍ക്കൂട്ടം കണ്ടു . അയാൾ ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ കയറി ചെന്നപ്പോൾ കണ്ടത് ഒരു ചെറുപ്പക്കാരന്‍ ഉച്ചത്തില്‍ ലേലം വിളിക്കുന്ന കാഴ്ച ആണ് . അയാളുടെ അരികിലായ് ഒരു മധ്യവയസ്ക ആയ സ്ത്രീയും ഒരു ചെറുപ്പക്കാരിയും ഉണ്ടായിരുന്നു , അവര്‍ ഏറെക്കൂറെ നഗ്നരായിരുന്നു . ജനത്തിന്റെ പിറുപിറുക്കലില്‍ നിന്നും അത് അയാളുടെ അമ്മയും സഹോദരിയും ആണെന്ന് മനസ്സിലായി. ചെറുപ്പക്കാരന്‍ അവരുടെ കഴിവുകളും അവയവ മഹിമയും അക്കമിട്ടു നിരത്തി വിളിച്ചു പറയുന്നുണ്ട് . കണ്ണുകളില്‍ നിറഞ്ഞ ജലവുമായ് കാഴ്ച മങ്ങിയ അയാൾ പുറത്തേക്ക് നടന്നു . തെരുവിന്റെ അങ്ങേ അറ്റത്തായി ഒരു പഴയ കെട്ടിടത്തിനു സമീപം അയാൾ വിശ്രമിക്കാന്‍ ഇരുന്നു . പൊടുന്നനെ പിറകിലായി കെട്ടിടത്തിന്റെ മതില്‍ കെട്ടിനുള്ളിലായ് ആരവങ്ങള്‍ , രോദനങ്ങള്‍ കേട്ട് അയാൾ ഞെട്ടി എഴുന്നേറ്റു. അവിടെ കണ്ടത് വൃദ്ധരായ ജനങ്ങളെ ആണ് .രോഗികളും അവശരുമായ വൃദ്ധരും അനാഥരായ ശിശുക്കളും ഭക്ഷണത്തിനായ് കൈ നീട്ടി വിലപിക്കുന്ന കാഴ്ച കണ്ടു അയാൾ വിറങ്ങലിച്ചു നിന്ന്. ഒരു വലിയ പെട്ടി അവിടെ കാണാമായിരുന്നു . അതില്‍ പഴകിയ വസ്ത്രങ്ങള്‍ , ആഹാര സാധനങ്ങള്‍ മുതലായവ വഴിയാത്രക്കാര്‍ നിക്ഷേപിച്ചു നടന്നു നീങ്ങുന്നുണ്ട് . ഒരു മദ്യപാനിയെ പോലെ ഇടറി ഇടറി നടന്നു ചെന്ന അയാൾ മുന്നില്‍ കണ്ടത് അതിലും ഭയാനകമായ ഒരു കാഴ്ച ആണ് . ഒരു കൂട്ടം കുട്ടിക്കള്‍ ഒരു പെണ്‍കുട്ടിയെ ഓടിച്ചിട്ട്‌ വേട്ടയാടി പിടിച്ചു അവളുടെ ശരീരം കീറി മുറിച്ചു ആസ്വദിക്കുന്നു .. ചിലര്‍ മുലകളെ മുറിച്ചു അകം പരിശോധിക്കുന്നു ചിലര്‍ വയര്‍ കീറി കുടല്‍ പുറത്തിട്ടു നോക്കുന്നു ഒരാള്‍ യോനിയെ രണ്ടായി പിളര്‍ന്നു ഗര്‍ഭപാത്രം കാണാന്‍ ശ്രമിക്കുന്നു .
കാഴ്ചകളുടെ ഉത്സവം കണ്ടു മടുത്ത അയാൾ ഇനി എന്ത് എന്ന വിഭ്രമത്താല്‍ ,സ്ഥലകാലബോധമില്ലാതെ സ്വന്തം തലമുടികള്‍ വലിച്ചു പൊട്ടിച്ചു , വസ്ത്രങ്ങള്‍ കീറി എറിഞ്ഞു കൊണ്ട് മുന്നോട്ടോടി . ഓട്ടത്തിനൊടുവില്‍ എത്തപെട്ടത്‌ ഒരു ശ്മശാനത്തില്‍ . അവിടെ ശ്മശാന കാവല്‍ക്കാരന്‍ പുതുതായ് കിട്ടിയ കിളുന്തു പെണ്‍കുട്ടിയുടെ ശരീരം ഭോഗിക്കുന്നത് കണ്ടു എരിഞ്ഞടങ്ങാറായ ഒരു ചിതയിലേക്ക് അയാൾ  എടുത്തു ചാടി സ്വയം ഒരു അഗ്നിയായ് ...
-----------------------------------------------------------------------------ബി ജി എന്‍

Monday, July 23, 2012

വേലിയില്‍ ഇരുന്ന പാമ്പ്

തൊണ്ടയില്‍
പഴുത്തൊരു വൃണമാണ് നീ .
അകത്ത് വിശന്നു കരയുന്ന
ആട്ടിന്‍ കൂട്ടത്തിനും
പുറത്തു വാ പിളര്‍ക്കുന്ന
ചെന്നായകള്‍ക്കും
ഒരുപോലെ പ്രിയപ്പെട്ടവന്‍ ...

നിന്റെ രേതസ്സിനു
വളരാനൊരു കൂടൊരുക്കുമ്പോഴും
പുറമേക്ക് നീ വലിച്ചെറിയുന്നുണ്ട്
പുരുഷത്വത്തിന്റെ
പ്ലാച്ചിമേടകള്‍ ...!


തല്ലിക്കൊഴിച്ച
മാമ്പൂക്കളെ  നോക്കി
നാസിക വിറയ്ക്കുമ്പോഴും
വലിച്ചെറിയുന്നുണ്ട് നീ
കറിവേപ്പിലകള്‍
നിന്റെ രസമുകുളങ്ങളില്‍ നിന്നും.

വേനലായ്‌
ഇലകള്‍ പൊഴിയുമ്പോഴും
മഹാമേരുവായ്‌  നീ
ഒരൊറ്റകൊമ്പനായ്‌
തലയെടുത്ത്  നില്‍ക്കുമ്പോള്‍
പുതുമഴയുടെ
പുല്‍നാമ്പുകള്‍ നിന്റെ
പടിമുറ്റത്തു
പ്രതീക്ഷയുടെ
പച്ചപ്പ് തേടുന്നത്
നീ അറിയുന്നു ...!

പുത്തന്‍ പ്രത്യയശാസ്ത്രങ്ങള്‍
നീണ്ട ജെസിബി കൈകളാല്‍
നിന്‍ അടിവേരുകള്‍
തോണ്ടുന്നതറിയുന്ന ചിരിയാല്‍
ശിരസ്സ് കുലുക്കുന്നു നീ ...!
ഇടഞ്ഞ  ഒറ്റയാനെ പോലെ .

രണഭൂമിയില്‍
രഥമില്ലാതെ , തേരാളിയില്ലാതെ...
പദമൂന്നി നില്‍ക്കുന്നു നീ
പിറകിലെ  ആരവങ്ങളില്‍
മതിമറന്ന്
ഒരു വടവൃക്ഷം പോലെ ...!
---------ബി ജി എന്‍ ---



ടോള്‍

വിരഹം ഇരച്ചു പെയ്യും
തണുത്ത രാവുകളാണ്
നിന്റെ മൗനത്തിന്റെ സിന്ദൂരം
ഇരുണ്ടതാണെന്നു പറഞ്ഞത് ..!

കനത്ത  മഴ പെയ്തൊഴിഞ്ഞ
ഇടവഴികളില്‍
ഒലിച്ച് പോയത്,
നാം  കൈമാറിയ
മഴവില്ലുകള്‍
നിറം ചാലിക്കുന്ന
പൂവരശിന്‍ പഴുത്ത
ഇലകളായിരുന്നു ...!

പകല്‍
വേനലിന്റെ ചൂടില്‍
ഉരുകിതിളച്ചു തൂകുമ്പോള്‍
നിന്റെ കണ്ണീര്‍ചാലുകള്‍
പുഴകളായി
എന്റെ ഹൃദയതീരത്തില്‍
ഒഴുകിനിറഞ്ഞു ..
പിന്നെ
എക്കലടിഞ്ഞ സമുദ്രം പോലെ
നീയെന്റെ മാറില്‍ ..!

എനിക്കും നിനക്കും
ഇടയില്‍ ഒരു പാലമുണ്ട്
നീ സ്നേഹം കൊണ്ടും
ഞാന്‍ കാമം കൊണ്ടും
തീര്‍ത്ത പാലം ...!

ഒരു പ്രളയത്തിനും വിട്ടുകൊടുക്കാതെ
നീ സൂക്ഷിക്കുന്ന
ആ  പാലത്തിനാണ്
കാലം ടോള്‍ പിരുവ് നടത്തുന്നത് ...
നിമിഷത്തിന്റെ-
അളവ് കോല് കൊണ്ട് ,
ജീവന്റെ  തുലാസ് കൊണ്ട്
പ്രണയത്തിന്റെ മിടിപ്പ് കൊണ്ട് ...!

----------ബി ജി എന്‍ ----


Saturday, July 21, 2012

ഉദ്യാനപാലകന്‍

("വേട്ടക്കാരനും വേട്ടമൃഗവും തമ്മിലുള്ള അകലമാണ് ജീവിതം ...
വേദനിക്കുന്നവനും വേദനിപ്പിക്കുന്നവനും തമ്മിലുള്ള ബന്ധമാണ് സ്നേഹം ..!")

ഇനിയുമീ ഏകാന്തചരുവിലാരെയോ -
ഇണയായ് കാത്തു ഞാന്‍ നില്പൂ ?
അറിയാതെ  പെയ്തിരുളുന്ന മഴയുടെ -
തണുവിനായെന്‍ മനം കൊതിപ്പൂ ?

കറുകറുത്ത ഇരുളിന്റെ മുഖമാകെ
ചുവക്കുന്ന ചോര തന്‍ രൂക്ഷമാം ഗന്ധം മാത്രം ...!

അരുതേ , അരുതരുതെ കാട്ടാള ...
അത് നിന്റെ ചോരയുടെ സത്തയല്ലേ ?
അവള്‍തന്‍ സിരകളില്‍, മജ്ജയില്‍ , മാംസത്തില്‍
ഉരുവുന്നതോ നിന്റെ ജനുസ്സുകളല്ലോ...!

നിന്റെ ബീജത്തിന്‍ നിന്നുയിര്‍ കൊണ്ട മാടപ്രാവ-
വവള്‍ തന്‍ചിറകുകള്‍ നീ വെട്ടിയരിയരുതെ ..
നിന്റെ കരുത്തിന്റെ ദ്രംഷ്ടങ്ങളില്‍ പിടയാന്‍ -
അവളെന്തു മുജ്ജന്മപാപിനിയാണ് ?

ശപ്തമാമിരുളിന്റെയേതോ നിമിഷത്തില്‍ , നീ -
നിന്റെ പെണ്ണിന്നുള്ളിലുതിര്‍ത്ത മുത്താണവള്‍ ...!
ഒരു കുഞ്ഞുമൊട്ടായ് നിന്‍ മാറിലമര്‍ന്നു
നിന്റെ ചൂടില്‍ മയങ്ങിയ പൂമ്പാറ്റയവള്‍ ..!
 ഇടറുന്ന  വീഥികളില്‍ നിന്‍വിരല്‍ പിടിച്ചി -
ട്ടടറാതെ നടക്കാന്‍ പഠിച്ചവളാണവള്‍ ...!

നടുക്കം  കൊള്ളുന്ന ഇടിനാദ രാവുകളില്‍ ,
ഇടവപ്പാതികളില്‍ ,നിന്‍ ചിറകിന്‍കീഴിലായ്‌
അഭയം തെടിയിരുന്നവള്‍ , ഇന്ന് നിന്‍
കരുത്തില്‍ പിടയുന്നതവളാണെന്നു മറന്നുവോ നീ ?

തെരുവിലെ  വേട്ടമൃഗങ്ങളില്‍ നിന്നും ,
അവതന്‍ കൂര്‍ത്തനഖമുനകളില്‍നിന്നും
എന്നുമവള്‍ ഭയക്കാതെ നിവര്‍ന്നു നടന്നത്
നീ അവള്‍ക്കുണ്ടേന്ന വിശ്വാസമായിരുന്നു ...!

തളരാതെ താങ്ങി നിര്‍ത്താന്‍ , പ്രതിസന്ധി -
കളിലൂടെ നടന്നു നീങ്ങാന്‍ അവള്‍ക്കു താങ്ങായിരുന്നത്
നിന്റെയീ പൌരുഷമാര്‍ന്ന മുഖമായിരുന്നു
നിന്റെയീ ബലിഷ്ഠമാം കര്ങ്ങളായിരുന്നു ..!

അഭിമാനമോടവള്‍ തന്‍കൂട്ടുകാര്‍  മുന്നില്‍
അവകാശമോടെ പറഞ്ഞു നടന്നോരീ
കരുത്താണ് , അവള്‍ തന്‍ പിഞ്ചുമേനിയെ
ഉഴുതുമറിക്കുന്നത് മറക്കുന്നുവോ നീ കാട്ടാളാ ...?

ഒരു ചതഞ്ഞ പുഷ്പമായ്‌ , വെറും നിലത്ത്
ഞെരിഞ്ഞടര്‍ന്നോരീ ചിത്രശലഭം ..!
ഒഴുകിപരക്കുന്ന ച്ചുടുചോരയില്‍ നിന്നും,
കാമത്തിന്റെ സര്‍പ്പഗന്ധം പരക്കുന്നു ചുറ്റിലും .

പറന്നുപോകുമാ കുഞ്ഞുകിളിയുടെ
ആത്മാവിന്‍ രോദനം ചിതറുന്നിരുളിലായ്‌ ...

ക്രൂരമ്രിഗങ്ങള്‍ തന്‍ പിടിയില്‍ നിന്നും ,
കഴുകുകള്‍ തന്‍ കണ്‍കളില്‍ നിന്നും ,
തണലായ്‌ തന്നെ കാത്തിരുന്നത് , പാകമാകുമ്പോള്‍
തനിയെ രുചിക്കാനാണെന്നറിഞ്ഞില്ലവള്‍ ..!

കരുതലോടെ കാത്തു സൂക്ഷിക്കെണ്ടവനോടുവില്‍
എല്ലാം കവര്ന്നെടുത്താ ജന്മവും നുള്ളിയെടുക്കവേ
കരയാനും മറന്നുപോയ്‌ പ്രകൃതിയും , പിന്നെ
ഒരിറ്റു കണ്ണീര്‍തുളുമ്പിയോരാ കുഞ്ഞുകണ്കളും ..!
----------------------ബി ജി എന്‍ -----01.08.2008

(ജനയിതാവിന്റെ ക്രൂരമായ പകയുടെ ചൂടില്‍ ഞെരിച്ചുടക്കപ്പെട്ട, ഉടയാന്‍ വിധിക്കപ്പെട്ടു കഴിയുന്ന പിഞ്ചു ഹൃദയങ്ങള്‍ക്ക് മുന്നില്‍ , അവരുടെ മനസ്സാക്ഷിക്കു മുന്നില്‍ , കരയാന്‍ മറന്നു ,സ്വാന്തനമെകാന്‍ ആകാതെ ഒരു മാത്ര വിറങ്ങലിച്ചു നില്‍ക്കുന്ന ഈ രാവിന്റെ പാദത്തില്‍ സമര്‍പ്പിക്കുന്നു )





Friday, July 20, 2012

നിര്‍വൃതി നിന്നിലൂടെ

ഒഴുകി പരക്കൂ നീ ഗംഗേ എന്‍ മാറിലായ്‌
വാരിപുണരുകീ ഉഷ്ണതീരങ്ങളെ ...
ശമനമേകൂ എന്നന്തര്‍ദാഹത്തെ.
ശരണയാകൂ എന്നാത്മാവിനെന്നുമേ..!

ഒടുവിലെന്നെയും കൊണ്ട് നീ പോകുകീ
കപടലോകത്തിന്റെ ചടുലതയില്‍ നിന്നുമേ..!
എവിടെ ശാന്തിയെന്നോര്‍ത്തു ഞാനുഴറവേ
വരിക നീയെന്നെ വാരിപ്പുണരുക ..!

മഞ്ഞു തുള്ളിയായ്‌ സ്നിഗ്ദമാം മോഹമാ-
മെന്റെ സിരകളിലോഴുകി പരക്ക നീ ..
കൊടിയ വേനലും കടുത്ത ശൈത്യവും
കളങ്കമേറ്റാത്ത നിന്റെ  പൂമേനിയില്‍ ,
ഒരു മുല്ല വള്ളിയായ് പടര്‍ന്നു ഞാനെറട്ടെ .
ഒരു കൊച്ചു കാറ്റായി വീശി പരക്കട്ടെ...!
-------------------ബി ജി എന്‍ ---04.10.2004

വിഷുഫലം

അഗ്നി വര്‍ഷിക്കുന്ന മീനമാസ ചൂടില്‍ നിന്നും
മനം തണുക്കുന്ന മേടവിഷു പുലരിയില്‍
നമുക്ക് കണികാണാം നല്ലൊരു പ്രഭാതത്തെ,
നാളെയുടെ സമൃദ്ധിയിലേക്ക് നന്മയെ കൈ പിടിച്ചേറ്റാം ..!

പിന്നെ നാറുന്ന സമുദായത്തെ ചാട്ടവാറിനാല്‍
നാല്‍ക്കവല തോറും വിചാരണ ചെയ്തിടാം
പുതിയൊരു ലോകം കൈനീട്ടമായ്‌ നല്‍കാം
നമുക്കൊരു പുതിയ മാനവപ്പിറവിയെടുത്തിടാം .

മഞ്ഞപ്പട്ടിന്‍ കസവണിഞ്ഞ വിഷു പുലരികള്‍
സമാധാനത്തിന്‍ പ്രകാശം ചൊരിയവേ ,
നമുക്ക് കാണാം പുതിയ പ്രതീക്ഷകള്‍ തന്‍ പൂത്തിരികള്‍
അവ നമ്മുടെ പുതു തലമുറകള്‍ തന്‍ കണ്ണിലായ്‌ വിരിക്കാം ..!

പൊന്‍ നിറമൂറും പ്രഭാതങ്ങള്‍ വിരിയട്ടെ ,
പൊട്ടിച്ചിരിക്കുന്ന മധ്യാഹ്നവും , പിന്നെ -
മന്ദഹാസത്തിന്റെ തണുത്ത പൌര്‍ണ്ണമിരാവ്കളും
നമുക്കീ സ്വര്‍ലോകഗംഗയില്‍ മുങ്ങി കുളിക്കാം .

പുതു പുത്തന്‍ പ്രതീക്ഷകള്‍ തന്‍ ചിറകിലേറാം ,
ഇത്തിരിനേരമാ സ്വപ്നങ്ങള്‍ കണ്ടിടാം.
യാഥാര്‍ത്യബോധത്തിന്‍ തീക്ഷ്ണമാം കരങ്ങള്‍ തന്‍
ജീവിതയാനം നയിക്കട്ടെ പിന്നെയും ഞങ്ങളെ ...!
--------------------------ബി ജി എന്‍ ----13.04.2004

അറിവുകള്‍

മാനത്ത്‌ ചിരിക്കുന്ന സൂര്യനെ കണ്ടപ്പോള്‍
ഞാനെന്‍ കരളിന്‍ ചൂടറിഞ്ഞു ...!
സായാഹ്നസൂര്യന്‍ തന്‍ ചെഞ്ചായം കണ്ടപ്പോള്‍
ഞാനെന്‍ നക്ഷ്ടത്തിന്‍ നോവറിഞ്ഞു ..!

അസ്തമയത്തിന്‍ ഇരുളിമ കണ്ടപ്പോ
ഞാനെന്‍ മനസ്സിന്‍ നിലയറിഞ്ഞു...
ദൂരെ വിണ്ണിലായമ്പിളി കണ്‍തുറന്നപ്പോള്‍ ,
ഞാനെന്‍ മനസ്സിന്‍ ജാലകം തുറന്നു ..!

താരകങ്ങള്‍ തന്‍ പുഞ്ചിരിയില്‍ ഞാന്‍
കണ്ടു നിന്‍ മിഴികള്‍തന്‍ പൊന്‍തിളക്കം ..!
മന്ദമായ് വീശിയ മാരുതനെന്നോട്
നിന്നുടെ സ്നേഹത്തിന്‍ കഥ പറഞ്ഞു .

തുഷാരബിന്ദുക്കള്‍ മിഴിതുറന്നപ്പോള്‍
ഉള്ളിന്‍ നിന്നോര്‍മ്മകള്‍ ഒളിവിതറി
പ്രഭാതകിരണങ്ങള്‍ കണ്ണുനീര്‍ തുടച്ചപ്പോള്‍
ഉള്ളിലെന്‍ ദുഖത്തിന്‍ കനലടങ്ങി ...!
-----------------ബി ജി എന്‍ 24.03.2004

Thursday, July 19, 2012

പ്രണയതീര്‍ത്ഥം തേടി

പ്രണയമെന്ന വാക്കിനര്‍ത്ഥവും തേടി
അലയുകയാണിന്നു ഞാന്‍ ...!
സ്നേഹമെന്നാലൊന്നിക്കലാണെന്നുള്ളോരാ -
പഴമൊഴിയുറക്കെ ചൊല്ലിക്കൊണ്ട്, പിന്നെയും
പ്രണയമെന്ന വാക്കിനര്‍ത്ഥവും തേടി
അലയുകയാണിന്നു ഞാന്‍...!

ആരോ  ചൊല്ലുന്നു പ്രേമമെന്നാലത്
കാമമല്ലാതെ മറ്റെന്താണ് പിന്നെ ?
കാമവും മോഹവും ഇഴപിരിച്ചപ്പോള്‍
സ്നേഹത്തെ  മാത്രം കണ്ടതില്ല...!

സ്നേഹത്തിന്റെ താഴ്വര തേടി അലയുകയാണിന്നും ഞാന്‍..!
സ്നേഹമെന്നാല്‍ വിശ്വാസമാണെന്ന
കേട്ടറിവുണ്ടേന്റെ കയ്യില്‍ .
വാരിയെടുത്തോരാ മൂര്‍ദ്ധാവില്‍ നല്‍കുന്ന -
വാത്സല്ല്യമുദ്രയാണല്ലോ സ്നേഹം ..!

എന്നാല്‍ വീണുടഞ്ഞോരാ പ്രണയത്തിന്‍ചിത്രം 
ഒരുടഞ്ഞ ചില്ലുപാത്രം പോലെ.
ചിതറികിടക്കുന്നെരെന്‍ മാനസം നിശ്ചലം .
അവയിലാകെ പ്രതിഫലിച്ചീടുന്നോരീ
മുഖമറിയാതുള്ള ചില നിഴലുകള്‍ പിന്നെ,
ഇരുളും മാത്രം ബാക്കിയാകുന്ന പോല്‍ .
 
പുലരുവാനിനിയും  നാഴിക,വിനാഴികകള്‍
കാവലായുണ്ടെങ്കിലും വെറുതെ മനം കൊതിക്കുന്നു
അറിയാം വരികില്ലവളുടെ  സാന്ത്വനം
അറിയുന്നു ഞാനിന്നുമെങ്കിലും വൃഥാ ....

അറിയില്ല ഞാനാരേ പ്രണയിക്കും , അല്ലെങ്കില്‍
ആരുടെ  ഹൃദയമെന്നെ തളച്ചിടും ?
അറിയാവുന്നതൊന്നു മാത്രം , ഞാന്‍
വെറുമൊരു യാത്രികന്‍ , ഏകാന്ത പഥികന്‍
അലയുന്നു എന്നെയും തേടി ......!
----------ബി ജി എന്‍ -----10.02.2003

Wednesday, July 18, 2012

കുറ്റബോധം


എനിക്ക് നിരാശ തോന്നുന്നു ..!
നിരന്നു നില്‍ക്കുന്ന പച്ച വെളിച്ചത്തില്‍
വിപരീത ലിംഗങ്ങളെ തിരഞ്ഞു പിടിച്ചു
അവര്തന്‍ സ്വകാര്യതയിലേക്ക്
വികാരത്തിന്റെ വിത്തുകള്‍ പാകാനും,
പ്രേമത്തിന്റെ പൂവുകള്‍ ചൊരിയാനും ,
സഹതാപത്തിന്റെ മുള്ളുകള്‍ വിതറാനും,
അനുമോദനത്തിന്റെ പറുദീസാ വിരിക്കാനും
കഴിയാതെ പോയതില്‍ ...!

അങ്ങനെ ആയിരുന്നെങ്കില്‍
എന്റെ ദിനങ്ങള്‍ വരണ്ടുഉണങ്ങിയും
എന്റെ രാവുകള്‍ നനഞ്ഞു കുതിര്‍ന്നും
എന്റെ നിദ്രകള്‍ സ്വപ്നഭാരിതവും
എന്റെ വാമഭാഗം അശ്രീകരവുമായേനെ ..!

ലോകത്തിലെ എല്ലാ വര്‍ണ്ണങ്ങളും ,
സാഹിത്യത്തിലെ എല്ലാ വര്‍ണ്ണനകളും,
അവര്‍ക്ക് വേണ്ടി ഞാന്‍ മുങ്ങിയെടുതെനെ
മക്കള്‍ക് ജന്മദിനമാശംസിചില്ലേലും
അവരുടെ വാര്ഷികങ്ങളും,
വിശേഷദിനങ്ങളും ആഘോഷമാക്കിയെനെ ..!

അവര്‍ക്കായ്‌ നാളെയുടെ നീക്കിയിരുപ്പുകളും
വിശേഷ ദിനങ്ങളുടെ സുഖങ്ങളും
അവധിക്കാലത്തിന്റെ ഓര്‍മ്മകളും
എല്ലാം സമര്‍പ്പിക്കാമായിരുന്നു ...!

------------------ബി ജി എന്‍ ----------

Monday, July 16, 2012

ആസുരം

പിടയുന്ന ജീവന്റെ തുടിതാളം കണ്‍കളില്‍
വിടരുന്ന കൌതുക കാഴ്ചയാകെ
നിറയുന്ന കണ്ണുകള്‍ താഴ്ത്തിയാ ഉരുവിന്റെ -
ഉടലിന്റെ ഭംഗി ഞാന്‍ നുകര്‍ന്നിടട്ടെ ...!

എരിയുന്ന പകലിന്റെ തീക്ഷ്ണമാം ജ്വാലയാല്‍
ഉടലാകെ കത്തിയെരിയുംപോഴും
അകലെയൊരു മഴയില്‍ കുതിരുന്ന മേനിയെ
അലിവോടെ അകതാരില്‍ കണ്ടിടട്ടെ ...!
---------------------ബി ജി എന്‍ -----------



വെള്ളോട്ടുമണികള്‍

ഇരുണ്ട സമവാക്യങ്ങളില്‍ കൂടി കടന്നു നമുക്ക്
ചുവന്ന സമുദ്രത്തിലേക്ക് മുങ്ങാംകുഴിയിടാം .
കറുപ്പും വെളുപ്പും വെറും നിറങ്ങളല്ലന്നും
നീലയുടെ തിളക്കം മനസ്സിലെന്നും കുറിച്ചിടാം.

വിളറിയ ചിന്താസരണികളില്‍
കൊത്താം കല്ല്‌ പറക്കിയെറിഞ്ഞും,
ശമനത്തിന്റെ രതിലയങ്ങളില്‍
രുദ്രവീണയുടെ ഉടുക്ക് കൊട്ടിയും ,
ആദി താളം കടുംതുടിപ്പാട്ടായ്‌ നിറയ്ക്കാം...!

അതിവിദൂരങ്ങളില്‍ നാം രണ്ടു ബിന്ദുക്കള്‍..!
ഇടയിലൂഴുകിയിറങ്ങിയ പ്രണയ നദിയില്‍
പരല്‍ മീനുകളും,പാഴിലകളും , പിന്നെ
വെള്ളാരം കല്ലുകളും കഥപറഞ്ഞകന്നുപോയി .

കാലം കൊരുത്തു വച്ച ചിപ്പിമാലയില്‍
ഗൂഡമുറങ്ങിക്കിടന്ന പവിഴമുത്തായ്‌ ,
ഒഴുകിയടിഞ്ഞ സമുദ്രത്തിന്റെ ആഴങ്ങളില്‍
കിനാവിന്റെ വലംപിരി ശംഖായ്‌ നീ ...!

എത്ര നിര്‍വ്വചിച്ചിട്ടും ഇനിയുമഴിയാത്ത-
മൌന സമസ്യയുടെ അവസാന പദമായ് ,
ഉരുക്കഴിക്കാന്‍ മറന്ന വേദമന്ത്രത്തിന്റെ
അവസാന വാക്യമായ്‌ ,നമുക്കിടയിലെവിടെയോ
ഉറങ്ങി കിടക്കുകയാവാം , പ്രണയമെന്ന
നിഗൂഡവും അമൂല്യവുമായ നാഗമാണിക്യം ..!
-------------------ബി ജി എന്‍ --------------

Saturday, July 14, 2012

സാന്ത്വനം തേടി

ഇലകളില്‍ വീഴുന്ന ചെറുകണം പോലെ
മൃതിയുടെ നടുക്കമെന്‍ സിരകളെ തഴുകുമ്പള്‍
മധുരമായ്‌ പാടിയോരീരടികള്‍ പോലും
മിഴികളെ നനയ്ക്കുമൊരോമ്മയായ്‌ മാറുന്നുവോ ?

എവിടെയെന്‍ സ്വാന്തനഭൂവെന്നു തേടി
മരുവുമൊരു കസ്തൂരിമാനായ്‌ ഞാനലയവേ 
നുരയും പതയും സമാസമം തീര്‍ക്കുന്ന
സാഗരം കൈമാടി  വിളിക്കുന്നതറിയുന്നു ..!

നനുനനെ വെളുവെളെ പതപതയായി
തിരമാല വന്നെന്റെ കാല്കളെ പുല്‍കി
മൃദുവായെന്‍ കാതുകളിലോതി ,വരിക
നീ ഇവിടെന്റെ കരവലല്ലരിയില്‍ ...!

ഇവിടെ  നീ ശാന്തനാമൊരു കണിക മാത്രം
ജീവിത നിഴലുകള്‍ നിന്നെ തിരയില്ല ..!
ജിവന്റെ വേദന നീ അറിയില്ല
സ്മരണകളിരമ്പുന്ന പകലിരവുകളോന്നും
പതിവായ്‌ നിന്നെ ചവച്ചു തിന്നില്ല ...!

ജനിയുടെ മൃതിയുടെ രഹസ്യങ്ങള്‍ ചൊല്ലാന്‍
ഇവിടെ ഞാനെന്‍ കൈകള്‍ വിരിയിപ്പൂ
വരിക നീ വരികയീ മാറില്‍ശയിക്കൂ
നുകരുകയീ  മധുവേറും അമ്രിതകുംഭങ്ങള്‍ ..!

അറിയുക ഞാന്‍ നിന്റെ വേദനയല്ലോ
അറിയുക ഞാന്‍ നീ തേടുന്ന സത്യം
നീ കൊതിക്കുന്നോരി നിതാന്തമാം മൌനം
അതെന്റെ അതെന്റെ മാത്രം സ്വന്തം ....
---------------ബി ജെ എന്‍ ----16.11.2002

Friday, July 13, 2012

റിസള്‍ട്ട്

നഗരത്തിലെ പോലിസ്‌ ആസ്ഥാനം
തിരക്ക് പിടിച്ചോടുന്ന ജനത്തിനോപ്പം
ഒരു തിരക്കായ്‌ ഞാനും

മര്മ്മരങ്ങള്‍ക്കിടയില്‍
ചതഞ്ഞരയുന്ന ഹൃദയം
വ്യെഗ്രതയോടെ ഉറ്റു നോക്കി
എന്റെ പേരുണ്ടോ അതില്‍ ....!

പണ്ട് പത്താം തരത്ത്തില്‍
ഒരു നോട്ടീസ് ബോര്‍ഡിന് മുന്നില്‍
ഞാന്‍  നിന്നിരുന്നുമിടിക്കുന്ന ഹൃദയവും
തൊഴു കയ്കളുമായ് ഓര്‍മ്മയില്‍ ....

ഇന്ന് പീഡനകഥകളില്‍
പുറത്താകുന്ന പേരുകളില്‍
എന്റെ പേര് തേടുന്നു ഞാന്‍
അതെ മനസ്സുമായ്‌
അതെ പ്രാര്‍ഥനയോടെ

അന്ന്എന്റെ പേര് ഉണ്ടെങ്കില്‍
ഉത്സാഹമെന്നെ പോതിഞ്ഞുവേന്കില്‍
ഇന്നെന്റെ പേര് കാണുമ്പോള്‍
പിടയ്ക്കുന്നതെന്തേ മനം ...?
---------------ബി ജി എന്‍ ---

Wednesday, July 11, 2012

ശ്രുതി ഭംഗം

വിന്മലര്‍ ചെടിയുടെ തണ്ടുകള്‍ പിന്നെയും
ചെഞ്ചുവപ്പിന്റെ സാന്ദ്രമാം തിങ്കളായ് ..
കണ്ണുകള്‍ക്ക്‌ മുന്നിലായ്‌ കോമരം
തുള്ളിയാര്‍ക്കുന്ന ഘോരമാം ശബ്ദവും .

ഇന്നുമീയിരുള്‍പക്ഷിതന്‍ ശബ്ദത്തില്‍
ഏതോ വിഷാദം ഇരമ്പുന്ന പോലെ
ആര്‍ക്കുമെവിടെയുംകാണാനുതകുന്ന
കാമിനി  തന്‍ മനസ്സിന്റെ ചെപ്പിലോ ?

കാര്മുകിലിന്റെ കാതരമാം മിഴി
കാതങ്ങല്‍ക്കകലെ കണ്ണ് ചിമ്മുന്നു .
കാട്ടിലെ പുല്‍ച്ചെടിയുടെ ചോട്ടിലും
കാണുവാനുണ്ടിത്തിരി ചോര ..!

കാരിരുമ്പിന്റെ ഉള്ളിലും തേങ്ങുന്നു
കാതരമാമൊരു ഹൃദയം നുറുങ്ങി .
എരിവേനലിന്റെ നിറുകയില്‍ ഞാനിതാ
 നനവൂരുന്നൊരരുവിയായ്‌ മെല്ലെ
പടരുന്നു ഞാനീ മണ്ണിന്റെ മാറില്‍
മാതാവിന്‍ മുലച്ച്ചുണ്ടിലെ പാല്‍മധുരം പോലെ
-------------------ബി ജി എന്‍ ---27.12.'96

വിസ്മയകാഴ്ചകള്‍

ഒരിക്കല്‍ ,
ഗുല്മോഹറുകള്‍ തണല്‍വിരിച്ച പാതയോരത്ത്
നമ്മള്‍ ആദ്യം കാണുമ്പോള്‍ ,
ഉച്ചസൂര്യനില്‍ നിന്റെ കണ്ണുകളില്‍
വിരിഞ്ഞത്  നക്ഷത്രപ്പൂക്കളായിരുന്നു ...!

നമുക്കിടയില്‍ ഒരുപാട് ഋതുഭേദങ്ങള്‍
തണല്‍ കൊഴിച്ചു കടന്നുപോയി.
ഒരുനാള്‍ കതിര്‍മണ്ഡപത്തില്‍ കാണുമ്പോള്‍

നിന്റെ മിഴികളില്‍ പിടഞ്ഞുണര്‍ന്നത്‌
തൊട്ടാവാടി  പൂവുകളായിരുന്നു...!

ചിതറിവീണ കടലാസു പൂവുകള്‍
ഇരുള്‍ വീഴ്ത്തിയ നഗര സായാഹ്നത്തില്‍
നേര്‍ക്കുനേരെ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
നിന്റെ മിഴിയില്‍ പൂത്തുലഞ്ഞത്
അക്കെഷ്യപൂവുകളായിരുന്നു ...!

ഇന്ന് , തണുത്തുറഞ്ഞ
ഈ കണ്ണാടികൂടിന്നുള്ളില്‍
പാതി അടഞ്ഞ നിന്റെ മിഴികളില്‍
ഞാന്‍ കാണാന്‍ ശ്രമിച്ചത്
എന്നും ഞാന്‍ തേടിയിരുന്ന
നിന്റെ മിഴിപ്പൂക്കളായിരുന്നു ..!
-------------ബി ജി എന്‍ ------
http://www.vaasthavam.com/node/3607

Saturday, July 7, 2012

ഞാന്‍ ജീവിക്കുന്നു

എനിക്ക് വളര്‍ച്ച ഉണ്ടായത്‌ മുതല്‍
ഞാന്‍ അനുഭവിക്കുന്നു ...!
ചിലപ്പോള്‍
അനുഭൂതികളുടെ തിരകളിലൂടെ
ഒരു അപ്പൂപ്പന്‍ താടി പോലെ
മറ്റു ചിലപ്പോള്‍
നോവിന്റെ മര്‍ദ്ധനങ്ങളിലൂടെ
ഒരു വേദനകീറായ്
ഞാന്‍ ജീവിക്കുന്നു .
നിന്റെ പിറവിയില്‍
നാവിലൂറുന്ന അമൃതായ്,
മുതിരുമ്പോള്‍ നിന്റെ കണ്ണിനു
വിരുന്നായ്‌ ,
നിന്റെ ഉഷ്ണരാവുകളില്‍
സ്വപ്നമായ്‌ ,
നിന്റെ ദുഖങ്ങളില്‍
തലയിണയായ്‌ ,
നിനക്ക് ലാളിക്കാന്‍
കളിപ്പാട്ടമായ്‌ ,
ഞാന്‍  ജീവിക്കുന്നു ...!
മാനം നോക്കി നില്‍ക്കുമ്പോള്‍
നിന്റെ സ്വപ്നങ്ങളിലെറാണിയായും ,
ഭൂമിയെ വണങ്ങാന്‍ തുടങ്ങുമ്പോള്‍
നികൃഷ്ടമായ ,
വിനോദപരമായ ,
ക്രീഡാവസ്തുവായും ,
ഞാന്‍ ജീവിക്കുന്നു ...!
ഋതുവിന്റെ വേഷപകര്‍ച്ച
എന്നെ മനോഹരിയാക്കുന്നത് മുതല്‍
എനിക്ക് നോവിന്റെ പീഡന കാലം .
നിരത്തുകളില്‍ ,
ആള്‍ക്കൂട്ടത്തില്‍ ,
തിക്കി തിരക്കിന്റെ സര്‍വ്വ -
മണ്ഡലങ്ങളിലും
ഞാന്‍ നോക്കുകുത്തി ആകുന്നു .
ചിലപ്പോളൊക്കെ
ആരുടെയൊക്കെയോ
മര്‍ദ്ദനങ്ങള്‍ ,
കഴുകന്‍ കണ്ണുകള്‍ ,
തുളച്ചു കയറുന്ന വാക്ശരങ്ങള്‍ ,
എന്നെ കടിച്ചു കീറുന്നു .
ഇരുളില്‍
നീണ്ടു വരുന്ന കരങ്ങളെ
ഭയന്നുറങ്ങുന്ന
കരാള രാത്രികള്‍.!
ഞാന്‍ ജീവിക്കുന്നു...!
അഭിശപ്തമായ ജന്മവും
അനുഗ്രഹീതമായ
വരദാനവുമായി
ഒഴിവാക്കാനാകാത്ത ഒരു
സമസ്യയായ്‌
വീണ്ടും വീണ്ടും ഞാന്‍ പിറക്കുന്നു ..!
-------------ബി ജി എന്‍ ----

Wednesday, July 4, 2012

സൌഹൃദങ്ങള്‍


നമുക്കിടയില്‍ ഒരു നേര്‍ത്ത നൂലുണ്ട് ..!
ഒരു ചെറു പുഞ്ചിരിയുടെ എഴുന്നെള്ളത്തുമായി.
സ്നേഹത്തോടെ നാമതിനെ വിളിക്കുന്നു .
സൌഹൃദം എന്ന ചെല്ലപ്പേരില്‍ ...!

നിനക്ക് എന്റെ ചിന്തകളിലും വാക്കിലും
ഒരു ഉറുമ്പിനെ പോലെ അരിച്ചു കയറുവാനും
അതിലെ അരിമണികള്‍ എടുക്കുവാനും
അതിനാല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു .

വിശ്വാസത്തിന്റെ നനുത്ത തലോടലില്‍
അറിവിന്റെ തിരി തെളിച്ചു നീ എന്നെയും
ഞാന്‍ നിന്റെ പാതയില്‍ ഒരു പനിനീര്‍ ദലമായി
ചതഞ്ഞു തീരാനും കാരണവും അത് തന്നെ ...!

നിന്റെ മിഴികളില്‍ പടരുന്ന വ്യെഥയെ
എന്റെ മനസ്സ് കലുഷിതമാക്കുന്നതും
നിന്റെ ഹൃദയം പൊടിയുന്ന വേദനയില്‍
എന്റെ കണ്ണുകള്‍ നിറയുന്നതും അതിനാലത്രേ .

എന്നെ നീ മനസ്സിലാക്കുന്നു എന്നും
ഞാന്‍ നിന്റെ സൌഹൃദത്തിന്റെ ഗന്ധം ശ്വസിക്കുന്നു
എന്നും എനിക്ക് തോന്നിത്തുടങ്ങുന്ന നിമിഷത്തില്‍
നീ ഒരു കപടതയാണെന്നു ഞാന്‍ തിരിച്ചറിയുന്നു ...!

എന്റെ മരണത്തിന്റെ വാല്മീകതില്‍ പൊതിഞ്ഞു
നിന്റെ സൌഹൃദം ഞാന്‍ സുരക്ഷിതമാക്കട്ടെ ...!
കണ്ണീരുകളുടെ പ്രളയത്തില്‍ പെട്ട് പൊടിഞ്ഞു പോകാതെ
ഭദ്രമായെന്‍ ഹൃദയത്തില്‍ ആരും കാണാതെ ....!
-------------------------ബി ജി എന്‍

Monday, July 2, 2012

പരിദേവനങ്ങള്‍

തങ്കക്കിനാവിന്റെ താമരത്തോണിയില്‍
വന്നൂ ചിരുതേയി..!
എന്റെ മനസ്സിന്റെ വര്‍ണ്ണ നിഴലുകള്‍
കണ്ടോ നീ ദേവി ?
ഉലയുന്ന പീലികള്‍ നിന്‍മനം പോലെ
മെല്ലെ ചിരിതൂകി ..
ഒളിചിമ്മും നക്ഷത്രശോഭപോലെന്‍ മനം
മിന്നിത്തിളങ്ങുന്നു .
ഇരുളും വെളിച്ചവും സന്ധ്യതന്‍ ശോഭയില്‍
എന്തോ തേടുമ്പോള്‍ ...
നിറമുള്ള പൂക്കള്‍ തന്‍  സൌരഭത്തില്‍
വണ്ടുകള്‍ നിറയുന്നു .!
കനവുകള്‍ തേടുന്ന കണ്ണുകള്‍ വീണ്ടും
എന്തോ തിരയുന്നു ..
നീളെ നീലാകാശ ചരുവില്‍ മേഘങ്ങള്‍
വര്‍ണ്ണം വിതറുന്നു .
സുരലോക സുന്ദരിമാര്‍ തന്നുടെ കണ്ണുകളില്‍
എന്തോ തിളങ്ങുന്നു
അവരുടെ സൌന്ദര്യം മണ്ണിലെ പുഷ്പങ്ങള്‍ 
കൈവശമാക്കിയിട്ടോ ?
ഇരുള്‍പൊട്ടിവീണൊരാ താമരവല്ലിതന്‍
മുഖമെന്താ വാടുന്നു
ഒരു തുള്ളിയമൃതംതൂവിയതോര്‍ക്കാതെ
ശലഭം ചിരിതൂകി.
മനമൊരു കാഞ്ചന വള്ളി പോല്‍ നീളെ
ഉലഞ്ഞാടി .
മരതക കാന്തി തന്‍ മണിമുത്തം തേടി
മധുപന്‍ അലയുന്നു
നേരും നെറിയും തിരഞ്ഞു ഞാനെന്നും
നടകൊള്‍വൂ
ആരോ പറഞ്ഞൊരു പാഴ്കഥയായി
ജന്മം തുലയുന്നു
എന്റെ മനസ്സിതാ പിന്നെയും പിന്നെയും
എന്തോ പുലമ്പുന്നു
ഓര്‍മ്മതന്‍ ചില്ലുകള്‍ കൊത്തിപെറുക്കി ഞാന്‍
എന്തോ കൊതിച്ചു പോയ്‌ .
ഇന്നറിയുന്നു ഞാനെല്ലാമെന്നുടെ ദുസ്വപ്നമാകുന്നു
വെറും  ദുസ്വപ്നമാകുന്നു ...
------------------ബി ജി എന്‍...1996

Sunday, July 1, 2012

മോഹഭംഗം

വരുന്നതുണ്ടിന്നീ വഴിയിലൂടെ ഞാന്‍
എനിക്ക് ശേഷിച്ച നനുത്ത പൂവിനായ്‌ ..!

ഒരിക്കലീ വഴി എനിക്ക് മാത്രമായ്‌
നിറച്ചു പൂത്തതന്നറിഞ്ഞതില്ല ഞാന്‍ !

അറിഞ്ഞു  വന്നപ്പോളെനിക്ക് ശേഷിച്ചീ -
ലൊരൊറ്റ പൂവുമീ വഴിയോ ശൂന്യമായ്‌ ..!

ഒരിക്കലീ വഴി നിറച്ചു മഞ്ഞയായ്‌ !
മരിച്ചുപോയിതോ ആ നറും മഞ്ഞപൂക്കള്‍ ?

പടര്‍ന്ന പച്ചയിലൊളിച്ചിരുപ്പുണ്ടാം .
എനിക്ക് മാത്രമായൊരുനറും മൊട്ട്  ..!

അതിന്നു വേണ്ടി ഞാന്‍ തിരഞ്ഞതിന്നിവിടെ
മുറിഞ്ഞു കൈവിരല്‍ അറിഞ്ഞതില്ല ഞാന്‍ ..!

ഉതിര്‍ന്ന ചോരയാലെനിക്കു ശേഷിച്ച
നനുത്ത മഞ്ഞപ്പൂ നിറച്ചു ചോന്നുപോയി ..!

---------------------ബി ജി എന്‍ --------