Wednesday, May 8, 2019

നിന്റെ ഓർമ്മകൾക്ക് ഭ്രാന്തിന്റെ ലഹരിയാണ്.

നിന്റെ ഓർമ്മകൾക്ക് ഭ്രാന്തിന്റെ ലഹരിയാണ്.
.........................................................................
എപ്പോഴാകാം...?
അസ്വസ്ഥതകൾ കൂടു തുറന്നു വിട്ടത്
ഇഷ്ടക്കേടുകൾ വരിവച്ചു വന്നത്
ബോധാബോധങ്ങളിൽ
കാട്ടുകടന്നലുകൾ കുത്തിനോവിച്ചത്.
ഓർമ്മകളാണ് നീ.
ചമ്രം പടിഞ്ഞിരുന്ന്
കണ്ണുകളിൽ പൂത്തിരി നിറച്ച്
എന്നെ നോക്കി ചിരിക്കുന്നവൾ.
ഞാനിപ്പോ എന്താ ചെയ്തതെന്ന
കുസൃതി ചോദ്യത്താൽ
വെറുതെ ഭ്രാന്തു പിടിപ്പിക്കുന്നവൾ.
കാൽവിരലിൽ മുറുക്കിയിട്ട
റബ്ബർ ബാൻഡിനെ അഴിച്ചും മുറുക്കിയും
അഞ്ചുവയസ്സിന്റെ കുസൃതി കാട്ടുന്നവൾ.
അതെന്താ അങ്ങനെ
എന്ന ചോദ്യത്തിൽ ഉത്തരം മുട്ടിക്കുന്നവൾ.
എല്ലാം നശിപ്പിക്കാൻ
എന്റെ ഒറ്റ കുസൃതി മതിയാകും.
ഒരുമ്മ എന്ന ഒറ്റ ചോദ്യത്തിൽ
വിഹ്വലത വന്നാ മിഴിയിൽ കൂടു വയ്ക്കും.
അറിയാതെ ഇടം കൈയെടുത്തു
മാറിലമർത്തും.
ഞാനില്ല കൂട്ടിനെന്നു പരിഭവം പറഞ്ഞ്
ഒളിച്ചോടും.
രക്ഷപ്പെട്ടു എന്ന ആത്മഗതത്തോടെ
മനസ്സിൽ കെട്ടിപ്പിടിച്ചായിരം ഉമ്മകൾ വയ്ക്കും.
ആരും കണ്ടില്ലെന്ന ആത്മഗതത്തിൽ
ചുവന്നു തുടുത്ത കവിൾ അമർത്തിത്തുടച്ച്
കണ്ണടച്ചു കിടക്കുന്നവൾ.
നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കുക.?
എന്നിട്ടും
എന്നിട്ടുമെന്താകാം നീ മറഞ്ഞു നില്ക്കുന്നത്.
ഉമ്മകൾ നമ്മെ അകറ്റുമെന്ന ഭയമോ
ഞാൻ പ്രണയിക്കപ്പെടാനർഹനല്ലാതെയോ ?
ഉറക്കം നഷ്ടപ്പെട്ട രാവുകൾക്ക്
നിറദ്രാവകത്തിന്റെ നീറ്റലുമില്ലിന്ന്.
ഏകാന്തത ചുംബിച്ചും
ആശ്ലേഷിച്ചും ശ്വാസം മുട്ടിക്കുമ്പോൾ
ഞാൻ നിന്നെ മാത്രം ഓർക്കുന്നതെന്താകും.
മുറിഞ്ഞുപോകുന്ന ശബ്ദമാകുന്നു ഞാൻ.
ആ മുറിവായിലൂടൊഴുകി നീങ്ങുന്നത്
നിന്റെ ഓർമ്മകൾ മാത്രം.
.... ബി.ജി.എൻ വർക്കല

No comments:

Post a Comment