Monday, May 27, 2019

ഇരുട്ടും വെളിച്ചവും

ഇരുട്ടും വെളിച്ചവും
...............................
വെളിച്ചമണഞ്ഞ പകലിൽ നിന്നും
ഇരുട്ടു സവാരിക്കിറങ്ങി.
ഉണങ്ങി വരണ്ട പുൽനാമ്പുകൾ
തണുത്തു തുടങ്ങുന്നതും
അലഞ്ഞു തളർന്ന കിളികൾ
നിശബ്ദമുറങ്ങുന്നതും കണ്ട
ഇരുട്ട് നിശബ്ദം മുന്നോട്ടൊഴുകി.
നോക്കൂ, നദികൾ പോലും എത്ര ശാന്തമായാണ്
ഇരുട്ടിലേക്കൊഴുകുന്നത്.
അലസമായൊരു കളകളാരവത്താൽ
നദിയും ഉറങ്ങുക തന്നെയാണ്.
വെളിച്ചമില്ലെങ്കിലെത്ര നന്നായെന്ന്
മരച്ചില്ലല്ലയിലിരുന്നു കൂമനും
വാഴക്കൂമ്പിലൂയലാടി നരിച്ചിലും പറഞ്ഞു.
അവരുമെത്ര നിശബ്ദമായാണ്
ഇരതേടിയിറങ്ങിയിരിക്കുന്നത്!
പകലിന്റെ അധ്വാനഭാരം ഇറക്കിവച്ച
പക്ഷിമൃഗാദികളും
തരുലതാദികളും
നദീ പ്രവാഹവും ശാന്തമാകുമ്പോൾ
ഇരുട്ടിൽ ഇരതേടിയിറങ്ങുന്ന
രാവിന്റെ സന്തതികൾക്കിടയിൽ
ഏറ്റം ഭയാനകമായ ഒരു ജീവിയെക്കണ്ട
ഇരുട്ട് നടുങ്ങുന്നു.
ഭക്ഷണത്തിനു വേണ്ടിയല്ലാതെ കൊല്ലുന്ന,
പ്രണയമില്ലാതെ ഭോഗിക്കുന്ന,
ലജ്ജയില്ലാതെ മോഷ്ടിക്കുന്ന
ഇരുകാലി മൃഗം...
ഇരുട്ട് എന്നും വേദനയോടെ കൊതിക്കുന്നു
ഒരിക്കലും പകൽ മായാതിരുന്നെങ്കിൽ!
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment