Wednesday, May 29, 2019

പ്രണയം ഒരു നിലാവാണ്!

പ്രണയം ഒരു നിലാവാണ്!
........................................
പ്രണയം ഒരു നിലാവാണ്.
നമ്മൾ അറിയാതെ,
നമ്മെ ചൂഴ്ന്നുകൂടുന്ന ഇളംതണുപ്പാണ് .
നമ്മെ കോച്ചിവലിക്കുന്ന തണുപ്പിലേക്ക് 
ഉറങ്ങാൻ വിടുന്ന പുതപ്പാണ്.
പ്രണയം, പറയാൻ അറിയാത്ത,
പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത
ഒരുപാട് വികാരങ്ങളുടെ
ഒരു ആന്ദോളനം ആണ് .
ഞാൻ നിന്നെ പ്രണയിക്കുകയാണ്
എന്നു പറയുന്നതും
ഞാൻ നിന്നെ അറിയുകയാണെന്ന് പറയുന്നതും
ഒന്നുതന്നെയാകുന്നത്
അതുകൊണ്ടു തന്നെയാണ്.
പ്രണയത്തിന്, ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്തതും അതുകൊണ്ടാകണം.
നീ അടുത്തുണ്ടാകുമ്പോൾ ,
പ്രകാശം ചുറ്റാകെ വ്യാപിക്കുന്നതും,
പേരറിയാ പൂക്കളുടെ സുഗന്ധം
എന്നെ ചൂഴ്ന്ന് നില്ക്കുന്നതും
അനുഭവിച്ചറിയാൻ കഴിയുന്നുവെങ്കിൽ
അതിനർത്ഥം
പ്രണയം അതിൻറെ ഉച്ചസ്ഥായിയിൽ,
അതിൻറെ ഊർവ്വരതയിൽ
എന്നെ പൊതിയുന്നു എന്നുതന്നെയാണ് .
നീ ചിരിക്കുമ്പോൾ 
ഹൃദയത്തിൽ സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ
പ്രണയത്തിൻറെ അനിർവചനീയമായ രസാനുഭൂതിയിൽ
ഞാൻ മയങ്ങിപോകുന്നു എന്ന് തന്നെയാണ് .
നീ ഹൃദയത്തിലേക്ക് നോക്കുമ്പോൾ ,
നിന്റെ ഗന്ധം എന്നെ ചൂഴ്ന്നു നിൽക്കുന്നുവെങ്കിൽ,
നിശ്വാസം
എന്റെ ചെവിയരുകിൽ പതിക്കുന്നുവെങ്കിൽ
അതിനർത്ഥം
നമ്മൾ ഏറെ ദൂരെയല്ല,
വളരെ വളരെ അടുത്താണ് എന്ന് തന്നെയാണ്..
ഓരോ രാത്രിയുടെയും അവസാനയാമത്തിലേക്ക് 
ഉറക്കത്തിനെ ചവിട്ടി ചവിട്ടി
മെല്ലെ കയറി പോകുമ്പോൾ 
ആരെയാണോ ഓർമയിലേക്ക് ആവാഹിച്ചെടുക്കുക
ആരുടെ ഓർമയാണോ
മൂടിപ്പുതച്ച് ഉറങ്ങാൻ സഹായിക്കുക
അതിനെ എനിക്ക്
നിൻറെ പേര് ഇടാതെ തരമില്ലാതായിരിക്കുന്നു.
പ്രഭാതത്തിൽ കണ്ണുകൾ തുറക്കും മുൻപേ,
അത് നിന്റെ സന്ദേശം ആയിരിക്കണമേ
എന്ന് ഞാൻ ഓർമ്മിക്കുന്നുവെങ്കിൽ ...
തുറന്നു നോക്കുമ്പോൾ ,
പുഞ്ചിരിയോടു കൂടി
നീ എന്നെ നോക്കി നിൽക്കുന്നുവെങ്കിൽ,
നിന്റെ വാക്കുകൾ
എന്നെ കാത്തിരിക്കുന്നുവെങ്കിൽ,
ഞാൻ അറിയുന്നു
പ്രണയിക്കാൻ ഞാൻ അർഹതപ്പെട്ടിരിക്കുന്നുവെന്ന്.
നിന്റെ പ്രണയം
അതെന്റേതാണ്.
നീ എന്റേതു മാത്രമാണ്.
പ്രണയത്തിലൂടെയെങ്കിലും
നമുക്ക് പരസ്പരം ഒന്നാകാൻ കഴിയും.
വാക്കുകളിലൂടെ,
സന്ദേശങ്ങളിലൂടെ
ഒരൊറ്റ മനസ്സായി,
ശരീരമായി
ആകാശത്തിന്റെ അനന്തതയിൽ
വെൺമേഘത്തുണ്ടുകളായി
സഞ്ചരിക്കാനാകും.
നമുക്ക് നമ്മെ മറക്കാനും.
ഭ്രാന്തിന്റെ പൂത്തിരി കത്തിച്ച തലച്ചോറുമായി
ലോകത്തെ വിസ്മരിക്കാനാകും.
..... ബി.ജി.എൻ വർക്കല

No comments:

Post a Comment