Tuesday, May 21, 2019

കാട്ടുകടന്നല്‍...........ഏഥ്ല്‍ ലിലിയന്‍ വോയ്നിച്

കാട്ടുകടന്നല്‍(നോവല്‍)
ഏഥ്ല്‍ ലിലിയന്‍ വോയ്നിച്
മൊഴിമാറ്റം : പി ഗോവിന്ദപ്പിള്ള
ചിന്ത പബ്ലീഷേഴ്സ്
വില : 300 രൂപ

            ചില എഴുത്തുകാരുണ്ട് അവര്‍ എഴുതുന്നത്‌ ലോകത്താകമാനം തരംഗമായി മാറുമ്പോഴും ഇതൊന്നുമറിയാതെ തന്റെ കൂട്ടിനുള്ളില്‍ പുറം ലോകത്തെ മറന്നു ജീവിക്കുന്നവര്‍. ആധുനിക വിവരസാങ്കേതികവിസ്മയങ്ങളുടെ ഈ കാലത്തല്ല അതെന്നത് മറച്ചു വയ്ക്കുന്നില്ല എങ്കിലും പറയട്ടെ അയര്‍ലണ്ടില്‍ 1864 ല്‍ ജനിച്ച ഒരു പെണ്‍കുട്ടി 1897ല്‍ പ്രസിദ്ധീകരിച്ച  Gadfly എന്ന നോവല്‍ റഷ്യയുടെ ചരിത്രത്തില്‍ ഒരു വലിയ സംഭവം ആയി മാറി . റഷ്യയില്‍ മാത്രം 23 ഭാഷകളിലായി 120 ല്‍ അധികം പതിപ്പുകള്‍ ഇറങ്ങിയ ഒരു കൃതിയായത് . 40 ലക്ഷത്തിലധികം കോപ്പികള്‍ ലോകത്തെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴി മാറ്റം. ഒടുവില്‍ 1955ല്‍ അവരെ തേടിച്ചെന്ന കുറച്ചു റഷ്യന്‍ പത്ര പ്രവര്‍ത്തകരില്‍ നിന്നുമാണ് അവര്‍ തന്റെ പുസ്തകത്തിന്റെ ചരിത്രയാത്രകള്‍ അറിയുന്നത്. അവര്‍ വേറെയും മൂന്നു നോവല്‍ കൂടി എഴുതിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിനു ലഭിച്ച പ്രചാരം മറ്റൊന്നിനും ലഭിച്ചിട്ടില്ല. ഈ പുസ്തകത്തിന്റെ മേന്മ എന്നത് വസ്തുതകളെ വിശദമായി പഠിച്ച് എഴുതി എന്നതാണു എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. തന്റെ സുഹൃത്തും വിപ്ലവകാരിയുമായ റഷ്യന്‍ സാഹിത്യകാരന്‍ സ്തെപ്ന്യാക് എന്ന തൂലികാ നാമമുള്ള ക്രഫ്ചിന്‍സ്കി  (1851-1895) യുമായുള്ള സഹവാസവും അയാളുടെ ജീവിതവും എഥ്ലിന്റെ എഴുത്തിന് വളരെ ഉപകാരപ്രദമായ വസ്തുതകള്‍ നല്കി. ആ ജീവിതവും വിപ്ലവവും കൂടുതല്‍ അറിയാനും റക്ഷ്യയുടെ സാമൂഹ്യാന്തരീക്ഷം പഠിക്കാനും വേണ്ടി രണ്ടു കൊല്ലം അവിടെ പോയി താമസിക്കുകയും വിപ്ലവകാരികളും ആയി സംബര്‍ക്കം പുലര്‍ത്തുകയും ചെയ്ത എഴുത്തുകാരി ഒടുവില്‍ അയാളെപ്പോലെ തോന്നിപ്പിക്കുന്ന ഒരു വിപ്ലവകാരിയെ  നായകനാക്കി ഇറ്റലിയുടെ പശ്ചാത്തലത്തില്‍ ആ നോവല്‍ എഴുതിപ്പൂര്‍ത്തിയാക്കുകയായിരുന്നു. ലോകമെമ്പാടും ഉള്ള കമ്മ്യൂണിസ്റ്റ് ആശയ പ്രവര്‍ത്തകരുടെ ഹരമായി മാറി ഈ നോവല്‍ . ഇതിന്റെ മൊഴിമാറ്റങ്ങള്‍ ഇത്രയും വ്യാപകമാകുകയും ഇതിന് ഇത്രയും ഖ്യാതി ലഭിക്കുകയും ചെയ്തത് ഈ ഒരു തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടും ചുറ്റുപാടുകളും ചേര്‍ന്ന ആ നോവല്‍ പരിസരങ്ങള്‍ തന്നെയാണ് . അതിനാലാണ് ജയില്‍ ജീവിതത്തിനിടയില്‍ വായിക്കാനും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാനും പി ഗോവിന്ദപ്പിള്ളയ്ക്കു താത്പര്യം തോന്നിയതും തദ്വാരാ മലയാളിവായനക്കാര്‍ക്കിടയില്‍ ഈ പുസ്തകത്തിന്റെ എട്ട് പതിപ്പുകൾക്ക് മേൽ കോപ്പികള്‍ ഇറങ്ങുകയും ഉണ്ടായത്.
            എഴുത്തിന്റെ കരുത്ത് എന്നത് കാലം അതിജീവിക്കുന്ന ഒന്നാണ് . തികഞ്ഞ, കത്തോലിക്കാ സഭയുടെ കഠിനമായ നിയന്ത്രണങ്ങള്‍ നിറഞ്ഞ കാലഘട്ടമായ പതിനെട്ടാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ നിന്നും ഒരു എഴുത്തുകാരി നിര്‍ഭയമായി കത്തോലിക്ക സഭയെയും, കര്‍ദ്ദിനാള്‍മാരെയും  മാര്‍പ്പാപ്പമാരെയും വിമര്‍ശിച്ചുകൊണ്ടു ഒരു വിപ്ലവകാരിയുടെ, ഒരു നാസ്തികന്‍റെ ജീവിതം പറയുക എന്നത് അസാമാന്യ ധൈര്യത്തിന്റെ വിഷയം ആണ് . ഇന്ന്  ഇന്ത്യയില്‍ മത വിമര്‍ശനം എന്നത് സാംസ്കാരികമായി ഉയര്ന്ന നിലയില്‍ എന്നു അഭിമാനിക്കുന്ന മലയാളികള്‍ക്ക് പോലും മുട്ട് വിറയ്ക്കുന്ന വിഷയമാണ് എന്ന്‍ വരുന്ന കാലമാണ്. പെരുമാള്‍ മുരുകന്‍ വിഷയം മറക്കാന്‍ സമയമായിട്ടില്ല . സല്‍മാന്‍ റുഷ്ദി , തസ്ലീമ തുടങ്ങി മതത്തിന്റെ വാള്‍ മുനയില്‍ ജീവന്‍ ഭയന്ന് നടക്കുന്ന എഴുത്തുകാര്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കാഴ്ച ആകുന്നിടത്ത് തികച്ചും ഈ എഴുത്തുകാരി ഒരു പ്രതിഭ തന്നെയാണ്.
            ആര്‍തര്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ഈ നോവല്‍ പറയുന്നതു . ആര്‍തര്‍ എന്ന കടുത്ത സഭാ വിശ്വാസിയായ കൗമാരക്കാരനില്‍ നിന്നും റിവാറസ് എന്ന നാസ്തികനായ  വിപ്ലവകാരിയില്‍ എത്തി അവസാനിക്കുന്ന നോവലില്‍ ആര്‍തറെ കൂടാതെ തിളങ്ങി നില്‍ക്കുന്ന മറ്റ് പ്രധാനികള്‍ ആയ രണ്ടു പേരില്‍ ഒരാള്‍ അയാളുടെ പ്രണയിനി ആയിരുന്ന ഗെമ്മയും അയാളുടെ പിതാവായ കര്‍ദ്ദിനാള്‍ മോണ്ടനെല്ലിയും ആണ് . ഇവര്‍ മൂന്നുപേരെയും കോര്‍ത്തിണക്കി പറയുന്ന ഈ നോവലില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളിലെ ഇറ്റലിയും, കത്തോലിക്കാ സഭയും ജനജീവിതവും വളരെ മനോഹരവും വിശദവും ആയി പറഞ്ഞു പോകുന്നുണ്ട്. ഹൃദയകാരിയായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നതും കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിക്കാനും അവരുടെ വികാര വിചാരങ്ങളെ മനോഹരമായി വരച്ചു കാണിക്കാന്‍ കഴിയുന്നു എന്നതും ഈ നോവലിന്റെ ചാരുതയാണ് . ആര്‍തര്‍ എന്ന കാട്ടുകടന്നല്‍ തന്റെ അവസാന നാളുകളില്‍ തന്റെ പിതാവിനോടു താന്‍ ആരെന്നു വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടൊരു ഹൃദയ വേദനയോടെ അല്ലാതെ വായിക്കുവാന്‍ കഴിയുകയില്ല. തീക്കനല്‍ പോലെയുള്ള അയാളുടെ ചോദ്യങ്ങള്‍ പൗരോഹിത്യത്തിന് നേരെയുള്ള കൂർത്ത കല്ലേറുകള്‍ പോലെ പതിക്കുന്നുണ്ട്. ഉത്തരം നഷ്ടമാകുന്ന മതവും കപടമായ ആത്മീയതയുടെ പുറം മോടികള്‍ വലിച്ചെറിയാൻ കഴിയാത്ത സന്യാസ ജീവിതങ്ങളുടെ പൊള്ളത്തരങ്ങളും വെളിവാക്കുന്ന ഉജ്ജ്വല നിമിഷങ്ങള്‍ ആണ് ആ രംഗങ്ങള്‍. ഗെമ്മയുമായുള്ള കൂടിക്കാഴ്ചകളില്‍ റിവാറസ് കാണിക്കുന്ന മനസാന്നിധ്യവും ഒളിച്ചുകളിയും ഗെമ്മയുടെ മനസ്സിലെ ആകുലതകളും സങ്കടങ്ങളും അവളിലെ പോരാട്ട മനസ്സും പ്രവര്‍ത്തികളും വളരെ നല്ലൊരു കഥാപാത്ര സൃഷ്ടിയായി കാണാം. വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് ഗെമ്മ ഇതില്‍. ചപലമായ പ്രണയമോ ,ചാപല്യങ്ങളോ കൊണ്ട് ദുര്‍ബ്ബലമാക്കാതെ വളരെ ശക്തയും വ്യക്തിത്വവും ഉള്ള ഒരു കഥാപാത്രമായി ഗെമ്മ നോവലില്‍ നിറഞ്ഞു നില്ക്കുന്നു .
            വിരസങ്ങളായ ഒരു വസ്തുതയും ഈ നോവലില്‍ കണ്ടെടുക്കാന്‍ കഴിയുന്നില്ല എന്നു തന്നെ പറയാം. “ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വികാരോത്തേജകമായ നോവല്‍”എന്നു ബര്‍ട്രന്‍റ് റസ്സല്‍ അഭിപ്രായപ്പെട്ടത് ഒരിയ്ക്കലും ഒരു ഭംഗി വാക്ക് അല്ല എന്നു ഈ നോവലിന്റെ വായന ഓര്‍മ്മപ്പെടുത്തുന്നു. വായിച്ചു മടക്കി വയ്ക്കുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ആര്‍തറിനെ വായനക്കാരന്‍ കൂടെ കൊണ്ട് പോകുന്നു എന്നതാണു ഈ നോവല്‍ ഇത്ര കാലം കഴിഞ്ഞും വായനക്കാരെ തേടുന്നു എന്നതിന്റെ രഹസ്യം. മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തില്‍ പറയത്തക്ക പരിക്കുകള്‍ ഇല്ല എങ്കിലും ഇടയില്‍ പലപ്പോഴും കടന്നു വരുന്ന ചില പ്രയോഗങ്ങളും ചില മൊഴിമാറ്റങ്ങളും ഇതൊരു തര്‍ജ്ജമ ആണെന്ന ബോധം വായനക്കാരില്‍ ഉണര്‍ത്തുന്നു എന്നൊരു വസ്തുത പറയാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷേ ആംഗലേയം അറിയുന്ന ഒരാള്‍ക്ക് Gadfly കുറെക്കൂടി ഹൃദയാര്‍ജ്ജവം ആയി മാറിയേക്കും എന്ന തോന്നല്‍ ഇല്ലാതില്ല. ഭാഷ വായനക്ക് ഒരു തടസ്സമാകാത്ത ഒരു വായനയാണ് ഈ നോവലിന്റെ ഗുണമായി മനസ്സിലാക്കുന്നതും . ഇത്തരം പാശ്ചാത്യ നോവലുകള്‍ മൊഴിമാറ്റം ചെയ്തു മലയാളി വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുധര്‍മ്മം ഇന്നാരും കാണിക്കുന്നില്ല എന്നത് വായനക്കാരില്‍ നിരാശ നല്കുന്നുണ്ട്. നമുക്കറിയാത്ത ഭാഷകളില്‍ ഇനിയുമെത്രയോ മഹത്തരം ആയ രചനകള്‍ കിടക്കുന്നുണ്ടാകാം. വിരസമായ തര്‍ജ്ജമകള്‍ കൊണ്ട് വായനക്കാരെ വെറുപ്പിക്കുന്നവര്‍ക്ക് ഈ തര്‍ജ്ജമ ഒരു നല്ല വഴികാട്ടി കൂടിയാണ്. ഇനിയും ഒരുപാട് ഭാഷകളില്‍ ഇത് മൊഴിമാറ്റം ചെയ്തു പോകട്ടെ എന്നു ആശംസിക്കുന്നു .
ബി.ജി.എന്‍ വര്‍ക്കല
 

No comments:

Post a Comment