Tuesday, May 7, 2019

കാത്തിരിപ്പിന്റെ ദുഃഖം

കാത്തിരിപ്പിന്റെ ദുഃഖം
...................................
സമാന്തരരേഖകൾ
ഗതി മാറാതെയും
നിറം മാറാതെയും സഞ്ചരിക്കുമ്പോൾ
കറുപ്പ് നിറം പടരുന്നുവത്രെ.
അസംഭവ്യതകൾ...
അവയെ എങ്ങനെ എഴുതാനാണ് .!
എഴുതിയവയൊന്നും തന്നെ
പറഞ്ഞു പഴകിയതായിരുന്നില്ലല്ലോ.
ഇനിയും മറക്കാതിരിക്കാനാവാം
എഴുത്തുകൾ മുഴുമിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കാണാത്ത കഥകളിൽ നിന്നും
ജാരന്റെ മുഖമോർത്തെടുക്കുന്നവൾക്ക്
ഓർത്തിരിക്കുവാൻ എന്തുണ്ടാകും?
നിരാശയുടെ കരിമഷി പരണ്ട,
വെറും ഛായാചിത്രങ്ങളാണ് പ്രണയം!
ജീവിതത്തെ വരയ്ക്കുവാൻ എളുപ്പമാണ്.
കുറച്ചു ചിരി
കുറച്ചു കണ്ണീർ
അല്പം തമാശ
ഇതിനെയൊക്കെയും ചേർത്തു വച്ച്
അഭിനയമെന്ന പേരിട്ടാൽ മതിയാകും.
മരണം !
ഒരിക്കലും പറഞ്ഞിട്ടു വരാത്തവൾ.
വരുമ്പോൾ ഒട്ടും ദയയില്ലാതെ,
പരസ്പര സമ്മതം നോക്കാതെ
തീവ്രമായ വികാരത്താൽ
ഭോഗിച്ചു കടന്നു പോകുന്നവളാണ്.
ഒരിക്കലും ഉണരാൻ കഴിയാത്ത
അത്രയും തളർച്ചയിൽ
രതിമൂർച്ഛയിൽ മയക്കിക്കിടത്താൻ
അവൾക്ക് മാത്രമേ കഴിയൂ.
കാത്തിരിപ്പെത്ര ദുഷ്കരമെന്നോർക്കണം.
ഒന്നു ഭോഗിക്കപ്പെടാൻ,
ഒരു ക്രൂര വേഴ്ചയിൽ
രതിമൂർച്ഛയിൽ വീണുറങ്ങുവാൻ...
കാത്തിരിപ്പെത്ര ദുഷ്കരമെന്നോർക്കണം.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment