Thursday, May 2, 2019

അമൃതകലശം

അമൃതകലശം
........................
പരന്ന ഭൂമിയിൽ നിന്നും,
ഞെട്ടൊടിച്ച മാങ്ങയെ ഓർമ്മിപ്പിച്ചും
വാഴക്കുടപ്പന്റെ കാഴ്ചയിലേക്കും
ഗൗളിത്തേങ്ങയുടെ വസന്തത്തിലേക്കും
പപ്പായ മരത്തിലേക്കും
ഒരണ്ണാറക്കണ്ണനെപ്പോലെ
കാലം നിന്നെ നടത്താറുണ്ട്.
ഒരിക്കലും ഇണങ്ങാത്ത
ഇരട്ടക്കുട്ടികൾക്ക്
ഒരിക്കൽപ്പോലും തോന്നാറില്ല
കണ്ണുകളിൽ കണ്ണൊന്നു കോർക്കാൻ.
ഒന്നു ചേർത്തു പിടിച്ചാലുടൻ
കുതറി അകലുകയും
ഒരു പോലെ സ്നേഹിക്കുകയും ചെയ്യുന്ന
വിചിത്രതയാണ് നീ.
പ്രണയത്തോടെ തൊടുന്ന വിരലുകളെ
ത്രസിച്ചുയർന്നു സ്വീകരിച്ചും,
വിശപ്പിന് മുന്നിൽ
അറിയാതെ ചുരന്നമ്മയായും
ഭാവങ്ങൾ എത്ര പകർന്നാടുന്നു.
ഒരു പക്ഷേ
നിന്നോളം വാഴ്ത്തപ്പെട്ടവരാരുണ്ട്!
കവിതയായും
ചിത്രമായും
ശില്‌പമായും
നീയില്ലാതപൂർണ്ണമായ ലോകം.
ഏറ്റവും മനോഹരമായത്
ഏറ്റം വേഗതയിൽ കേടു വരുമെന്നു പ്രമാണം.
പുഴുക്കുത്തേറ്റ് പിടഞ്ഞു
അകാലത്തിൽ പൊലിയാൻ
എണ്ണത്തിൽ കൂടുതലും നീ തന്നെ.
ശില്പമെത്ര വലുതെങ്കിലും
നിനക്കഴകില്ലെങ്കിൽ
വെറും ശിലയാകുന്നത്.
ഉരുട്ടിയും
കൂർപ്പിച്ചും
ഉയർത്തിയും
ശില്പിയും
വീണു പോയാലും
വരിഞ്ഞു കെട്ടിയുയർത്തി
കാവലാളും
നിന്നെ ഒരു പാട് സ്നേഹിക്കുന്നു.
നീ പ്രപഞ്ചത്തിലെ
ഏറെ മനോഹരമായ കാഴ്ചയാകുന്നു.
നീ ജീവന്റെ ആദ്യ നീരും.
... ബിജു ജി.നാഥ് വർക്കല

No comments:

Post a Comment